"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തിരുച്ചെന്തൂര്‍ ബാലമുരുക ക്ഷേത്രം | ഹൈന്ദവം

തിരുച്ചെന്തൂര്‍ ബാലമുരുക ക്ഷേത്രം

മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രം ദര്‍ശിച്ച്, തെന്‍തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള രണ്ടാം പടൈവീടായ തിരുച്ചെന്തൂരിലേക്ക്. ശൂരപദ്മാസുരനെ ഹനിക്കാന്‍, കടലോരത്ത് പടകൂട്ടിയ ദേവസേനാപതിയുടെ കോവിലിലേക്ക് . മലമുകളില്‍ കുടിയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ദേവന്റെ കടലോരത്തുള്ള മഹാക്ഷേത്രമാണ് തിരുച്ചെന്തൂര്‍. തമിഴ്‌നാടിന്റെ തെക്കു ഭാഗത്ത്, തിരുനെല്‍വേലിക്കടുത്താണ് രണ്ടാം പടൈവീടായ തിരുച്ചെന്തൂര്‍. ഇവിടെ വെച്ചാണ് ദേവന്‍ ശൂരസംഹാരം നടത്തിയതെന്ന് ഐതിഹ്യം. സമുദ്രമധ്യത്തിലുള്ള വീരമഹേന്ദ്രപുരം എന്ന കോട്ടയില്‍ ദേവസേനയുമായി തമ്പടിച്ച് , ത്രിലോകങ്ങളെ കാല്‍ക്കീഴിലാക്കിയ ശൂരപദ്മനെയും സഹോദരങ്ങളായ സിംഹമുഖനെയും താരകനേയും വധിച്ച്, അസുരസേനയെ മുടിച്ച് തന്റെ അവതാരോദ്ദേശം സാധിച്ച പുണ്യസ്ഥലം. രണ്ടായി ഛേദിച്ച ശൂരപദ്മന്റെ ശരീരത്തില്‍ ഒരു ഭാഗം മയിലായും മറു ഭാഗം കോഴിയായും മാറി. മയില്‍ ദേവന്റെ വാഹനമായി, കോഴി ദേവേന്ദ്രന്റെ കൊടിയടയാളമായും മാറി. ദേവവിജയം കൊണ്ടാടാനാണ് സ്‌കന്ദഷഷ്ഠിയാഘോഷം. ദേവന് ശിവഭഗവാനെ ഭജിക്കാന്‍ മയന്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് തിരുച്ചെന്തൂര്‍ എന്നാണു വിശ്വാസമെങ്കിലും പ്രധാന പ്രതിഷ്ഠ മുരുകന്‍ തന്നെ.

ദേവസേനാപതിയായ ബാലസുബ്രഹ്ഹ്മണ്യന്‍ ഇവിടെ സെന്തിലാണ്ടവനാണ്. കിഴക്കു ദിക്കിലേക്ക് സമുദ്രത്തിന് ദര്‍ശനം നല്‍കി ഏകനായി മന്ദഹസിച്ചു നില്‍ക്കുന്ന ചതുര്‍ബാഹുവാണ് പ്രതിഷ്ഠ. പ്രതിഷ്ഠയുടെ ഇടതു ഭാഗത്ത് ജഗന്നാഥ ശിവലിഗം. തെക്കു ഭാഗത്ത് ദര്‍ശനം തരുന്ന വള്ളീദേവയാനീസമേതനായ ഷണ്‍മുഖസ്വാമിയുടെ പന്ത്രണ്ടു കൈകളുള്ള വിഗ്രഹം പണ്ട് ഡച്ചുകാര്‍ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചതാണ്. തിരുച്ചെന്തൂര്‍ ദേവനെ പ്രകീര്‍ത്തിച്ച് ശങ്കരാചാര്യര്‍ രചിച്ച സുബ്രഹ്മണ്യ ഭുജംഗത്തിലെ വരികള്‍ ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വദനാരംഭതീര്‍ഥമായ കടലില്‍ കുളിച്ചാണ് ഭഗവാനെ ദര്‍ശിക്കേണ്ടത്. ക്ഷേത്രം ഉയരത്തിലാണെങ്കിലും ശ്രീകോവില്‍ സമുദ്രനിരപ്പിനും താഴെയാണ്. രാവിലെ അഞ്ചിനു നട തുറന്നാല്‍ രാത്രി ഒമ്പതു വരെ നട അടച്ചിടാറില്ല. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിലേക്കു പ്രവേശിക്കണമെങ്കില്‍ മേല്‍ വസ്ത്രം മാറ്റണം.

മാര്‍ത്താണ്ഡ വര്‍മ്മയാണ് ക്ഷേത്രരീതികള്‍ ക്രമപ്പെടുത്തിയെതെന്ന് കരുതുന്നു. (രാവിലെയുള്ള ഉദയമാര്‍ത്താണ്ഡ പൂജ ഉദാഹരണം). പൂജാരികള്‍ തുളു ബ്രാഹ്മണന്‍മാരാണ്. പടിഞ്ഞാറു ഭാഗത്താണ് ഒമ്പതു നിലകളുള്ള രാജഗോപുരമെങ്കിലും, നൂറ്റിഇരുപത്തിനാല് തൂണുകള്‍ അലങ്കരിക്കുന്ന തെക്കു ഭാഗത്തുള്ള ഷണ്‍മുഖവിലാസ മണ്ഡപമാണ് പ്രധാന പ്രവേശന കവാടം. തുടര്‍ന്ന് ശീവേലി മണ്ഡപം. ദക്ഷിണാമൂര്‍ത്തി, വളളി, കാശി വിശ്വനാഥന്‍, വിശാലാക്ഷി, ചണ്ടികേശ്വരന്‍, ഭൈരവന്‍, ശനീശ്വരന്‍ എന്നീ മൂര്‍ത്തികളും 63 നായനാര്‍മാരുടെ പ്രതിമകളും ഇവിടെ കാണാം. അടുത്ത പ്രാകാരമായ ഐരാവതമണ്ഡപത്തില്‍ ബാലാജിയും മേലെവാസല്‍ വിനായകനും. ക്ഷേത്രത്തിനു മുമ്പിലും, ചുറ്റും നടപ്പന്തലിട്ട നീണ്ടു കിടക്കുന്ന ഗിരിപ്രാകാരം. ചുറ്റിലും നിറയെ മണ്ഡപങ്ങള്‍. നടപ്പന്തലിനു തുടക്കത്തില്‍ തുണ്ടുകൈ വിനായകന്‍. സ്‌കന്ദപുഷ്‌കരണിയെന്നു വിഖ്യാതമായ ശുദ്ധജല ഉറവയായ നാഴിക്കിണറിലേക്കു ക്ഷേത്രത്തില്‍ നിന്നു നീളുന്ന നടപ്പാതയുണ്ട്. വടക്കു ഭാഗത്ത് വള്ളിയുടെ ഗുഹാക്ഷേത്രവും ധ്യാനമണ്ഡപവും. വഴിയോരത്തുള്ള വേപ്പു മരങ്ങളില്‍ നിറയെ മയിലുകള്‍...