"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കര്‍ക്കിടക മാസത്തിലെ ഔഷധ കഞ്ഞി | ഹൈന്ദവം

കര്‍ക്കിടക മാസത്തിലെ ഔഷധ കഞ്ഞി

"കള്ളകര്‍ക്കിടകം' എന്നാണ് വിളിപ്പേര് എങ്കിലും രാമായണ മാസമായ കര്‍ക്കിടകത്തിന് അതിന്റേതായ ആത്മചൈതന്യമുണ്ട്. പ്രകൃതിയും ഈശ്വരനും തമ്മില്‍ താദാത്മ്യം പ്രാപിച്ചുണ്ടാകുന്ന പുണ്യം. രാമായണപാരായണത്തിന്റെ ധന്യത പകലിരവുകളെ ഭക്തിസാന്ദ്രമാക്കുന്നു. പ്രകൃതിയാവട്ടെ മഴയാല്‍ അനുഗ്രഹിക്കപ്പെട്ടും എങ്ങും പച്ചപ്പു തളിരണിഞ്ഞും കാണപ്പെടുന്നു. തളിരിലകളുടെ മൃദുലതയാണ് കര്‍ക്കിടകത്തിന്റെ പ്രത്യേകത. ഋതുക്കള്‍ മാറി വരുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ കര്‍ക്കിടകത്തിന് മാത്രമായുള്ള ഋതുചര്യകള്‍ പാലിക്കേണ്ടതുണ്ട്. മഴക്കാലം ആരോഗ്യ സംരക്ഷണത്തിന് ഉത്തമ കാലമാണെന്നാണ് പൈതൃകമായി കണക്കാക്കപ്പെടുന്നത്. സുഖചികിത്സയും എണ്ണപുരട്ടിയുള്ള കുളിയും ഉഴിച്ചിലും മരുന്നു കഞ്ഞിയുമെല്ലാം ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.

കൃഷികൊണ്ട് മാത്രം ജീവിച്ചിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു നമുക്ക്. പാടം ഒരുക്കല്‍ മുതല്‍ കൊയ്ത്തും മെതിയുമെല്ലാം ഉള്‍പ്പെടുന്ന അത്യധ്വാനമുള്ള പണികള്‍ക്ക് ഒരു അവസാനമുണ്ടാകുന്നത് ഏകദേശം കര്‍ക്കിടക മാസത്തോടെയാണ്. ഇടവം വരെയുള്ള തുടര്‍ച്ചയായ ദേഹാധ്വാനത്തിനു ശേഷം ഐശ്വര്യപൂര്‍ണമായ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന് മുമ്പായി ഇത്തിരി വിശ്രമം. ശരീരത്തെയും മനസിനെയും ഒന്നു പാകമാക്കിയെടുക്കല്‍. സുഖ ചികിത്സയുടെയും മരുന്നുകഞ്ഞിയുടെയും പഴയകാല പ്രസക്തി ഇതായിരുന്നു. കൃഷിയുടെ ഗന്ധമുള്ള ആ കാലഘട്ടം ഏതാണ്ട് അവസാനിച്ചുവെങ്കിലും വിശ്രമമില്ലാത്ത പല ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്ന പുതിയ തലമുറയും കര്‍ക്കിടകം ചിട്ടകള്‍ അനുവര്‍ത്തിക്കേണ്ടതാണ്.

കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധകഞ്ഞിക്കാണ്. മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയയ്ക്ക് ഏറ്റവും യോജിച്ചതാണ് ഔഷധകഞ്ഞി. മഴക്കാലത്ത് പൊതുവെ "അഗ്നിദീപ്തി' കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിയ്ക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ളതും അതേസമയം പോഷക ഗുണമുള്ളതുമായ ലഘുഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. പൂര്‍വ്വിക ദാനമായി കിട്ടിയ കര്‍ക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.

പൊടിയരിക്കഞ്ഞി ദഹനം എളുപ്പമാക്കുന്നു.

ജീരകക്കഞ്ഞി ദഹനശക്തി കൂടും.

ഉലുവക്കഞ്ഞി ശരീരബലം നല്‍കുന്നു.

തേങ്ങക്കഞ്ഞി ശക്തി കിട്ടാന്‍ നല്ലത്.

പാല്‍ക്കഞ്ഞി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

നെയ് ക്കഞ്ഞി ശരീരത്തിന് വണ്ണം വെയ്പ്പിക്കുന്നു.

ഓട്സ് കഞ്ഞി പ്രമേഹവാത രോഗികള്‍ക്ക് നല്ലത്.

നവരക്കഞ്ഞി വണ്ണം കൂട്ടുന്നു.

ഗോതമ്പുകഞ്ഞി പ്രമേഹം, വാതം എന്നിവയ്ക്ക് നല്ലത്.

ദശപുഷ്പകഞ്ഞി രോഗപ്രതിരോധശേഷിയ്ക്കും ആരോഗ്യത്തിനും നല്ലത്.

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രണ്ടു കഞ്ഞികളുടെ കൂട്ട് താഴെ പറയുന്നു.

ഔഷധക്കഞ്ഞി

നവരയരി അല്ലെങ്കില്‍ പൊടിയരി ആവശ്യത്തിന്.
ജീരകം 5 ഗ്രാം.
ഉലുവ 5 ഗ്രാം.
കുരുമുളക് 2 ഗ്രാം.
ചുക്ക് 3 ഗ്രാം.
(എല്ലാം ചേര്‍ന്ന് 15 ഗ്രാം)
ഇവ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക

കര്‍ക്കിടക ഔഷധക്കഞ്ഞി

ചെറൂള
പൂവാകുറുന്നില
കീഴാര്‍നെല്ലി
ആനയടിയന്‍
തഴുതാമ
മുയല്‍ചെവിയന്‍
തുളസിയില
തകര
നിലംപരണ്ട
മുക്കുറ്റി
വള്ളി ഉഴിഞ്ഞ
നിക്തകം കൊല്ലി
തൊട്ടാവാടി
കുറുന്തോട്ടി
ചെറുകടലാടി
ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരില്‍ കഞ്ഞിവെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവര്‍ക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകള്‍ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.

ഔഷധക്കഞ്ഞിയുടെ ഗുണങ്ങള്‍ നിരവധിയാണ്.

1. അഗ്നി ദീപ്തി ഉണ്ടാകുന്നു.
2. ദഹനം ശരിയാക്കുന്നു.
3. ശരീരത്തിലെ ആമത്തെ ദഹിപ്പിക്കുന്നു.
4. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.
5. രുചി ഉണ്ടാക്കുന്നു.
6. ശോധന ഉണ്ടാവാന്‍ സഹായിക്കുന്നു.
7. ശരീരത്തിന് ലഘുത്വം ഉണ്ടാക്കുന്നു.
8. സന്ധികള്‍ക്ക് അയവ് ഉണ്ടാക്കുന്നു.
9. ശരീരത്തിലെ നീര് പോകാന്‍ സഹായിക്കുന്നു.
10. നല്ല ഉറക്കം ലഭിക്കുന്നു.

കര്‍ക്കിടക കഞ്ഞിയ്ക്ക് പ്രാധാന്യമേറി വരുന്നതിന്റെ ലക്ഷണമായി കടകളില്‍ കഞ്ഞി പാക്കറ്റുകള്‍ വിപുലമായ തോതില്‍ വില്‍ക്കപ്പെടുന്നുമുണ്ട്.