"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രം | ഹൈന്ദവം

ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രം

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല പട്ടണമദ്ധ്യത്തിലാണ്‌ കാര്‍ത്ത്യായനി ക്ഷേത്രം. റോഡരുകില്‍ പടിഞ്ഞാറുഭാഗത്ത്‌ ക്ഷേത്രഗോപുരം, മുകളില്‍ രണ്ടുനില മാളിക. ഇതിന്റെ വിശാലസുന്ദരമായ രൂപഘടന തന്നെ ഇതിനെ മഹാക്ഷേത്രമാക്കുന്നു. അകത്ത്‌ വിസ്തൃതമായ ക്ഷേത്രപറമ്പ്‌, ആനപ്പന്തലിനടുത്ത്‌ വലിയ രണ്ട്‌ വിളക്കുകള്‍. മുന്‍പില്‍ സ്വര്‍ണ്ണക്കൊടിമരം. മൂന്നുശ്രീകോവിലുകള്‍. അതില്‍ ദേവിയും ശിവനും വിഷ്ണുവും. ക്ഷേത്രത്തില്‍ ധാരാളം കോഴികള്‍. മുഖമണ്ഡപത്തിലും ബലിക്കല്‍പ്പുരയിലും കയറിയിറങ്ങുന്ന കോഴികള്‍. എവിടെ നോക്കിയാലും കോഴികള്‍. മരച്ചില്ലകളില്‍പ്പോലും തപ്പിപ്പിടിച്ചു കയറുന്ന കോഴികളെ കാണാം. ദേവിക്ക്‌ വഴിപാടായി പറപ്പിക്കുന്ന കോഴികളാണവ. ദേവിക്ക്‌ പ്രിയപ്പെട്ട ഈ കോഴികളുടെ കുണുങ്ങിക്കുണുങ്ങിയുള്ള നടത്തവും ഭക്തജനങ്ങള്‍ ഇട്ടു കൊടുക്കുന്ന മലര്‍കൊത്തി തിന്നുന്നതും ആരിലും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്‌.

ചേര്‍ത്തല കാര്‍ത്ത്യായനിഭഗവതിയുടെ പ്രതിഷ്ഠ വില്വമംഗലത്ത്‌ സ്വാമിയാര്‍ നടത്തിയെന്നാണ്‌ പറയപ്പെടുന്നത്‌. ഒരിക്കല്‍ യാത്രാമദ്ധ്യേ സ്വാമിയാര്‍ ചേര്‍ത്തലയിലെത്തി. അന്ന്‌ അവിടം വനപ്രദേശമായിരുന്നു. അപ്പോള്‍ അവിടെ നീരാടുന്ന ഏഴ്‌ കന്യകമാരെ കണ്ടു. അവരില്‍ ദിവ്യത്വം ദര്‍ശിച്ച സ്വാമിയാര്‍ അടുത്തുചെന്നു. സ്വാമിയാരെ കണ്ട്‌ കന്യകമാര്‍ ഓട്ടം തുടങ്ങി. അദ്ദേഹവും പിന്നാലെ ഓടി. ഓരോ കന്യകയും ഓരോ കുളത്തിലേക്ക്‌ എടുത്തുചാടി. ഏഴാമത്തെ കന്യക ചാടിയത്‌ ചേറുള്ള കുളത്തിലായിരുന്നതിനാല്‍ അവരുടെ തലയിലൊക്കെ ചേറായി. അവരെ പിടിച്ചിട്ട്‌ ചെല്ലാത്തതുകൊണ്ട്‌ അദ്ദേഹത്തിന്‌ ബലം പ്രയോഗിക്കേണ്ടിവന്നു. കൂടാതെ “എടീ ചേറ്റില്‍ തലയോളെ…” എന്ന്‌ പറയുകയും കോപം കൊണ്ട്‌ അസഭ്യവാക്കുകളും ഉപയോഗിച്ചുപോയി. പിന്നെ ആ കന്യകയെ പിടിച്ചുകയറ്റി അവിടെയിരുത്തി. ചേറ്റില്‍ തലയായതുകൊണ്ട്‌ ‘ചേര്‍ത്തല ഭഗവതി’ എന്ന്‌ ദേവിയെ അറിയപ്പെടാനും തുടങ്ങി. അതുപോലെ ഈ പ്രദേശത്തിന്‌ ‘ചേര്‍ത്തല’ എന്നും പേരുവന്നു. പ്രതിഷ്ഠാ സമയത്തും സ്വാമിയാര്‍ പുംശ്ചലി എന്ന അസഭ്യവാക്ക്‌ ഉപയോഗിച്ചുപോലും. അതിനാലാണ്‌ പിന്നീട്‌ തെറിപ്പാട്ടുകള്‍ ഇവിടെ പ്രചാരത്തില്‍ വന്നതെന്നും ഐതിഹ്യം. ചേര്‍ത്തല പൂരപ്പാട്ട്‌ പ്രസിദ്ധമാണല്ലോ. പൂരത്തിന്‌ കോഴിയങ്കവുമുണ്ട്‌. ഭഗവതിയുടെ പ്രതിഷ്ഠാസ്ഥാനം തറനിരപ്പില്‍ നിന്നും നാലടിയോളം താഴ്ചയിലാണ്‌. ദേവി ഇവിടെ സ്വയംഭൂവായി എന്ന്‌ ഐതിഹ്യം.

ചതുരത്തില്‍ കെട്ടിയിട്ടുള്ള കരിങ്കല്ലിന്‌ മുകളില്‍ പ്രതിഷ്ഠി. അവിടെ കയറിച്ചെല്ലാന്‍ പടികളുണ്ട്‌. മറ്റുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണിത്‌. കിഴക്കോട്ട്‌ ദര്‍ശനം. അഞ്ചുപൂജ, വിഷ്ണു, ശിവന്‍ കാവുടയാന്‍, യക്ഷി, നാഗരാജാവ്‌, ഗണപതി എന്നീ ഉപദേവതകളുമുണ്ട്‌. കാവുടയാന്‌ വഴിപാട്‌ തടിയാണ്‌. ഭഗവതിക്കുമുണ്ട്‌ തടി വഴിപാട്‌. അരിപ്പൊടി, തേന്‍, പഴം, മുന്തിരിങ്ങ, കല്‍ക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്ത്‌ കുഴച്ചുണ്ടാക്കി ഈ കുഴമ്പ്‌ കവിങ്ങിന്‍പാള കുഴല്‍രൂപത്തില്‍ ചുരുട്ടിയെടുത്ത്‌ ഈര്‍ക്കിലിന്റെ സഹായത്താല്‍ അതിനുള്ളില്‍ നിറയ്ക്കുന്നു. എന്നിട്ട്‌ ഈ കുഴലിന്റെ രണ്ടറ്റവും കെട്ടി മണ്ണിനടിയില്‍ കുഴിച്ചിട്ട്‌ അതിനുമീതെ തീയിട്ട്‌ ചുട്ടെടുക്കുന്നതാണ്‌ തടി. ശരീരസംബന്ധമായ രോഗമുള്ളവര്‍ അതു മാറാന്‍ ഈ വഴിപാട്‌ നടത്തുന്നു. ദേവിക്കും കാവുടയാനും നേദിച്ചശേഷം ഭക്തര്‍ക്ക്‌ നല്‍കുന്നു. സ്വാദിഷ്ടമായ തടി പ്രസാദം വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. ഇപ്പോഴും ഈ വഴിപാട്‌ ഇവിടെ നടന്നുവരുന്നു. പണ്ട്‌ തിരുവിതാംകൂര്‍ രാജാവിന്‌ നിത്യവും ഈ വഴിപാട്‌ ചേര്‍ത്തല നിന്നും തിരുവനന്തപുരത്ത്‌ എത്തിച്ചിരുന്നു.

കൊടിയേറ്റിനുമുന്‍പ്‌ ഉത്സവം ആരംഭിക്കുന്ന ക്ഷേത്രമാണിത്‌. മേറ്റ്വിടെയും ദര്‍ശിക്കാനാവാത്ത ഉത്സവ ചടങ്ങുകള്‍. ഏഴുദിവസവും ആറാട്ട്‌, മീനമാസത്തിലെ മകയിരം നാള്‍ മുതല്‍ ആരംഭിക്കും. ഓരോ ദിവസവും ഉണ്ട്‌. വില്വമംഗലം സ്വാമിയാരെ കണ്ട്‌ കന്യകമാര്‍ ചാടിയ കുളത്തിലേക്കാണ്‌ ആദ്യത്തെ എഴുന്നെള്ളത്ത്‌. ആറാട്ട്‌ കുളക്കരയിലെത്തുമ്പോള്‍ ഭക്തജനങ്ങളെക്കൊണ്ട്‌ അവിടം നിറയും. അവരുടെ കൈവശം ഉരുളികളും അരിയും ശര്‍ക്കരയും ഉണ്ടാകും. പായസ്സത്തില്‍ തീര്‍ത്ഥം തളിക്കുന്നതോടെ തിരിച്ചെഴുന്നെള്ളത്ത്‌ ആരംഭിക്കും. ഓലമടല്‍ കൊണ്ടുണ്ടാക്കുന്ന അടുപ്പുകള്‍ ആരെയും ആകര്‍ഷിക്കും. ചേരക്കുളം, പള്ളിക്കുളം, കേളംകുളം, പുല്ലംകുളം, കുറുപ്പംകുളം, തൃപ്പൂരക്കുളം എന്നീ കുളങ്ങളിലെ ആറാട്ടും പടയണിയും പ്രസിദ്ധം. ഇത്‌ കാണാന്‍ വിദൂരസ്ഥലങ്ങളില്‍ വാസമുറപ്പിച്ചിട്ടുള്ള ചേര്‍ത്തലക്കാരെല്ലാം ഇവിടെ എത്തുമെന്നാണ്‌ പഴമ. പടയണികളില്‍ വിശേഷമായ പൂയം നാളിലെ സരസ്വതി പടയണിയും ആയില്യം പടയണിയും മകം പടയണിയും പൂരം പടയണിയുമൊക്കെ കാണാന്‍ നില്‍ക്കുന്ന ഭക്തരുടെ കൂട്ടം തന്നെ ഉണ്ടാകും. പടയണിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വെടിക്കെട്ടാരംഭിക്കും. തുടര്‍ന്ന്‌ പരിപാടികളോടെ തിരുവുത്സവത്തിന്‌ മംഗളകരമായ പരിസമാപ്തിയാകും.