"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശിവരാത്രി | ഹൈന്ദവം

ശിവരാത്രി

1.ശിവസ്യ പ്രിയാ രാത്രി : – ശിവന് പ്രിയപ്പെട്ട രാത്രിയാണ് … ശിവരാത്രി…..

2.ആരാണീ ശിവന്‍ ?

ആരില്‍ എല്ലാ ജഗത്തും ശയനം ചെയ്യുന്നുവോ , ആ വികാര രഹിതന്‍ ആണ് ശിവന്‍. അമംഗളത്തെ ഇല്ലായ്മ ചെയ്യുന്ന മംഗളസ്വരൂപന്‍.

3.രാത്രി -ദാന അര്‍ത്ഥമുള്ള ‘രാ’ ധാതുവില്‍ നിന്നാണ് രാത്രി ശബ്ദം ഉണ്ടാകുന്നത്.. യാതൊന്നു സുഖാദികളെ പ്രദാനം ചെയ്യുന്നുവോ അതാണ്‌ രാത്രി.

4.എപ്പോഴാണീ ശിവരാത്രി? -മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി ദിവസം ആണ് ശിവരാത്രി.

5.എന്താണ് അതിന്റെ പ്രാധാന്യം?

“മാഘകൃഷ്ണ ചതുര്‍ദശ്യാം ആദിദേവോ മഹേശ്വര:
ശിവലിംഗമഭൂത്‌ തത്ര കോടി സൂര്യ സമപ്രഭം.”
മാഘമാസത്തില്‍ കൃഷ്ണപക്ഷത്തില്‍ ചതുര്‍ദശി ദിവസം ആദിദേവന്‍ ആയ മഹേശ്വരന്‍ കോടിസൂര്യന്മാര്‍ക്ക് തുല്യ പ്രഭയോട് കൂടി ശിവലിംഗമായി( അതായത് ജ്യോതിസ്തംഭം ആയി) തീര്‍ന്നു… (ലിംഗ ശബ്ദത്തിനു ചിഹ്നം.അടയാളം,ജനനേന്ദ്രിയം തുടങ്ങിയ നിരവധി അര്‍ഥങ്ങള്‍ ഉണ്ട്.. എന്നാല്‍ ചിലര്‍ ഇതിന്റെ അശ്ലീലാര്‍ത്ഥം സ്വീകരിച്ചു കൊണ്ട് ശിവലിംഗ പൂജയെയും മറ്റും ആക്ഷേപിക്കാന്‍ തുനിയുന്നുണ്ട്. അവര്‍ മേല്‍ ഉദ്ധരിക്കപ്പെട്ട ശ്ലോകം ശ്രദ്ധിക്കണം എന്നപേക്ഷ..ഭഗവന്‍ പരമേശ്വരന്‍ തന്നെയാണ് ലിംഗമായി അവതരിക്കുന്നത്. അല്ലാതെ ആരുടേയും ജനനേന്ദ്രിയം അല്ല. ലിംഗ ശബ്ദം വിശദമായി വ്യാഖ്യാനിക്കപ്പെടെണ്ടത് തന്നെയാണ്. ലിം ഗമയതി ,ലിമാത്‌ ഗമയതി എന്നിപ്പ്രകാരം എല്ലാം അത് ആചാര്യന്മാരാല്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.)

6.ശിവരാത്രി എങ്ങനെയാണ് ആചരിക്കപ്പെടെണ്ടത് ?

ശിവരാത്രിക്ക് വ്രതമാണ് പ്രധാനം … “ശിവസ്യ പ്രിയാ രാത്രിര്യസ്മിന്‍ വ്രതെ അംഗത്വേന വിഹിതാ തദ്വ്രതം ശിവരാത്ര്യാഖ്യം ”(കാല മാധവം-മാധാവാചാര്യന്‍) വ്രതത്തോട് കൂടി ഉപവാസവും ജാഗരണവും വേണം ..

എന്താണ് വ്രതം?

“അനശനം വ്രതമുച്യതെ” . അശിക്കാതിരിക്കല്‍ അതായത് ആഹരിക്കാതിരിക്കല്‍ ആണ് വ്രതം എന്ന് സാമാന്യലക്ഷണം. വായിലൂടെ ആഹരിക്കല്‍ മാത്രമല്ല വിവക്ഷ ..കണ്ണ് , മൂക്ക്, നാക്ക്, ത്വക്ക് ,ചെവി എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയും ഉള്ള അനശനം എന്ന് അര്‍ഥം എടുക്കണം. തീരെ ആഹാരം വര്‍ജിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ ഇഷ്ടാനിഷ്ടങ്ങള്‍ വിവേചിച്ചു ഇഷ്ടങ്ങളെ നിയന്ത്രിക്കുകയെന്കിലും വേണം. അതിന്റെ സൂചനയാണ് അരിയാഹാരം ഏറ്റവും ഇഷ്ടപ്പെടുന്ന മലയാളിയോട് ‘ഒരിക്കല്‍’ എടുക്കുമ്പോള്‍ അരിയാഹാരം ഉപയോഗിക്കരുത് എന്ന നിര്‍ദേശം . (വ്രതശബ്ദത്തിനു നിരവധി അര്‍ത്ഥ തലങ്ങള്‍ ഉണ്ട് പ്രസക്തമായത് പറഞ്ഞു എന്നേ ഉള്ളൂ)

വ്രതത്തിന്റെ ധര്‍മവിധാനം ഭവിഷ്യപുരാണം ഇങ്ങനെ പറയുന്നുണ്ട് –

“ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയനിഗ്രഹ:
ദേവപൂജാഗ്നിഹവനം സംതോഷസ്തെയവര്‍ജനം
സര്‍വവ്രതേഷ്വയം ധര്‍മ: സാമാന്യോ ദശധാ സ്ഥിത:”
എല്ലാ വ്രതത്തിലും ഇത്രയും കാര്യങ്ങള്‍ പരിഗണിക്കണം.

വ്രതത്തോട് ചേര്‍ന്ന് വരുന്ന അംഗമാണ് “ഉപവാസം “

“ഉപ സമീപേ യോ വാസ: ജീവാത്മപരമാത്മനോ: ” ജീവാത്മ പരമാത്മാക്കളുടെ സമീപാവസ്ഥയാണ് ഉപവാസം…. ഇവിടെ ഭക്തന്മാരുടെ ക്ഷേത്രോപവാസം ആണ് സാമാന്യേന സ്വീകാര്യം. വ്രതത്തോട് ചേര്‍ന്ന് വരുന്ന മറ്റൊരംഗമാണ് ജാഗരണം… ഉണര്‍ന്നിരിക്കല്‍ എന്നാണ് സാമാന്യമായ അര്‍ഥം . വ്രതം ,ഉപവാസം തുടങ്ങിയവയുമായി മുന്നോട്ടു പോകുമ്പോള്‍ ആലസ്യം, നിദ്ര, തന്ദ്ര തുടങ്ങിയവ ഉണ്ടാകാന്‍ ഇടയുണ്ട് . ഇവയെ അതിജീവിച്ചു ഏക കേന്ദ്രീകൃതമായ ഉണര്‍വോടെ ഇരിക്കല്‍ ആണ് ജാഗരണം . [ഈ അവസരത്തില്‍ സ്മര്യം ആകുന്ന ഒരു ഭാഗം നാരായണീയത്തില്‍ ഉണ്ട്... "ശ്രുതി സ്മൃതിഭ്യാം വിഹിതാ വ്രതാദയ: പുനന്തി പാപം ന ലുനന്തി വാസനാം "(ശ്രുതി സ്മൃതികളില്‍ പറയപ്പെട്ട വ്രതാദികള്‍ നമ്മുടെ പാപം പോക്കുമെങ്കിലും വാസനയെ നീക്കുന്നില്ല ..). വ്രതം കൊണ്ട് പാപം അകന്നവരായി തീര്‍ന്നാലും വാസന നിലനില്‍ക്കുന്നിടത്തോളം കാലം നമ്മള്‍ വീണ്ടും പഴയ പ്രവര്‍ത്തികളില്‍ വീണ്ടും പ്രവേശിക്കുകയും ചെയ്യും ..ഇത് ഗജസ്നാനം പോലെയാണ്... ആറ്റിലോ തോട്ടിലോ ഉള്ള നല്ല ശുദ്ധജലത്തില്‍ ആന വെടുപ്പായി കുളിച്ചു വന്നാലും കരയ്ക്ക് കയറിയാല്‍ ഉടന്‍ വാസനാവശാല്‍ പൊടിമണ്ണ് വാരി സ്വന്തം ശരീരത്തില്‍ ഇടുന്നത് പോലെ എന്നര്‍ത്ഥം. ഇതിനു പരിഹാരം ഭഗവാനെ ഭക്തിപുരസ്സരം എന്നും സേവിക്കുക എന്നുള്ളത് മാത്രമാണ്.. ആ ഭഗവത്‌ സേവ വാസനയും പാപത്തെയും ഒരു പോലെ ഇല്ലാതാക്കും. ]

7.ആരാണ് ശിവരാത്രി വ്രതം എടുക്കാന്‍ അധികാരി ? ഈ പ്രപഞ്ചത്തിലെ എല്ലാ ജീവികളും ശിവപൂജനം നടത്താന്‍ അധികാരികള്‍ ആണ്..

“നിസ്തെജോ ജീവഘാതീ ച സര്‍വധര്‍മബഹിഷ്കൃത :
ന ധര്മോപ്യര്‍ജിതസ്തെന നിര്ഗതം യമശാസനം”
ഈശാന സംഹിതയില്‍ ഇങ്ങനെ കാണാം:
“ശിവരാത്രിവ്രതം നാമ സര്‍വപാപപ്രണാശനം
ആചണ്ഡാല മനുഷ്യാണാം ഭുക്തിമുക്തിപ്രദായകം”

8.ശിവരാത്രി മാഹാത്മ്യം എന്ത് എന്ന് പുരാണങ്ങള്‍ ഇങ്ങനെ പറയുന്നു…

“ ശിവം തു പൂജയിത്വാ യോ ജാഗര്‍ത്തി ച ചതുര്‍ദശീം
മാതു: പയോധരരസം ന പിബെത്‌ സ കദാചന :”-സ്കാന്ദപുരാണം

ഈ ചതുര്‍ദശി ന്നാളില്‍ ശിവനെ പൂജിച്ചു കൊണ്ട് ആര് ഉണര്ന്നിരിക്കുന്നുവോ അവന്‍ പുനര്‍ജന്മം ഇല്ല തന്നെ .

“സൗരോ വാ വൈഷ്ണവോ വാന്യോ ദേവതാന്തരപൂജക:
ന പൂജാഫലമാപ്നോതി ശിവരാത്രിബഹിര്‍മുഖ:”-നൃസിംഹ പരിചര്യ & പദ്മപുരാണം.

അതായത് ഇതരദേവതകളുടെ ഉപാസകന്മാരായാല്‍ പോലും ശിവരാത്രി ബഹിര്മുഖന്മാരാണെങ്കില്‍ പൂജാഫലം സിദ്ധിക്കില്ല തന്നെ..