"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
അയിരൂര്‍ പുതിയകാവ് ദേവി ക്ഷേത്രം | ഹൈന്ദവം

അയിരൂര്‍ പുതിയകാവ് ദേവി ക്ഷേത്രം

കലിയുഗ വരദനായ ശ്രീ ധര്‍മ ശാസ്താവിന്റെ പാദാരവൃന്ദങ്ങളില്‍ നിന്ന് ഉത്ഭവിച് ഒഴുകുന്ന പുണ്യ നദിയായ പമ്പ,ആ പമ്പയുടെ തീരത്ത് സ്ഥിതി ...
ചെയുന്ന അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രമാണ് അയിരൂര്‍ പുതിയകാവ് ദേവി ക്ഷേത്രം .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മേജര്‍ ഗ്രൂപ്പ്‌ ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശാന്തസ്വരൂപിണിയായ ഭദ്രകാളിയാണ് .ഭദ്രകാളി ദേവിയെ കുടാതെ ഗണപതി ,യക്ഷിയമ്മ ,രക്ഷസ്സ് (വലിയമ്പോറ്റി ),യോഗിശ്വരന്‍ (ഭുതത്താന്‍ വലിയച്ചന്‍ ), നാഗരാജാവ്‌ ,നാഗയക്ഷി എന്നി ഉപദേവതകളും കുടാതെ മലദൈവത്തിന്റെയും ശാസ്താവിന്റെയും നിറഞ്ഞ സാന്നിധ്യവും ഉണ്ട്‌ .

ക്ഷേത്ര ഐതിഹ്യം ഇപ്രകാരമാണ് .....

ഒരുനാള്‍ കൊടുങ്ങല്ലൂര്‍ ഭഗവതി യാത്രാമധ്യേ ചോറ്റാനിക്കരയില്‍ എത്തുകയും അവിടെ നിന്ന് തിരുവല്ലക്ക് അടുത്തുള്ള കല്ലൂപ്പാറയിലും തുടര്‍ന്ന് പുല്ലാട് ഭഗവതികാവിലും എത്തുകയും തെക്ക് നദിയും വടക്ക് വയലുമുള്ള അയിരൂര്‍ പുതിയകാവ് എന്ന ദേശത്ത് എന്നെ എത്തിച്ച് അവിടെ പ്രതിഷ്ഠ നടത്താന്‍ കരക്കാരോട് ആവശ്യപെടുകയും ചെയ്തു .അങ്ങനെ പുല്ലാട് കരക്കാര്‍ കൊട്ടും കുരവയും താലപ്പൊലിയുമായി അമ്മയെ എഴുന്നെള്ളിച്ച് അയിരൂര്‍ പുതിയകാവില്‍ എത്തിക്കുകയും തുടര്‍ന്ന് അയിരൂര്‍ ,ചെറുകോല്‍ ,മേലുകര ,കീഴുകര ,കോഴന്‍ച്ചെരി,തടിയൂര്‍ ,ഞൂഴൂര്‍ ,വെള്ളിയറ, മുക്കന്നൂര്‍ ,കോറ്റാത്തൂര്‍ ,കൈതക്കൊടി തുടങ്ങി ചെങ്ങന്നൂരില്‍ നിന്നും കിഴക്കോട്ട്‌ 28 കരക്കാരുടെ സാന്നിധ്യത്തില്‍ കൊട്ടാരക്കര രാജകുടുംബം ഇവിടെ ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തുകയും ചെയ്തു . ഈ ക്ഷേത്രത്തിലെ താന്ത്രിക പാരമ്പര്യം അക്കിരമണ്‍ കുടുംബത്തിനാണ്‌ .

ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രവുമായും ആറന്മുള ശ്രീ പാര്‍ത്ഥ സാരഥി ക്ഷേത്രവുമായും അയിരൂര്‍ പുതിയകാവിന് അഭേദ്യമായ ബന്ധം ഉണ്ട് .പുലിപ്പാലിനായ് ശബരിമല ശാസ്താവ് ഈ വഴി വന്ന്‌ ഇവിടെയാണ്‌ വിശ്രമിച്ചത് ,അതിന്‍പ്രകാരം പന്തളത്ത് നിന്നും ശബരിമല ധര്‍മ ശാസ്താവിന് മകര സംക്രമ സന്ധ്യയില്‍ ചാര്‍ത്താനുള്ള തിരുവാഭരണം, ധനു 28 ആം തിയതി ഘോഷായാത്രയുടെ ഒന്നാം ദിനം പുതിയകാവില്‍ വിശ്രമിക്കുന്നു . ഭക്തി നിര്‍ഭരമായ സ്വീകരണമാണ് തിരുവഭാരണത്തിന് ക്ഷേത്രത്തില്‍ നല്‍കുന്നത് .ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കാണിക്കമണ്ഡപം ജങ്ക്ഷനില്‍ നിന്ന് ശരണം വിളിയുടെയും കര്‍പൂരദീപതിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന തിരുവാഭരണത്തെ ക്ഷേത്ര കവാടത്തില്‍ താലപ്പോലിയുടെയും വാദ്യ മേളങ്ങളുടെയും തീവെട്ടിയുടെയും അകമ്പടിയോടെ സ്വീകരിക്കുന്നു ,ഭക്തിനിര്‍ഭരമായ അന്തരിക്ഷത്തില്‍ ഉറഞ്ഞുതുള്ളുന്ന തിരുവാഭരണ പേടകങ്ങള്‍ ക്ഷേത്രത്തിനു വലം വച്ച് ക്ഷേത്രത്തിനുള്ളിലേക്ക് ........ തുടര്‍ന്ന് ദീപാരാധനക്ക് ശേഷം തിരുവാഭരണ ദര്‍ശനം ,ശബരിമലയില്‍ പോകാന്‍ കഴിയാത്ത സ്ത്രീ ജനങ്ങള്‍ ഉള്‍പെടെയുള്ള ഭക്തര്‍ അയ്യപ്പസ്വാമിയുടെ തിരുവാഭരണം കണ്ടു തൊഴുത് സായൂജ്യം അടയുന്നു ,അന്നേ ദിവസം ക്ഷേത്രത്തില്‍ അയ്യപ്പ ഭക്തര്‍ ഉള്‍പെടെയുള്ളവര്‍ക്ക് അന്നദാനവും നടക്കുന്നു .മകരവിളക്കിന് മുന്നോടിയായി കൊല്ലം ജില്ലയിലെ കല്ലടയില്‍ നിന്നും കാവടിയുമായി എത്തുന്ന കല്ലട സ്വാമിമാര്‍ക്ക് ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കുന്നു അന്നേ ദിവസം സ്വാമിമാര്‍ ക്ഷേത്രത്തില്‍ വിശ്രമിക്കുന്നു .മണ്ഡല മകരവിളക്ക്‌ തീര്‍ഥാടനതിനായ് ശബരിമല നട തുറന്നാല്‍ കാല്‍നടയായി പോകുന്ന അയ്യപ്പഭക്തരുടെ പ്രധാന ഒരു ഇടത്താവളമായി ക്ഷേത്രം മാറും, ക്ഷേത്രത്തെ ദേവസ്വം ബോര്‍ഡ്‌ ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചിട്ടുണ്ട് . ഉത്രാട നാളില്‍ കുമാരനല്ലൂരില്‍ നിന്ന് എത്തുന്ന മാങ്ങാട്ട് ഭട്ടതിരിക്ക് ഉച്ചസമയത്ത് ക്ഷേത്ര കടവില്‍ ആചാരപരമായ സ്വീകരണം ആണ് നല്‍കുന്നത് ,ഭട്ടതിരിപ്പാട് ക്ഷേത്രത്തില്‍ എത്തിയ ശേഷമാണ്‌ അമ്മക്ക് ഉച്ചപൂജ നടക്കുക്ക . പുതിയകാവില്‍ അമ്മക്ക് പള്ളിയോടങ്ങലോടുള്ള പ്രിയം പണ്ടേ പ്രസിദ്ധമാണ് .ആറന്മുളക്ക് കിഴക്കുള്ള പള്ളിയോടങ്ങള്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പള്ളിയോടവുമായി എത്തി അമ്മയെ വണങ്ങുന്നു ,അല്ലാതെ ഉള്ളവര്‍ ഉത്രിട്ടാതി നാളില്‍ അമ്മയുടെ മുന്‍പില്‍ എത്തി വഴിപാടുകള്‍ അര്‍പ്പിക്കുന്നു . ഓരോ പുതിയ പള്ളിയോടവും നീറ്റില്‍ ഇറക്കുമ്പോഴും ആറന്മുളയില്‍ എന്ന പോലെ പുതിയകാവില്‍ എത്തിയും വഴിപാടുകള്‍ അര്‍പ്പിക്കുന്നു .ക്ഷേത്രം ഇരിക്കുന്ന കരയായ കോറ്റാത്തൂര്‍ കൈതക്കൊടി കരക്കാര്‍ അമ്മയുടെ അനുഗ്രഹവുമായി ഈ കഴിഞ്ഞ വര്‍ഷം പുതിയ പള്ളിയോടം പണിത് ഇറക്കി ,കരയിലെ പഴയ പള്ളിയോടം മറ്റൊരു കരക്ക്‌ കൈമാറിയതിനാലാണിത് .ആറന്മുള വള്ളംകളിയില്‍ ഹാട്രിക് ഉള്‍പ്പെടെ ഏറ്റവും കുടുതല്‍ തവണ മന്നംട്രോഫി നേടിയ കരയാണ്‌ കോറ്റാത്തൂര്‍ ,ഈ വിജയങ്ങളെല്ലാം അമ്മയുടെ അനുഗ്രഹം എന്ന് ഉറച്ചു വിശ്വസിക്കുന്നു കരക്കാര്‍ . അമ്മയെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ അമ്മകുടെയെത്തും അനുഗ്രഹിക്കും എന്നത് തലമുറ വ്യത്യാസമില്ലാതെ കരക്കാര്‍ വിശ്വസിക്കുന്നു ...... ഓണത്തോട് അനുബന്ധിച്ച് ചതയം നാളില്‍ നടക്കുന്ന പ്രസിദ്ധമായ മാനവ മൈത്രി ചതയ ജലോത്സവം അയിരൂര്‍ പുതിയകാവ് ദേവിക്ഷേത്ര കടവില്‍ ആണ് നടക്കുന്നത് . ആറന്മുളയിലെ ജല രാജാക്കന്മാരായ 18 പള്ളിയോടങ്ങളാണ്‌ ഇതില്‍ പങ്കെടുക്കുന്നത് .ക്ഷേത്രത്തില്‍ എത്തി അമ്മയെ വണങ്ങി പ്രാര്‍ഥിച്ചതിന് ശേഷമാണ് പള്ളിയോടങ്ങള്‍ ജലോത്സവത്തില്‍ പങ്കെടുക്കുക ....

അയിരൂര്‍ പുതിയകാവിലെ പ്രധാനപെട്ട 2 ഉത്സവങ്ങളാണ് മകരമാസത്തിലെ ഭരണിയും കുംഭത്തിലെ രേവതിയും . മകരത്തിലെ ഭരണി ദിവസം അമ്മയുടെ പിറന്നാള്‍ ആണ് ,കൊടിയേറി പത്ത് ദിവസത്തെ ഉത്സവമായി ആഘോഷിക്കുന്നു . പത്താംദിവസം അമ്മയുടെ പിറന്നാള്‍ ദിനം സമൂഹ സദ്യ നടക്കുന്നു ,അമ്മയുടെ പിറന്നാള്‍ സദ്യ കഴിക്കാന്‍ എല്ലാ ദേശത്ത് നിന്നും അമ്മയുടെ മക്കള്‍ എത്തുന്നു . വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സാധ്യമാകുന്ന അമ്മയുടെ തിരുമുഖം വച്ചുള്ള ദര്‍ശനവും ഭക്തര്‍ക്ക്‌ സായൂജ്യം നല്‍കുന്നു .സപ്താഹം ,കാവടിയാട്ടം ,കലവറ നിറക്കല്‍ എന്നി ചടങ്ങുകളും, ഉത്സവത്തിന്റെ പത്താം ദിനം പുലര്‍ച്ചെ കുളിച് ഈറന്‍ മാറാതെ ഉരുളല്‍ നോയമ്പും നടത്തുന്നു അമ്മയുടെ ഭക്തര്‍ .ഭരണി ദിവസം വൈകിട്ട് കൊടിയിറക്കി ആറാട്ടിനായ് മുക്കന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് അമ്മ എഴുന്നെള്ളുന്നു . പമ്പാ നദിയിലെ ആറാട്ടിനും ക്ഷേത്രത്തിലെ പൂജകള്‍ക്കും ശേഷം തിരിച്ച് എഴുന്നെള്ളുന്ന അമ്മക്ക് വഴിയിലുടനീളം നിറപറയും നിലവിളക്ക് വച്ച് ഭക്തര്‍ സ്വീകരിക്കുന്നു . ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ എത്തുന്ന അമ്മയെ താലപ്പോലിയുടെയും വഞ്ചിപ്പാട്ടിന്റെയും തീവെട്ടിയുടെയും കര്‍പൂര ദീപതിന്റെയും അകമ്പടിയോടു കുടി ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു . ക്ഷേത്രത്തില്‍ എത്തുന്ന അമ്മക്ക് കോറ്റാത്തൂര്‍ , കൈതക്കൊടി ,പുല്ലാട് ,അയിരൂര്‍ ,ചെറുകോല്‍ ,മേലുകര ,ഞൂഴൂര്‍ ,നാരാങ്ങാനം ,വെള്ളിയറ,കാഞ്ഞീറ്റുകര തുടങ്ങിയ കരക്കാരുടെ വകയായി വലിയ ആപ്പിണ്ടിയും ചെറിയ അപ്പിണ്ടിയും ഉള്‍പെടെയുള്ള വിളക്കിന് എഴുന്നെള്ളിപ്പ് നടക്കുന്നു. കുംഭത്തിലെ രേവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനമാണ് അന്ന് അമ്മയുടെ മക്കളായ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭക്തര്‍ കെട്ടുകാഴ്ചകളുമായി ഗ്രാമം ചുറ്റി അമ്മയുടെ മുന്‍പില്‍ എത്തുന്നു ,തങ്ങളുടെ കാണിക്കയായ കെട്ടുരുപ്പടികള്‍ അമ്മക്ക് സമര്‍പ്പിച് വണങ്ങുന്നു ,തുടര്‍ന്ന് ഇവ ക്ഷേത്രത്തിനു പടിഞ്ഞാറെ മുറ്റത് ഭക്തര്‍ക്ക്‌ ദര്‍ശനത്തിനായ് വയ്ക്കുന്നു .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുടങ്ങി കിടന്ന കാട്ടൂര്‍ കരക്കാരുടെ വകയായ പട്ടാഴി കുതിരയും ഗരുഡനും ഈ കഴിഞ്ഞ വര്‍ഷം മുതല്‍ ക്ഷേത്രത്തിനു തെക്ക് കാട്ടൂര്‍ കരയില്‍ വീണ്ടും കരക്കാര്‍ എത്തിച്ചു .രേവതി ദിനം രാത്രിയില്‍ ക്ഷേത്രത്തില്‍ പടയണി നടക്കും .ഗണപതി, കുതിര. പക്ഷി,യക്ഷി,മറുത ,മാടന്‍ ,കാലന്‍ ,ഭൈരവി തുടങ്ങിയ കോലങ്ങള്‍ ക്ഷേത്ര മുറ്റത് ഉറഞ്ഞു തുള്ളും . ഏഷ്യയിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനമായ അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത ധര്‍മപരിഷത്തിന്റെ ഉത്ഭവവുമായും ക്ഷേത്രത്തിനു ബന്ധമുണ്ട് . അയിരൂര്‍ പുതിയകാവിലെ വലിയ പടയണി തേര് അഴിച്ചു മാറ്റി അതിന്റെ കാല്‍ കൊണ്ട് നിര്‍മിച്ച പന്തലിലാണ് ആചാര്യന്മാര്‍ ആദ്യ സമ്മേളനത്തിന് തുടക്കം കുറിച്ചത് , ഇന്നും സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടികുറ ക്ഷേത്രത്തില്‍ പൂജിച്ചതിനു ശേഷം ആഘോഷമായി സമ്മേളന നഗറില്‍ എത്തിക്കുന്നു .

101 കലം പൂജാ വഴിപാടാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വിശേഷ ദിനം . പണ്ട് കാലത്ത് ഭക്തര്‍ വസൂരി തുടങ്ങിയ മാരക അസുഖങ്ങളില്‍ നിന്നും രക്ഷ നേടാനായി ദേവി ക്ഷേത്രങ്ങളില്‍ അര്‍പ്പിച്ചിരുന്ന വഴിപാടാണിത് .പൊങ്കാല പോലുള്ള ഒരു ആചാരമാണിത് . കരക്കാര്‍ തങ്ങളുടെ ക്ഷേത്രത്തില്‍ നിന്നും കേട്ടുകാഴ്ച്ചകളുടെയും വാദ്യമേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ ദേവി സ്തുതികളുമായി കലങ്ങളുമായി ക്ഷേത്രത്തില്‍ എത്തുന്നു .ഉച്ച പൂജാ സമയത്ത് ഭക്തരുടെ വകയായി അമ്മയ്ക്ക് പ്രിയങ്കരമായ വെള്ള നിവേദ്യവും കടുംപയസവും അമ്മക്ക് സമര്‍പ്പിക്കുന്നു . അമ്മയെ വണങ്ങി പ്രാര്‍ത്ഥിച് അമ്മയുടെ പ്രസാദവുമായി സ്വഭവനത്തിലേക്ക് മടങ്ങുന്നു . കോറ്റാത്തൂര്‍ - കൈതക്കൊടി ,അയിരൂര്‍ ,ചെറുകോല്‍ .മുക്കന്നൂര്‍ ,ഞൂഴൂര്‍ ,വെള്ളിയറ,കാഞ്ഞീറ്റുകര,മേലുകര,കീഴുകര ,കൊഴന്‍ച്ചേരി തുടങ്ങിയ കരക്കാരാണ് ഈ വഴിപാട്‌ നടത്തുന്നത് . ഉദിഷ്ഠ കാര്യത്തിനും കുടുംബൈശ്യര്യതിനും വേണ്ടി സ്ത്രീ ജനങ്ങള്‍ അമ്മക്ക് അര്‍പ്പിക്കുന്ന വഴിപാടാണ് നാരാങ്ങവിളക്ക് പുജ, നീര് മാറ്റിയ നാരങ്ങയില്‍ തിരിയിട്ടു വിളക്ക് കത്തിച്ചു വച്ച് അമ്മക്ക് പുജ നടത്തുന്നു . ദേവി സ്തുതികളും മന്ത്രങ്ങളും നിറഞ്ഞു നില്‍കുന്ന പൂജക്ക്‌ ശേഷം അമ്മയുടെ ഉച്ച പുജ നടക്കുന്നു അതിനു ശേഷം അന്നദാനവും നടക്കുന്നു . ദേവി പ്രീതിക്ക് വേണ്ടിയുള്ള ഈ പുജ മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച നടക്കുന്നു

അഭീഷ്ട വരദായിനിയായ.അമ്മയുടെ പ്രധാന വഴിപാടുകള്‍ ചാന്താട്ടം ,പന്തിരുനാഴി ,അന്നദാനം,രക്തപുഷ്പാഞ്ജലി ,കടുംപായസം എന്നിവയാണ് .

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍

ഭദ്രകാളി - ഭഗവതിസേവ,ചാന്താട്ടം ,അരവണ ,കടുംപായസം ,രക്തപുഷ്പാഞ്ജലി ,അര്‍ച്ചന,ഉടയാടചാര്‍ത്തല്‍

ഗണപതി - ഗണപതിഹോമം ,മുഖംചാര്‍ത്ത്,കറുകമാല.

രക്ഷസ്സ് - പാല്‍പായസം ,പാല്‍ നിവേദ്യം .

യക്ഷി - വറ നിവേദ്യം,പറയും കരിക്കും ,കദളിപഴവും നിവേദ്യം

ഭുതത്താന്‍ - അഭിഷേകം ,കദളിപഴം,കരിക്ക് നിവേദ്യം

നാഗര് - ആയില്യം പുജ ,നൂറും പാലും .

ക്ഷേത്രത്തിലെ പ്രധാന ഉത്സവാദി വിശേഷങ്ങള്‍

ചിങ്ങം - വിനായക ചതുര്‍ഥി -അഷ്ട ദ്രവ്യ മഹാഗണപതിഹോമം ,ഉത്രാടം നാളില്‍ മാങ്ങാട്ട് ഭട്ടതിരിക്ക് സ്വീകരണം

കന്നി - പൂജവെയ്പ്പ്,വിദ്യാരംഭം .

തുലാം - ആയില്ലം - കാവില്‍ നൂറും പാലും

വൃശ്ചികം - 41 ദിവസത്തെ ചിറപ്പ് , അഖണ്ടനാമജപത്തോടെ സമാപനം.

ധനു - കല്ലട കാവടി സംഘത്തിനു സ്വീകരണം ,തിരുവഭാരണത്തിന് സ്വീകരണം ,തിരുവാഭരണ ദര്‍ശനം .

മകരം - മകരഭരണി ഉത്സവം

കുംഭം - രേവതി ഉത്സവം

കുംഭം ,മീനം ,മേടം മാസങ്ങളില്‍ വിവിധകരക്കാരുടെ 101 കലം പുജ വഴിപാട്‌

മേടം - വിഷുക്കണി ദരശനം ,മേടശുദ്ധി

കര്‍ക്കിടകം - കര്‍ക്കിടകവാവ് ,രാമായണമാസാചരണം.

ക്ഷേത്രത്തിലെ പൂജാ സമയങ്ങള്‍

പള്ളിയുണര്‍ത്തല്‍ - 4 .30 am

തിരുനട തുറക്കല്‍ - 5 .30 am

നിര്‍മ്മാല്യം,അഭിഷേകം - 5 .35am

ഉഷപൂജ - 6 .30am

എതൃത്തപൂജ,ശ്രീബലി - 6 .30am

പന്തിരടിപൂജ - 8 .10am

ഉച്ചപൂജ ,ശ്രീബലി - 10 .20am

നട അടക്കല്‍ - 11 .00am

വൈകിട്ട് നട തുറക്കല്‍ - 5 .00pm

ദീപാരാധന - 6 .30pm

അത്താഴപൂജ ,ശ്രീബലി - 7 .30pm

നട അടക്കല്‍ - 8 .00pm

അയിരൂര്‍ പുതിയകാവിനെ പറ്റിയുള്ള ഒരു website ഉടന്‍ തന്നെ ആരംഭിക്കുന്നതാണ് അതിലേകുള്ള ലിങ്ക്

http://ayroorputhiyakavudevitemple.com/

അയിരൂര്‍ പുതിയകാവിനെ പറ്റിയുള്ള കുടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും സന്ദര്‍ശിക്കുക്ക.....

http://www.facebook.com/pages/Ayroor-Puthiyakavu-Devi-Temple/183381511685032?ref=hl

ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍

MC റോഡില്‍ തിരുവല്ലയില്‍ നിന്നോ ചെങ്ങന്നൂരില്‍ നിന്നോ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്നോ കൊഴന്‍ച്ചെരിയില്‍ എത്തുക ,അവിടെ നിന്ന് ചെറുകോല്‍പുഴ ,പുതിയകാവ് ,ഇടപ്പാവൂര്‍ വഴി റാന്നിക്ക് പോകുന്ന റോഡില്‍ 6 km സഞ്ചരിച്ചാല്‍ അയിരൂര്‍ പുതിയകാവില്‍ എത്തിച്ചേരാം .റാന്നി വഴി വരുന്നവര്‍ 10 km സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്താം .

മനസൊന്ന് കലുഷിതമായാല്‍ , ജീവിതത്തില്‍ പ്രശ്നങ്ങള്‍ വന്ന്‌ നിറയുമ്പോള്‍ അമ്മയെ മനസ്സ് നൊന്ത് വിളിച്ചാല്‍ , മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ ,ആ നടയില്‍ എത്തി ഒന്ന് തൊഴുതാല്‍ അമ്മ വിളി കേള്‍ക്കും അമ്മ അനുഗ്രഹിക്കും മനസ്സ് ശാന്തമാകും ,ഇത് ഈ ലേഖകന്‍ ഉള്‍പെടെയുള്ള ഭക്ത ലക്ഷങ്ങളുടെ അനുഭവ സാഷ്യം . വിവിധ ജാതി മതസ്ഥര്‍ വസിക്കുന്ന സ്ഥലമാണ്‌ അയിരൂര്‍ പുതിയകാവ് എന്ന ഗ്രാമം ,ഇവിടെയുള്ള ജനങ്ങള്‍ എന്തു പ്രയാസം ഉണ്ടായാലും ആദ്യം വിളിക്കുന്നത് ""എന്‍റെ പുതിയകാവില്‍ അമ്മേ"" എന്നാണ് ,ആ തിരു നട ഭക്തര്‍ക്കായ്‌ തുറന്നു കിടക്കുന്നു .ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകള്‍ ഇല്ലാതെ ഭക്തര്‍ക്ക്‌ എത്തി വണങ്ങാന്‍ കഴിയുന്ന ഒരു പുണ്യ സങ്കേതമാണ് അയിരൂര്‍ പുതിയകാവ് ദേവി ക്ഷേത്രം .അഭീഷ്ട വരദായിനിയായി ഐശ്വര്യദായിനിയായി വിളിച്ചാല്‍ വിളിപുറത്തമ്മയായി ഭക്തലക്ഷങ്ങള്‍ക്ക് അനുഗ്രഹംചൊരിഞ്ഞ്‌ ഞങ്ങളുടെ അമ്മ ഇവിടെ കുടികൊള്ളുന്നു.അയിരൂര്‍ പുതിയകാവിലെക്ക് ,പുതിയകാവില്‍ അമ്മയുടെ പുണ്യ സന്നിധിയിലേക്ക് എല്ലാ ഭക്ത ജങ്ങള്‍ക്കും സ്വാഗതം . ഐശ്യര്യദായിനിയായ അമ്മയുടെ അനുഗ്രഹം എല്ലാവര്‍ക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ ലേഖനം അമ്മയുടെ കാല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്നു ..........

'''അമ്മേ ശരണം ദേവി ശരണം

അയിരൂര്‍ പുതിയകാവില്‍ അമ്മേ ശരണം'''