"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
പുനരുജ്ജീവനത്തിന്റെ മാസം | ഹൈന്ദവം

പുനരുജ്ജീവനത്തിന്റെ മാസം

വര്‍ഷം തുടങ്ങുന്നത് ഇടവപ്പാതിയിലാണെങ്കിലും മഴ പെയ്ത് ഭൂമി തണുത്ത് ജീവജാലങ്ങള്‍ക്ക് ഉന്മേഷം വര്‍ദ്ധിക്കാന്‍ തുടങ്ങുന്നത് മിഥുനം അവസാനത്തോടെയാണ്. വേനലിന്റെ രൂക്ഷതയില്‍ നശിച്ചുപോയ വിഭവങ്ങള്‍ വീണ്ടും വളരാന്‍ തുടങ്ങുന്ന കാലമാണ് മിഥുനം അവസാനം എന്ന് പറയാം. ആദ്യം ഉണ്ടായിരുന്നവ നശിച്ച് രണ്ടാമതുണ്ടാവാന്‍ പുറപ്പെടുന്നവ പൂര്‍ണ്ണതയിലെത്തത്ത കാലഘട്ടമായതുകൊണ്ട് എല്ലാ ഭക്ഷണവസ്തുക്കള്‍ക്കും ആ കാലത്ത് വളരെ ക്ഷാമമായിരിക്കും. അതുകൊണ്ടാണ് കള്ളകര്‍ക്കിടകം എന്ന് കര്‍ക്കിടക മാസത്തെ വിളിക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ ആ കാലത്താണ് എല്ലാ വൃക്ഷ ലതാദികളുടെയും മനുഷ്യ ശരീരത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പ്. മാത്രമല്ല കര്‍ക്കിടകത്തിന് മറ്റ് പല വൈശിഷ്ട്യങ്ങളുമുണ്ട്. ഓണക്കാലമായ ചിങ്ങമാസത്തിന് തൊട്ടു മുമ്പില്‍ വരുന്നതാണല്ലോ കര്‍ക്കടകം. ഓണം എന്ന സ‌മൃദ്ധിയുടെ കാലമായും കര്‍ക്കടകമാസം എല്ലാവിധ ക്ഷാമങ്ങളുടെയും കാലമായി കണക്കാക്കേണ്ടി വരും. മനുഷ്യ ശരീരത്തിന്റെ പുനരുജ്ജീവനത്തിനും വൃക്ഷലതാദികളുടെ വളര്‍ച്ചയ്ക്കും കര്‍ക്കിടക മാസം കാരണമാകുന്നു. അതുകൊണ്ടാണ് ആ കാലത്ത് നാം മരുന്നു കഞ്ഞി മുതലായവ ഉപയോഗിക്കുന്നതും കേരളത്തിലെ പ്രധാന വിളവായ തെങ്ങിന്റെ കട മാന്തുന്നതും.

ശരീരത്തിന്റെ ധാതുവൃദ്ധി പ്രത്യക്ഷമായി നമുക്ക് കാണാന്‍ കഴിയില്ലെങ്കിലും തെങ്ങിന്റെയും കവുങ്ങിന്റെയും ചുവട്ടില്‍ ഇളവേരുകള്‍ പുറപ്പെടുന്നത് പ്രത്യക്ഷത്തില്‍ കാണാവുന്നതാണ്. കര്‍ക്കടക മാസത്തില്‍ ഔഷധ സേവയ്ക്കായി ഉപയോഗിക്കുന്നത് കൊടുവേലിയാണ്. ജ്യേഷ്ഠഭഗവതിയുടെ മാസമായാണ് കര്‍ക്കടക മാസത്തെ ആചാരപ്രകാരം പറയുന്നത്. ചിങ്ങം ശ്രീ ഭഗവതിയുടെയും മാസമാണ്. കര്‍ക്കടക മാസത്തില്‍ കൊടിയാഴ്ചകളില്‍ (ചൊവ്വ, വെള്ളി, ഞായര്‍) ഇലക്കറി ഉപയോഗിക്കണം എന്ന നിഷ്ഠ പണ്ടുണ്ടായിരുന്നു. ഇലക്കറിയില്‍ പത്തിലക്കറി എന്നൊന്നുണ്ട്. താള്, തകര, എരുമക്കൊടുത്തായം, പയറ്, ഉഴുന്ന്, മത്തന്‍, കുമ്പളം, മുരിങ്ങ, ചീര മുതലായവയാണ് പത്തിലക്കറി. നാട്ടാചാര പ്രകാരം മരുന്നു കഞ്ഞി പല ഭാഗത്തും പലരീതിയിലാണ്. കുറുന്തോട്ടി വേര്, ജീരകം, പഴുക്കപ്ലാവില ഞെട്ട് എന്നിവ അരച്ച് ആട്ടിന്‍‌പാലും പശുവിന്‍ പാലും ചേര്‍ത്തതില്‍ കലക്കി വെള്ളവും ചേര്‍ത്ത് അടുപ്പത്ത് വച്ച് തിളപ്പിച്ച് നവരയുടെ പൊടിയരിയിട്ട് വെന്തുപാകമായാല്‍ വാങ്ങി ഉപയോഗിക്കുന്നതാണ് ഒരു രീതി. പാടത്തിറങ്ങി പണി ചെയ്യുന്നവര്‍ ഇടിഞ്ഞിലിന്‍ തൊലി, പെരുകിന്‍ വേര് മുതലായവ ചതച്ചിട്ട വെള്ളത്തില്‍ കഞ്ഞിയുണ്ടാക്കിയാണ് കഴിക്കാറ്.

ചിലര്‍ മുക്കുറ്റി, വിഷ്ണുകാന്തി, തിരുതാളി, പൂവാംകുറുന്തല്‍, കൈതോന്നി, മുയല്‍ചെവിയന്‍ എന്നിങ്ങനെ മുപ്പതില്‍പ്പരം ഔഷധങ്ങള്‍ ചേര്‍ത്ത് കര്‍ക്കടകകഞ്ഞി തയ്യാറാക്കുന്നു. കഞ്ഞി കുടിക്കുന്നവര്‍ എരിവ്, പുളി, ഉപ്പ് എന്നിവ കുറച്ചേ ഉപയോഗിക്കാവൂ. ലഹരിപാനീയങ്ങളും മത്സ്യമാംസാദികളും വര്‍ജ്ജിക്കണം. ശരീരം ശുദ്ധീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആയൂര്‍വേദ ചികിത്സ നടത്തുന്നതിനും ഏറ്റവും യോജിച്ച മാസം കൂടിയാണ് കര്‍ക്കടകം. ഈ സമയത്തെ ചികിത്സ ശരീരത്തിന് കൂടുതല്‍ ഫലം ചെയ്യുന്നുവെന്ന് ആയൂര്‍വേദാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. കര്‍ക്കിടകത്തില്‍ ചിലര്‍ സുഖചികിത്സ നടത്താറുണ്ട്. ഇതില്‍ മസാജ്, പിഴിച്ചില്‍, ഞവരക്കിഴി എന്നിവയാണുള്ളത്. ഇതിനു ശേഷം പഞ്ചകര്‍മ്മ ചികിത്സയുമുണ്ട്. മസാജ് ശരീരത്തിന് ഉന്മേഷം നല്‍കുന്നു. ധന്വന്തരം, പ്രഭഞ്ചനം, കൊട്ടന്‍ചുക്കാദി തുടങ്ങിയവ ഉപയോഗിച്ച് മസാജ് ചെയ്യുന്നു. അടുത്തതായി പിഴിച്ചിലാണ്. ഔഷധച്ചെടികളുടെ ഇലകളും മറ്റും എണ്ണയിലിട്ട് ചൂടാക്കി കിഴികളിലാക്കിയ ശേഷം ശരീരത്തില്‍ തേയ്ക്കുന്നു. ഇനി ഞവരക്കിഴിയാണ്. ഞവരനെല്ല് ഉമിയുള്‍പ്പടെ വേവിച്ചെടുത്ത് കിഴികളിലാക്കി കുറുന്തോട്ടി, പശുവിന്‍പാല്‍ എന്നിവയില്‍ മുക്കിയ ശേഷം ദേഹമാസകലം തേച്ചു പിടിപ്പിക്കുന്നു.