"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കേരളീയ ചികിത്സകള്‍ | ഹൈന്ദവം

കേരളീയ ചികിത്സകള്‍

സുഖചികിത്സയുടെ ഭാഗമായി വരുന്നില്ലെങ്കിലും പിഴിച്ചല്‍, ധാര, ഉഴിച്ചല്‍, കിഴി, ശിരോവസ്തി തുടങ്ങിയ കേരളത്തിന്റെ സംസ്കാരവുമായി ബന്ധമുള്ള കേരളീയ ചികിത്സകളും ഇതോടൊപ്പം ചെയ്തുവരാറുണ്ട്. വിദഗ്ധനായ ഒരു ആയുര്‍വേദചികിത്സകന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചികിത്സ നടത്താവൂ.

പിഴിച്ചല്‍

നിശ്ചിതവലിപ്പമുള്ള തുണിക്കഷ്ണങ്ങള്‍ ചെറുചൂടുള്ള തൈലത്തിലോ കുഴമ്പിലോ മുക്കിയെടുത്ത് രോഗിയുടെ ശരീരത്തില്‍ നിശ്ചിത ഉയരത്തില്‍നിന്ന് പിഴിഞ്ഞ് പകരുന്നതിനെയാണ് പിഴിച്ചല്‍ എന്നുപറയുന്നത്. പ്രത്യേകം തയ്യാറാക്കിയ പാത്തിയില്‍ കിടത്തിയാണ് തൈലം വീഴ്ത്തുക. കഴുത്തിന് കീഴ്പ്പോട്ടുള്ള ഭാഗങ്ങളില്‍ മാത്രമെ ഈ ചികിത്സ നടത്താറുള്ളൂ. പക്ഷാഘാതം, വിവിധതരം സന്ധിവാതങ്ങള്‍, അസ്ഥിരോഗങ്ങള്‍, നട്ടെല്ലിലെ കശേരുക്കള്‍ സ്ഥാനം തെറ്റുന്ന അവസ്ഥ, ചില ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക് പിഴിച്ചില്‍ ഫലപ്രദമാണ്.

ധാര

എണ്ണയോ, പാലോ, മോരോ മരുന്നുകള്‍ ചേര്‍ത്ത് ധാരമുറിയാതെ തലയിലും നിറുകയിലും വീഴ്ത്തുന്നതിനെയാണ് ധാര എന്നു പറയുന്നത്. പ്രത്യേക ചട്ടി ഉറിപോലെ തൂക്കി അതിലൂടെയാണ് ധാര നെറ്റിയില്‍ വീഴ്ത്തുന്നത്. അതു ശേഖരിച്ച് വീണ്ടും ധാര ആവര്‍ത്തിക്കുന്നു. പിഴിച്ചലിനോട് ചേര്‍ത്തും ധാര ചെയ്യാറുണ്ട്.
മാനസികരോഗങ്ങള്‍ക്കും ഹിസ്ററീരിയയ്ക്കുമെല്ലാം ഇത് ഫലപ്രദമാണ്. ഏകാഗ്രത കിട്ടാനും ഇതു സഹായിക്കും. ശരീരം മുഴുവന്‍ ചെയ്യുന്ന സര്‍വ്വാംഗധാരയുണ്ട്. വാര്‍ധക്യരോഗങ്ങള്‍ക്കും ജരാനരകള്‍ക്കും ഇത് ഗുണം ചെയ്യും.

ഉഴിച്ചല്‍

ശിരസ്സില്‍ തൈലം തേച്ചതിനുശേഷം കഴുത്തു മുതല്‍ ദേഹം മുഴുവന്‍ ഔഷധയുക്തമായ ഏതെങ്കിലും തൈലം തേച്ച് കൈത്തലം കൊണ്ട് ഉഴിഞ്ഞുകൊണ്ടിരിക്കുന്ന രീതിയാണിത്. വ്യത്യസ്ത ശരീരഭാഗങ്ങളില്‍ ആവശ്യത്തിനനുസരിച്ച് കൈത്തലങ്ങളിലെ മര്‍ദ്ദം വ്യത്യാസപ്പെടുത്തിയാണ് ഉഴിയുന്നത്. ത്വക്രോഗങ്ങള്‍, വാതരോഗങ്ങള്‍, മാംസപേശികളുടെ മെലിച്ചില്‍, അംഗവൈകല്യങ്ങള്‍ എന്നിവയ്ക്ക് ഇത് ഫലപ്രദമാണ്.

കിഴി

ഇലക്കിഴി, നവരക്കിഴി, പൊടിക്കിഴി തുടങ്ങിയ കിഴികളുണ്ട്. സസ്യൗഷധികളുടെ ഇലകള്‍ പ്രത്യേകരീതിയില്‍ തയ്യാറാക്കി കിഴികളാക്കി ദേഹത്തുവെച്ച് വിയര്‍പ്പിക്കുന്നതിനെയാണ് ഇലക്കിഴി എന്നു പറയുന്നത്. ഒരു വര്‍ഷത്തിലധികം പഴക്കം ചെന്ന നവരയരിയാണ് നവരക്കിഴിക്ക് ഉപയോഗിക്കുന്നത്. നവരയരി പാലും കുറുന്തോട്ടി കഷായവും ചേര്‍ത്ത് വേവിച്ച് വറ്റിച്ച് കിഴിയുണ്ടാക്കി വേവിക്കാന്‍ ഉപയോഗിച്ച മരുന്നില്‍ മുക്കി ശരീരത്തില്‍ ഉഴിയുന്നു. ഇതിനുമുമ്പ് രോഗിയുടെ തലയിലും ശരീരത്തിലും വൈദ്യനിര്‍ദ്ദേശമനുസരിച്ചുള്ള തൈലങ്ങള്‍ തേച്ചിരിക്കും. കഴുത്തിനു കീഴ്പ്പോട്ടു മാത്രമേ കിഴി ഉപയോഗിക്കാറുള്ളൂ. പതിനാലു മുതല്‍ ഇരുപത്തിയൊന്നു ദിവസത്തേക്കാണ് ഇത് ചെയ്യുക. രോഗമില്ലെങ്കിലും പലരും ഇത് ചെയ്യാറുണ്ട്. സന്ധിവാതത്തിനും ചതവുകള്‍ക്കും ഈ ചികിത്സ ഫലപ്രദമാണ്. ഉഴുന്ന്, പഴയ മുതിര, ഉലുവ, കടുക്, ശതകുപ്പ തുടങ്ങിയവ ചൂടാക്കി പൊടിച്ച് കിഴിക്കെട്ടിയശേഷം എണ്ണ പുരട്ടിയ ചട്ടിയില്‍ ചൂടാക്കി കിഴി ദേഹത്ത് വെയ്ക്കുന്നതിനെയാണ് പൊടിക്കിഴി എന്നു പറയുന്നത്. ദേഹത്ത് തൈലം പുരട്ടിയതിനുശേഷമാണ് കിഴി ഉഴിയുക. നട്ടെല്ലിനുണ്ടാകുന്ന രോഗങ്ങള്‍ക്കും തോള്‍ സന്ധി, അരക്കെട്ട്, കാല്‍മുട്ടുകള്‍ എന്നിവയിലുണ്ടാകുന്ന വേദനയ്ക്കും സ്തംഭനാവസ്ഥക്കും പൊടിക്കിഴി പ്രയോജനപ്പെടും.

ശിരോവസ്തി

മരുന്നുകളിട്ട് തയ്യാറാക്കിയ എണ്ണ നിറുകയില്‍ ധാരപോലെ ഒഴിക്കുന്നതാണിത്. ഈ എണ്ണ ചെറുചൂടോടെ തയ്യാറാക്കുന്നു. തലക്കു ചുറ്റും തുകല്‍കൊണ്ട് തൊപ്പിപോലെ പൊതിഞ്ഞ് അതിനുള്ളിലേക്ക് മരുന്നൊഴിക്കുന്നു. അടുപ്പിച്ച് ഏഴു ദിവസങ്ങളിലാണ് ഈ ചികിത്സ ചെയ്യുന്നത്. തലയിലെ നാഡീസംബന്ധമായ രോഗങ്ങള്‍ക്കും മുഖത്തിന്റെ പക്ഷാഘാതത്തിനും പ്രയോജനപ്രദമാണ്.

പഞ്ചകര്‍മ്മ

ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ആയുര്‍വേദത്തിന്റെ കാതലായ പഞ്ചകര്‍മയും ഇപ്പോള്‍ സുഖചികിത്സയുടെ ഭാഗമായി ചെയ്യാറുണ്ട്. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയാണ് പഞ്ചകര്‍മകള്‍.

വമനം

കഫദോഷപ്രധാനമായ രോഗങ്ങളിലും കഫം വര്‍ദ്ധിച്ചുവരുന്ന അവസരങ്ങളിലുമാണ് വമനം അഥവാ ഛര്‍ദ്ദിപ്പിക്കല്‍ ചെയ്യുന്നത്. പശുവിന്‍ പാല്‍ തിളച്ചതില്‍ തിളച്ചവെള്ളവും പഞ്ചസാരയും ചേര്‍ത്ത് കഴിപ്പിച്ച് അതിനുമീതെ മലങ്കാരയ്ക്ക, ഇന്തുപ്പ്, തേന്‍ എന്നിവ ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി നല്‍കുന്നു. അതിനുമീതേ വീണ്ടും പാല്‍ കുടിപ്പിച്ച് ഛര്‍ദ്ദിപ്പിക്കുന്നു.

വിരേചനം

മരുന്ന് കൊടുത്ത് ശോദനയുണ്ടാക്കി കുടലുകളുടെ ശുദ്ധീകരണം നടത്തുന്നതിനെയാണ് വിരേചനം എന്നു പറയുന്നത്. ചര്‍മ്മരോഗങ്ങള്‍ക്കും മൂത്രാശയരോഗങ്ങള്‍ക്കും സന്ധിവാതത്തിനും ഫലപ്രദമാണ്.

വസ്തി

മരുന്നെണ്ണകള്‍ കൊണ്ടുനല്‍കുന്ന ഒരുതരം എനിമയാണ് സ്നേഹവസ്തി. വാതത്തിനും നാഡീസംബന്ധമായ അസുഖങ്ങള്‍ക്കും മലബന്ധത്തിനും ഉത്തമ ചികിത്സയാണ്. പഞ്ചകര്‍മ്മകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കഷായവസ്തി. രോഗത്തിനും പ്രായത്തിനും ദേഹബലത്തിനുമനുസരിച്ചുള്ള ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന കഷായം എനിമയായി ഉപയോഗിക്കുന്നതിനെയാണ് കഷായവസ്തി എന്നു പറയുന്നത്. സന്ധിവാതം, നടുവേദന, നാഡീരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കും.

നസ്യം

ശിരസ്സില്‍ നിന്ന് മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനെയാണ് നസ്യം എന്നു പറയുന്നത്. മൂക്കിലൂടെ ഔഷധം പ്രയോഗിക്കുമ്പോള്‍ അത് ശിരസ്സിലെ സ്രോതസ്സുകളില്‍ വ്യാപിച്ച് ദോഷശുദ്ധിവരുത്തി രോഗം ശമിപ്പിക്കുന്നു. സന്നിപാതജ്വരം, മോഹാലസ്യം തുടങ്ങിയവയ്ക്ക് നസ്യം ഫലം ചെയ്യും.

രക്തമോക്ഷം

ദുഷിച്ച രക്തം പുറത്തുകളയുകയാണ് രക്തമോക്ഷം കൊണ്ട് ഉദ്ദേശിക്കുന്നത്. സിര മുറിക്കുക, അട്ടയെകൊണ്ട് കടിപ്പിക്കുക, സര്‍ജിക്കല്‍ ബ്ളേഡ്കൊണ്ട് മുറിക്കുക തുടങ്ങിയവയൊക്കെ രക്തമോക്ഷത്തിനുവേണ്ടി ചെയ്യാറുണ്ട്. മറ്റു ചികിത്സകള്‍ കൊണ്ട് ഫലം കാണുന്നില്ലെങ്കില്‍ മാത്രം രക്തമോക്ഷം ചെയ്യാനാണ് വിധിക്കുന്നത്. വിഷബാധ, വാതശോണിതം, ചില ക്ഷുദ്ര രോഗങ്ങള്‍ തുടങ്ങിയവ ഒഴികെയുള്ള രോഗങ്ങളില്‍ രക്തമോക്ഷത്തിന് അവസാനത്തെ സ്ഥാനമാണ് ആയുര്‍വേദം നല്‍കുന്നത്.