"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കൊടുങ്ങല്ലൂർ മഹാകുരുംബ ക്ഷേത്രം | ഹൈന്ദവം

കൊടുങ്ങല്ലൂർ മഹാകുരുംബ ക്ഷേത്രം

സംഘകാല സംസ്കൃതിയില്‍ മഹോദയപുരം (മുസരിസ്, മുസരി പട്ടണം) തലസ്ഥാനമായി ചേരരാജ്യം (പ്രധാനമായും കേരളത്തില്‍), മധുര (വൈഗെ പട്ടണം) തലസ്ഥാനമായി പാണ്ട്യ രാജ്യം (പ്രധാനമായും തമിഴ് നാട്ടിലെ തെക്കന്‍ ജില്ലകള്‍), തഞ്ചാവൂര്‍ (കാവേരിപൂമ്പട്ടണം) തലസ്ഥാനമായി ചോള രാജ്യം (പ്രധാനമായും തമിഴ് നാട്ടിലെ വടക്കന്‍ ജില്ലകള്‍) എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ദ്രാവിഡ ഭൂവിഭാഗമായിരുന്നു ഇന്നത്തെ കേരള തമിഴ് നാട് സംസ്ഥാനങ്ങള്‍. ഇളങ്കോവടികളുടെ ചിലപ്പതികാരം കണ്ണകിയുടെ പാതിവൃത്യത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ്‌. നിരപരാധിയായ തന്‍റെ ഭര്‍ത്താവായ കോവലനെ വിചാരണ നടത്താതെ വധിച്ച നെടുംചേഴിയന്‍ എന്ന പാണ്ട്യ ചക്രവര്‍ത്തിയെ ശപിച്ച്, മധുരാപുരം ചിലമ്പ് എറിഞ്ഞു നശിപ്പിച്ച കണ്ണകി ചേര ചക്രവര്‍ത്തിയായ ചേരന്‍ ചെങ്കുട്ടുവനെ അഭയം പ്രാപിച്ച് മഹോദയപുരത്തു ശേഷം കാലം കഴിച്ചു കൂട്ടി. കണ്ണകിയുടെ മരണശേഷം ചേരചക്രവര്‍ത്തി മഹോദയപുരത്തിനടുത്ത് ഒരു അമ്പലം പണിതു കുടിയിരുത്തി അതാണിന്നത്തെ കൊടുങ്ങല്ലൂർ മഹാകുരുംബ ക്ഷേത്രം.

കേരളത്തിലും മദ്ധ്യ കാലഘട്ടത്തില്‍ ബുദ്ധമതം പ്രചുര പ്രചാരം നേടിയപ്പോള്‍ ശബരിമല ചേര്‍ത്തല എന്നിവയെ പോലെ കൊടുങ്ങലൂരും ഒരു പ്രധാന ബുദ്ധ വിഹാരമായി (ക്ഷേത്രം). പിന്നീടു ശങ്കരാചാര്യര്‍ അദ്യൈത പ്രചരണത്തിലൂടെ സനാതന ധര്‍മ്മം പുനസ്ഥാപിക്കുകയും മേല്‍പറഞ്ഞ ക്ഷേത്രങ്ങള്‍ തിരിച്ചു ഹിന്ദു ക്ഷേത്രങ്ങളാക്കുകയും ചെയ്തു. ശങ്കരാചാര്യര്‍ കണ്ണകിയെ മഹാഭദ്രകാളി ചൈതന്യത്തില്‍ വിലയിപ്പിച്ചു. ആദിയില്‍ കൊടുങ്ങലൂരില്‍ ശിവ ചൈതന്യമായിരുന്നു, കോടികണക്കിന് ശിവലിംഗങ്ങള്‍ മണ്ണിനടിയില്‍ ഉണ്ടത്രേ അങ്ങനെ കോടി ലിംഗങ്ങള്‍ ഉള്ള നാട് (തമിഴിലെ ഊര്‍) കോടി ലിംഗ ഊര്‍ കൊടുങ്ങലൂരായി. കാലക്രമത്തില്‍ തുറമുഖ നഗരമായ മഹോദയപുരം കടലിനടിയിലാവുകയും ചേര സാമ്രാജ്യം തിരുവഞ്ചികുളം തലസ്ഥാനമാക്കുകയും ചെയ്തു.

ആദിപരാശക്തി നാല് വിത്യസ്ത ഭാവങ്ങളില്‍ ഭാര്‍ഗവക്ഷേത്രത്തില്‍ കുടികൊള്ളുന്നു എന്ന വിശ്വാസമുണ്ട് വടക്ക് കൊല്ലൂരില്‍ മൂകാംബികയായും തെക്ക് കന്യാകുമാരിയില്‍ ബാലാംബികയായും കിഴക്ക് കരിമല കല്ലേകുളങ്ങരയില്‍ ഹേമാംബികയായും പടിഞ്ഞാറ് കൊടുങ്ങലൂരില്‍ ലോകാംബികയായും. കൊച്ചി പനവേല്‍ നാഷണല്‍ ഹൈവേ പതിനേഴില്‍ കൊച്ചിയില്‍ നിന്ന് മുപ്പത്തിമൂന്നു കിലോമീറ്റര്‍ വടക്കായിട്ടാണ് തിരുവഞ്ചികുളം, പിന്നെയും രണ്ടു കിലോമീറ്റര്‍ കഴിഞ്ഞാല്‍ കൊടുങ്ങലൂരായി. അവിടെ നിന്ന് ഇരുപത്തിരണ്ടു കിലോമീറ്റര്‍ പോയാല്‍ തൃപ്രയാര്‍, തൃപ്രയാറില്‍ നിന്ന് ഇരുപത്തിയഞ്ചു കിലോമീറ്റര്‍ പോയാല്‍ ഗുരുവായൂരെത്തും.

കേരളത്തിലെ അറുപത്തിനാല് ഭദ്രകാളി ക്ഷേത്രങ്ങളിലെ മൂല സ്ഥാനമാണ് കൊടുങ്ങലൂരിന്, മാത്രമല്ല വേറെയും നൂറുകണക്കിന് ക്ഷേത്രങ്ങളിലെക്കും ഇവിടെനിന്നു ഭദ്രകാളി ചൈതന്യം കൊണ്ടുപോയിട്ടുണ്ട്. ലോകത്തിലെ നൂറ്റെട്ട് ശക്തി പീഠങ്ങളില്‍ ഒന്നായ മാകോതയിലെ മുക്തെശ്വരി കൊടുങ്ങലൂരമ്മയണെന്നും വിശ്വസിക്കുന്നു. സപ്തമാതാക്കളോടൊപ്പം ദേവി ഇഷ്ട വരദായിനിയായി ശ്രീകോവിലില്‍ വാഴുന്നു. വടക്കോട്ട്‌ ദര്‍ശനമായാണ്‌ പ്രതിഷ്ഠ, ആറടിപൊക്കത്തില്‍ വരിക്ക്യപ്ലാവിന്‍ തടിയിലാണ് ദേവി വിഗ്രഹം. ദാരിക വധശേഷമുള്ള വിശ്വരൂപമാണ് സങ്കല്പം, വലതുകാല്‍ മടക്കിവച്ച് ഇടതുകാല്‍ തൂക്കിയിട്ടാണ് ദേവിയുടെ ഇരുപ്പ്. ശ്രീകോവിലില്‍ തന്നെ കിഴക്കോട്ടു ദര്‍ശനമായി ശിവനും ഗണപതിയുമുണ്ട്, ക്ഷേത്രപാലന്‍റെ ഉപദേവത ക്ഷേത്രം തൊട്ടടുത്തു തന്നെയുണ്ട്‌. കിഴക്ക് വശത്തുനിന്നു ഒരു രഹസ്യ അറ ശ്രീകോവിലിനു അകത്തേക്ക് തുറക്കുന്നു ശങ്കരാചാര്യരുടെ ശ്രീചക്രം ആ അറയിലാണ് സൂക്ഷിചിരിക്കുന്നതത്രേ. വിശാലമായ അമ്പലത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് വടക്കോട്ട്‌ ദര്‍ശനമായി വസൂരിമാല ക്ഷേത്രം.

കുംഭമാസത്തിലെ ഭരണിനാള്‍ കൊടിയേറി മീനമാസത്തിലെ ഭരണിയോടെ ഉത്സവം തീരുന്നു, പ്രത്യേക കൊടിമരം ഇല്ല, അമ്പലത്തിനു ചുറ്റുമുള്ള ആലുകളില്‍ കൊടികള്‍ ഉയര്‍ത്തുന്നു. മീന ഭരണി ലോകപ്രശസ്തം, അത് പോലെ മീനമാസം ആശ്വതിനാളിലെ തൃചന്ദനം ചാര്‍ത്തും (ദാരികനുമായി യുദ്ധത്തില്‍ ഉണ്ടായ മുറിവുകളില്‍ ചന്ദനലേപനം നടത്തുന്നതാണത്രേ) കാവ് തീണ്ടലും പ്രശസ്തമാണ്. മീന ഭരണിയ്ക്ക് അനേകായിരങ്ങള്‍ വരുമെങ്കിലും, പ്രധാന അനുഷ്ഠാനം ചീത്ത വാക്കുകള്‍ ചേര്‍ത്തു ദേവിയെ സ്തുതിക്കുന്നതാണ് (ഭരണി പാട്ടുകള്‍ ), ഗ്രൂപ്പുകളായി തിരിഞ്ഞു ചെയ്യുന്ന അനുഷ്ഠാനമാണിത്. ദാരിക വധശേഷമുള്ള കോപം തണുപ്പിക്കാനും ദേവിയെ നാണിപ്പിക്കാനുമുള്ള ഉപായമാണത്രെ ഇത്. അത് പോലെ തന്നെ വേറെ ഒരു അനുഷ്ടാനമാണ് കാവ് തീണ്ടല്‍, ക്ഷേത്ര സ്ഥാനിയായ കൊടുങ്ങലൂര്‍ തമ്പുരാന്‍ പട്ടുകുട നിവര്‍ത്തും അവകാശിയായ പാലയ്ക്കല്‍ വേലന്‍ ക്ഷേത്രത്തിലെ ചെമ്പ് തകിടില്‍ തട്ടുന്നു, തുടര്‍ന്ന് അനേകായിരം ഭക്തജനങ്ങളും കോമരങ്ങളും ക്ഷേത്രത്തിനു അകത്തേക്ക് ഓടികയറി കൈയ്യില്‍ കരുതിയ വടി കൊണ്ട് അമ്പലത്തിന്‍റെ ചുവരിലും മേല്‍കൂരയിലും അടിക്കുന്നു. മേല്‍ പറഞ്ഞ അനുഷ്ടാനങ്ങള്‍ രണ്ടും കേരളത്തിലെ അവസാനത്തെ ബുദ്ധ വിഹാരമായ കൊടുങ്ങലൂരില്‍ നിന്ന് ബുദ്ധ സന്യാസിമാരെ ഓടിക്കുവാന്‍ നടത്തിയതിന്‍റെ പുനരവിഷ്കാരമാണെന്നു പക്ഷാന്തരമുണ്ട് (ചേര്‍ത്തലയിലും ഭരണി പാട്ടുകള്‍ പാടുന്നുണ്ട്). അത് പോലെ കാവ് തീണ്ടല്‍ അവര്‍ണ്ണരുടെ ക്ഷേത്ര പ്രവേശനവുമായി ബന്ധമുണ്ടെന്നും പറയുന്നു. ഭക്തജനങ്ങള്‍ വൃതമെടുത്ത്, ചുവന്ന പട്ട് ഉടുത്ത് ചിലമ്പണിഞ്ഞാണ് മേല്‍ പറഞ്ഞ അനുഷ്ടാനങ്ങളില്‍ പങ്കെടുക്കുന്നത് അവരെ കോമരം എന്ന് വിളിക്കും. കുറെ നാള്‍ മുന്‍പ് വരെ മൃഗബലി ഉണ്ടായിരുന്നു പ്രധാനമായും കോഴികളെയാണ് ബലി അര്‍പ്പിച്ചിരുന്നത്‌, മൃഗബലി നിരോധിച്ചതിന് ശേഷം പ്രതീകാത്മകമായി ബലികല്ല് പട്ടിട്ടു മൂടി അതിനു മുകളില്‍ കോഴിയെ വയ്ക്കുന്നു, കോഴികല്ല് മൂടുക എന്ന ഈ ചടങ്ങോട് കൂടിയാണ് ഭരണി ആരംഭിക്കുക.