"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം | ഹൈന്ദവം

കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം

അക്ഷരപ്രേമികളുടെ ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബികാക്ഷേത്രം. കുടജാദ്രി മലയുടെ പവിത്രത പേറി വരുന്ന സൌപര്‍ണ്ണികയുടെ തലോടലേറ്റ് ശാന്തമായ പുണ്യഭൂമി. ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കില്‍ വനമധ്യത്തില്‍ കൊല്ലൂര്‍ എന്ന ഗ്രാമത്തിലാണ്‌ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികള്‍ക്ക് ഇഷ്ടസ്ഥലമായത്. വിദ്യയുടെ ദേവതയായ സരസ്വതി വാണരുളുന്നുവെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന ഇടമാണ് ഈ ക്ഷേത്രം. പ്രകൃതിദൃശ്യങ്ങളില്‍ ഇത്രയും മനോഹാരിത ചാര്‍ത്തപ്പെട്ട മറ്റൊരു തീര്‍ഥാടനകേന്ദ്രം ദക്ഷിണേന്ത്യയില്‍ത്തന്നെ അപൂര്‍വം.

നടുവില്‍ സ്വര്‍ണരേഖ ഉള്ള സ്വയംഭൂ ലിംഗമാണു കൊല്ലൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇതിന്‍റെ വലതുഭാഗത്തായി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു രൂപങ്ങളും ഇടതു വശത്ത്‌ ത്രിമൂര്‍ത്തികളും സ്ഥിതി ചെയ്യുന്നു എന്നാണു സങ്കല്‍പം. സ്വയംഭൂ ലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖ് ചക്രഗധാധാരിയായ പഞ്ചലോഹനിര്‍മിതമായ ദേവീ വിഗ്രഹവും ഉണ്ട്. ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലനരികിലാണ്‌ അദ്വൈതാചാര്യനായ ശ്രീശങ്കരന്‍ തപസ്സിനിരുന്നതെന്നു വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യന്‍ നിര്‍ദേശിച്ച പ്രകാരമാണ്‌ ഇന്നും ക്ഷേത്രത്തിലെ പൂജാവിധികള്‍ നടക്കുന്നത്‌. ആദിശങ്കരനുമായി ബന്ധപ്പെട്ട ഐതീഹ്യമാണ് ഏറെ പ്രചാരത്തിലുള്ളത്. ആദിശങ്കരന്‍ നടത്തിയ തപസില്‍ സം‌പ്രീതയായി ദേവി പ്രത്യക്ഷപ്പെടുകയും ദര്‍ശനത്തില്‍ കണ്ട അതേ രൂപത്തില്‍ തന്നെ സ്വയംഭൂവിനു പുറകില്‍ ദേവിയുടെ വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഈ ഐതീഹ്യം. പരശുരാമനാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതെന്നും ഐതീഹ്യമുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കൊല്ലൂര്‍ മഹാരണ്യപുരം എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. സന്യാസവര്യനായ കോല മഹര്‍ഷി അന്ന് ദേവിയെ പ്രീതിപ്പെടുത്താനായി സൌപര്‍ണ്ണികാ തീരത്ത് തപസനുഷ്ഠിക്കാന്‍ ആരംഭിച്ചു. ഇതേ സമയം മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇവിടെ തപസ്സുചെയ്തിരുന്നു. അസുരന്‍റെ കൊടും തപസ്സില്‍ സം‌പ്രീതനായി കൈലാസനാഥന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാന്‍ കഴിയാത്ത വിധത്തില്‍ അസുരനെ പാര്‍വതി ദേവി മൂകനാക്കി മാറ്റി. ഇതില്‍ കോപിഷ്ഠനായ അസുരന്‍ ദേവിയെ തപസു ചെയ്തിരുന്ന കോല മഹര്‍ഷിക്ക് നേരെ തിരിഞ്ഞു. ഒടുവില്‍ ഭക്തനെ രക്ഷിക്കാനായി മൂകാസുരനെ വധിച്ച ദേവി മഹര്‍ഷിയുടെ അപേക്ഷ അനുസരിച്ച് അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു മറ്റൊരു സങ്കല്‍പം.നൂറ്റിയെട്ട്‌ ശക്‌തിപീഠങ്ങളില്‍ വിശേഷ പ്രാധാന്യമുള്ളതാണ്‌ ഈ ക്ഷേത്രം. ദേവീചൈതന്യത്തോടൊപ്പം ശൈവശക്‌തി സാന്നിധ്യവും ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. സിദ്ധി ക്ഷേത്രമായതിനാല്‍ ഇവിടെ ആ‍രംഭിച്ചാല്‍ കാര്യങ്ങള്‍ ശുഭമാകുമെന്നാണ് വിശ്വാസം. നൂറ് കണക്കിന് കുരുന്നുകളാണ് കൊല്ലൂരില്‍ എല്ലാവര്‍ഷവും വിദ്യാരംഭം കുറിക്കുന്നത്. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണു കുടജാദ്രി മലനിര. ആദിശങ്കരന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹയും ശങ്കരപീഠവും തീര്‍ത്ഥാടകര്‍ക്ക് കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന സ്ഥലത്ത് ഒരു ക്ഷേത്രവും കാണാം.ആദിശങ്കരന്‍ കുടജാദ്രിയില്‍ തപസ്സു ചെയ്യുകയും ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്‍റെ കൂടെ വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കാന്‍ അനുമതി തരണമെന്നും അപേക്ഷിച്ചു. ആഗ്രഹം സമ്മതിച്ച ദേവി ലക്‍ഷ്യസ്ഥാനത്ത് എത്തുന്നതു വരെ തിരിഞ്ഞു നോക്കരുതെന്നും തിരിഞ്ഞുനോക്കിയാല്‍ താന്‍ അവിടെ പ്രതിഷ്ഠിതയാകുമെന്നും ഉള്ള വ്യവസ്ഥയും വച്ചു. കൊല്ലൂരെത്തിയപ്പോള്‍ പൊടുന്നനെ ദേവി തന്‍റെ പാദസ്വരത്തിന്‍റെ ശബ്ദം നിലപ്പിച്ചു. തുടര്‍ന്ന് ശങ്കരന്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ ദേവി അവിടെ പ്രതിഷ്ഠിതയായി എന്നും ഐതീഹ്യമുണ്ട്.

ഗര്‍ഭഗ്രഹത്തിനു പുറകിലായി വടക്കേ മൂലയില്‍ ശങ്കരപീഠം കാണാം. ഇതിനു മുന്നിലായി ശങ്കരാചാര്യ കൃതികളിലെ ഉദ്ധരണിയോടു കൂടി അദ്ദേഹത്തിന്‍റെ ഒരു വെണ്ണക്കല്‍ പ്രതിമയും ഉണ്ട്. കുടജാദ്രി മലകളില്‍ നിന്നും ഉത്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു.ശ്രീ ശങ്കരനെ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെടുത്തിയ ഒരു കഥയുണ്ട്‌. കാല്‍നടയായി സഞ്ചരിച്ച ശങ്കരാചാര്യര്‍ ഒരിക്കല്‍ വളരെ ക്ഷീണിതനായി അരയാല്‍ വൃക്ഷത്തണലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍ സ്വാമിക്ക്‌ ദാഹം തീര്‍ക്കാനായി ഒരു പാത്രം നിറയെ പാല്‍ ശേഖരിച്ച്‌ സമീപത്തുവച്ച്‌ കടന്നുപോയി. ഉറക്കം ഉണര്‍ന്ന ശ്രീശങ്കരന്‍ തന്റെ അടുത്ത്‌ ഒരു പാത്രം നിറയെ പാല്‍ ഇരിക്കുന്നത്‌ കണ്ടു. സന്തോഷപൂര്‍വ്വം അത്‌ എടുത്ത്‌ കുടിക്കാനായി ശ്രമിച്ചപ്പോള്‍ കടുത്ത ക്ഷീണം കാരണം സാധിക്കാതെ വന്നു. പാല്‌ എടുത്ത്‌ കുടിക്കുവാനുള്ള ശക്തിപോലും തനിക്കില്ലല്ലോ എന്ന്‌ പറഞ്ഞ്‌ സ്വാമികള്‍ സങ്കടപ്പെട്ടു.
ഈ സമയത്ത്‌ അന്തരീക്ഷത്തില്‍ സ്ത്രീ ശബ്ദത്തില്‍ ഒരു അശരീരി ഉണ്ടായി. “ശങ്കരന്‌ ഇപ്പോഴാണ്‌ ശക്തിയെപ്പറ്റി ബോധമുണ്ടായത്‌. സര്‍വം ശിവമയം എന്നല്ലെ ഇതുവരെ പറഞ്ഞത്‌?” ഇതായിരുന്നു അശരീരി. ഇത്‌ ശ്രവിച്ച ശ്രീശങ്കരന്‌ അത്‌ പരാശക്തിയുടെ മൊഴികളാണെന്ന്‌ ബോധ്യപ്പെടുകയും ശക്തിയാണ്‌ പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്നതെന്ന്‌ മനസ്സിലാക്കുകയും ചെയ്തു. ഉടനെ അവിടെ വച്ചുതന്നെ ആദിപരാശക്തിയെ പ്രകീര്‍ത്തിച്ചു കൊണ്ട്‌ മനോഹരമായ ഒരു കാവ്യം രചിച്ചു. അതാണ്‌ ലോക പ്രസിദ്ധമായ ‘സൗന്ദര്യലഹരി’. സൗന്ദര്യലഹരി തന്നെ ഒരു തന്ത്രശാസ്ത്രമാണ്‌. ശക്തി ആരാധനയുടെ മാഹാത്മ്യത്തെ സൗന്ദര്യലഹരിയെന്ന തന്റെ കാവ്യത്തിലൂടെ ശ്രീശങ്കരന്‍ ലോകത്തിന്‌ മനസ്സിലാക്കിക്കൊടുത്തു. മൂകാംബികയുടെ അനുഗ്രഹമാണ്‌ ഇത്തരത്തിലൊരു മഹാകാവ്യം രചിക്കാന്‍ ശ്രീശങ്കരന്‌ സാധിച്ചത്‌.

മീനത്തിലെ ഉത്രം നാളിലാണ്‌ മൂകാംബിക ക്ഷേത്രത്തില്‍ ഉത്സവ കൊടിയേറ്റം. ഒന്‍പത്‌ നാളാണ്‌ ഉത്സവം. എല്ലാ വര്‍ഷവും ദേവിയുടെ ജന്മനക്ഷത്രമായ മീനമാസത്തെ മൂലം നാളില്‍ മഹാരഥോല്‍സവം നടക്കും. ഒന്‍പതു ദിവസത്തെ ഉല്‍സവമാണിത്‌. ഏഴു നിലകളുള്ള ബ്രഹ്മരഥമാണ് രഥോതത്സവത്തിന്‌ ഉപയോഗിക്കുന്നത്. പുലര്‍ച്ചെ രണ്ടരയോടെ നിര്‍മാല്യ ദര്‍ശനം മുതലാണ്‌ മഹാരഥോല്‍സവ ദിന ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിക്കുക. ഒരു മണിക്കൂറിനകം ഉഷഃപൂജ ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചിനാണ്‌ നിര്‍മാല്യ ദര്‍ശനം.

രഥോത്സവദിനം പുലര്‍ച്ചെ ദേവിയുടെ രഥാരോഹണം നടക്കും. അലങ്കരിച്ച മഹാരഥത്തിലേക്ക്‌ ദേവി ബലിബിംബമേറുന്ന ചടങ്ങാണിത്‌. വൈകിട്ട് അഞ്ചുമണിയോടെയാണ് രഥോല്‍സവത്തിന്‌ ആരംഭം കുറിച്ച്‌ രഥചലനം ആരംഭിക്കുന്നത്. പ്രധാന ഗോപുര നടയില്‍ നിന്ന്‌ ഓലക മണ്ഡപം വരെയും തിരിച്ചും രഥം എഴുന്നള്ളിക്കും. രാത്രി ക്ഷേത്രക്കുളത്തില്‍ ആറാട്ടും സൗപര്‍ണികയില്‍ തീര്‍ഥശുദ്ധി ഹോമം, പ്രതീകാത്മക മൃഗവേട്ടയും നടക്കും. ആയിരങ്ങളാണ് ഉത്സവ നാളില്‍ കൊല്ലൂരിലേക്ക് എത്തുന്നത്.