"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ബോധപൂര്‍വ്വമുള്ള നിയന്ത്രണം | ഹൈന്ദവം

ബോധപൂര്‍വ്വമുള്ള നിയന്ത്രണം

വ്യക്തിയുടെ മനസ്സ്‌ പ്രപഞ്ചമനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ച സ്രോതസ്സില്‍നിന്നാണ്‌ നമ്മുടെ മാനസികശക്തി വരുന്നത്‌. ഈ മാനസികശക്തിയെ എങ്ങനെ നിയന്ത്രിച്ച്‌ വേണ്ട വഴിക്കു തിരിക്കാമെന്ന്‌ നമുക്കറിയണം. ഈ ശക്തി താണകേന്ദ്രങ്ങളിലേക്ക്‌ ഇന്ദ്രിയങ്ങളിലൂടെ പുറത്തേയ്ക്കൊഴുകാതിരിക്കാനും, വ്യര്‍ത്ഥമായ ചിന്ത, വേവലാതിപ്പെടല്‍, സംഭാഷണം എന്നിവയിലൂടെ പാഴായിപ്പോകാതിരിക്കാനും നിയന്ത്രണം ആവശ്യമാണ്‌. ഇത്‌ തുടക്കത്തില്‍ അല്‍പം വിഷമമായിരിക്കും. അതൊഴിവാക്കാനാവില്ല. സിദ്ധന്‌ ഇത്തരം നിയന്ത്രണമാവശ്യമില്ല. അയാളുടെ മാനസികശക്തി മുഴുവന്‍ ഉയര്‍ന്ന ചാലുകളിലൂടെ ഒഴുകുന്നു.
എന്നാല്‍ നമ്മുടെ കാര്യത്തില്‍ ബോധപൂര്‍വ്വമായ നിയന്ത്രണം വളരെ പ്രധാനമാണ്‌. നിര്‍ബ്ബന്ധപൂര്‍വകമായ നിയന്ത്രണമാണ്‌. ചില മന:ശാസ്ത്രജ്ഞര്‍ വികാരങ്ങളെ അമര്‍ത്തലെന്നു പറയുന്നത്‌; ആ അമര്‍ത്തല്‍ ചിലര്‍ക്ക്‌ ദോഷകരമാണ്‌. എന്നാല്‍ ബോധപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം സൗമ്യമായി ചെയ്യുന്ന നിയന്ത്രിണം അദ്ധ്യാത്മജീവിത്തിന്നുമാത്രമല്ല, ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന്നും ആവശ്യമാണ്‌. ഇവിടെ ഭാരതീയ മന:ശാസ്ത്രം പാശ്ചാത്യമന:ശാസ്ത്രത്തോട്‌ വിയോജിക്കുന്നു.

പ്രപഞ്ചോര്‍ജ്ജം എല്ലാവരിലൂടെയും ഒഴുകുന്നുണ്ട്‌. നാമെല്ലാം ഏറെക്കുറെ അതിന്റെ ഉപകരണങ്ങളാണ്‌. എന്നാല്‍ ഈ ശക്തി അധോകേന്ദ്രങ്ങളിലൂടെ പ്രകടമാവുന്നതു ബോധപൂര്‍വ്വം തടഞ്ഞ്‌ ഉന്നതകേന്ദ്രങ്ങളിലൂടെ പ്രകടമാവാന്‍ അനുവദിക്കുമ്പോള്‍ നമുക്കെപ്പോഴും ഉന്മേഷം തോന്നുന്നു. വിചാരതലത്തില്‍ വാര്‍ദ്ധക്യബാധയില്ല. നമ്മുടെ പൂര്‍വ്വസംസ്കാരങ്ങളും വാസനകളും കാരണം ഉന്നതകേന്ദ്രങ്ങളിലെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ നമുക്കു സാധിക്കുന്നില്ല. അപ്പോള്‍ മനസ്‌ താഴേക്ക്‌ വലിക്കപ്പെടുകയും ഒരു വടംവലി നടക്കുകയും ചെയ്യുന്നു. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇതൊഴിവാക്കാവതല്ല. ഈ ശക്തിപ്രവാഹം നമുക്കൊരിക്കലും തടയാന്‍ സാധിക്കില്ല. എന്നാല്‍ നമ്മുടെ ഇച്ഛാശക്തിയുപയോഗിച്ച്‌, ബോധപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം, അതിന്ന്‌ ഒരു ഗതിമാറ്റം വരുത്താവുന്നതാണ്‌.

ബോധപൂര്‍വ്വം ബുദ്ധിചെലുത്തി ചിന്തിക്കണം. ബോധപൂര്‍വ്വമുള്ള ചിന്ത തടസ്സങ്ങളെ അകറ്റുന്നു. അപ്പോള്‍ കൂടുതല്‍ മന:ശക്തി കൈവരുന്നു.
ആദ്യം ഇച്ഛാശക്തിയുപയോഗിച്ച്‌ ബോധപൂര്‍വ്വം ഈ പ്രവാഹത്തെ ഉണര്‍ത്തുക. പിന്നെ അത്‌ മുന്നോട്ടുപോകും. ബോധപൂര്‍വ്വം പുതിയ ആശയങ്ങള്‍ ആവിഷ്ക്കരിക്കാന്‍ യത്നിക്കുക. ബോധപൂര്‍വ്വം പുതിയ ചിന്താസരണികളും അതു പ്രകടിപ്പിക്കാനുള്ള വഴികളും കണ്ടെത്തുക. അപ്പോള്‍ മന:ശക്തിയെ നേര്‍വഴിക്കു തിരിച്ചുവിടുന്നത്‌ നിഷ്പ്രയാസം സഹജമായി സാധിക്കുന്നു.

ബോധപൂര്‍വ്വം ഉന്നതചിന്തകള്‍ പുലര്‍ത്തുന്നതുകൊണ്ട്‌ ഉയര്‍ന്ന ചിന്താസരണികള്‍ തുറക്കുന്നു. അപ്പോള്‍ ഉയര്‍ന്ന ചിന്തകള്‍ നിഷ്പ്രയാസം മനസ്സിലേയ്ക്കൊഴുകുന്നു. വാസ്തവത്തില്‍ അവ കുതിച്ചൊഴുകുന്നു. എന്നാല്‍ ആരംഭത്തില്‍ ബോധപൂര്‍വ്വമല്ലാതെയാണ്‌ ഉയര്‍ന്ന ചിന്തകള്‍ വരുന്നതെങ്കില്‍ ചിലപ്പോള്‍ നീചചിന്തകള്‍ കടന്നുവരും. അതുകൊണ്ട്‌ അബോധപ്രക്രിയ ഏതുവഴിക്കും തടയേണ്ടതാണ്‌.

ഉന്നതചിന്തകളെ ബോധപൂര്‍വ്വം നമ്മിലൂടെ ഒഴുകാന്‍ അനുവദിക്കണം. അതൊരിക്കലും ഒരബോധപ്രക്രിയയാവരുത്‌. ബോധപൂര്‍വ്വമായ പ്രയത്നംകൊണ്ട്‌ ഉയര്‍ന്ന ചിന്താസരണികള്‍ തുറക്കുമ്പോള്‍ ഉയര്‍ന്ന ചിന്തകള്‍ ബോധപൂര്‍വ്വം നമ്മിലേക്ക്‌ വരുന്നു. അപ്പോള്‍ ഉയര്‍ന്നജീവിതം തുലോം എളുപ്പമായിത്തീരുന്നു.
ശാരീരികമായും മാനസികമായും ഒരു പുതിയ ചാലു തുറക്കുന്നു. അതിലൂടെ ഉയര്‍ന്ന ചിന്തകള്‍ക്ക്‌ നിര്‍വിഘ്നം ഒഴുകിവരാം. വാസ്തവത്തില്‍ ഉയര്‍ന്നത്‌ എന്നാല്‍ കൂടുതല്‍ ആഴമുള്ളത്‌ എന്നാണര്‍ത്ഥം. ബാഹ്യദേശത്തെ ആസ്പദിച്ചാണ്‌ നാം ഉയര്‍ന്നത്‌ എന്നു പറയുന്നത്‌. എന്നാല്‍ അദ്ധ്യാത്മജീവിതത്തില്‍ ആന്തരബോധമാണ്‌ പ്രധാനം. അതുകൊണ്ട്‌ മാനസികശക്തിയുടെ കേന്ദ്രങ്ങളും പ്രവാഹമാര്‍ഗ്ഗങ്ങളും വിഷയമാക്കുമ്പോള്‍ കൂടുതല്‍ ആഴമുള്ളത്‌ എന്നാണ്‌ പറയേണ്ടത്‌. എന്തായാലും നമുക്കേറ്റവും പ്രധാനമായത്‌ ബോധപൂര്‍വ്വം ഒരു തുടക്കമുണ്ടാക്കുകയാണ്‌. ഇതാണ്‌ ആദ്യം ചെയ്യേണ്ട കാര്യം; മേറ്റ്ല്ലാം അതിനെ തുടര്‍ന്നുവരും.

യതീശ്വരാനന്ദസ്വാമികള്‍