"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
പ്രണവം (ഓം) | ഹൈന്ദവം

പ്രണവം (ഓം)

അജ്ഞാതമായ ദിവ്യലോകങ്ങളുമായി ബന്ധപ്പെടുത്തുന്ന ധ്വനിയെ "മന്ത്രം" എന്നുപറയുന്നു. മന്ത്രങ്ങളില്‍ ശ്രേഷ്ഠമായവ സര്‍വ്വേശ്വരനാമ മന്ത്രങ്ങളാണ്. ഈശ്വരനാമത്തില്‍ ഏറ്റവും ഉത്കൃഷ്ടമായത് ആദിശബ്ദമായി അറിയപ്പെടുന്ന "ഓംകാരം" അല്ലെങ്കില്‍ "പ്രണവ" മാണെന്നുള്ള മഹര്‍ഷിമാരുടെ ദര്‍ശനം ഹൈന്ദവ സംസ്കൃതിയുടെ മൂലപ്രമാണങ്ങളില്‍ ഒന്നാണ്.

പ്രണവമന്ത്രം ത്രിഗുണാത്മകമാണ്. അതില്‍ സൃഷ്ടികര്‍ത്താവായ 'ബ്രഹ്മാവും' പരിപാലകനായ 'ശ്രീമഹാവിഷ്ണുവും' ലയംകരനായ 'ശ്രീമഹാരുദ്രനും' അടങ്ങിയിരിക്കുന്നു. ആയതിനാല്‍ പ്രണവമന്ത്ര ജപവും അതിന്റെ അര്‍ത്ഥഭാവനയും നടത്തുന്ന സാധകര്‍ സര്‍വ്വേശ്വര പാദങ്ങളെ പ്രാപിക്കുന്നു. മന്ത്രശാസ്ത്രവിധി പ്രകാരം പ്രണവം ഒരു സേതുവാണ്. യാത്ര എളുപ്പമാക്കുന്നതിന് നദികള്‍ക്കും തോടുകള്‍ക്കും മറ്റും കുറുകേ പാലം പണിയുന്നു. അതുപോലെ മഹാമന്ത്രങ്ങള്‍ പ്രണവ (ഓം) യുക്തമാകുമ്പോള്‍ ഈശ്വരസന്നിധിയിലേയ്ക്കുള്ള മാര്‍ഗ്ഗം എളുപ്പമാകുന്നു. പ്രസ്തുത മന്ത്രങ്ങള്‍ അതീവ ശക്തിയുക്തങ്ങളായിത്തീരുന്നു. പ്രണവം അതായത് 'ഓം' ആദി മന്ത്രമാണ്. പ്രണവത്തിന് രണ്ടു രൂപങ്ങളുള്ളതായി മന്ത്രതത്ത്വജ്ഞന്മാരായ യോഗീശ്വരന്മാര്‍ വെളിവാക്കുന്നു. ഒന്ന് അക്ഷരാത്മകം; മറ്റൊന്ന് ധ്വന്യാത്മകം. അ + ഉ + മ് ഇവയുടെ സംയോഗത്താല്‍ അക്ഷരാത്മകമായ 'ഓം' കാരമുണ്ടാകുന്നു. അത് മനുഷ്യര്‍ക്ക്‌ ഉച്ചരിക്കുവാന്‍ സാധിക്കുന്നു. ധ്വനാത്മകമായ പ്രണവത്തെപ്പറ്റി മന്ത്രശാസ്ത്രം പറയുന്നത്, അത് തൈലധാരപോലെ അവിച്ചിന്നവും വലിയ മണിയുടെ നാദം പോലെ മുഴങ്ങികൊണ്ടിരിക്കുന്നതുമാണെന്നാണ്. അത് ഉച്ചാരണാവയവങ്ങള്‍കൊണ്ട് ഉച്ചരിക്കാവുന്നതുമല്ലത്രേ. അതിനെ, യോഗയുക്തമായ അന്തഃകരണം മുഖാന്തിരം ചിദാകാശത്തില്‍ ശ്രവിക്കുവാന്‍ മാത്രമേ കഴിയുകയുള്ളൂ.

വേദങ്ങളിലും ഉപനിഷത്തുകളിലും തത്ത്വശാസ്ത്രങ്ങളിലും പുരാണങ്ങളിലുമൊക്കെ പ്രണവ മന്ത്രത്തിന്റെ ദിവ്യമാഹാത്മ്യത്തെക്കുറിച്ച് പ്രദിപാദിക്കപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനമുള്ളിടത്തെല്ലാം സ്പന്ദനമുണ്ടെന്നും സ്പന്ദനമുള്ളിടത്തെല്ലാം ശബ്ദമുണ്ടെന്നുമാണ് വൈദികദര്‍ശനം സ്ഥാപിച്ചിരിക്കുന്നത്. പരംപൊരുളില്‍ ലയിച്ച് സാമാന്യാവസ്ഥയിലിരിക്കുന്ന പ്രകൃതി, വിഷമാവസ്ഥയിലേയ്ക്കു നീങ്ങുന്ന പ്രവര്‍ത്തനത്തെയാണ് 'സൃഷ്ടിസ്ഥിതിലയങ്ങള്‍' എന്ന് പറയുന്നത്. പ്രകൃതി സാമാന്യാവസ്ഥയില്‍ നിന്ന് വിഷമാവസ്ഥയിലേയ്ക്ക് നീങ്ങുവാന്‍ തുടങ്ങുമ്പോള്‍ സ്പന്ദനമാരംഭിക്കുന്നു. ഇപ്രകാരമുള്ള സ്പന്ദനത്തിന്റെ ആദ്യ ശബ്ദമാണ് പ്രണവം അല്ലെങ്കില്‍ ഓംകാരം. സാധകന്റെ അന്തഃകരണം പ്രകൃതിയുടെ വിഷമാവസ്ഥ ആരംഭിക്കുന്ന ആദിമ സ്ഥിതിയിലെത്തിച്ചേരുമ്പോള്‍ പ്രണവ ശബ്ദം കേള്‍ക്കുമാറാകുന്നു. പരമാത്മസ്വരൂപമായ ഈ പ്രണവത്തിന്റെ ബാഹ്യതലം നാമരൂപാത്മകമായ പ്രപഞ്ചമാണ്‌: ആന്തരികതലം പരമാത്മപദമാണ്. ഇപ്രകാരം പ്രണവത്തിന്റെ മാഹാത്മ്യം അതീവഗഹനമാകുന്നു. എത്ര വര്‍ണ്ണിച്ചാലും അത് അവസാനിക്കുകയില്ല.