"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തിരുനാവായ നാവാമുകുന്ദക്ഷേത്രം | ഹൈന്ദവം

തിരുനാവായ നാവാമുകുന്ദക്ഷേത്രം

കേരളത്തിൽ മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, നാവാമുകുന്ദൻ എന്നപേരിൽ ഈ ക്ഷേത്രേശൻ അറിയപ്പെടുന്നു. തിരുനാവായ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഇതിഹാസ പ്രശസ്തമായ മാമാങ്കം നടന്നിരുന്നത്. കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന്റെ ഉടമസ്ഥയിലാണ് ഇന്നും തിരുനാവായ ക്ഷേത്രം. ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെ നിളാതീരം. ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം. വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദ പെരുമാളായി നിന്ന തിരുക്കോലത്തിൽ കുടികൊള്ളുന്നു.

ഐതിഹ്യം

ഐതിഹ്യ പെരുമകളാൽ സമ്പന്നമാണ് നിളാതീരത്തെ നാവാമുകുന്ദക്ഷെത്രവും നാവായ് മുകുന്ദ പെരുമാളും. മലയാളത്തിലും തമിഴിലും ധാരാളം പുസ്തകങ്ങൾ ഇവിടുത്തെ തേവരുടെ ഐതിഹ്യകഥകൾ പറയുന്നുണ്ട്. ഒൻപതുയോഗികൾ ഇവിടെ പ്രതിഷ്ഠനടത്തിയെങ്കിലും ഒൻപതാമത്തെ തവണ പാൽപായസം തരാമെന്ന വ്യവസ്ഥയിലാണ് പ്രതിഷ്ഠ ഉറച്ചതെന്നും ഐതിഹ്യം പറയുന്നു. നാവാമുകുന്ദക്ഷേത്രത്തിനടിയിൽ നിരവധി വിഗ്രഹങ്ങളുണ്ടെന്ന് വിശ്വാസമുള്ളതിനാൽ ഇവിടെ അധികം പ്രദക്ഷിണം വയ്ക്കാറില്ല. ആദ്യം പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങൾ എവിടെയൊക്കെയാണെന്നറിയാത്തതിനാൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളും തിരുനാവായ വാദ്ധ്യാനും മുട്ടുകുത്തിയാണ് പ്രദക്ഷിണം വച്ചിരുന്നതും തൊഴുതിരുന്നതുമത്രെ.

നവയോഗികൾ

നവയോഗികളായ സത്തുവനാഥർ, സാലോഗനഥർ, ആദിനാഥർ, അരുളിത്തനാഥർ, മാദംഗനാഥർ, മച്ചേന്ദിരനാഥർ, കഡയന്തിരനാഥർ, കോരയ്ക്കനാഥർ, കുക്കുടാനാഥർ, എന്നിവർക്ക് മഹാവിഷ്ണു ഇവിടെ ദർശനം നൽകിയിട്ടൂണ്ട്. ധാരാളം യാഗങ്ങൾ നടത്തി പ്രസിദ്ധിയാർജ്ജിച്ച നവയോഗികളുടെ സാന്നിധ്യം സ്ഥലനാമത്തിനു കാരണമായി എന്നു കരുതുന്നു. “തിരുനവയോഗി” എന്നു പറയെപ്പെട്ടിരുന്നത് പിന്നീട് ലോപിച്ച് "തിരുനാവായ" എന്നുമായിമാറിയെന്ന് ഒരു ഐതിഹ്യം.

ലക്ഷ്മീദേവിയും ആദിഗണേശനും

ലക്ഷ്മി സമേതനായ നാരായണന്റെ സങ്കല്പമാണ് നാവാമുകുന്ദന്റേത്. ലക്ഷ്മി-നാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകൾ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകൾ അപൂർവ്വമത്രേ. ഇതിനാധാരമായി പറയപ്പെടുന്നത് നവാമുകുന്ദന്റെ ഭക്ത വാത്സല്യം വെളിപ്പെടുത്തുന്ന ഒരു കഥയാണ്. വിഷ്ണുഭക്തനായ ആദിഗണേശൻ ബ്രാഹ്മമുഹൂർത്തത്തിൽ നിളയിൽ സ്നാനം ചെയ്ത്, അടുത്തുള്ള താമരപൊയ്കയിൽ നിന്നും നവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കൾ പറിച്ചുകൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തിൽ അർച്ചന നടത്തിയിരുന്നു. ഒരു അക്ഷയത്രീതീയ നാൾ താമരപ്പൂക്കൾ ശേഖരിക്കാൻ ചെന്നപ്പോൾ, മറ്റാരോ താമരപ്പൂക്കൾ പറിച്ചതിനാൽ, ആദിഗണേശന് താമരപ്പൂവ് ഒന്നും ലഭിച്ചില്ല. ഇതിൽ കുണ്ഠിതനായ ഗണേശൻ തന്റെ സങ്കടം നവാമുകുന്ദനോട് ഉണർത്തിക്കാൻ ചെന്നപ്പോൾ മുകുന്ദവിഗ്രഹം താമരപ്പൂക്കളാൽ മൂടിയിരിക്കുന്നതായി കണ്ടു. തനിക്ക് മുൻപ് ആരോ താമരപ്പൂക്കൾ പറിച്ച് അർച്ചന നടത്തിയതായി മനസ്സിലായി. അതിൽ മനം നൊന്ത് അദ്ദേഹം മുകുന്ദപാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. തന്റെ ദുർവിധിക്ക് കാരണം എന്താണെന്നും, അതു പരിഹരിക്കാൻ തനിക്ക് കഴിവുണ്ടാക്കിതരണം എന്നും വിലപിച്ച് കൊണ്ട് ആദിഗണേശൻ ശ്രീമുകുന്ദനോട് മനമുരുകി പ്രാർത്ഥിച്ചു. നവാമുകുന്ദൻ പ്രത്യക്ഷനായി. തന്റെ പ്രിയപത്നി ശ്രീമഹാലഷ്മി, ആദിഗണേശനെഴുന്നേൽക്കുന്നതിനുമുമ്പുതന്നെ താമരപ്പൂക്കൾ ശേഖരിച്ച് അർപ്പിച്ചതാണ്. തനിക്ക് തന്റെ ഭക്തന്മാരോടുള്ള അമിത സ്നേഹവാത്സല്യങ്ങൾ കണ്ട് , അതിൽ അസൂയ പൂണ്ട്, അത്രയും സ്നേഹവാത്സല്യങ്ങൾ ദേവിക്കും കിട്ടണം എന്ന ആഗ്രഹത്താലാണ് ദേവി അങ്ങനെ ചെയ്തതെന്നും ഭഗവാൻ അരുളിച്ചെയ്തു. തനിക്ക് നവാമുകുന്ദാർച്ചന നടത്താൻ താമരപ്പൂക്കൾ ലഭിക്കാതെ വരരുതേ എന്ന ആദിഗണേശന്റെ പ്രാർത്ഥന ഭഗവാൻ സ്വീകരിച്ചു. ഇനിമേലിൽ ശ്രീഗണേശന് നിർവിഘ്നം താമരപ്പൂക്കൾ ലഭിക്കുമെന്നനുഗ്രഹിച്ച് ശ്രീ മഹാലക്ഷ്മിയെ തന്റെ വാമഭാഗത്ത് കുടിയിരുത്തി എന്നാണ് സങ്കല്പം. തിരുനാവായിൽ ഭഗവാനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതിപ്പോരുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കൾ ഭഗവാൻ അർപ്പിയ്ക്കാൻ സമ്മതിക്കാത്ത ലക്ഷ്മീദേവിയെ ഇവിടെ ‘’മലർ മങ്കൈ നാച്ചിയാർ‘’ എന്നും അറിയപ്പെടുന്നു. ഭഗവാനോടൊപ്പം ശിവനെയും ഇവിടെ കാണാൻ സാധിയ്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട് . ഇവിടുത്തെ മൂല പ്രതിഷ്ഠ നാവായ് മുകുന്ദനാണ്. നിന്നത്തിരുക്കോലത്തിൽ പള്ളികൊള്ളൂന്ന ഭഗവാന്റെ തിരുമുഖ ദർശനം കിഴക്ക് ദിശയിലാണ്. മലർ മങ്കൈ നാച്ചിയാരായ ലക്ഷ്മീദേവിയായി ദേവിയും ഇവിടെ കു ടി കൊള്ളുന്നു.

പരശുരാമനും ശ്രാദ്ധവും

പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി ഇവിടെ നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. രാമൻ കർക്കിടക അമാവാസി നാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ-സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്നു വിശ്വസിക്കുന്നു.

പ്രതിഷ്ഠാമൂർത്തികൾ

ക്ഷേത്രത്തിലെ പ്രധാന പ്രതിക്ഷ്ഠ ലക്ഷ്മിസമേതനായ നാരായണനാണെന്ന് പുരാണ തമിഴ് ഗ്രന്ഥമായ ദിവ്യപ്രബന്ധത്തിൽ പരാമർശം കാണുന്നു.

ഉപദേവതകൾ

ഗണപതി

മഹാലക്ഷ്മി

ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളത്. ഇതര കൃഷ്ണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് പത്നീ സമേതനാണ് തിരുനാവായിൽ നാവാമുകുന്ദൻ.

ശാസ്താവ്

തിരുനാവാക്ഷേത്രം ഭാരതപ്പുഴയുടെ വടക്കേതീരത്ത് സ്ഥിതിചെയ്യുമ്പോൾ ദക്ഷിണ ഭാഗത്ത് അങ്ങേക്കരയിൽ ശിവക്ഷേത്രവും, അതിനടുത്തായി ബ്രഹ്മക്ഷേത്രവും സ്ഥിതിചെയ്യുന്നു. മൂന്നു ദേവ പ്രതിഷ്ഠകളുംകൂടി തൃമൂർത്തീ സാന്നിധ്യം നൽകി ഇവിടെ അനുഗ്രഹിക്കുന്നു.

മംഗളശാസനം

നമ്മാൾവാർ - 11 പാശുരാമങ്ങളും തിരുമങ്കൈ ആൾവാർ- 2 പാശുരാമങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ചെന്താമര സരസ്സ് എന്നറിയപ്പെടുന്ന ഇവിടുത്തെ പുഷ്കരണിയിൽ നിറയെ ചുവന്ന താമരപ്പൂക്കളാണുള്ളത്. അതുകൊണ്ട് തന്നെ ആ പുഷ്കരണിയ്ക്ക് അങ്ങനെ പേർ വന്നതും. വേദപണ്ഡിതന്മാരായ നവയോഗികളാൽ ആരാധിയ്ക്കപ്പെട്ടിരുന്നതുകാരണം ഇവിടുത്തെ വിമാനം “വേദ വിമാനം“ എന്നാണറിയപ്പെടുന്നത്.

പിതൃതർപ്പണം

പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമസ്ഥാനം. ആണ്ടു ശ്രാദ്ധം, മരിച്ച് പതിനാറിനോടുബന്ധിച്ചുള്ള ബലികർമ്മങ്ങൾ, ത്രിപക്ഷപിണ്ഡം(മരിച്ച് 41 ന്) , പുലയിലുള്ള 14 ദിവസത്തെ ബലികർമ്മങ്ങൾ, അസ്ഥിസ്ഥാപനം, ക്ഷേത്രപിണ്ഡം, വാവുബലി, എന്നിങ്ങനെ പിതൃകർമ്മങ്ങൾ നിത്യേന ഇവിടെ നടക്കാറുണ്ട്. ദിവംഗതരായ പൂർവ്വപിതാക്കൾക്കും ബന്ധുജനങ്ങൾക്കും വേണ്ടി, കേരളത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള അനേകമാളുകൾ ബലിതർപ്പണകർമ്മങ്ങൾക്കായും അസ്ഥിനിമജ്ഞനത്തിനും മറ്റുമായി ഈ പുണ്യ സംഗമസ്ഥാനത്ത് എത്താറുണ്ട്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്രു, ആർ. ശങ്കർ, ലാൽ ബഹദൂർ ശാസ്ത്രി, ജയപ്രകാശ് നാരായണൻ, കേളപ്പജി, കെ. കരുണാകരൻ തുടങ്ങിയ മഹാത്മാക്കളൂടെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്തിട്ടുണ്ട്. ഗാന്ധിജിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കിയതിന്റെ സ്മരണക്കായി പണിതുയർത്തപ്പെട്ട ഗാന്ധിസ്മാരകം നാവാമുകുന്ദക്ഷേത്രത്തിലേക്കുള്ള വഴിയിൽ അടയാളമെന്നോണം കാണാവുന്നതാണ്.

യാത്രാമാർഗ്ഗങ്ങൾ

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ തിരൂരിന് 8-കി.മി. തെക്കാണ് തിരുനാവായ. തെക്കുഭാഗത്തുനിന്ന് (എറണാകുളം, തൃശ്ശൂർ) വരുന്നവർ (ബസ്സ്) കുറ്റിപ്പുറത്ത് ഇറങ്ങി തിരുരിലേക്കുള്ള വഴിയിൽ 7-കി.മി. സഞ്ചരിക്കുകയാണെങ്കിൽ നാവാമുകുന്ദക്ഷേത്രത്തിൽ എത്താവുന്നതാണ്. വടക്ക് ഭാഗത്തുനിന്ന് (നാഷണൽ ഹൈവേ തൃശ്ശൂർ-കോഴിക്കോട്) വരുകയാണെങ്കിൽ പുത്തനത്താണിയിൽ ഇറങ്ങി 8-കി.മി. സഞ്ചരിക്കുകയാണെങ്കിൽ ക്ഷേത്രത്തിൽ എത്താവുന്നതുമാണ്. ട്രയിൻ വഴിയാണെങ്കിൽ കുറ്റിപ്പുറം റെയിവേസ്റ്റേഷനിൽ ഇറങ്ങിയാൽ മതി. പാസഞ്ചർ ട്രെയിനുകൾ തീരുനാവായ റെയിൽവേ സ്റ്റേഷനിൽ നിർത്താറുണ്ട്. തിരുനാവായ റെയിൽവേസ്റ്റേഷനിൽ നിന്നും ഒരു മൈൽ അകലെയാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.