"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
മാരായിക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രം | ഹൈന്ദവം

മാരായിക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രം

കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് മാരായിക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം. ആയിരത്തിൽ പരം വർഷങ്ങൾ പഴക്കമുള്ള ഒരു അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണിതെന്ന് കരുതപ്പെടുന്നു.ശൈവ-വൈഷ്ണവ പ്രതിഷ്ഠകൾ ആണ് ഇരു ക്ഷേത്രങ്ങളിലായി കുടികൊള്ളുന്നത്. വടക്ക് ശിവ-പാർവതി ക്ഷേത്രവും തെക്ക് വിഷ്ണു ക്ഷേത്രവുമാണ് ഉള്ളത്. കൂടാതെ മഹാഗണപതി, ബ്രഹ്മരക്ഷസ്, നാഗരാജാവ്-നാഗയക്ഷി, യക്ഷി എന്നീ ആരാധനാമൂർത്തികളും ഉണ്ട്. ക്ഷേത്രപരിസരത്തുള്ള ക്രൈസ്തവർ സ്വന്തം ആരാധനാലയം പോലെയാണ് ക്ഷേത്രത്തെ കാണുന്നത്.

ആയിരത്തിൽപ്പരം വർഷങ്ങൾ പഴക്കമുള്ള രണ്ടു ക്ഷേത്രങ്ങൾ ആണ് ശ്രീ ഇണ്ടിളയപ്പ - മഹാവിഷ്ണു ക്ഷേത്രങ്ങൾ . ചരിത്രം പോലും ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്കും അറിയില്ല എന്നതാണ് സത്യം. കാരണം വളരെ കാലം മുൻപേ ഈ ക്ഷേത്രങ്ങൾ നശിച്ചു നാമാവശേഷമായിരുന്നു. ഇരുനൂറു വർഷങ്ങൾക്കു മുൻപ് വേലുത്തമ്പി ധളവയെ തിരഞ്ഞുനടന്ന ബ്രിട്ടീഷുകാർ തകർത്തതാണ് ഈ ക്ഷേത്രങ്ങൾ എന്ന് കേട്ട് കേഴിവിയുണ്ട്. തകർന്നു കിടന്നിരുന്ന ഈ ക്ഷേത്രങ്ങളിൽ മഹാവിഷ്ണു ക്ഷേത്രം 1980-കളിൽ പുനർനിർമ്മിക്കുകയും ശ്രീ ഇണ്ടിളയപ്പൻ ആയി ആരാധിച്ചുപോരുകയും ചെയ്തു. ഏകദേശം 20 വർഷങ്ങൾക്കുശേഷം ദേവപ്രശ്നം വയ്ക്കുകയും ദേവപ്രശ്നത്തിൽ ശ്രീ ഇണ്ടിളയപ്പൻ ശ്രീ മഹാവിഷ്ണു അല്ല ശ്രീ പരമശിവൻ ആണ് എന്നും, ഇവിടം വാസ്തുശാസ്ത്രപ്രകാരം രണ്ടു ക്ഷേത്രങ്ങൾ ആണെന്നും രണ്ടും തുല്യ പ്രാധാന്യത്തോടുകൂടിയതാണെന്നു തെളിയുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിന്റെ ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ ഉപദേവത പ്രതിഷ്ഠകളും ക്ഷേത്രഅവശിഷ്ടങ്ങളും ദേവപ്രശ്നത്തിൽ കണ്ടെത്തുകയും ചെയ്തു. ദേവപ്രശ്നപ്രകാരം തന്ത്രിസ്ഥാനം പാലാ പൂവരണി തേവണംകോട്‌ ഇല്ലം തന്ത്രിമാർക്കു നൽകുകയും ചെയ്തു. ദേവപ്രശ്നത്തിനുശേഷം ശിവക്ഷേത്ര നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ശിവ പാർവതി പ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ ശ്രീ മഹാഗണപതിയുടേയും, നാഗരാജാവ് - നാഗയക്ഷി, ബ്രഹ്മരക്ഷസ് എന്നിവരുടേയും പ്രതിഷ്ഠകൾ നടക്കുകയും ക്ഷേത്രചൈതന്യം പതിന്മടങ്ങ്‌ വർദ്ധിക്കുകയും ചെയ്തു.

ഇവിടെ രണ്ട് ക്ഷേത്രങ്ങളായിട്ടാണ് നിലകൊള്ളുന്നത്. വടക്ക് ഇണ്ടിളയപ്പൻ (പരമശിവൻ ) ക്ഷേത്രവും തെക്ക് മഹാവിഷ്ണു ക്ഷേത്രവും. ശിവ ക്ഷേത്രം വൃത്താകൃതിയിലുള്ള മഹാശ്രീകോവിലായി തീർത്തിരിക്കുന്നു.ശിവ ക്ഷേത്രം - കിഴക്കോട്ടു ദർശനം നൽകി ശിവലിംഗ പ്രതിഷ്ഠയും കൂടാതെ അതേ ശ്രീകോവിലിൽ പടിഞ്ഞാറേ സോപാനത്തിലായി പാർവതി ദേവിയുടെ പ്രതിഷ്ഠയും ഉണ്ട്. കോവിലിന്റെ കന്നിമൂലയിൽ ശ്രീ മഹാഗണപതിയെ പ്രതിഷ്‌ഠിച്ചിരിക്കുന്നു. ഗണപതിയുടെ കന്നിമൂലയിൽ നാഗരാജാവ് - നഗയക്ഷിയും ബ്രഹ്മരക്ഷസും കുടിയിരിക്കുന്നു. വിഷ്ണു ക്ഷേത്രം - ഇടതു കയ്യിൽ ഗദയും പുറകിൽ ഇടതു കയ്യിൽ ചക്രവും വലതു കയ്യിൽ ശംഖും ധരിച്ചു നിൽക്കുന്ന വിഷ്ണു പ്രതിഷ്ഠയാണുള്ളത്. വിഷ്ണു ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് മാറി യക്ഷി കുടിയിരിക്കുന്നു.മാരായിക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ തിരുവുത്സവം അഞ്ചു ദിനങ്ങൾ കൊണ്ടാടുന്നു. മേട മാസത്തിലെ (ഏപ്രിൽ / മെയ്‌) തിരുവാതിര നാളിലാണ് തിരുവുത്സവം അവസാനിക്കുന്നത്.

ക്ഷേത്രത്തിലെത്തിച്ചേരാൻ

ഈ ക്ഷേത്രം നിലകൊള്ളുന്നത് വെട്ടിക്കവല പഞ്ചായത്തിൽ ഉളിയനാട് വാർഡിൽ മാരായിക്കോട് എന്ന സ്ഥലത്താണ്. കൊട്ടാരങ്ങളുടെ നാടായ കൊട്ടാരക്കരയിൽ നിന്നും MC റോഡിൽ ഏകദേശം 4 കിലോമീറ്റർ തെക്കോട്ട്‌ (തിരുവനന്തപുരം റോഡ്‌) മാറി കരിക്കം അവിടെനിന്നും കിഴക്കെതെരുവ് റോഡിൽ 550 മീറ്റർ കഴിഞ്ഞു വലത്തോട്ട് തിരിഞ്ഞു 600 മീറ്റർ കൂടി യാത്രചെയ്താൽ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരാം.