"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
നവരാത്രി വ്രതം | ഹൈന്ദവം

നവരാത്രി വ്രതം

ആശ്വിനത്തിലെ (കന്നി, തുലാം) ശുക്ലപക്ഷ പ്രഥമ മുതല്‍ ഒമ്പത് ദിവസങ്ങളിലായി നവരാത്രി കൊണ്ടാടുന്നു. ഒന്നാം ദിവസത്തിന്റെ തലേദിവസംതന്നെ ഒരിക്കലൂണോടെ വ്രതം ആരംഭിക്കുന്നു. ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും ദേവീപൂജകള്‍ പതിവുണ്ട്. രണ്ടു വയസ്സ് മുതല്‍ പത്തുവയസസ് വരെയുള്ള കുട്ടികളെ ദേവിയുടെ പ്രതിനിധികളായി പല ഭാവങ്ങളില്‍ സങ്കല്‍പ്പിച്ച് നടത്തുന്ന കുമാരിപൂജ പ്രധാന ഇനമാണ്. വ്രതാനുഷ്ഠാനവേളയില്‍ അരിയാഹാരം ഉപേക്ഷിക്കുകയോ ഒരു നേരം മാത്രമാക്കുകയോ ചെയ്ത് ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടുന്നത് നന്ന്. പഴം, കരിക്ക് എന്നിവ കഴിക്കുന്നതിന് വിരോധമില്ല. ഒമ്പത് ദിവസങ്ങളിലായി ഒമ്പത് ഭാവങ്ങളില്‍ ദേവിയെ ആരാധിക്കപ്പെടുന്നു. എന്നാല്‍ കേരളത്തില്‍ ഒടുവിലത്തെ മൂന്നു ദിവസമാണ് പ്രാധാനം. കൂടുതല്‍ ആളുകളും ആ മൂന്നു ദിവസങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ആ മൂന്നു നാളുകള്‍ അഷ്ടമി, നവമി, ദശമി എന്നിവയാണ്. അഷ്ടമി പൂജവെയ്പും നവമി അടച്ചുപൂജയും വിജയദശമി വിദ്യാരംഭവുമായി കൊണ്ടാടുന്നു. അഷ്ടമിനാളില്‍ ആയുധപൂജയും പതിവുണ്ട്. നീണ്ട ദിവസങ്ങള്‍ മുഴുവന്‍ വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ ദേവിക്ക് പഴം, അവില്‍, മലര്‍, ശര്‍ക്കര എന്നിവ നിവേദിച്ച് ഭക്ഷിച്ച്‌ ഒരിക്കല്‍ ഊണ് കഴിച്ച് പൂര്‍ണ്ണ ഉപവസമല്ലാതെയും വ്രതമനുഷ്ഠിക്കുക പതിവുണ്ട്.

കേരളത്തില്‍ വിജയദശമി നാള്‍ നടക്കുന്ന വിദ്യാരംഭത്തിനാണ് കൂടുതല്‍ പ്രാധാന്യം കാണുന്നത്. അന്ന് ആചാര്യന്‍ സരസ്വതീദേവിയെ ആരാധിച്ചും സ്വര്‍ണ്ണംകൊണ്ട് കുട്ടിയുടെ നാവിലും വിരലുകൊണ്ട് മുമ്പില്‍ വെച്ച അരിയിലും ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നു. 'ഹരി ശ്രീ ഗണപതയേ നമഃ' എന്നാണ് ആരംഭം. ഏതു പ്രവൃത്തിയും ഈശ്വര പ്രാര്‍ഥനയോടെ തുടങ്ങണമെന്നാണ് വിധി. ഹരി നമ്മെ സംരക്ഷിക്കുന്ന മഹാവിഷ്ണുവാണ്. ശ്രീയോ? മഹാലക്ഷ്മിയും. ജ്ഞാനസമ്പാദനം യാതൊരു തടസ്സവും കൂടാതെ മുന്നോട്ടുപോകാന്‍ ഗണപതിയുടെ അനുഗ്രഹം വേണം. ഗണപതിയെകൂടി സ്മരിച്ചുകൊണ്ട് മുന്നേറാനുള്ള ശക്തി സമ്പാദിക്കുന്നുവെന്ന് കരുതാം. വ്രതാനുഷ്ഠാനത്തിനുള്ള പ്രായമായിട്ടില്ലെങ്കിലും കുട്ടികളെ അവസാന മൂന്നുനാളിലെങ്കിലും കൊണ്ടുവന്ന് ദേവീക്ഷേത്രത്തില്‍ ദര്‍ശനം ചെയ്യിക്കേണ്ടതാകുന്നു. നവരാത്രിവേളയില്‍, ഓരോ ദിവസവും ദേവിയെ താഴെ പറയും പ്രകാരം ധ്യാനിച്ച്‌ ആരാധിക്കേണ്ടതാകുന്നു. എങ്കില്‍ ശക്തിസ്വരൂപിണിയായ ദേവി ആപത്തുകളില്‍ നിന്ന് ഏവരേയും കരകയറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.

1. ബാലസ്വരൂപണീഭാവത്തില്‍, ശൈലപുത്രിയായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്. വൃഷഭസ്ഥിതിയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു.

2. ബ്രഹ്മചാരിണിസങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. ബ്രഹ്മശബ്ദത്തിന് തപസ്സ് എന്നര്‍ത്ഥമുണ്ട്. ദേവി തപസ്സുചെയ്ത് ഭഗവാനെ പ്രീതിപ്പെടുത്തുകയാണ്. ജപമാലയും കമണ്ഡലുവും ധരിച്ചിരിക്കുന്നു. ഇലഭക്ഷണംപോലും ത്യജിച്ചുകൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം. അതുകൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി.

3. മൂന്നാമത്തെ ഭാവം ചന്ദ്രഘണ്‍ടയായിട്ടറിയപ്പെടുന്നു. ദേവിയുടെ തിരുനെറ്റിയില്‍ അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്‍ടാരൂപിണിയായ ദേവീ സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു കൈകളുമുണ്ട്. എല്ലാകൈകളിലും ദിവ്യായുധങ്ങള്‍ ധരിച്ചിരിക്കുന്നു. സിംഹവാഹിനിയുടെ മണിനാദം കേട്ടാല്‍ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടന്മാര്‍ക്ക് ശാന്തിയും ലഭിക്കും. യുദ്ധത്തിന് ഒരുങ്ങി നില്‍ക്കുന്ന ഭാവമാണ്.

4. നാലാമത്തെ ദേവീസ്വരൂപം 'കുഷ്മാണ്ഡം' എന്ന പേരില്‍ അറിയപ്പെടുന്നു. പ്രപഞ്ച സൃഷ്ടിയുടെ ആദിസ്വരൂപവും ശക്തിയും ദേവിയാണല്ലോ. സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ച ദിവ്യപ്രകാശം സര്‍വ്വത്ര വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വവസ്തുക്കളിലും പ്രവേശിച്ച് തിളങ്ങി തേജസ്വിനിയായി ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.

5. ദേവിയുടെ അഞ്ചാമത്തെ ഭാവം സ്കന്ദമാതാവാണ്. അമ്മയുടെ മടിയില്‍ പുത്രന്‍ സുബ്രഹ്മണ്യന്‍ സാന്നിദ്ധ്യമരുളുന്നു എന്നാണ് സങ്കല്പം. സ്കന്ദമാതാവായ പരാശക്തി ചതുര്‍ഭുജയാണ്. രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സുബ്രഹ്മണ്യനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാവാരാധന ഫലപ്രദമാകുന്നു.

6. ആറാമത്തെ സ്വരൂപം 'കാത്യായനി' യുടെതാണ്. കാത്യായന മഹര്‍ഷി ദേവിയെ തപസ്സുചെയ്ത് ദേവിതന്നെ ഗൃഹത്തില്‍ പിറക്കണമെന്നു പ്രാര്‍ഥിച്ചു. ദേവി മഹര്‍ഷിയുടെ ആഗ്രഹം സ്വീകരിച്ചു. അതിനുശേഷം മഹിഷാസുരനെ വധിച്ചു ദേവന്മാര്‍ക്ക് ആശ്വാസമരുളിയെന്നു പുരാണം പറയുന്നു. ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിഹവാഹിനിയായി സര്‍വ്വര്‍ക്കും അനുഗ്രഹാശിസ്സുകളേകി മരുവുന്നു.

7. ഈ രൂപമാണ് ഏറ്റവും ഭയാനകം. ദേവി ശക്തിരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ധൈര്യം സമ്പാദിച്ച് ജീവിതത്തില്‍ മുന്നേറാന്‍ കഴിയുന്നതിനു വേണ്ടിയാണ് ദേവി ഭയാനകരൂപം ധരിച്ച് വര്‍ത്തിക്കുന്നത്. ആ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു. കറുത്ത നിറവും ചിന്നി ചിതറിയ മുടിയും തൃക്കണ്ണുകളില്‍നിന്നു പ്രവഹിക്കുന്ന അഗ്നിയും ആരെയാണ് ഭയപ്പെടുത്താത്തത്? ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാന്‍ പോലും ആ ജ്വാലകള്‍ക്ക് ശക്തിയുണ്ട്. കഴുതയാണ്‌ വാഹനം. വരദമുദ്രയും അഭയമുദ്രയും വാളും മറ്റൊരു ദിവ്യായുധവും ധരിച്ച് ചതുര്‍ഭുജയായി 'ശുഭങ്കരി' എന്ന പേരില്‍ അറിയപ്പെടുന്നു.

8. 'മഹാഗൗരി' യാണ് എട്ടാമത്തെ ഭാവം. ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം കഴിപ്പിച്ച് ശുഭ്രവര്‍ണയാക്കി തീര്‍ത്തു. ദേവിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും വെളുത്തതായിരുന്നു. വെള്ളക്കാളയുടെ പുറത്ത് കയറി ദേവി സര്‍വ്വര്‍ക്കും ദര്‍ശനം നല്‍കി. ചതുര്‍ഭുജങ്ങളില്‍ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവ ധരിച്ച് ഉപാസകന് അക്ഷയപുണ്യം നല്‍കി പരിലസിച്ചു.

9. സിദ്ധിധാത്രീരൂപമാണ് അവസാനദിവസത്തേത്. അന്ന് ദേവി സര്‍വ്വാഭീഷ്ടസിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ സിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. ദേവന്മാര്‍ക്ക്പോലും സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദയും ചക്രവും ശംഖും താമരയും ധരിച്ച് ദേവി വിരാജിക്കുന്നു.

ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതസഹസ്രനാമവും, ശങ്കരാചാര്യവിരചിതമായ സൗന്ദര്യലഹരിയും, മാര്‍ക്കാണ്ടെയപുരാണത്തിലെ ദേവീ മഹാത്മ്യവും ദേവിയെ ആരാധിക്കുന്നതിനുള്ള അമൂല്യ ഗ്രന്ഥങ്ങളാണ്. നവരാത്രികാലങ്ങളില്‍ അവ ചൊല്ലി സ്തുതിക്കുന്നത് അതീവ പുണ്യമാകുന്നു.