"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഉപനിഷത്തുകള്‍ | ഹൈന്ദവം

ഉപനിഷത്തുകള്‍

ഭാരതീയ തത്ത്വചിന്ത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുകൾ. വേദങ്ങളുടെ അവസാനം എന്ന് വാഗർത്ഥമുള്ള വേദാന്തത്തിലുൾപ്പെടുന്നതാണിവ. അറിവ് എന്ന അർത്ഥവും വേദ ശബ്ദത്തിനുള്ളതിനാൽ അറിവിന്റെ അവസാനം എന്നൊരു അർത്ഥവും വേദാന്തത്തിന് കൽപ്പിച്ചിരിയ്ക്കുന്നു. പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. എന്നാൽ വേദങ്ങളുടേയും സ്മൃതികളൂടേയും അന്തസ്സാരശൂന്യതയെപറ്റി ഉപനിഷത്തുകൾ സംശയരഹിതമായി പ്രസ്താവിക്കുന്നു. നൂറ്റിയെട്ട് ഉപനിഷത്തുക്കൾ ഉണ്ട്. അതിൽ പത്തെണ്ണം മുഖ്യ ഉപനിഷത്തുക്കൾ എന്നാണ്‌ അറിയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനം നൽകിയതിനാലാണ്‌ അവ പ്രസിദ്ധമായത്. എന്നാൽ മറ്റു ഉപനിഷത്തുക്കളും പ്രാധാന്യമർഹിക്കുന്നവ തന്നെ. ഉപനിഷത്തുക്കൾ ഭാരതമനസ്സിന്റെ ഉന്നതിയെയാണ്‌ പ്രതിഫലിപ്പിക്കുന്നത് എന്നാണ്‌ മഹർഷി അരോബിന്ദോ അഭിപ്രായപ്പെട്ടത്.ഉപനിഷത്തുക്കൾ അവ വ്യാഖ്യാനിച്ചിരിക്കുന്നവരുടെ അഭിപ്രായത്തിലും വീക്ഷണത്തിലും വ്യത്യസ്ത ഉത്തരങ്ങളും ആശയങ്ങളും തരുന്നുണ്ട്. എങ്കിലും ഹിന്ദുമതത്തിന്റെ തത്ത്വജ്ഞാനപരമായ ആശയങ്ങൾ മറ്റേതു വേദ ഗ്രന്ഥങ്ങളേക്കാൾ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കളാണ്‌ എന്ന് ആധുനിക ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നു.ഭാരതീയ തത്ത്വചിന്തകരിൽ മിക്കവരേയും സ്വാധീനിച്ചിരിക്കുന്നത് ഉപനിഷത്തുക്കളാണ്‌. മാക്സ് മുള്ളറാണു ഉപനിഷത്തുകളെക്കുറിച്ച് പഠിച്ചവരിൽ ഏറ്റവും പ്രമുഖനായ് വിദേശീയൻ. ഉപനിഷദ്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നീ മൂന്നിനേയും ചേർത്ത് പ്രസ്ഥാനത്രയം എന്നും പറയുന്നു.

‘ഉപ , നി, സദ് ‘ എന്നീ മൂന്നു ധാതുക്കൾ ചേർന്നാണ് ‘ഉപനിഷദ്‘ എന്ന പദമുണ്ടായിരിയ്ക്കുന്നത്. ‘ഉപ ’ എന്ന ധാതുവിന് ‘അടുത്ത’ എന്നും ‘നി’ ധാതുവിന് ‘നിശ്ശേഷേണെയുള്ള’ എന്നും. ‘സദ് ’ധാതുവിന് ‘നാശം , ക്ഷയം, ഗമനം‘ എന്നൊക്കെയുമാണ് അർത്ഥം പറഞ്ഞിരിയ്ക്കുന്നത്. “ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കർമ്മബന്ധങ്ങൾ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത് ,മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്“ പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. ഇങ്ങനെയുള്ള പരമമായ വിദ്യ പ്രതിപാദിയ്ക്കുന്ന ഗ്രന്ഥങ്ങളെ ഉപനിഷത്തുകൾ എന്ന് ബഹുവചനം കൊണ്ട് സൂചിപ്പിയ്ക്കുന്നു. ചില ഉപനിഷത്തുക്കൾ ഗുരു ശിഷ്യ സംവാദ രൂപത്തിലാണ് രചിച്ചിരിയ്ക്കുന്നതെന്നതിനാൽ,പോൾ ഡോസനേപ്പോലുള്ള പണ്ഡിതരുടെ അഭിപ്രായത്തിൽ “ഗുരുവിന്റെ അരികിലിരുന്ന്(ഉപ) ബ്രഹ്മ വിദ്യ അറിയുന്നതിനെ ഉപനിഷദ് എന്നു പറയുന്നു “.പക്ഷേ എല്ലാ ഉപനിഷത്തുകളും ഗുരു ശിഷ്യ സംവാദ രൂപത്തിലല്ല രചിച്ചിരിയ്ക്കുന്നത്. ബൃഹദാരണ്യകാദി ഉപനിഷത്തുകൾ ഗുരു ശിഷ്യ സംവാദങ്ങളല്ല. എല്ലാ ഉപനിഷത്തുകളും അഞ്ച് വേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു -ഋഗ്വേദം, സാമവേദം, ശുക്ല യജുർവേദം, കൃഷ്ണ യജുർവേദം, അഥർവവേദം. പ്രധാനമായും 108 ഉപനിഷത്തുകളിൽ 10 എണ്ണം മുഖ്യ ഉപനിഷത്തുകളാണ്. 21 എണ്ണം സാമാന്യ വേദാന്തമെന്നും 23 എണ്ണം സന്ന്യാസം എന്നും ഒൻപത് എണ്ണം ശാക്തേയം എന്നും 13 എണ്ണം വൈഷ്ണവം എന്നും 14 ശൈവമെന്നും 17 എണ്ണം യോഗമെന്നും അറിയപ്പെടുന്നു. ഉപനിഷത്ത് പഠിക്കാനാരംഭിക്കുമ്പോഴും പാഠാവസാനത്തിലും ഗുരുവും ശിഷ്യനും ചേർന്ന് ചൊല്ലേണ്ട മന്ത്രങ്ങൾ ആണ് ശാന്തിപാഠങ്ങൾ.വേദാനുക്രമമനുസരിച്ച് 5 ശാന്തിപാഠങ്ങളാണ് ഉള്ളതെന്ന് പറയപ്പെടുന്നത്. എന്നാൽ ശാന്തിപാഠങ്ങൾ അഞ്ചിൽ കൂടുതൽ ഉള്ളതായി പല പാരമ്പര്യക്കാരും പറയുന്നുണ്ട് എങ്കിലും ഒട്ടാകെ 10 ശാന്തിപാഠങ്ങളാണ് ഉപനിഷത്തുമായി ബന്ധപ്പെടുത്തി ശ്രീശങ്കരാചാര്യരുടെ പാരമ്പര്യം അവകാശപ്പെടുന്ന ശങ്കരമഠക്കാർ സ്വീകരിച്ചിട്ടുള്ളത്.

പ്രപഞ്ചത്തിൽ ശാശ്വതമായ ചില വസ്തുതകൾ ഉണ്ടെന്നും അവ വ്യക്തികളുടെ മരണത്തിനു ശേഷവും നിലനിൽക്കുന്നുവെന്നും ചില ചിന്തകർ വിശ്വസിച്ചു. ഓരോ വ്യക്തിയിലും അടങ്ങിയിരിക്കുന്ന ഈ വസ്തുതയുടെ ഭാഗത്തെ ആത്മാവ് എന്നും, പ്രപഞ്ചത്തിൽ മൊത്തമായുള്ള ശാശ്വതമായ ഈ വസ്തുതയെ ബ്രഹ്മം എന്നും വിളിച്ചു. ആത്യന്തികമായി ആത്മാവും ബ്രഹ്മവും ഒന്നാണെന്നും ഈ ചിന്തകർ വിശ്വസിച്ചു. ഇത്തരം ചിന്തകളാണ്‌ ഉപനിഷത്തുകളിൽ ഉൾക്കൊള്ളുന്നത്. ഭാരതീയ വേദാന്തത്തിന്റെ സന്ദേശമറിയാനാഗ്രഹിക്കുന്നവൻ ഉപനിഷത്തുക്കൾ പഠനം നടത്തിയേ തീരൂ. അദ്വൈത സിദ്ധാന്തത്തിന്റെ അടിസ്ഥാനം തന്നെ ഉപനിഷത്തുക്കൾ ആണ്. ഉപനിഷത്തുക്കളിൽ ലോകത്തെ മുഴുവൻ പണയപ്പെടുത്താനാവശ്യമുള്ളത്ര കരുത്ത് ഉണ്ടെന്നാണ് സ്വാമി വിവേകാനന്ദൻ പറയുന്നത്. അവയിലൂടെ ലോകത്തെ മുഴുവൻ ഉജ്ജീവിപ്പിക്കാം, പ്രബലമാക്കാം, ഉത്തേജിപ്പിക്കാം. എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർ‍വ്വജാതിമത വിഭാഗങ്ങളിൽ‍പെട്ട ദുർബലരേയും ദുഃഖിതരേയും മർദ്ദിതരേയും ഉദ്ബോധിപ്പിക്കാൻ ജ്ഞാനം ആർജ്ജിക്കാൻ ഉപനിഷത്തുകൾ പറയുന്നു. വിവേകാനന്ദ സ്വാമികൾക്ക് “ ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാൻ നിബോധത ” എന്ന കഠോപനിഷത്തിലെ വാക്യം പ്രിയങ്കരമായിരുന്നു. മോക്ഷത്തിനുള്ള ആഗ്രഹം ശരീരമല്ല ആത്മാവാണെന്നറിയണം എന്നും ഏകത്വജ്ഞാനം കൊണ്ടേ കൈവല്യം സിദ്ധിക്കുകയുള്ളൂ എന്ന് ഉപനിഷത്തുക്കൾ സിദ്ധാന്തിക്കുന്നു. നാല് മഹാ വാക്യങ്ങൾ ഉപനിഷത്തുക്കളിലെ അന്തഃസ്സത്ത വിളിച്ചറിയിക്കുന്നു.

ദശോപനിഷത്തുകൾ

1. ഈശാവാസ്യോപനിഷത്ത് (ശുക്ല യജുർ വേദം)
2. കേനോപനിഷത്ത് (സാമ വേദം)
3. കഠോപനിഷത്ത് (കൃഷ്ണ യജുർ വേദം)
4. പ്രശ്നോപനിഷത്ത്(അഥർവ വേദം)
5. മുണ്ഡകോപനിഷത്ത്(അഥർവ വേദം)
6. മാണ്ഡൂക്യോപനിഷദ്(അഥർവ വേദം)
7. തൈത്തിരീയോപനിഷദ് (കൃഷ്ണ യജുർ വേദം)
8. ഐതരേയോപനിഷത്ത് (ഋഗ് വേദം)
9. ചാന്ദോഗ്യോപനിഷദ് (സാമ വേദം)
10. ബൃഹദാരണ്യകോപനിഷത്ത്(ശുക്ല യജുർ വേദം)

108 ഉപനിഷത്തുകൾ