"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
എന്താണ്‌ ഈശ്വരാരാധന ? | ഹൈന്ദവം

എന്താണ്‌ ഈശ്വരാരാധന ?

എന്താണ്‌ ഈശ്വരാരാധന? എന്താണ്‌ ഈശ്വര സങ്കല്‍പം? ഒരിക്കല്‍ ഒരു ഭക്തന്‍ എന്നോടു പറഞ്ഞു. “സ്വാമി ദയവായി ‘ഗോഡ്‌’ എന്ന വാക്ക്‌ ഒരിക്കലും ഉപയോഗിക്കാതിരുന്നാലും. മേഘങ്ങള്‍ക്കുപരി സ്വര്‍ഗ്ഗത്തില്‍, തന്റെ നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ സദാ ഒരുങ്ങിയിരിക്കുന്ന ഒരാള്‍ എന്ന ഞങ്ങളുടെ ബാല്യകാലസങ്കല്‍പം അത്‌ വിളിച്ചുണര്‍ത്തുന്നു. എനിക്കതാലോചിക്കാന്‍ വയ്യ.” ഞാന്‍ പറഞ്ഞു:”ശരി, ഈശ്വരന്‍ എന്ന സംസ്കൃതപദമുപയോഗിക്കുക. ഞാന്‍ ബ്രഹ്മം എന്ന വാക്കാണുപയോഗിക്കുന്നത്‌.”

നാം ഈശ്വരനെ ആരാധിക്കുന്നതിനു നമുക്ക്‌ അവിടുന്നുമായി അടുത്ത ഒരു ബന്ധം സ്ഥാപിക്കണം. നാം സാധാരണ അവിടുത്തെപ്പറ്റി സൃഷ്ടി-സ്ഥിതി-സംഹാരകര്‍ത്താവെന്നു ചിന്തിക്കുന്നു. അദ്ദേഹം വസ്തുക്കളെ തന്നിലേയ്ക്കു ലയിപ്പിക്കുന്നതിനെ നാം നശിപ്പിക്കല്ലെന്നു പറയുന്നു. പക്ഷേ അവിടുന്ന്‌ ഇതിനെയെല്ലാം അതിവര്‍ത്തിക്കുന്ന ഒരു ബ്രഹത്‌ സത്തയാണെന്ന്‌ നാം മനസ്സിലാക്കണം; അവിടുന്ന്‌ നമുക്ക്‌ ഏറ്റവുമടുത്തതിനേക്കാള്‍ അടുത്തതും പ്രിയമായതിനേക്കാളെല്ലാം പ്രിയപ്പെട്ടതുമായ ആത്മാവിന്റെ ആത്മായാണെന്ന്‌ നാം മനസ്സിലാക്കണം. പക്ഷേ ഈ സത്യം മനസ്സിലാക്കാന്‍ ആദ്യം നാം ആത്മാവാണെന്ന്‌ അറിയണം. മനസ്സ്‌, അഹങ്കാരം, ഇന്ദ്രിയങ്ങള്‍, ശരീരം ഇവയില്‍നിന്നെല്ലാം വ്യതിരിക്തമായ, ആത്മാവാണ്‌ നാമെന്നറിയണം.

അനന്തചൈതന്യത്തിന്റെ അംശമായ ജീവാത്മാവാണ്‌ നാമെന്നറിയാതെ എല്ലാം ജീവാത്മാക്കളുടെയും ആത്മാവായ പരമാത്മാവായ ഈശ്വരനെ നമുക്കറിയാന്‍ സാധിക്കില്ല. അവിടുന്ന്‌ മാതാപിതാക്കളായി നമുക്കു പ്രതൃക്ഷപ്പെടുന്നു. അവിടുന്നു നമ്മുടെ ഗുരുവും ഇഷ്ടദേവതയുമായി പ്രതൃക്ഷപ്പെടുന്നു. നമ്മില്‍ മിക്കവരും ദ്വൈതവിശ്വാസികളായി വേണം തുടങ്ങാന്‍. ദ്വൈതവേദാന്തപ്രകാരം ആത്മാവും പരമാത്മാവും നിത്യഭിന്നരാണ്‌, എന്നാല്‍ എന്നും പരസ്പരബദ്ധരുമാണ്‌. ജീവാത്മാവും നിത്യനായ ഈശ്വരനും തമ്മിലുള്ള ശാശ്വതബന്ധം അറിഞ്ഞുകൊണ്ടുവെണം നാം സാധന തുടങ്ങാന്‍. അവരെന്നും ഒന്നാണ്‌. എന്നാല്‍ നമ്മുടെ മനസ്സിലെ മാലിന്യംകാരണം നാം ഈശ്വരനെ വിട്ട്‌ അവിടുത്തെ സൃഷ്ടിയില്‍ ആസക്തരാവുന്നു. സാധാരണ മതവിശ്വാസികളുടെ രീതികള്‍ കണ്ട്‌ ഒരു വലിയ പാശ്ചാത്യമനഃശാസ്ത്രജ്ഞന്‍ ഒരിക്കല്‍ പറഞ്ഞു:”ആളുകള്‍ക്ക്‌ ഈശ്വരനെ ആവശ്യമില്ല, അവര്‍ക്ക്‌ ഈശ്വരനെ ഉപയോഗിക്കുകയേ വേണ്ടു” അവര്‍ ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നത്‌ ഈശ്വരന്‍ അവരുടെ ആഗ്രഹങ്ങളെല്ലാം നിവേറ്റുന്നതിന്നുവേണ്ടിയാണ്‌, അവിടുന്ന്‌ ഈ ആഗ്രഹങ്ങളനുവദിച്ചില്ലെങ്കില്‍ അവര്‍ സംശയാലുക്കളായി പറയുന്നു: ” ഓ ഈശ്വരനില്ല; ഉണ്ടെങ്കില്‍ത്തന്നെ അവിടുന്ന്‌ അന്ധനും ബധിരനുമാണ്‌; പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല.” അത്തരം ബാലിശ സങ്കല്‍പം നല്ലതല്ല. നിങ്ങള്‍ ചോദിക്കുന്നതെല്ലാം തരുന്ന “നല്ല” ഈശ്വരനെ മാത്രമേ നിങ്ങള്‍ക്കു വേണ്ടൂ – നിങ്ങള്‍ക്കു വരം നല്‍കുന്നതൊഴികെ അവിടേയ്ക്ക്‌ വേറെ ജോലിയില്ലെന്നു തോന്നും.

ഭഗവാന്‍ ശ്രീരാമകൃഷ്ണന്‍ ആദ്യം പരമാത്മാവിനെ പ്രപഞ്ചശക്തിയുടെ പ്രതീകമായ കാളിയുടെ രൂപത്തില്‍ ആരാധിച്ചു. പ്രതീകാത്മകമായ കാളീരൂപം അത്യന്തം അര്‍ത്ഥഗര്‍ഭമാണ്‌. ഒരു കൈയ്യുകൊണ്ട അവിടുന്ന്‌ സൃഷ്ടിക്കുന്നു; വേറൊന്നുകൊണ്ട്‌ സംരക്ഷിക്കുന്നു; മൂന്നാമത്തേതുകൊണ്ട്‌ സംഹരിക്കുന്നു; നാലാമത്തെ കൈയ്യില്‍ അറുത്തെടുത്ത ശിരസു പിടിച്ചിരിക്കുന്നു. ഉപനിഷത്തു വിവരിക്കുന്ന ബ്രഹ്മസ്വരൂപത്തിന്റെ ഒരു രൂപചിത്രീകരണം മാത്രമാണിത്‌., “ഏതില്‍നിന്ന്‌ ഭൂതങ്ങളെല്ലാം ഉദ്ഭവിക്കുന്നുവോ, ഏതുകൊണ്ടെല്ലാം ജീവിക്കുന്നുവോ, ഏതിലേയ്ക്കെല്ലാം തിരിച്ചുപോകുന്നുവോ, അതാണ്‌ ബ്രഹ്മം” എന്ന്‌ തൈന്തരീയം ഉപനിഷത്ത്‌ പറയുന്നു. നമ്മുടെ ഭക്തിശാസ്ത്രഗ്രന്ഥങ്ങളില്‍ നാം ബ്രഹ്മത്തെ കാളി, നാരായണന്‍, ശിവന്‍ എന്നീ പല പേരുകളില്‍ വിളിക്കുന്നു. വേദാന്തത്തില്‍ അതിനെ ഈശ്വരന്‍, അനന്തസച്ചിദാനന്ദം എന്ന്‌ വിളിക്കുന്നു. അവിടുന്നു നമ്മുടെ ആത്മാവിന്റെ ആത്മാവായി ഉള്ളില്‍ വസിക്കുന്നു. അവിടത്തെ, ആ സാമീപ്യമെങ്കിലും, നാം അനുഭവിക്കണം. അതനുഭവിക്കാന്‍ സാധിച്ചില്ലെങ്കില്‍ത്തന്നെ അവിടുന്ന്‌ ഏറ്റവുമടുത്തുള്ളതിനേക്കാള്‍ നമുക്കടുത്താണ്‌. ഏറ്റവും പ്രിയപ്പെട്ടതിനെക്കാള്‍ പ്രിയപ്പെട്ടതാണ്‌ എന്ന ബോധം വളര്‍ത്താന്‍ നാം ശ്രമിക്കണം. ഞാന്‍ മുമ്പ്‌ പറഞ്ഞതുപോലെ ഇതിനെല്ലാം നമുക്കു ശരിയായ ഒരു ഈശ്വരസങ്കല്‍പം വേണം. എന്നാല്‍ ഈശ്വരന്‍ നമ്മുടെ സങ്കല്‍പങ്ങളിലൊതുങ്ങാന്‍ കഴിയാത്തത്ര വലുതാണ്‌. ഒരുദാഹരണം പറയാം: നാം ചെറിയകുമിളകളെപ്പോലെയാണ്‌. സമുദ്രം നമുക്കു സങ്കല്‍പിക്കാന്‍ സാധിക്കുന്നതിലധികം വലുതാണ്‌. അപ്പോള്‍ എന്തുചെയ്യണം! നാം ചില വലിയ തിരകള്‍ കാണുന്നു. നമുക്കവയുടെ നേരെ നീങ്ങി അവയൊടു ചേര്‍ന്നുനില്‍ക്കുക. കാലംകൊണ്ട്‌ അവയിലൂടെ നമുക്ക്‌ സമുദ്രത്തപ്പറ്റി ഏതാണ്ടറിയാനാവുന്നു. അതേപോലെ, നാം നമ്മുടെ അദ്ധ്യാത്മയാത്ര ഇത്തരം ഒരു പര്‍വ്വതസദൃശമായ തിരയുടെ കൂടെ ഇഷ്ടദേവതയുടെ കൂടെ തുടങ്ങുന്നു. ആ ദേവതയെ ആരാധിക്കുന്നു. ആ ദേവതയോടു പ്രാര്‍ത്ഥിക്കുന്നു; ഇതുകൊണ്ടെല്ലാം സത്യത്തെപ്പറ്റി ഒരുയര്‍ന്ന ബോധവും കൂടുതല്‍ വിശാലമായ സങ്കല്‍പവും കൈവരുന്നു. ഇഷ്ടദേവത പറയുന്നു:”ഇവിടെ നോക്കൂ. ഞാനൊരു വലിയ തിരയാവാം; നീയൊരു ചെറിയ കുമളയും. എന്നാല്‍ നമുക്കെല്ലാം പിന്നില്‍ അനന്തമായ സമുദ്രമുണ്ട്‌.”സമയമാവുമ്പോള്‍ അവിടുന്നു നമുക്ക്‌ പരമസത്യം വെളിവാക്കിത്തരുന്നു. ആ അന്തചൈതന്യംതന്നെയാണ്‌ താന്‍ എന്ന്‌ അവിടുന്നു കാണിച്ചുതരുന്നു.

യതീശ്വരാനന്ദ സ്വാമികള്‍