"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം | ഹൈന്ദവം

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ (കേരളം, ഇന്ത്യ) അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന അപൂർവ്വം പ്രതിഷ്ഠയാണ് ഇവിടുത്തേത് . ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാൾ ദേവനാരായണൻ ക്രി.വർഷം 1545-ലാണ് (കൊ.വർഷം 720) അമ്പലപ്പുഴയിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് മൂലം നാളിൽ ചമ്പക്കുളം പമ്പാനദിയിൽ രാജപ്രമുഖൻ വള്ളംകളി 1545-മുതൽ അരങ്ങേറുന്നത്.

ഐതിഹ്യം

ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കർണാനന്ദകരമായ ഓടക്കുഴൽഗാനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. എന്നാൽ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴൽ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാർ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ആ ക്ഷേത്രം അവിടെ പണി ചെയ്യപ്പെട്ടതെന്ന് ഐതിഹ്യങ്ങൾ പറയുന്നു.ചെമ്പകശ്ശേരി രാജാക്കൻമാരുടെ ഭരണകാലത്ത്‌ നിർമ്മിച്ചു. വളരെ പ്രസിദ്ധനായിരുന്ന ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണൻ, വില്വമംഗലം സ്വാമിയാരുടെ നിർദ്ദേശപ്രകാരം പണി കഴിപ്പിച്ചതാണ്‌ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം എന്നാണ്‌ ഐതിഹ്യം. അമ്പലപ്പുഴയുടെ പഴയ പേര്‌ ചെമ്പകശ്ശേരി എന്നാണ്‌. ചമ്പകശ്ശേരിയിൽ എത്തിയ വില്വമംഗലം സ്വാമിയാർ ആലിൽ ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണനെ കണ്ട് ദേവചൈതന്യം നിലനിർത്താനായി ദേവനാരായണരാജാവിനോടു ക്ഷേത്രം പണിയുവാനായി നിർദ്ദേശിച്ചു. പാർത്ഥസാരഥിയാണ് പ്രതിഷ്‌ഠ. നാറാണത്തുഭ്രാന്തൻ പ്രതിഷ്‌ഠ നടത്തിയതായി കഥയുണ്ട്‌... അമ്പലപ്പുഴയിൽ പ്രസിദ്ധമായ ഐതിഹ്യമാണു നാറാണത്തുഭ്രാന്തൻ നടത്തിയ പ്രതിഷ്‌ഠ. പ്രതിഷ്‌ഠാസമയത്ത് അഷ്ടബന്ധം ഉറയ്ക്കാതെ തന്ത്രിമാർ (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോൾ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന മീൻ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാൻ (താംബൂലം) തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്‌ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരുവന്നെന്നും പറയപ്പെടുന്നു.തന്ത്രിമാരെപ്പറ്റിയും ഒരൈതിഹ്യം നിലവിലുണ്ട്. തുടക്കത്തിൽ കടികക്കോൽ മഠത്തിലെ തിരുമേനി മാത്രമാണു ഉണ്ടായിരുന്നത്. പ്രതിഷ്ഠിക്കാനായി തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠായോഗ്യമല്ലെന്നു പുതുമന തിരുമേനി പറഞ്ഞതിനെ കടികക്കോൽ നമ്പൂതിരി എതിർത്തു. തെളിയിക്കാൻ ആവശ്യപ്പെടുകയും തെളിയിച്ചാൽ പാതി തന്ത്രം കൊടുക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഉടൻ വിഗ്രഹം ഉടക്കുകയും അതിൽ നിന്നും അഴുക്കു വെള്ളവും തവളയും പുറത്തു ചാടി. പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം ക്ഷേത്രക്കുളത്തിൽ ഉണ്ടെന്നു പുതുമന പറഞ്ഞതനുസരിച്ച് മുങ്ങിത്തപ്പിയെടുത്ത വിഗ്രഹം പ്രതിഷ്ഠിച്ചെന്നും ഐതിഹ്യം.

പ്രത്യേകതകൾ

അമ്പലപ്പുഴ പാൽപ്പായസം: ക്ഷേത്രത്തിൽ ദിവസവും നേദിക്കുന്ന പാൽപ്പായസം പ്രസിദ്ധമാണ്‌.. അമ്പലപ്പുഴ വേലകളി: അമ്പലപ്പുഴ വേലകളി മദ്ധ്യതിരുവിതാംകൂറിലെ പ്രധാനക്ഷേത്ര കലാരൂപങ്ങളിലൊന്നാണ്‌. അമ്പലപ്പുഴ വേല കണ്ടാൽ അമ്മയും വേണ്ട എന്നൊരു ചൊല്ല് പ്രസിദ്ധമാണ്‌.

ചരിത്രം

AD 1200-നു ശേഷം ആണ് ഇവിടെ ഇന്നത്തെ ക്ഷേത്രം പണിതത് എന്ന് പറയപ്പെടുന്നു. മറ്റൊരു സമയത്ത്, രാജാവ് തന്റെ രാജ്യവും മറ്റും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ക് സാങ്കല്പികമായി കാഴ്ച്ചവച്ചു. ദേവനാരായണൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.16-ആം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവു ചെമ്പകശ്ശേരിയെ ആക്രമിച്ചു കീഴ്പെടുത്തിയ ശേഷം ചെമ്പകശ്ശേരി രാജാവിന്റെ ശൈലി സ്വീകരിച്ചാണു തിരുവിതാംകൂറിനെ ശ്രീപദ്മനാഭനു സമർപ്പിച്ച ശേഷം പദ്മനാഭ ദാസൻ എന്ന പേരു സ്വീകരിച്ചത് എന്ന് പറയപ്പെടുന്നു.ഒരു ക്ഷാമകാലത്ത്, ചെമ്പകശ്ശേരി രാജാവു ഒരു പരദേശിയായ തമിഴ് ബ്രാഹ്മണ പ്രഭുവിൽ നിന്നും കുറച്ചു ധനം വായ്പ വാങ്ങുകയുണ്ടായി. എന്നാൽ ആ കടം പറഞ്ഞ സമയത്തു തിരികെ കൊടുക്കാൻ സാധിച്ചില്ല. ഒരിക്കൽ ആ ബ്രാഹ്മണൻ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വന്ന് തന്റേ കുടുമ അഴിച്ചു ശപഥം ചെയ്തു പറഞ്ഞു, രാജാവു തന്റെ കടം വീട്ടാതെ ഇന്നത്തെ ഉച്ചപൂജ നടത്തരുതു എന്നു. അതു കേട്ട ഖിന്നനായ രാജാവു തന്റെ മന്ത്രിയായ മണക്കാട്ടമ്പിള്ളി മേനോനോട് കാര്യം പറയുകയും ചെയ്തു. മേനോന്റെ നിർദ്ദേശപ്രകാരം അമ്പലപ്പുഴ ദേശത്തെ സകല കരക്കാരും തങ്ങളുടെ മുഴുവൻ നെല്ലും ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ കൊണ്ടു ചൊരിഞ്ഞു. മന്ത്രി ബ്രാഹ്മണനോടു ഉച്ചപൂജയ്ക്കു മുൻപായി ധാന്യം എല്ലാം എടുത്തു മാറ്റുവാനും ആവശ്യപ്പെട്ടു. എന്നാൽ അവിടത്തെ ഒരു വള്ളക്കാരും ബ്രാഹ്മണനെ സഹായിക്കാൻ കൂട്ടാക്കിയില്ല. ചുരുക്കത്തിൽ ആ ബ്രാഹ്മണൻ ആ നെല്ലെല്ലാം ക്ഷേത്രത്തിലേക്കു സമർപ്പിച്ച് പറഞ്ഞു ആ നെല്ലിന്റെ വിലയും പലിശയും കൊണ്ടു ഭഗവാനു നിത്യവും ഉച്ചപ്പൂജക്കു പാല്പായസം നൽകു എന്നു. അന്നു മുതലാണു ഇപ്പോൾ നാം കാണുന്ന പാല്പായസം തുടങ്ങിയത്.

തൃക്കൊടിയേറ്റ്

ഉച്ചശീവേലിക്കുശേഷം തെക്കേഗോശാലയിൽ ഗണപതിപൂജയോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. ഗണപതിപൂജയ്ക്കുശേഷം ഉത്സവദിവസങ്ങളിൽ എടുക്കുന്ന കോയ്മവടി മേൽശാന്തി ശ്രീകോവിലിൽ കൊണ്ടുപോയി പൂജിച്ച് കോയ്മസ്ഥാനി വലിയമഠം ജനാർദനപ്പണിക്കർക്ക് കൈമാറും. തുടർന്ന് വാദ്യപൂജ. കൊടി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു പൂജിച്ച് ദേവചൈതന്യം ആവാഹിച്ച് കോയ്മയുടെ അനുവാദത്തോടെ വാദ്യപരീക്ഷ നടത്തി, പാണികൊട്ടി കൊടിമരച്ചുവട്ടിലേക്ക് കൊടിയെഴുന്നള്ളിക്കുകയും പിന്നീട് തന്ത്രി കൊടിയേറ്റ് നടത്തുന്നു. കൊടിയേറ്റിനുശേഷം അമ്പലപ്പുഴ തച്ചന്റെ നേതൃത്വത്തിൽ നാളികേരം ഉടച്ച് രാശി നോക്കി ഫലം പ്രവചിക്കുന്നു. വൈകീട്ട് ദീപാരാധനയ്ക്കു മുൻപായി എട്ടുദിക്കിലും ദിക്കുകൊടിയേറ്റ്റുകയും ചെയ്യുന്നു

ശുദ്ധാദി കലശപൂജ

കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടന്നുവരുന്ന ശുദ്ധാദി, അമ്പലപ്പുഴ ഭഗവാന്റെ ഉത്സവ നാളുകളിലെ പ്രധാന താന്ത്രിക ചടങ്ങുകളിൽ ഒന്നാണ്. രണ്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച ശുദ്ധാദി ചടങ്ങിന് തുടക്കം കുറിച്ച് ഒമ്പതാം ഉത്സവം വരെയാണ് ശുദ്ധാദി ഉള്ളത്. ശുദ്ധജലം, പാൽ,തൈര്, നെയ്യ്, അഷ്ടഗന്ധജലം, ഇളനീർ എന്നിവ പ്രത്യേകം കലശങ്ങളാക്കി പൂജിച്ച് ദേവന് അഭിഷേകം നടത്തുന്ന ചടങ്ങാണിത്. സ്വർണകുംഭങ്ങളിലും വെള്ളി കുംഭങ്ങളിലുമാണ് ദ്രവ്യങ്ങൾ നിറച്ച് പൂജിച്ച് ഭഗവാന് അഭിഷേകം ചെയ്യുന്നത്.പുലർച്ചെ 5 മണിയോടുകൂടി കിഴക്കേ നാലമ്പലത്തിൽ പ്രത്യേകമായി പത്മമിട്ട് അലങ്കരിക്കുന്ന സ്ഥലത്ത് കുംഭങ്ങൾ നിറച്ച് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചാണ് കലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്യുന്നത്. ഉത്സവ ദിവസങ്ങളിൽ ഉച്ചപൂജ രാവിലെ 8.30ന് നടക്കുന്നതിനാൽ എട്ടുമണിയോടെയാണ് ശുദ്ധാദി ചടങ്ങുകൾ നടക്കുന്നത്. ശുദ്ധാദി ദർശിക്കുന്നതിനും ആടിയശേഷമുള്ള തീർഥം സേവിക്കുന്നതിനും നല്ല തിരക്കാണ് ഉണ്ടാകുക. ക്ഷേത്രം തന്ത്രിമാരായ പുതുമന-കടിയക്കോൽ തന്ത്രിമാരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.

കുടവരവ്

അമ്പലപ്പുഴയിലെ ഏഴാം ഉത്സവദിനമായ ശനിയാഴ്ച തകഴി ധർമശാസ്താക്ഷേത്രത്തിൽ നിന്നുമെത്തിയ കുടവരവ് ആഘോഷമായി എഴുന്നള്ളിക്കുന്നത്. അമ്മയുടെ (അമ്പലപ്പുഴ കണ്ണന്റെ) ഉത്സവം കാണാൻ ഹരിഹരപുത്രൻ (തകഴി ശാസ്താവ്) എഴുന്നള്ളുന്നതായും, തകഴി ക്ഷേത്രത്തിൽനിന്ന് ശാസ്താവിന്റെ കലവറക്കാരൻ വേലതുള്ളാൻ വരുന്നതായും രണ്ടു സങ്കല്പങ്ങൾ കുടവരവിന് പിന്നിലുണ്ട്. തകഴി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന കുടവരവിനെ വഴിനീളെ ഭക്തർ നിറപറയും നിലവിളക്കും വെച്ച് എതിരേക്കുന്നു. കുടവരവിനൊപ്പം കൊടിയും വേലകളിക്കാരും മേളക്കാരുമുണ്ടായിക്കും. ക്ഷേത്രത്തിനടുത്തുള്ള പുതുപ്പുരപ്പടിയിൽനിന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും ചേർന്ന് കുടവരവിനെ സ്വീകരിച്ച് നെറ്റിപ്പട്ടമേന്തിയ ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുംകയും ചെയ്യും.ഏഴാം ഉത്സവനാളിൽ ക്ഷേത്രത്തിൽ തകഴിക്കാരുടെ വേലകളിയുണ്ട്. കുളത്തിൽവേല കഴിഞ്ഞ് തകഴിക്ഷേത്രത്തിലെ അത്താഴപൂജയ്ക്കുള്ള സാധനങ്ങളുമായാണ് കലവറക്കാരൻ മടങ്ങി പോകുന്നത്. തകഴിയിൽനിന്ന് കൊണ്ടുവന്ന കുട ക്ഷേത്രത്തിൽ നൽകിയശേഷം ക്ഷേത്രത്തിലെ കുട തിരികെ തകഴിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും. തകഴിയിൽനിന്ന് കൊണ്ടുവരുന്ന കുടയാണ് അടുത്ത ഒരു വർഷത്തേക്ക് ക്ഷേത്രത്തിലെ പ്രഭാത, അത്താഴശീവേലികൾക്ക് ഉപയോഗിക്കുന്നത്.

ഏഴാം ഉത്സവം

ഏഴാംഉത്സവം മുതൽ എഴുന്നള്ളത്തിന് അഞ്ചാനകളുണ്ട്. ഒന്നാംതരം നെറ്റിപ്പട്ടവും ആറാട്ടുചട്ടവും സ്വർണക്കുടകളും വെള്ളിക്കുടകളുമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. ഏറ്റുമാനൂർ ഏഴരപ്പൊന്നാനയ്ക്കു തുല്യമായ പതക്കമാണ് ഏഴാം ഉത്സവ വൈകുന്നേരത്തെ എഴുന്നള്ളത്തു മുതൽ ചട്ടത്തിൽ ചാർത്തുന്നത്.
വാദ്യഘോഷങ്ങളോടെ ആഞ്ഞിലിക്കാവ് ക്ഷേത്രത്തിൽ നിന്ന് എത്തുന്ന കുട്ടവരവിന് ഞായറാഴ്ച വൈകിട്ട് 4.30ന് കിഴക്കേനടയിൽ സ്വീകരണം നൽകും. രാത്രി 8ന് ഊട്ടുപുരയിൽ നാടകശാലസദ്യക്കുള്ള കറിക്കുവെട്ട് നടക്കും. തിങ്കളാഴ്ച ഉച്ചക്ക് 12 നാണ് പ്രസിദ്ധമായ നാടകശാലസദ്യ.

കുട്ട വരവ്

ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാലസദ്യക്കുള്ള കുട്ടവരവ് എട്ടാ൦ ഉത്സവദിവസ൦ വൈകിട്ട് ആഞ്ഞിലിക്കാവ് ക്ഷേത്രത്തിൽനിന്നാണ് ആരംഭിക്കുന്നത്.

നാടകശാല സദ്യ

ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാലസദ്യ മധുരമൂറുന്ന ഐതിഹ്യത്തിന്റെ നവ്യാവിഷ്‌കാരമാണ്. നാടിന്റെ നാനാദിക്കുകളിൽനിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ നാടകശാലസദ്യയിൽ പങ്കെടുക്കാനും ചടങ്ങ് ദർശിക്കാനുമായി ശ്രീകൃഷ്ണസന്നിധിയിലെത്തും. നാടകശാലസദ്യക്കു പിന്നിലുള്ള ഐതിഹ്യമിങ്ങനെ: ഭക്തോത്തമനായ വില്വമംഗലത്ത് സ്വാമിയാർ ഒരിക്കൽ ക്ഷേത്രദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിച്ചപ്പോൾ അവിടെ ഭഗവാനെ കണ്ടില്ല. പരിഭ്രാന്തനായ സ്വാമിയാർ ഭഗവാനെത്തേടി നാലുപാടും പാഞ്ഞു. ഈ സമയം നാടകശാലയിൽ ക്ഷേത്രജീവനക്കാർക്കുള്ള സദ്യ നടക്കുകയായിരുന്നു. ഭഗവാനെ തിരക്കിയെത്തിയ സ്വാമിയാർ, ബാലന്റെ വേഷത്തിൽ സദ്യക്ക് നെയ്യ് വിളമ്പുന്ന സാക്ഷാൽ ഭഗവാനെയാണ് കണ്ടത്. 'കണ്ണാ' എന്നുവിളിച്ച് സ്വാമിയാർ ഓടിയടുത്തെങ്കിലും ഭഗവാൻ ഓടിമറഞ്ഞു. കഥയറിഞ്ഞവരെല്ലാം സദ്യ ഉപേക്ഷിച്ച് സ്വാമിയാർക്കൊപ്പം കണ്ണനെത്തേടി പിന്നാലെ പാഞ്ഞു. ഇതിന്റെ സ്മരണ നിലനിർത്തുന്നതാണ് നാടകശാലസദ്യ. നാടകശാലസദ്യ നടക്കുമ്പോൾ ഭഗവാൻ മണിക്കിണറിനു മുകളിൽ വന്നിരുന്ന് സദ്യ കാണുമെന്നാണ് വിശ്വാസം.

സദ്യ വട്ടം

നാലുകൂട്ടം പ്രഥമൻ, നാലുകൂട്ടം ഉപ്പേരി, അവിയൽ, തോരൻ, പച്ചടി, കൂട്ടുകറി, പരിപ്പ്, സാമ്പാർ, കാളൻ, പാല്, പഞ്ചസാര, കൽക്കണ്ടം തുടങ്ങിയ വിഭവങ്ങളാണ് സദ്യക്കുള്ളത്. നാടകശാലയിൽ വരിവരിയായിട്ട തൂശനിലകളിൽ ഉച്ചയ്ക്ക് 12ഓടെയാണ് സദ്യ വിളമ്പുന്നത്. സദ്യയുണ്ട ഭക്തർ എച്ചിലിലയുമായി വഞ്ചിപ്പാട്ടും പാടി പുത്തൻകുളത്തിന്റെ കരയിലേക്ക് താളം ചവിട്ടി നീങ്ങും. തിരികെയെത്തുന്ന ഭക്തരെ പോലീസധികാരികൾ ക്ഷേത്രസന്നിധിയിൽ പണക്കിഴിയും പഴക്കുലയും നല്കി ആചാരപരമായി സ്വീകരിക്കും. ക്ഷേത്രക്കുളത്തിൽ മുങ്ങി ദർശനം നടത്തുന്നതോടെ നാടകശാലസദ്യയുടെ ചടങ്ങുകൾ പൂർത്തിയാവും.

അമ്പാട്ട് പണിക്കന്റെ വരവ്

ഒൻപതാം ഉത്സവനാളിലെ മറ്റൊരു പ്രധാന ചടങ്ങാണ് വൈകുംനേരത്തെ അമ്പനാട്ടു പണിക്കന്റെ വരവ്. ക്ഷേത്രനിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുത്ത ഈഴവ പ്രമാണിയായ ഉണ്ണിരവിക്ക് ചെമ്പകശ്ശേരി രാജാവ് കല്പിച്ചു കൊടുത്തതാണ് അമ്പനാട്ടു പണിക്കർ സ്ഥാനം. അമ്പലപ്പുഴ രാജാവ് നല്കിയ തോട്ടിക്കടുക്കനും, വാളുമായാണ് അമ്പനാട്ടു പണിക്കന്റെ പിൻമുറക്കാർ ഒമ്പതാം ഉത്സവനാളിൽ പരിവാരസമേതം ക്ഷേത്രദർശനത്തിനെത്തുന്നത്.