"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ലിംഗരാജ ക്ഷേത്രം | ഹൈന്ദവം

ലിംഗരാജ ക്ഷേത്രം

ഒഡീഷാ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഭുവനേശ്വറിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ശിവ ക്ഷേത്രമാണ് ലിംഗരാജ ക്ഷേത്രം.ഭുവനേശ്വറിൽ ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും വലിയ ക്ഷേത്രമാണിത്.കലിംഗ വാസ്തു വിദ്യയുടെ മകുടോദാഹരണമായ ഈ ക്ഷേത്രത്തിന് ആയിരത്തിൽ പരം വർഷങ്ങളുടെ പഴക്കമാണ് കണക്കാക്കുന്നത്. എന്നാൽ ക്രിസ്തുവർഷം ആറാം നൂറ്റാണ്ടിൽ തന്നെ ഇവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്ന് ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചില സംസ്കൃത ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. പിന്നീട് സോമവംശജനായ യയാതി കേസരി എന്ന രാജാവ് ക്ഷേത്രം പുതുക്കി പണിയുകയാണുണ്ടായത് . ഈ രാജാവിനെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇദ്ദേഹത്തിന്റെ സാമ്രാജ്യം അതി ബൃഹത്തായിരുന്നു എന്നും ജയ്പൂർ ആയിരുന്നു ആദ്യ തലസ്ഥാനം എന്നും പറയപ്പെടുന്നു. പിന്നീട് ഭുവനേശ്വറിലേയ്ക്കു തലസ്ഥാനം മാറ്റുകയാണ് ചെയ്തത്. ഈ പ്രദേശത്തെകുറിച്ച് ബ്രഹ്മ പുരാണത്തിൽ പരാമർശമുണ്ട്. ഇവിടം പണ്ട് എകാംര ദേശം എന്നാണ് അറിയപ്പെട്ടിരുന്നത്.

ക്ഷേത്രത്തിന് ഏകദേശം 55 മീറ്ററോളം ഉയരമുണ്ട്. പതിനഞ്ച് കിലോമീറ്ററോളം അകലെ നിന്നും ക്ഷേത്ര ഗോപുരം കാണാനാകും. ഇതിന്റെ മുകൾ ഭാഗത്ത് കല്ലുകൾ പ്രത്യേക രീതിയിൽ വെട്ടി നിർമിച്ചിരിക്കുന്നു . ഗോപുരത്തിന്റെ ഈ പ്രത്യേകത കാരണം ക്ഷേത്രത്തിന് കൂടുതൽ ഉയരം ഉള്ളതായി തോന്നും. പ്രധാന ക്ഷേത്രത്തിന് ചുറ്റും നൂറ്റി അൻപതോളം ഉപദേവ ക്ഷേത്രങ്ങളുണ്ട്. ഇതിൽ ഒട്ടുമിക്ക ഹിന്ദു ദേവീ ദേവന്മാരുടെയും വിഗ്രഹങ്ങൾ പൂജിക്കപ്പെടുന്നു.എന്നാൽ ചില ഉപക്ഷേത്രങ്ങൾ പൂജയൊന്നുമില്ലാതെ തകർന്നു കിടക്കുകയാണ്. ഈ ക്ഷേത്ര സമുച്ചയത്തെ നാല് ഭാഗങ്ങളായി തിരിക്കാം. പ്രധാന ക്ഷേത്രം, യജ്ഞ ശാല, ഭോഗ മണ്ഡപം, നാട്യ ശാല അഥവാ നടന മന്ദിരം എന്നിവയാണവ. ഇതിൽ പ്രധാന ക്ഷേത്രത്തിനുള്ളിലാണു ഗർഭഗൃഹം അഥവാ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്.ശ്രീകോവിലിനുള്ളിൽ ശിവന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠകളുണ്ട്. വിഷ്ണു വിഗ്രഹം സാളഗ്രാമ ശിലയിലാണ് നിർമിച്ചിരിക്കുന്നത്. ഇതിനോട് ചേർന്ന് ശിവലിംഗം സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ശിവലിംഗം സ്വയംഭൂ ആണെന്ന് വിശ്വസിക്കപെടുന്നു.പ്രതിഷ്ഠയിൽ എല്ലാ ദിവസവും പാൽ, ജലം, ഭാംഗ് എന്നിവ കൊണ്ട് ധാര നടത്തുന്നു. ശിവനെയും വിഷ്ണുവിനെയും കൂടാതെ ഗണപതി, സുബ്രമണ്യൻ പാർവതീ ദേവി എന്നിവരുടെ പ്രതിഷ്ഠകളും കാണാനാകും .ഇവിടെ ശൈവ മതത്തോടൊപ്പം വൈഷ്ണവ മതവും ശക്തമായിരുന്നു. ഇവിടെ ക്ഷേത്ര നിർമ്മാണം നടക്കുമ്പോൾ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വിഗ്രഹം വളരാൻ തുടങ്ങിയെന്നും ഇത് ലിംഗരാജ ക്ഷേത്രത്തിൽ വിഷ്ണു ചൈതന്യം ഉണ്ടെന്നുള്ളതിനു തെളിവാണെന്നും ഐതിഹ്യമുണ്ട്. ഇവിടുത്തെ സങ്കല്പം "ഹരിഹര" എന്നാണു അറിയപ്പെടുന്നത്. അതായത് ഹരനോടൊപ്പം (ശിവൻ) ഹരിയെയും ആരാധിക്കുന്നു (വിഷ്ണു‍).ഇവിടെയുള്ള ക്ഷേത്രങ്ങളിൽ സാധാരണയായി പൂജിക്കപ്പെടുന്ന ദേവന്റെ ആയുധമാണ് ക്ഷേത്ര ഗോപുരത്തിൽ പ്രത്ഷ്ടിക്കുക പതിവ്. എന്നാൽ ലിംഗരാജ ക്ഷേത്രത്തിൽ ശ്രീരാമന്റെ അമ്പ്‌ ആണ് ഗോപുരത്തിന് മുകളിൽ കാണുന്നത്.ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള പ്രവേശന കവാടം സിംഹദ്വാരം എന്നറിയപ്പെടുന്നു. ഇവിടെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളുടെ ശില്പങ്ങൾ കാണാം. ഈ പ്രദേശത്തുള്ള മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും സമാനമായ ക്ഷേത്ര പാലക സങ്കൽപം കാണാവുന്നതാണ്. ക്ഷേത്ര വാതിലിന്റെ ഒരു പകുതിയിൽ ത്രിശൂലവും മറു പകുതിയിൽ സുദർശന ചക്രവും ഉണ്ട്. ഇവിടെ പണ്ട് ദേവദാസി സമ്പ്രദായം നില നിന്നിരുന്നു എന്നതിനു തെളിവായി ഇവിടെയുള്ള നടന മന്ദിരം ചൂണ്ടി കാണിക്കപെടുന്നു. ഇവിടെ ദേവദാസികളുടെ നൃത്തം അരങ്ങേറിയിരുന്നതായി ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ട ചില സംസ്കൃത ഗ്രന്ഥങ്ങളിൽ കാണുന്നു.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം ഇപ്രകാരമാണ്: പരമശിവൻ ഒരിക്കൽ തന്റെ ശക്തിയുപയോഗിച്ച് ഈ പ്രദേശത്ത് ഒരു തടാകം നിർമിച്ചു. ശിവനിൽ നിന്നും ഇതിന്റെ ഭംഗി കേട്ടറിഞ്ഞ ദേവി പാർവതി ഒരു ഗോപാലികയുടെ വേഷത്തിൽ ഇവിടം കാണാൻ ഇറങ്ങി . തടാകത്തിന്റെയും കാനനത്തിന്റെയും ഭംഗി കണ്ടു നടക്കവേ, സ്വയംഭൂവായ ഒരു ശിവ ലിംഗത്തിൽ പശുക്കൾ തങ്ങളുടെ മുലകൾ ചുരത്തി പാലഭിഷേകം ചെയ്യുന്നത് ദേവി കാണുകയും ഉടനെ അവിടെയിരുന്നു ശിവനെ പൂജിക്കുകയും ചെയ്തു. അപ്പോൾ ആ വഴി വന്ന കൃത്തി വാസസന്മാർ എന്ന അസുരന്മാർ പാർവതീ ദേവിയെ കണ്ടു മുട്ടുകയും ദേവിയോട് തങ്ങളെ വിവാഹം കഴിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. അസുരന്മാരെ ഏതെങ്കിലും ഉപായം കൊണ്ടല്ലാതെ നിഗ്രഹിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ദേവി അവരെ വിവാഹം കഴിക്കാൻ തയാറാണെന്ന് അറിയിച്ചു. അതിനു മുന്പ് തനിക്ക് നിങ്ങളിൽ ആരാണ് കൂടുതൽ ശക്തിയുള്ളവൻ എന്ന് അറിയണമെന്നും ആ ആളെ മാത്രമേ വിവാഹം കഴിക്കൂ എന്നും അറിയിച്ചു. തന്നെ തോളിൽ എടുത്ത് ഏറെ നേരം നടക്കാൻ ശേഷിയുള്ളവൻ മത്സരത്തിൽ വിജയിക്കുമെന്നും ദേവി പറഞ്ഞു. അങ്ങനെ പറഞ്ഞു കൊണ്ട് പാർവതീ ദേവി അസുരന്മാരുടെ തോളിൽ ചാടി കയറി. ദേവിയുടെ ഭാരം താങ്ങാൻ വയ്യാതെ അസുരന്മാർ രണ്ടും മരിച്ചു വീണു.ഇങ്ങനെ അസുരന്മാരെ നിഗ്രഹിച്ച ദേവിയും ഇവിടെ ശിവ ലിംഗ ത്തോടൊപ്പം ഉപവിഷ്ഠയായി. ലിംഗരാജ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഹിന്ദുക്കൾക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ അന്യ മതസ്ഥർക്ക് പുറത്തു നിന്ന് ക്ഷേത്രം വീക്ഷിക്കുവാൻ മതിലിനു വെളിയിലായി ഒരു നിരീക്ഷണ കേന്ദ്രം ഉണ്ട്. ക്ഷേത്രത്തിലെ ചില ഭാഗങ്ങൾ അല്പമൊക്കെ നശിച്ചു എങ്കിലും പുനർ നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ട്.