"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കടയ്ക്കല്‍ ഭദ്രകാളി ക്ഷേത്രം | ഹൈന്ദവം

കടയ്ക്കല്‍ ഭദ്രകാളി ക്ഷേത്രം

കേരളത്തില്‍ പ്രസിദ്ധമായതും കൊല്ലം ജില്ലയിലെ പുരാതനമായ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നുമാണ് കടയ്ക്കല്‍ ശ്രീ:ഭദ്രകാളി ക്ഷേത്രം . കടയ്ക്കല്‍ എന്ന പേര് ഈ ഗ്രാമത്തിനുണ്ടായത് ദേവിയുടെ ത്രിപ്പാദത്തിനു ചുവട്ടില്‍ ഉള്ള നാട് എന്ന അര്‍ത്ഥത്തില്‍ ആണ് . സ്വയം ഭൂവായ ദേവിയ്ക്ക് പ്രതിഷ്ഠ ഇല്ലെങ്കിലും ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ ഭക്തര്‍ക്ക്‌ ദേവി ദര്‍ശനം സാധ്യമാകുന്നു. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന കടക്കല്‍ അമ്മയുടെ തിരുനാള്‍ കടയ്ക്കല്‍ തിരുവാതിര എന്ന പേരില്‍ കടയ്ക്കല്‍ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ പൂര്‍ണ്ണ സഹകരണത്തോടെ നടത്തി വരുന്നു . കുംഭ മാസത്തിലെ തിരുവാതിര നാളില്‍ തുടങ്ങി ഏഴ് ദിവസം നീ‍ണ്ടു നിൽക്കുന്ന ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന സ്ത്രീക്കൾ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കൽ പീടിക ക്ഷേത്രത്തിന് മുന്നിൽ പ്രകൃതി ദത്ത നിറങ്ങൾ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തിൽ പെടുന്നു .ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകൾ. ശില്പസുന്ദരമായ എടുപ്പു കുതിരകൾക്ക് കെട്ടുകാഴ്ചളും, കതിരുകാളകളും, നാടൻ കലാരൂ‍പങ്ങളും അകമ്പടി സേവിക്കുന്നു. 40 മുതൽ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റൻ കുതിരകളെ തോ‍ളിലേറ്റി അമ്പലം പ്രദക്ഷിണവും എഴുന്നുള്ളത്തും നടത്തുന്നത് വ്രതാനുഷ്ടികളായ നൂറുകണക്കിനു ഭകതന്മാർ തോളിൽ ചുമന്നാണ്.

കടക്കല്‍ ക്ഷേത്രത്തിന്‍റെ ഐതീഹ്യം :

പാണ്ടി നാട്ടിൽ നിന്നും രണ്ട് സ്ത്രീകൾ അഞ്ചലില്‍ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടായാറ്റുണ്ണിത്താൻ കുടിയ്ക്കാൻ ഇളനീ‍ർ നൽകുകയും വിശ്രമിക്കാൻ തണലിനായി പാലകൊമ്പ് വയൽ വരമ്പിൽ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാൻ ഒഴിഞ്ഞ് കിടന്നൊരു വീടും ഏർപ്പാ‍ടാ‍ക്കി. പിറ്റേന്ന് ഉണ്ണിത്താൻ വന്ന് ന്നോക്കിയപ്പോൾ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ. ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടൻ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നിൽ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയിൽ നിന്നും ചരക്കുമായി വന്ന ആളുടെ കൂ‍ടെ കടയ്ക്കൽ എത്തുകയും അവിടേ സ്വയംഭൂവാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. കടയാറ്റിൽ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരിൽ അറിയപ്പെട്ടു. കടയ്ക്കൽ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. ഇവർ രണ്ടും 12 വർഷത്തിലൊരിക്കൽ ഒത്തുകൂടുന്ന ചടങ്ങാണ് തിരുമുടി എഴുന്നുള്ളത്ത്. 12 വര്‍ഷത്തിലൊരിക്കല്‍ കടയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും അഞ്ചല്‍ പ്രദേശത്തേക്കുള്ള മുടിയെഴുന്നള്ളത്ത് മഹോത്സവം ചരിത്ര പ്രസിദ്ധമാണ്. കടയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടുന്ന എഴുന്നള്ളത്ത് കോട്ടക്കല്‍ മഞ്ഞപ്പുഴ ക്ഷേത്ര സന്നിധിയില്‍ എത്തുമ്പോള്‍ അവിടെ പൂജാദി കര്‍മ്മങ്ങള്‍ക്കായി ഇറക്കിവയ്ക്കുന്നു. ഭക്തജനങ്ങള്‍ വിശ്രമശേഷം വീണ്ടും തിരുമുടി ആഘോഷപൂര്‍വ്വം എഴുന്നള്ളിച്ചു വരുന്ന വഴി “മുളമൂട്ടില്‍” എത്തുന്നു. അഞ്ചലച്ചന്‍ എന്നറിയപ്പെട്ടിരുന്ന യൌനാന്‍ കത്തനാരുടെ ഓര്‍മ്മയ്ക്കായി പണിതിട്ടുള്ള ദേവാലയത്തില്‍ നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നു. കടയാറ്റു നിന്നും ഇട്ടിയമ്മ വ്രതാനുഷ്ഠങ്ങളോടെ അഷ്ടമംഗല്യവും വിളക്കുമേന്തി ഭഗവതിയുടെ ഇരുമുടി എതിരേല്‍ക്കുവാനായി എത്തുന്നു. കീരിടത്തിനു പിറകേ ചാര്‍ത്തിയിട്ടുള്ള വര്‍ണ്ണാങ്കിതമായ പട്ട് ശോഭയാര്‍ന്ന വെള്ളിക്കത്തികൊണ്ട് ഇട്ടിയമ്മ അനാവരണം ചെയ്യുന്നതോടെ വീണ്ടും ശബ്ദായമാനമായ വാദ്യമേളങ്ങളോടെ ആഘോഷം നീങ്ങി വയലേലയില്‍ എത്തുന്നു. കെട്ടുകുതിരകളും മറ്റു കാഴ്ചകളും ആഘോഷപൂര്‍വ്വം ആറാടിക്കുന്നു. കടയാറ്റ് കൂത്തുപ്പറമ്പില്‍ എത്തുമ്പോള്‍ പഴക്കമേറിയ പാലച്ചുവട്ടിലെ ‘മാസപ്പുരയില്‍’ ദേവിയുടെ തിരുമുടി ഭക്തിപൂര്‍വ്വം ഇറക്കുന്നു. ഇവിടെ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം തിരുമുടി അഞ്ചല്‍ പനയഞ്ചേരി ക്ഷേത്ര സന്നിധിയിലേക്ക് ഭക്തി പൂര്‍വ്വം ആനയിക്കുന്നു. ഇവിടെ പ്രത്യേക പൂജയും ഉണ്ണിയപ്പം വാര്‍ത്ത് കനംകൂട്ടലും പതിവാണ്. ഇതുകണ്ട് കടയ്ക്കല്‍ ഭഗവതി “അഞ്ചലപ്പന്‍ അപ്പം തിന്നു മുടിയും” എന്നരുള്‍ ചെയ്ത് അനുഗ്രഹിച്ചുവെന്ന് ഐതിഹ്യം. ഇവിടെ നിന്നും ഏറം വയലില്‍ തേവരുടെ സന്നിധിയിലേക്ക് ആനയിക്കുന്ന മുടി വീണ്ടും കടയാറ്റു ക്ഷേത്രത്തിലെത്തി പുറംഭാഗത്തായി വയ്ക്കുന്നു. തുടര്‍ന്ന് ഇവിടെ 10 ദിവസം ഉത്സവം പൊടിപൂരം കൊണ്ടാടുന്നു. ഏഴാംദിവസം തിരുമുടി വീണ്ടും കടയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മുടിപ്പുരയില്‍ എത്തുന്നു കടക്കല്‍ തിരുവാതിരയുടെ ഐതീഹ്യം . അബ്രഹ്മണരാണ് പൂജാരികൾ എന്നതും കടയ്ക്കൽ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയിൽ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ‍ർ കുറുപ്പിന്റെ പിൻ‌തലമുറക്കാരാണ് ശാന്തിക്കാർ.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലർ, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കൾ. കുങ്കുമവും അറപ്പൊടിയും പ്രസാദമായി ലഭിക്കുന്നു.