"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം | ഹൈന്ദവം

നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ നിരണത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്.മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ പെരളശ്ശേരിയിലും, നാദാപുരത്തും ആണ്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. ഇവിടെ ശിവപ്രതിഷ്ഠാ സങ്കല്പം ദക്ഷിണാമൂർത്തിയാണ്. തന്മൂലം തൃക്കപാലീശ്വരം ക്ഷേത്രദർശനം വിദ്യാസമ്പത്തിനു വിശേഷമാണന്ന് വിശ്വസിക്കുന്നു.വളരെ പുരാതനക്ഷേത്രമാണിത്.ഇവിടുത്തെ ശിവലിംഗം, നന്ദികേശ്വര പ്രതിഷ്ഠ, സപ്തമാതൃപ്രതിഷ്ഠകൾ, സർപ്പ സാന്നിധ്യം എന്നിവ അവയിൽ ചിലതുമാത്രമാണ്. പമ്പാനദിയുടേയും മണിമലയാറിന്റേയും മദ്ധ്യത്തിലുള്ള പ്രദേശമാണ് നിരണം. അവിടെയാണ് വളരെ പുരാതനമായ തൃക്കപാലീശ്വരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിദ്യാദേവനായ ദക്ഷിണാമൂർത്തിയുടെ ഭാവത്തിലാണ് തൃക്കപാലീശ്വരൻ ഇവിടെ കുടികൊള്ളുന്നത്. കണ്ണശ്ശ കൃതികളുടെ കാലത്ത് പ്രസിദ്ധിയാർജ്ജിച്ചിരുന്നു ഇവിടം. പീന്നീട് വളരെകാലങ്ങൾ കാലത്തിന്റെ വിസ്മൃതിയിൽ ആണ്ടുപോയിരുന്നു. ഈ അടുത്തകാലത്ത് പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായ കാണിപയ്യൂർ നമ്പൂതിരിയുടെ നിർദ്ദേശപ്രകാരം ധാരളം പുനർ നിർമ്മാണങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. അതിനോടനുബന്ധിച്ച് ഉപദേവപ്രതിഷ്ഠകളും മറ്റു നിർമ്മാണപ്രവർത്തികളും നടത്തിയിരുന്നു.

ഐതിഹ്യം

ദക്ഷിണാമൂർത്തിയായ ശ്രീകപാലിശ്വരനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് . പണ്ടു പുരാതന കാലംതൊട്ടുതന്നെ പല അത്ഭുത കഥകൾക്കും പേരുകേട്ട ക്ഷേത്രമാണ് തൃക്കപാലീശ്വരം ക്ഷേത്രം. പണ്ട് ക്ഷേത്ര പ്രതാപകാലത്ത് ഒരു ജഡാകൂവളം ഉണ്ടായിരുന്നു. ഒരു സർപ്പ സാന്നിദ്ധ്യം പതിവാറ്റി കുവളത്തിൽ ഉണ്ടായിരുന്നു. എന്നാൽ ക്ഷേത്രജീർണ്ണാവസ്ഥ ആരംഭിച്ചപ്പോൾ മുതൽ അത് ഇല്ലാതായതയും പറയുന്നു.ഈ അടുത്തിടെ മുതൽ ഈ സർപ്പ സാന്നിധ്യം ഉണ്ടാവുകയും അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. ക്ഷേത്ര സമീപത്തുള്ള ചെറിയ ഒരു കൂവളത്തിലാണ് ഇപ്പോൾ സർപ്പ സാന്നിധ്യം ഉള്ളത്.

സപ്തമാതാക്കൾ

മറ്റുക്ഷേത്രങ്ങളിലൊന്നും കാണാത്ത ദേവീരൂപങ്ങളിലുള്ള സപ്തമാതാക്കളുടെ പ്രതിഷ്ഠ വളരെ പ്രത്യേകതയുള്ളതാണ്. മറ്റു പ്രധാനക്ഷേത്രങ്ങളിൽ ദക്ഷിണഭാഗത്തായി ബലിക്കല്ലുരൂപത്തിലാണ് സപ്തമാതൃക്കളെ പ്രതിഷ്തിച്ചിരിക്കുന്നത്. ഇവിടെ അവർക്കായി പ്രത്യേക പ്രതിഷ്ഠകൾ ഉണ്ട്. ആദി പരാശക്തിയുടെ വിഭിന്നരൂപങ്ങളാണ് സപ്തമാതാക്കാൾ. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളെപറ്റി പറയുന്നുണ്ട്. ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കൾ.

ശിവലിംഗം

അനവധി പ്രത്യേകതകളിൽ ഒന്നാണ് ഇവിടുത്തെ ശിവലിംഗം. ഹിമാലയത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം ശിലയിൽ തീർത്തതാണ് ഇവിടുത്തെ ശിവലിംഗം. പ്രധാന മൂർത്തിയായ കപാലിശ്വരൻ ദക്ഷിണാമൂർത്തിയായി ശിവലിംഗരൂപത്തിൽ ഇവിടെ കുടികൊള്ളുന്നു. കിഴക്കോട്ടാണ് ദർശനം.

ഋഷഭ വാഹനം

അത്യധികം സുന്ദരമായ ജീവൻ തുടിക്കുന്ന ഋഷഭവാഹനം മറ്റൊരു പ്രത്യേകതയാണ്. താന്ത്രിക വിധി പ്രകാരം പ്രത്യേകം പൂജകളും നേദ്യങ്ങളും മറ്റു വഴിപാടുകളും ഇവിടെ പതിവുണ്ട്.

സർപ്പ സാന്നിധ്യം

ക്ഷേത്രത്തിലെ കൂവളത്തിൽ പതിവായി ഒരു നാഗം ഉണ്ടാവാറുണ്ട്. വളരെ വർഷങ്ങൾക്കുമുൻപു മുതൽക്കേ ഈ സർപ്പസാന്നിധ്യം ഇവിടെയുണ്ടായിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. പണ്ടു ഇവിടെ ഉണ്ടായിരുന്ന കൂവളം നശിക്കുകയും ഈ അടുത്തിട ഒരു പുതിയ കൂവളം ക്ഷേത്ര പരിസരത്തു വളർന്നു വരികയും അതിൽ പതിവായി ഒരു സർപ്പം ചുറ്റികിടക്കുന്നുമുണ്ട്. ഈ സർപ്പ സാന്നിധ്യം ധാരാളം ഭക്തരെ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നു.

സപ്തമാതൃ പ്രതിഷ്ഠകൾ

മറ്റു സ്ഥലങ്ങളിലേതുപോലെ ബലിക്കല്ലിലെ പ്രതീക രൂപത്തിലല്ല ഇവിടെ സപ്തമാതൃ പ്രതിഷ്ഠകൾ. പ്രത്യേകം പ്രത്യേകം വിഗ്രഹ രൂപങ്ങൾ ഇവർക്കു പണിതീർത്തിണ്ട്.ഇവിടെ സപ്തമാതൃക്കൾക്ക് പ്രത്യേകം പൂജകൾ ഉണ്ട്.

ഓലകുടയേറ്റ്

സാധാരണ ക്ഷേത്രങ്ങളിൽ ഉത്സവ സംബന്ധിയായി കൊടിയേറ്റു നടത്തുമ്പോൾ ഇവിടെ ഓലക്കുടയാണ് കൊടിമരത്തിലേറ്റുക.

ഉപക്ഷേത്രങ്ങൾ

നന്ദികേശ്വരൻ
സപ്തമാതൃക്കൾ
ഗണപതി
ശാസ്താവ്
ശ്രീകൃഷ്ണൻ
നാഗരാജാവ്

ക്ഷേത്ര ഭരണം

കേരളാക്ഷേത്ര സമിതിയുടെ കീഴിലാണ് തൃക്കപാലീശ്വരം ക്ഷേത്രം.

ക്ഷേത്രത്തിൽ എത്തിചേരാൻ

തിരുവല്ല നിരണം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും, ബസ്സ്റ്റാൻഡിൽ നിന്നും മാവേലിക്കര റൂട്ടിൽ യാത്രചെയ്യുമ്പോൾ ആലംതുരുത്തി പാലം ജംഗഷനിൽ ഇറങ്ങിയാൽ ക്ഷെത്ര ഗോപുരം കാണാം.