"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
പെരുമണ്‍ ശ്രീഭദ്രകാളിക്ഷേത്രം | ഹൈന്ദവം

പെരുമണ്‍ ശ്രീഭദ്രകാളിക്ഷേത്രം

കൊല്ലം ജില്ലയില്‍ പെരിനാട് ഗ്രാമപഞ്ചായത്തില്‍ അഷ്ടമുടിക്കായലിന്റെ തീരത്താണ് ചരിത്രപ്രസിദ്ധമായ പെരുമണ്‍ ഭദ്രകാളിക്ഷേത്രം. കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ തേരോട്ടമുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണിത് . ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഇത് അകവൂര്‍ മനക്കാരുടെ ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു. രണ്ടുമൂര്‍ത്തികള്‍ ഭദ്രകാളിയും ദുര്‍ഗയും. ഭദ്രകാളി പടിഞ്ഞാറോട്ടും ദുര്‍ഗ്ഗ കിഴക്കോട്ടും ദര്‍ശനം നല്‍കുന്നു. വാല്‍ക്കണ്ണാടി നോക്കി തിലകം ചാര്‍ത്തുന്ന ഭാവമാണ് ദുര്‍ഗയ്ക്ക് . ശാസ്താവ് , യക്ഷി, നാഗരാജാവ് , നാഗയക്ഷി എന്നീ ഉപദേവതകളും.മീനമാസത്തിലെ തിരുവാതിരയ്ക്കാണ് തേര് ഉത്സവം. വൈകിട്ട് 4 ന് തേരോട്ടം ആരംഭിക്കും. വിദൂരദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തും.

തേരുവലിക്കാനും തേരനങ്ങുന്നതുകണ്ട് നിര്‍വൃതിയടയാനും, പോയകാലത്തെ പാപപരിഹാരം ഇതുകൊണ്ട് ഉണ്ടാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. തേരിന് വലിയൊരു എടുപ്പുകുതിരയേക്കാള്‍ വലിപ്പം. അതിനെ വലിയ നാലു മരചക്രങ്ങളില്‍ ഉറപ്പിച്ചിരിക്കുന്നു. ഇരുപത്തി ഒന്നേകാല്‍ കോല്‍ ഉയരം. മൂന്നുനാലു ദിവസം നീണ്ടുനില്‍ക്കുന്ന പണണി. ഒടുവില്‍ തൊപ്പിക്കുട ഉറപ്പിച്ച് ഭഗവതി തേരിനുള്ളില്‍ എഴുന്നെള്ളത്തായി . ഉത്തുംഗമായ തേര് ഉരുളുന്നത് ഭക്തിനിര്‍ഭരമായ ദൃശ്യം. എല്ലാ കണ്ണുകളും തേരിലേക്ക് ആകും. വൈദ്യുതി ദീപത്തില്‍ നെറ്റിപ്പട്ടങ്ങള്‍ തിളങ്ങും. ആബാലവൃദ്ധം ജനങ്ങളും ഭക്തി പാരവശ്യത്തോടെ ദേവിയെ വിളിക്കും. ആണ്‍കുട്ടികളുടെ തലയില്‍ വച്ചുള്ള വിളക്കെടുപ്പ് ക്ഷേത്രത്തിലെ കാഴ്ചയാണ് . വാഴപ്പിണ്ടിയില്‍ പന്തംകൊളുത്തി കുരുത്തോലകൊണ്ട് അലങ്കരിച്ച് തലയില്‍ വച്ച് ക്ഷേത്രത്തിന് വലം വയ്ക്കുന്നു. നൂറുകണക്കിന് കത്തുന്ന പന്തങ്ങള്‍ ക്ഷേത്രത്തെ ചുറ്റുന്ന കാഴ്ച കണ്ണിനിമ്പമേകും. ഇത്തരത്തില്‍ എടുപ്പുവിളക്കുള്ള കേരളത്തിലെ ഏകക്ഷേത്രവും പെരുണ്‍ദേവീക്ഷേത്രമാണ് . കുട്ടികളുടെ ബുദ്ധിവികാസത്തിനും ആരോഗ്യരക്ഷയ്ക്കും വേണ്ടിയുള്ള നേര്‍ച്ചയാണിത് . കൊച്ചുകുട്ടികള്‍ കരിവളയും വെള്ളിമോതിരവും നടയ്ക്ക് വയ്ക്കുന്ന പതിവും ഇവിടെയുണ്ട് . കുട്ടികളുടെ ബാലാരിഷ്ടത മാറുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത് . രാജരാജേശ്വരിയുടെ പ്രതിഷ്ഠയുള്ള അമ്പലം അമ്മൂമ്മ ക്ഷേത്രമെന്ന പേരിലും അറിയപ്പെടുന്നു. പുള്ളുവന്‍പാട്ട് കേട്ടുണരുന്ന നാഗരാജാവിനും നാഗയക്ഷിക്കും പ്രത്യേക ക്ഷേത്രങ്ങള്‍. ഇവിടെയുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുന്‍പ് ആശ്രമമായിരുന്നു.പുഷ്പാജ്ഞലിയും അടച്ചുപൂജയും കൂടാതെ സ്ത്രീകളുടെ ഐശ്വര്യത്തിനായി പാളയും കയറും നേര്‍ച്ചയുണ്ട് . പിള്ളവയ്പ് പ്രധാനപ്പെട്ട വഴിപാടാണ് . സന്താനസൗഭാഗ്യം ലഭിക്കാത്ത ദമ്പതിമാര്‍ സന്താന ലബ്ധിക്കായി നേരുന്ന വഴിപാട് . അവര്‍ ക്ഷേത്രത്തിലെത്തി മേല്‍ശാന്തിയില്‍ നിന്നും പ്രസാദം വാങ്ങി പോകുന്നു. നാല്‍പത്തിയൊന്നുദിവസം വ്രതാനുഷ്ഠാനത്തിലായിരിക്കണം. സന്താനഭാഗ്യമുണ്ടായാല്‍ ക്ഷേത്രത്തിലെത്തി ആ കുട്ടികളെക്കൊണ്ട് ശിശുബിംബം ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങാണ് പിള്ളവയ്പ് . അറിഞ്ഞോ അറിയാതെയ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമേകുന്ന പെരുമണ്‍ദേവിയുടെ ഉത്സവത്തേര് ഉരുളുന്നത് കാണാന്‍ പെരുമണ്‍നിവാസികള്‍ വര്‍ഷന്തോറും കാത്തിരിക്കുന്നു.