"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശ്രീ ഉദിയന്നൂര്‍ ദേവീക്ഷേത്രം | ഹൈന്ദവം

ശ്രീ ഉദിയന്നൂര്‍ ദേവീക്ഷേത്രം

തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലാണ് പ്രസിദ്ധമായ ശ്രീ ഉദിയന്നൂര്‍ ദേവീക്ഷേത്രം. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഊരുട്ടു മഹോത്സവം ആഘോഷിക്കാറുള്ള അപൂര്‍വ്വ ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട് . ഈ ക്ഷേത്രചൈതന്യത്തിന് സഹസ്രാബ്ദത്തോളം പഴക്കമുണ്ട് .മരുതുംകുഴി ജംഗ്ഷനില്‍ നിന്നാല്‍ ക്ഷേത്രം കാണാം. നേരെ എതിര്‍വശത്ത് ശ്രീ കേശവപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമുണ്ട് . പണ്ട് ഇവിടം വിസ്തൃമായ നെല്‍പ്പാടങ്ങളായിരുന്നുവെന്നും അതിന്റെ മരതകാന്തിയില്‍ നിന്നാണ് മരുതംകുഴി എന്ന് ഈ സ്ഥലത്തിന് പേരുണ്ടാവാന്‍ കാരണമെന്നും പറയപ്പെടുന്നു. ക്ഷേത്രമുറ്റത്ത് മനോഹരമായ ഗോപുരം. അതിനടുത്ത് പടര്‍ന്ന് പന്തലിച്ച ആല്‍മരം. അകത്ത് സ്വര്‍ണകൊടിമരം. നാലമ്പലവും ശ്രീകോവിലും ചുറ്റുമതിലുമെല്ലാം എത്ര ചേതോഹരം. പ്രധാനമൂര്‍ത്തി ദേവി. ഉദിയന്നൂരമ്മ വടക്കോട്ട് ദര്‍ശനമേകുന്നു. ചതുര്‍ബാഹു വിഗ്രഹം. ശംഖ് , ചക്രം, നാന്ദകംവാള്‍, ത്രിശൂലം, എന്നിവ കൈകളിലുണ്ട് . ദേവിക്ക് മാതൃഭാവം. അമ്മയായിട്ടാണ് ദേവിയെ ആരാധിച്ചുവരുന്നത് . കന്നിമൂലയില്‍ ഗണപതി, ചുറ്റമ്പലത്തിന് പുറത്ത് യോഗീശ്വരന്‍, ശാസ്താവ് , തമ്പുരാന്‍, നാഗര്‍ എന്നീ ഉപദേവന്മാരുണ്ട് . നാല് പൂജ. എല്ലാ മാസവും പൗര്‍ണമി നാളില്‍ ഐശ്വര്യപൂജ. ക്ഷേത്രത്തില്‍ നടന്നുവരുന്ന സമൂഹാരാധനയാണിത് . കുടുംബൈശ്വര്യങ്ങള്‍ക്ക് നടത്തുന്ന ഈ പൂജ ഭക്തജനങ്ങള്‍ മുന്‍കൂര്‍ ബുക്കുചെയ്തുവരുന്നു. കുങ്കുമാഭിഷേകം ദേവിക്കുള്ള വിശിഷ്ടപൂജയാണ് . ദീപാരാധന കഴിഞ്ഞാണ് ഈ പൂജ. കൂടാതെ ഗുരുതിയുണ്ട് . ക്ഷേത്രത്തിലെ പ്രധാന വഴിപാട് അടയാണ് . ഒരു അട, അരയട എന്നീ ക്രമത്തിലും വഴിപാട് നടത്താം. ഒരു അട എന്നാല്‍ ഏതാണ്ട് ആയിരത്തോളം വരും. അരിയും തേങ്ങയും പഴവും ചേര്‍ത്ത് വട്ടയിലയിലാണിത് പുഴുങ്ങിയെടുക്കുക. കൂടാതെ തെരളിയുമുണ്ട് .

നൂറ്റിയെണ്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരുതുംകുഴിയിലെ ഉദിയന്നൂര്‍ കുടുംബത്തില്‍ നീലകണ്ഠന്‍ എന്നൊരു ദേവീഭക്തനുണ്ടായിരുന്നു. കുട്ടിക്കാലത്ത് തനിക്കുണ്ടായ സ്വപ്നദര്‍ശനത്തിലൂടെയാണ് ആ ബാലന്‍ കരവിഞ്ഞൊരുകിക്കൊണ്ടിരുന്ന കിള്ളിയാറ്റിലെടുത്തുചാടി, അതിലൂടെ ഒഴുകിവന്ന വിഗ്രഹം (തിരുമുടി) കരസ്ഥമാക്കി. എന്നാല്‍ ജലപ്രവാഹത്തിലെ ചുഴിയിലകപ്പെട്ടുപോയ ബാലനെ കാണാതാവുകയും കിള്ളിയാറ്റില്‍ മുങ്ങിപ്പോയെന്ന് എല്ലാവരും കരുതിയ ആ കുട്ടി ഏഴാംനാള്‍ തിരുമുടിയുമായി സ്വന്തം ഭവനത്തില്‍ തിരിച്ചെത്തുകയായിരുന്നു. വിഗ്രഹം വീട്ടിലെ പെട്ടിയില്‍ സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് വീടിന്റെ ഒരു ഭാഗത്ത് മുടിപ്പുരകെട്ടി പൂജാദികര്‍മ്മങ്ങളും ചെയ്തുപോന്നു. അന്ന് ദേവിക്ക് ആദ്യമായി അട നിവേദിക്കുകയും ചെയ്തു. ദേവിക്ക് പ്രിയപ്പെട്ട ഈ നിവേദ്യം ഇന്നും തുടരുന്നു. ആദ്യകാലത്ത് നീലകണ്ഠഗുരുപാദര്‍ തന്നെയാണ് പൂജാദികര്‍മ്മങ്ങള്‍ ചെയ്തുപോന്നിരുന്നത് . പിന്നീട് പിന്‍തലമുറക്കാരായി. ക്ഷേത്രമുണ്ടായതോടെ ബ്രാഹ്മണപൂജയുമായി. മേടമാസത്തിലെ പുണര്‍തം നാളിലാണ് ഉദിയന്നൂര്‍ ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് . പൊങ്കാലയോട് കൂടിയുള്ള പത്തുദിവസത്തെ ഉത്സവം. കലാശാഭിഷേകവും കളമെഴുത്തും പാട്ടുമുണ്ടാകും. കളമെഴുത്തും പാട്ട് ഉത്സവകാലത്ത് നിര്‍ബന്ധമാണ് . എന്നാല്‍ നേര്‍ച്ചയായി മറ്റുദിവസങ്ങളിലും നടത്താറുണ്ട് . ഉത്സവദിവസങ്ങളിലെല്ലാം അന്നദാനവുമുണ്ട് . ക്ഷേത്രകലകള്‍ക്ക് പ്രാമുഖ്യമുള്ള കലാപരിപാടികള്‍, ക്ഷേത്രത്തെ ചുറ്റിയുള്ള ബാലികമാരുടെ താലപ്പൊലി ഘോഷയാത്രയ്ക്ക് പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയുണ്ടാകും. വലിയവിള കുണ്ടമണ്‍ഭാഗം ദേവീക്ഷേത്രക്കടവില്‍ ആറാട്ടുനടക്കും. കൊടിയിറങ്ങുന്നതോടെ ഉത്സവം സമാപിക്കും. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കാറുള്ള ഊരുട്ടുമഹോത്സവം ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ് . എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവമാഹാത്മ്യം ഉലകുടയപെരുമാളിന്റെ ജീവിതകഥ അനുസ്മരിപ്പിക്കുന്നതാണ് . ദേവിയുടെ ഭക്തനായിരുന്നല്ലോ ആ പെരുമാള്‍. നാട്ടുകാര്‍ ചേര്‍ന്ന് നടത്തുന്നതുകൊണ്ടാണ് ഉത്സവത്തിന് ഈ പേരുണ്ടായത് . വാര്‍ഷികോത്സവകാലത്ത് തന്നെയായിരിക്കും ഊരുട്ടുത്സവവും നടക്കുക.