"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഹരിനാമകീര്‍ത്തനം വ്യാഖ്യാനം | ഹൈന്ദവം

ഹരിനാമകീര്‍ത്തനം വ്യാഖ്യാനം

ഹരി ഓം ..

ഭാഷാ കുലഗുരുവായ എഴുത്തച്ചനെ അറിയാത്തവര്‍ ആരും തന്നെ കാണുകയില്ല.അദ്ദേഹത്തിന്‍റെ അനേകം രചനകളില്‍, മലയാളികളുടെ നാവില്‍ ആദ്യം ഓടിയെത്തുക ഹരി നാമ കീര്‍ത്തനമാണ്. സന്ധ്യക്ക് വിളക്ക് വെയ്ക്കുന്ന മലയാളികള്‍ക്കെല്ലാം തന്നെ ഹരിനാമ കീര്‍ത്തനം സുപരിചിതമാണ്.

നാരായണ ഭക്തിയാല്‍ വേദാന്ത പ്രതിപാദ്യമായ സ്വരൂപ അനുസന്ധാനം ചെയ്തു സ്വമഹിമയില്‍ വിളങ്ങിയ എഴുത്തച്ചന്‍ എന്ന മഹാത്മാവിനെ സര്‍വ്വ ആദരങ്ങളോടും കൂടി മനസ്സാ സ്മരിച്ചു അദ്ദേഹത്തിന്‍റെ വിഖ്യാതമായ ഹരിനാമ കീര്‍ത്തനത്തിന് ഒരു വ്യാഖ്യാനം നല്‍കാന്‍ ശ്രമിക്കുകയാണ്.അല്പന്ജനായ ഒരു നാരായണ ഭക്തന്റെ എടുത്തു ചാട്ടമായി മാത്രം കണ്ടു എല്ലാരുടെയും വിലയേറിയ അഭിപ്രായങ്ങളും വ്യാഖ്യാനത്തിലെ പോരാഴ്മകളും ചൂണ്ടിക്കാട്ടി അനുഗ്രഹിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.നാരായണ കൃപയാല്‍ ദിവസം ഒരു ശ്ലോകം വീതം എഴുതി വ്യാഖ്യാനിച്ചു പോസ്റ്റ്‌ ചെയ്യാം എന്നു കരുതുന്നു..

-------------------ഹരി ഓം--------------------------
ഓങ്കാരമായ പൊരുള്‍ മൂന്നായ് പിരിഞ്ഞുടനെ
ആങ്കാരമായത്തിനു താന്‍ തന്നെ സാക്ഷിയിതു
ബോധം വരുത്തുവതിനാളായി നിന്ന പര-
മാചാര്യരൂപ ! ഹരി നാരായണായ നമ: (1)

പ്രണവ മന്ത്രത്താല്‍((,(ഓങ്കാരം) അറിയപ്പെടുന്ന പരബ്രഹ്മ സാനിദ്ധ്യം കൊണ്ട് മാത്രം മൂലപ്രകൃതി സൃഷ്ടി കാലത്തില്‍ മായ,അവിദ്യ,താമസി എന്ന് മൂന്നായി തിരിയുന്നു..ശുദ്ധസത്വപ്രധാന മായയില്‍ ബ്രഹ്മ ചൈതന്യം പ്രതിബിംബിച്ചു ഈശ്വരന്‍ എന്ന് പറയുന്നു.അതിനാല്‍ തന്നെ അന്തര്യാമി എന്നുംപറയുന്നു.രജോ ഗുണ പ്രധാനമായ അവിദ്യയില്‍ ചൈതന്യം പ്രതി ബിംബിക്കുംപോള്‍ അനേക കോടി ജീവന്മാരും ഉണ്ടാകുന്നു.തമോഗുണ പ്രകൃതിയായ താമസി ആവരണശക്തി, വിക്ഷേപശക്തി എന്ന് രണ്ടായി തിരിയുന്നു.വിക്ഷേപ ശക്തിയില്‍ നിന്ന് ആകാശവും അതില്‍ നിന്ന് അഗ്നിയും അങ്ങിനെ പഞ്ച ഭൂതങ്ങലുണ്ടായി.മൂല പ്രകൃതിയില്‍ നിന്ന് വന്നതാകയാല്‍ ഇവയ്ക്ക് വീണ്ടും സത്വരജതമോ ഗുണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.അങ്ങിനെ പഞ്ചഭൂതങ്ങള്‍ പന്ചീകരണം സംഭവിച്ചു പ്രപഞ്ചമായും അനേകം ജീവന്മാരയും കാണപ്പെടുന്നു.തുടര്‍ന്ന് ആവരണത്താല്‍ മറഞ്ഞ ജീവന്മാര്‍ ഏതെന്കിലും ശരീരത്തോട് ബന്ധപ്പെടുമ്പോള്‍ ഞാന്‍ എന്ന് അഭിമാനിക്കുന്നു.മൂല പ്രകൃതിയില്‍ പ്രതി ബിംബിച്ച സാക്ഷീ ചൈതന്യം തന്നെയാണ് താന്‍ എന്ന ബോധം(സാക്ഷാത്കാരം) വരുത്തി ഭക്തരെ മായയില്‍ നിന്ന് മോചിപ്പിക്കുന്നതിനു ആചാര്യ (ഗുരു) രൂപത്തില്‍ വരുന്ന ശ്രീ നാരായണനു നമസ്കാരം....

ശ്ലോകം 2

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായോരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കു വരുവാന്‍ നിന്‍ കൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമ:

മുന്‍ ശ്ലോകത്തില്‍ കണ്ടു മൂല പ്രകൃതിയില്‍ ബ്രഹ്മ ചൈതന്യം പ്രതിബിംഭിച്ചു എങ്ങിനെ അനേകം ജീവ കോടികള്‍ പരിണമിച്ചു എന്നത്. ഓരോ ജീവനും ആവരണ ശക്തിയാല്‍ മറയ്ക്കപ്പെട്ടു ഏതൊന്നിനോടാണോ സമ്പര്‍ക്കം പുലര്‍ത്തുന്നത് അതായി അഭിമാനിക്കുന്നു,സ്വരൂപം മറക്കുകയും ചെയ്യുന്നു .അങ്ങിനെ കര്‍ത്താവും ഭോക്താവുമല്ലാത്ത സ്വരൂപമായ സാക്ഷീ ചൈതന്യത്തിനു മേല്‍ കര്തിത്വം ഭോക്തിത്വം മുതലായ ഗുണങ്ങള്‍ ആരോപിച്ചു ഞാന്‍ ചെയുന്നു എന്‍റെ എന്ന ദ്വന്തം അനുഭവിക്കുന്നു. സ്വരൂപം വിസ്മരിച്ചു നാനാത്വം ദര്‍ശിച്ചു പലവിധ ദുഖങ്ങള്‍ക്കും പാത്രീഭാവിക്കുന്നു ജീവന്മാര്‍.,.അങ്ങിനെ അജ്ഞാന ദിശയില്‍ ജീവത്മവിനും പരമാത്മവിനും ഭേദം കല്പിക്കുന്നു. ഈ അജ്ഞാനം നീങ്ങി ജീവാത്മ-പരമാത്മ ഐക്യം സംഭവിക്കുവാന്‍ വേണ്ട കൃപാകടാക്ഷം നല്‍കുക നാരായണാ ...

ശ്ലോകം 3

ആനന്ദചിന്മയ ഹരേ ! ഗോപികാരമണാ !
ഞാനെന്ന ഭാവമത് തോന്നായ്ക വേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ നാരായണായ നമ :

ആനന്ദമൂര്‍ത്തേ .!! ജ്ഞാന സ്വരൂപാ !! ഗോപികാ രമണ !! ഞാന്‍ എന്റേത് എന്ന സ്വാര്‍ത്ഥ ചിന്താഗതി ജീവിതത്തില്‍ ഉണ്ടാകാതെ ഇരിക്കേണമേ.അല്ലയോ വര ദായകാ അഥവാ ഞാന്‍ എന്ന ഭാവം തോന്നുക എങ്കില്‍ ഈ വിശ്വം തന്നെ ഞാന്‍ എന്ന ഭാവം തോന്നുമാരാകേണം .കാരണം എന്‍റെ സ്വരൂപ പ്രതിഫലനമാണല്ലോ ഈ വിശ്വം തന്നെ.അപ്പോള്‍ ഭേദ ചിന്തയുണ്ടാകുന്നില്ല..ഞാന്‍ എന്‍റെ എന്ന സ്വാര്‍ത്ഥ മനോഭാവം നീങ്ങി സ്വരൂപതിലേക്ക് മനസ്സ് ചലിക്കുന്നു....

ശ്ലോകം 4

അര്‍ക്കാനലാദി വെളിവൊക്കേ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണ് മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുള്‍ താനെന്നുറയ്ക്കുമള-
വാനന്ദമെന്തു ഹരി നാരായണായ നമ:

പകല്‍ സമയത്ത് സൂര്യനും രാത്രി കാലത്ത് ചന്ദ്രനും തരുന്ന പ്രകാശം ഇന്ദ്രിയമായ കണ്ണിനു ഗ്രഹിക്കണമെങ്കില്‍ മനസ്സിന്‍റെ സാന്നിധ്യം വേണം.മനസ്സാകുന്ന കണ്ണിന്‍റെ സാമീപ്യം ഉണ്ടെങ്കിലെ കര്‍മ്മേന്ദ്രിയങ്ങള്‍ വേണ്ടവിധം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയുള്ളൂ. സര്‍വ്വ ഇന്ദ്രിയങ്ങളെയും പ്രവര്‍ത്തിക്കു പ്രേരിപ്പിക്കുന്ന മനസ്സാകുന്ന കണ്ണിനുമപ്പുറത്ത്‌, മനസ്സാകുന്ന കണ്ണിനും സാക്ഷീഭൂതനായി ഇരിക്കുന്നു സ്വരൂപം...സാക്ഷീഭൂതനായ ഈ ആത്മാവിന്‍റെ സാന്നിധ്യം കൊണ്ട് മാത്രമാണ് (ഇത് ഒന്നാമത്തെ ശ്ലോകത്തില്‍ വിവരിക്കുന്നു.എങ്ങിനെ ആണ് ആത്മാവ്/ബ്രഹ്മം സൃഷ്ടിയില്‍ നിന്ന് വെത്യസ്തനായി സൃഷ്ടിക്ക് ആധാരമായി നില്‍ക്കുന്നത് എന്ന്) മനസും ചക്ഷുരാദി പഞ്ചേന്ദ്രിയങ്ങളും വ്യാപരിക്കുന്നത്. അങ്ങിനെ സര്‍വ്വത്തിനു സാക്ഷിയായി സര്‍വ്വത്ര വ്യാപരിചിരിക്കുന്ന ആ ആത്മ തത്വമാണ് യഥാര്‍ത്ഥത്തില്‍ താന്‍ എന്നറിയുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം,ആ ആനന്ദം ഉപാധിരഹിതമാണ്.സഹജമാണ്.അതിനെ വിവരിക്കാന്‍ മനസുകൊണ്ടോ ബുധികൊണ്ടോ കഴിയുകയില്ല..അത് അനുഭവ സ്വരൂപമാണ്.അതെങ്ങിനെ പറഞ്ഞരിയിക്കനാണ്.?

ശ്ലോകം 5

ഹരിനാമകീര്‍ത്തനമിതുരചെയ്വ്വതിന്നുഗുരു-
വരുളാലെ ദേവകളുമരുള്‍ചെയ്ക ഭൂസുരരും
നരനായ്‌ ജനിച്ചു ഭുവി മരണം ഭവിപ്പളവു-
മുരചെയ്യവതിന്നരുള്‍ക നാരായണായ നമ:

ആത്മാന്വേഷികള്‍ക്കായി കൊണ്ട്, ഭഗവത്‌ സ്വരൂപാനുസന്ധാനതിനായ്‌ കൊണ്ട് ആത്മ സാക്ഷാകത്കാരം സ്വാനുഭൂതിയില്‍ സിദ്ധിച്ച മഹാത്മാവിന്റെ പ്രാര്‍ത്ഥന ആണിത്.ഏതൊരു ശാസ്ത്രവും ഫലവത്താകണം എങ്കില്‍ ഗുരു അനുഗ്രഹം കൂടിയേ കഴിയുകയുള്ളൂ..ശാസ്ത്രങ്ങള്‍ മനനം ചെയ്യേണ്ടവയാണ്.ഒന്നോ രണ്ടോ പ്രാവശ്യമല്ല...നിരന്തരം..ശാശ്ത്രത്തില്‍ പ്രതിപാദിക്കുന്ന തത്വം ഉറയ്ക്കുന്നത് വരെ മനനം തുടരണം.അത് സ്വരൂപ അനുസന്ധാനം ചെയ്തു അനുഭവത്തില്‍ ഉറയ്ച്ച ഒരു ഗുരുവിന്‍റെ അടുത്ത് നിന്ന് തന്നെ വേണം.മഹത്തായ ഒരു ശാസ്ത്രത്തിന്‍റെ എല്ലാ തികവും നിറഞ്ഞതാണ് തന്‍റെ ഈ കീര്‍ത്തനം എന്ന് എഴുത്തച്ഛന്‍ സ്ഥാപിക്കുന്നു..ശാസ്ത്രത്തിന്‍റെ തികവനെന്താണ്.എന്താണ് പ്രതിപാദിക്കുന്നത് അത് സാധിക്കണം.എങ്കിലേ ശാസ്ത്രം ശാസ്ത്രമാകു.ഈ കീര്ത്തനത്തില്‍ പ്രതിപാദിക്കുന്ന വിഷയം ആത്മജ്ഞാനമാണ്.ആത്മഞാനപരമായത് കൊണ്ട് തന്നെ ഗുരുക്കന്മാരുടെയും ശാസ്ത്ര പണ്ഡിതന്മാരുടെയും അനുഗ്രഹത്തോടെ മാത്രമേ ഇതിലെ വിഷയം സാധകന് പ്രകാശിതമായി തീരുകയുള്ളൂ..ദേവകള്‍ എന്നതിനു ശാശ്ത്ര പണ്ഡിതന്മാര്‍ ഗുരുക്കന്മാര്‍ എന്ന അര്‍ത്ഥം സ്വീകാര്യമാണ്... അങ്ങിനെ ആത്മ സാക്ഷാത്കാരം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇ കീര്‍ത്തനം ഒരു വഴികാട്ടി ആയി ഭവിക്കട്ടെ എന്ന് ജഗത്‌ ഗുരുവായ നാരായണനോട് അഭ്യര്‍ത്ഥിക്കുന്നു രചയിതാവ്....

ശ്ലോകം - 6

ശ്രീമൂലമായ പ്രകൃതീങ്കല്‍ തുടങ്ങി ജന-
നന്ത്യത്തോളം പരമഹാമായതന്‍റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരമ നാരായണായ നമ:

ഒന്നാം ശ്ലോകത്തില്‍ വിവരിച്ചതുപോലെ സൂക്ഷ്മമായ മൂല പ്രകൃതിയില്‍ നിന്ന് ആരംഭിച്ചു പലതരം പരിണാമങ്ങളിലൂടെ ഓരോ ജീവന്മാരും കടന്നുപോകുന്നു..അപ്പോള്‍ അപ്പോള്‍ സാഹചര്യങ്ങളില്‍ ഞാന്‍ എന്‍റെ എന്ന് കരുതി അവയില്‍ അഭിമാനിച്ചു സ്വരൂപ ജ്ഞാനം കൊണ്ടല്ലാതെ ഒരിക്കലും അസ്തമിക്കാത്ത കര്‍മ്മ മണ്ഡലത്തില്‍ പെട്ട് ഉഴലുന്നു...യാത്ര ജന്മാന്തരങ്ങള്‍ കഴിഞ്ഞാലും സ്വരൂപ ജ്ഞാനം കൊണ്ടല്ലാതെ നിര്‍ത്താന്‍ കഴിയാത്ത കര്‍മ്മ മണ്ഡലത്തില്‍ ദുഖിതനായി കഴിഞ്ഞു കൂടുന്നു...കര്‍മ്മവാസന മൂല പ്രകൃതിയുടെ സ്വഭാവമാണ്..ഒന്നാം ശ്ലോകത്തില്‍ കണ്ടതുപോലെ സ്വരൂപ സാന്നിധ്യം കൊണ്ട് മാത്രം മൂല പ്രകൃതി കര്‍മ്മ ജടിലമാകുന്നു..സ്വരൂപവസ്ഥ മനസിലാക്കാതെ എത്ര കാലം കഴിഞ്ഞാലും ജനന മരണ ചക്രമാവുന്ന ഗതിയില്‍ നിന്ന് പുറത്തു വരാന്‍ കഴിയുകയില്ല എന്ന് ധ്വനിപ്പിക്കുന്നു ഈ ശ്ലോകത്തില്‍..,.

ശ്ലോകം- 7

ഗര്‍ഭസ്ഥനായ്‌ ഭുവിജനിച്ചും മരിച്ചുമുദ-
കപ്പോളപോലെ ജനനാന്ത്യേന നിത്യ ഗതി
ത്വത്ഭക്തി വര്‍ദ്ധനമുദിക്കേണമെന്‍ മനസ്സി
നിത്യം തോഴായ്‌ വരിക നാരായണായ നമ:

വെള്ളത്തില്‍ കുമിളകള്‍ എന്ന പോലെ അല്പായുസ്സായി , കര്‍മ്മങ്ങളില്‍ ഞാന്‍ എന്ന അഭിമാനം നിമിത്തം അനേക ഗര്‍ഭപാത്രത്തില്‍ കൂടി ജനിച്ചു കര്‍മ്മം ചെയ്തു മരിച്ചു വീണ്ടും വീണ്ടും ഓരോ ശരീരങ്ങള്‍ മാറി മാറി എടുക്കുന്നു ജീവന്മാര്‍.,..ഈ ജനന മരണ ചക്രങ്ങളില്‍ നിന്ന് പുറത്തു വരുവാനയിക്കൊണ്ട് ഞാന്‍ അങ്ങയെ നിത്യം സ്തുതിക്കുന്നു...സകല കര്‍മ്മങ്ങളും അങ്ങയില്‍ സമര്‍പ്പിക്കുന്നു..അതിനായ്‌ കൊണ്ട് അവിടുന്ന് അവിടുത്തെ പാദഭക്തി നല്‍കി അനുഗ്രഹിച്ചാലും..ഭക്തി ജ്ഞാനപ്രദായിനിയാണ്. ജന്മ വിച്ചേദനിയാണ്. ഈ പ്രപഞ്ചത്തിനു മുഴുവന്‍ അധികാരി ഭഗവന്‍ ആണ്..ഇവിടെ നടക്കുന്ന യാതൊന്നിലും എനിക്ക് ഒരു നിയന്ത്രണവുമില്ല.എന്‍റെ ശരീരം പോലും ഭഗവാന്‍റെ ഇച്ഛയാലാണ് പ്രവര്‍ത്തിക്കുന്നത്.അങ്ങിനെ സകല കര്‍മ്മവും ഉത്ഭവിക്കുന്നതും അവയെ എല്ലാം നിയന്ത്രിക്കുന്നതും അവയുടെ എല്ലാം ഫലങ്ങള്‍ നല്‍കുന്നതും ഭഗവന്‍ എന്ന് ഉറപ്പിച്ചു എല്ലാത്തില്‍ നിന്നും ഞാന്‍ എന്‍റെ എന്ന ഭാവം ഒഴിച്ച് നിര്‍ത്തി തന്‍റെ ഉള്ളില്‍ തന്നെ ജീവനായി വിളങ്ങുന്ന ഭഗവാനില്‍ മനസ്സിനെ സദാ നിര്‍ത്തുന്നു ഭക്തന്‍..,..ഇങ്ങനെയുള്ള അനന്യഭക്തിയാല്‍ ഭക്തന്‍ ഭഗവത്‌ സ്വരൂപത്തില്‍ ധ്യാനമഗ്നനാവുന്നു.അങ്ങിനെ സ്വരൂപമായ സാക്ഷീരൂപ്പത്തില്‍ ഉറച്ച ഭക്തന്‍ മോക്ഷത്തിനു പാത്രീഭാവിക്കുന്നു.അവനെ പിന്നീട് കര്‍മ്മങ്ങള്‍ക് ബന്ധിക്കാന്‍ കഴിയുന്നില്ല...കാരണം അവന്‍ സ്വരൂപമായ സാക്ഷീരൂപന്‍ ആണ്..

ശ്ലോകം - 8

ണത്താരില്‍മാനിനി മണാളന്‍പുരാണപുരു-
ഷന്‍ ഭക്തവത്സലനനന്താതിഹീനനിദി
ചിത്തത്തിലച്യുത.! കളിപ്പന്തലിട്ടു വിള-യാടീടുകെന്‍മനസ്സി നാരായണായ നമ:

ഇവിടെ കുറച്ചു പദങ്ങളെ വിവരിക്കണ്ടാതായുണ്ട്.
ണത്താര്‍ എന്നാല്‍ താമര എന്നര്‍ത്ഥം മണാളന്‍ എന്നാല്‍ മണവാളന്‍, ഭര്‍ത്താവ് .പുരാണപുരുഷന്‍ പുരാണന്‍ എന്നാല്‍ പണ്ടേ ഉള്ളവര്‍ എന്നര്‍ത്ഥം.പുരുഷന്‍ എന്നാല്‍ ആത്മാവ് "പുരാ ഭവ ഇതി" ശരീരത്തില്‍ ഭാവിക്കുന്നത് എന്നര്‍ത്ഥം...അനന്താദിഹീനന്‍ അനന്തനും ആദിഹീനനുമായവാന്‍

താമര ലക്ഷ്മീ ദേവിയുടെ പ്രതീകമാണ്‌..സകല ഐശ്വര്യങ്ങളുടെയും വരദായിനി ..അങ്ങിനെയുള്ള ലക്ഷ്മീദേവിയുടെ പതിസ്ഥാനം അലങ്കരിക്കുന്ന ഭഗവന്‍..., ആദിയിലേ ഉള്ളവനും,ഭക്ത പ്രിയനും,തുടക്കം ഏതെന്നോ ഒടുക്കം ഏതെന്നോ നിശ്ചയിക്കുവാന്‍ സാധിക്കാത്തവനും നാശരഹിതനുമായ(അച്യുതന്‍ -നാശമില്ലത്തവന്‍),) ഭഗവാനെ അവിടുന്ന് എന്‍റെ ഹൃദയത്തെ കേളീ രംഗമാക്കി അവിടുന്ന് എന്നും കളിക്കുമാറാകണം.

ശ്ലോകം - 9

പച്ചക്കിളിപ്പവിഴപാല്‍വര്‍ണ്ണമൊത്ത നിറ-
മിച്ഛിപ്പവര്‍ക്കുഷഡാധാരംകടന്നുപരി
വിശ്വസ്ഥിതിപ്രളയസൃഷ്ടിക്കുസത്വ രജ-
തമോഭേദ രൂപ .!!ഹരിനാരായണായ നമ:

സഗുണോപാസനയെപ്പറ്റിയും അതുവഴി ഭഗവത്‌ സ്വരൂപം എങ്ങിനെ പ്രാപിക്കാം എന്നും ഈ ശ്ലോകത്തില്‍ സൂചിപ്പിക്കുന്നു..മൂല പ്രകൃതിയില്‍ പ്രതിബിംബിച്ചു തൃഗുണങ്ങളെ ചലിപ്പിച്ചു ഭഗവന്‍ സൃഷ്ടി സ്ഥിതി പ്രളയം എന്ന പ്രാപഞ്ചിക പ്രതിഭാസം നടത്തുന്നു...(ഒന്നാമത്തെ ശ്ലോകം സ്മരിക്കുക).. തമസ്സ്‌ രജസ്സ് സത്വംഎന്നിങ്ങനെയുള്ള തൃഗുണങ്ങള്‍ക് യഥാക്രമം നീല(പച്ചക്കിളി), ചുമപ്പ്/സ്വര്‍ണ്ണം(പവിഴം), വെണ്മ (പാല്‍ വര്‍ണ്ണം) കല്പിച്ചിരിക്കുന്നു.ഈ മൂന്നു നിറങ്ങളെയും അവയുടെ സമന്യയ നിറങ്ങളെയും സ്വീകരിച്ചു ഉപാസകന്‍ ഇച്ചിക്കുന്ന(ഇഷ്ടപെടുന്ന) രൂപം ഭഗവന്‍ കൈക്കൊള്ളുന്നു.ഇങ്ങനെയുള്ള ഭഗവാന്‍റെ വാസം യോഗശാസ്ത്ര പ്രകാരം സഹസ്രാര പദ്മത്തിങ്കലാണ്(മൂര്‍ദ്ധാവില്‍),).സഹസ്രാര പദ്മത്തില്‍ സ്ഥിതി ചെയ്യുന്ന ഭഗവത്‌ സ്വരൂപവുമായി ജീവ ചൈതന്യം താതമ്യം പ്രാപിച്ചു ഭഗവത്‌ സാക്ഷാത്കാരം നേടുന്നതിനായി സാധകന്‍ മൂലാധാരത്തില്‍ സ്ഥിതി ചെയ്യുന്ന ജീവചൈതന്യത്തെ സാധന കൊണ്ട്, ഭക്തി കൊണ്ട് ജീവ ചൈതന്യത്തെ ഉയര്‍ത്തി യോഗ ശാസ്ത്ര പ്രകാരമുള്ള ഷഡാധാരങ്ങള്‍ ഭേദിച്ചു സഹസ്രാര പദ്മത്തിങ്കല്‍ എത്തിക്കണ്ടതുണ്ട്.1.മൂലാധാരം 2.സ്വാധിഷ്ഠാനം 3.മണിപൂരകം 4.അനാഹതം 5.വിശുദ്ധി 6.ആഞ്ജ.ഇവയാണ് ആറു ആധാരങ്ങള്‍ അഥവാ ചക്രങ്ങള്‍.,.അങ്ങിനെ സാധകന്‍ ഏതു ഏതു നിലയ്ക്കാണോ ഭഗവത്‌ പ്രാപ്തി ഇഷ്ടപ്പെടുന്നത് ആ നിലയിലോക്കെ വര്‍ത്തിക്കുന്ന ഭഗവന്‍ നാരായണന് നമസ്കാരം....(വളരെ പ്രസിദ്ധമായ ശിവ പഞ്ചാക്ഷരി കീര്‍ത്തനത്തില്‍ (നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ എന്ന് തുടങ്ങുന്ന) ശിവന്‍റെ വാസ സ്ഥലം പറയുന്നതും ഇപ്രകാരം തന്നെ..."പടിയാറും കടന്നവിടെ" ചെല്ലുമ്പോള്‍ ശിവനെ കണാകും ശിവ ശംഭോ....))

ശ്ലോകം - 10

തത്ത്വതിനുള്ളിലുദയം ചെയ്തിടുന്ന പൊരു-
ളെത്തീടുവാന്‍ ഗുരു പദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശംതരും ജനന-
മറ്റീടുമന്നവനു നാരായണായ നമ:

തത്വം എന്നത് കൊണ്ട് ആചാര്യന്‍ അര്‍ത്ഥമാക്കുന്നത് തത്വമസ്സി എന്ന മഹാവാക്യമാകണം.ഗുരു ഉപദേശമാണല്ലോ ശ്ലോകത്തില്‍ പ്രതിപാദ്യം.തനിക്ക് വിഹിതമായ ധര്‍മ്മം ഈശ്വരാര്‍പിതമായി ചെയ്തു അതുവഴി ലഭിക്കുന്ന അര്‍ത്ഥം/ധനം കൊണ്ട് ആഗ്രഹങ്ങളും കടമകളും നിറവേറ്റി ലൌകികമായ എല്ലാ വസ്തുക്കളിലും വിരക്തി വൈരാഗ്യം സമ്പാദിച്ചു ഭഗവത്‌ സാക്ഷാത്കാരമാണ് ജീവിത ലക്ഷ്യമെന്ന് മനസ്സിലാക്കി ഭഗവത്‌ തത്വം എന്തെന്ന് അറിയാന്‍ സദ്‌ഗുരു വിന്‍റെ അടുത്ത് ചെല്ലുന്നു.ഗുരുവിന്‍റെ പാദസേവ / ശുശ്രൂഷ ചെയ്യുന്നു ശിഷ്യന്‍...,.ശിഷ്യന്റെ ശുഷ്രൂശാദികളില്‍ പ്രസന്നനായി ഗുരു താന്‍ സ്വഗുരുവില്‍ നിന്നും നേടി അനുഭവ സമ്പത്താക്കിയ തത്വം/ജ്ഞാനം ശിഷ്യന് ഉപദേശിക്കുന്നു.ആ ഉപദേശത്തിങ്കല്‍ ഗുരു നിര്‍ദേശ പ്രകാരം ധാരണ ചെയ്തു ശിഷ്യന്റെ ഉള്ളില്‍ തത്വബോധം ഉറയ്ക്കുന്നു.അങ്ങിനെയുള്ള ശിഷ്യന്‍ ഭഗവത്‌ സാക്ഷാത്കാരം നേടുന്നു..

ഭഗവത്‌ ഗീതയിലും ഭഗവന്‍ ഇതുതന്നെ പറയുന്നു...തത്വബോധം എങ്ങിനെ ഉണ്ടാവുമെന്ന അര്‍ജുനന്റെ ചോദ്യത്തിന് ഭഗവന്‍ ഇപ്രകാരം മറുപടി പറയുന്നു...

തദ്വിദ്ധി പ്രണിപാതേന പരി പ്രശ്നെന സേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനസ്തത്വ ദര്‍ശിന: (ഗീ 4.34)

തത്ത്വത്തെ സാക്ഷാത്കരിച്ച ആ ജ്ഞാനികള്‍ ആ ജ്ഞാനം നിനക്കായി ഉപദേശിക്കും.ആ ജ്ഞാനത്തെ നമസ്കാരം കൊണ്ടും സംശയം തീര്‍ക്കാനുള്ള ചോദ്യങ്ങള്‍ കൊണ്ടും ശുശ്രൂഷ കൊണ്ടും നീ അറിഞ്ഞാലും...

ഇവിടെ ഗുരു ശുശ്രൂഷ എന്നാല്‍ എന്ത് എന്ന് അല്പം ചിന്തിക്കേണ്ടതുണ്ട്.ശിഷ്യന്‍ ഗുരുപാദ സേവ ചെയ്യുന്നത് തനിക്കു വേണ്ടിത്തന്നെയാണ് ,ഗുരുവിനു വേണ്ടിയല്ല.പൂര്‍ണ്ണതയില്‍ വിളങ്ങുന്ന ഗുരുവിനു ശിഷ്യനില്‍ നിന്ന് ഒന്നുംതന്നെ ലഭിക്കാനില്ല...ഭൌതികമായ പരിചരണം കൊണ്ടല്ല ഗുരുവിനെ പ്രസാദിപ്പിക്കണ്ടത്.അപ്പോള്‍ പിന്നെ എന്തിനെയാണ് ശുശ്രൂഷ എന്ന് പറയുന്നത്...""അറിവ് നേടാനുള്ള ശിഷ്യന്റെ തൃഷ്ണയാണ്"" ഗുരു സേവ.ശിഷ്യന്റെ ഈ തൃഷ്ണ കണ്ടാണ് ഗുരു പ്രസാദിക്കുന്നത്..ഇപ്പോള്‍ പലരും തെറ്റിദ്ധരിച്ചിരിക്കുന്ന കാര്യമാണ് ഗുരു പാദഭക്തി , ഗുരു സേവ എന്നൊക്കെയുള്ള ധാരണകള്‍...,..അതിനായ്‌ കൊണ്ട് ശുശ്രൂഷ/പാദസേവ എന്ത് എന്ന് വ്യക്തമാക്കിയെന്നു മാത്രം...

ശ്ലോകം - 11

യെന്‍ പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണ്ണ ലിഖിതഗിരം കേട്ടു ധര്‍മ്മപതി
എന്‍ പക്കലുള്ള ദുരിതംപാര്‍ത്തുകാണുമള-
വഭോരുഹാക്ഷ..!!! ഹരി നാരായണായ നമ:

ഇതുവരെയുള്ള ശ്ലോകങ്ങളില്‍ നിര്‍ഗുണവും സഗുണവുമായ രണ്ടു രീതിയിലും എങ്ങിനെ ഭഗവത്‌ സാക്ഷാത്കാരം നേടാമെന്ന് വ്യക്തമാക്കിയിരിക്കുന്നു...അതിനു ശേഷം ഈശ്വരനെ സഗുണനായി കണ്ടുകൊണ്ട് ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ അപേക്ഷിക്കുന്നു...

കാലത്തിനു രണ്ടു ധര്‍മ്മമുണ്ട്.ജീവികളുടെയെല്ലാം കര്‍മ്മത്തെ സൂക്ഷിച്ചു വെയ്ക്കുകയും സമയോചിതമായി കര്‍മ്മ ഫലം ജീവികള്‍ക് നല്‍കുക എന്നതും...പുരാണങ്ങളില്‍ ഈ രണ്ടു ധര്‍മ്മങ്ങല്കും വ്യക്തി സങ്കല്‍പം നല്‍കിയിരിക്കുന്നു ചിത്രഗുപ്തന്‍,(കര്‍മ്മങ്ങളെ രക്ഷിക്കുന്നവന്‍) അഥവാ സൂക്ഷിച്ചു വെയ്ക്കുന്നവന്‍),) എന്നും ധര്‍മ്മപതി(കര്‍മ്മങ്ങളെ വിശകലനം ചെയ്തു ഫലം നല്‍കുന്നവന്‍),) എന്നും. പുരാണത്തിലെ ഈ രീതി ഇവിടെ പിന്തുടര്‍ന്നിരിക്കുന്നു... കാലത്തിന്‍റെ അധീനതയില്‍ നിന്ന് രക്ഷനേടിയാല്‍ മാത്രമേ ദുഖങ്ങളില്‍ നിന്ന് നിവൃതിക്കാന്‍ കഴിയുകയുള്ളൂ .കാലത്തിന്റെ അധീനതയില്‍ നിന്ന് രക്ഷനേടണം എങ്കില്‍ കാലത്തെ അതിക്രമിക്കണം.അതിനോ കാലതീതനായി വര്‍ത്തിക്കുന്ന ഭഗവത്‌ സാക്ഷാത്കാരം നേടുകയെ വഴിയുമുള്ളൂ.അതിനായ്‌ കൊണ്ട് സഗുണ തലത്തില്‍ ഭഗവാനെ കണ്ടു അഭയം പ്രാപിക്കുകയാണ്,ശരണാഗതി നേടുകയാണ് ആദ്യം ചെയ്യണ്ടത്...

"ഞാന്‍ എന്‍റെ" എന്ന ഭാവം കൊണ്ട് ചെയ്ത കാര്യങ്ങളെല്ലാം ദുഃഖ പരിണിതമാവുംപോള്‍ ഏതൊരു മനുഷ്യനും കാലക്രമത്തില്‍ ഒരുനാള്‍ തന്‍റെ തന്നെ ചെയ്തികളെ സ്വയം വിലയിരുത്തും.സ്വാര്‍ഥത കൊണ്ട് ശരി എന്ന് ധരിച്ചു ചെയ്തുകൂട്ടിയ തെറ്റുകള്‍, അധര്‍മ്മം അവനെ ഭയത്തിലാഴ്ത്തുന്നു.അവന്‍ പശ്ചാത്താപ വിവശാനാകുന്നു. അങ്ങിനെയുള്ള വ്യക്തി ആദ്യം തന്നെ സഗുണ തലത്തില്‍ (ആരും പഠിപ്പിക്കാതെ തന്നെ സ്വയം) ഭഗവാനില്‍ അഭയം തേടി താന്‍ ചെയ്തു പോയ തെറ്റുകള്‍ക് ക്ഷമ യാചിക്കുന്നു.താന്‍ ചെയ്തുപോയ ദുരിതങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഭഗവാനെ കഴിയുകയുള്ളൂ എന്ന് കണ്ടു ഭഗവത്‌ പാദത്തില്‍ ശരണാഗതിയടയുന്നു .ഇനി മേല്‍ തെറ്റ് ചെയ്യുകയില്ല എന്നും ധാര്‍മികമായി സമര്‍പ്പണത്തോടെ ജീവിച്ചുകൊള്ലാമെന്നും സ്വയം തന്‍റെ ദേവനോടു പ്രതിഞ്ജ ചെയ്യുന്നു.

കടപ്പാട് : വിഷ്ണു നമ്പൂതിരി