"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം | ഹൈന്ദവം

ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം

കേരളത്തിലെ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം നഗരത്തിൽ കിഴക്കേ കോട്ടയ്ക്കു സമീപം നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന വഞ്ചിയൂരാണ് ഈ മഹാദേവക്ഷേത്രം. അനന്തപുരിയിലെ പുകൾപെറ്റ ക്ഷേതങ്ങളിൽ പ്രധാനമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടിന് മുൻപ് തന്നെ ഈ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വിശ്വാസം.

ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്താണ്. ദ്രാവിഡീയകലയുടെ ഉത്തമ ഉദാഹരണമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. വിസ്താരമേറിയ ക്ഷേത്ര മതിൽക്കകം. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളം വളരെ വിസ്താരമേറിയതാണ്. ഈ കുളം "ജാതകുണ്ഡതീർത്ഥം" എന്നപേരിൽ അറിയപ്പെടുന്നു. മതിൽക്കെട്ടിന്റെ രണ്ടുഭാഗത്തും മനോഹരങ്ങളായ ഇരുനില ഗോപുരങ്ങളുണ്ട്‌..

വെട്ടുകല്ലിൽ പടുത്തുയർത്തിയ നാലമ്പലത്തിൽ തന്നെ വിളക്കുമാടം പണിതീർത്തിരിക്കുന്നു. ഇവിടുത്തെ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കു ദർശനാമായി ശിവലിംഗ പ്രതിഷ്ഠ. ഉഗ്രമൂർത്തിയായതിനാൽ കിഴക്കുവശത്തു തീർത്ഥകുളം നിർമ്മിച്ചിരിക്കുന്നു. രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുൻപിലായി തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നത്. തമിഴ്ശൈലിയിൽ കരിങ്കല്ലിൽ പണിതുയർത്തിയതാണ് കിഴക്കേ ആനക്കൊട്ടിൽ. ആ ആനക്കൊട്ടിലിനുള്ളിലായിട്ടാണ് കനകധ്വജസ്തംഭപ്രതിഷ്ഠ നറ്റത്തിയിരിക്കുന്നത്. പടിഞ്ഞാറുവശത്ത് മതിൽക്കെട്ടിനു പുറത്തും അകത്തുമായി രണ്ട് ആനക്കൊട്ടിലുകൾ വേറെയും പണിതീർത്തിരിക്കുന്നു. മാറി മാറി വന്ന രാജാക്കന്മാരുടെ ആശയങ്ങൾ ഇങ്ങനെ പലതും ഇവിടെ നിർമ്മിച്ചിരിക്കുന്നു.

പൂജാ വിധികൾ മറ്റ് ക്ഷേതത്തിലെ പോലെയാണെങ്കിലും ഇവിടെ പൂജകളിൽ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തിൽ നെയ്യ് കൊണ്ട് ധാര നടത്തുന്നത്. ശിവരാത്രി പുലർച്ചെ മുതൽ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ്ധാര നടക്കുക. മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുൻപ് ചെയ്യാറുള്ള ക്രിയകൾ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്. 108 കുടം വെളളമോ, പാലോ, നെയ്യോ നിരന്തരം ശിവലിംഗത്തിൽ വീണുകൊണ്ടിരിക്കുന്നതാണ് ധാര.

നിത്യപൂജകൾ

നിത്യേന അഞ്ചുപൂജകൾ നടത്താറുണ്ടിവിടെ;

ഉഷഃപൂജ

എതൃത്തപൂജ

പന്തീരടിപുജ

ഉച്ചപൂജ

എട്ടുകൂട്ടം വിഭവങ്ങളോടുകൂടിയതാണ് ഇവിടുത്തെ ഉച്ചപൂജാനേദ്യം

അത്താഴപുജ

ക്ഷേത്രത്തിൽ നിത്യേന ഭജന നടത്താറുണ്ട്. ക്ഷേത്രത്തിലെ ഈ ശിവഭജനയും, ഹരിനാമകീർത്തനപാരായണവും സാമ്പ്രാണിത്തിരി എന്ന് പേരുള്ള ഒരു സ്വാമി തുടങ്ങിവച്ചതാണ്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിർമാല്യം തൊഴുത് ഭജനമിരിക്കുന്നവർക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം. വളരെ ദൂരെ നിന്ന് പോലും അനേകം പേർ വന്ന് ഇവിടെ ഭജനമിരിക്കാറുണ്ട്.ധനു മാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്. തിരുവാതിര ദിവസമാണ് ആറാട്ട്. ധനുവിലെ പൂത്തിരുവാതിര മഹോത്സവം ചേർന്നുള്ളതാണ് ഉത്സവം.ശിവരാത്രി നാളിൽ 24 മണിക്കൂറും ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരൻ, പരിപ്പ്, മോര്, ശർക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങൾ. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്.

ഉപദേവന്മാർ

അയ്യപ്പൻ

ഗണപതി

ശ്രീകൃഷ്ണൻ

നാഗരാജാവ്

ദുർഗ്ഗാദേവി; ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി ദുർഗ്ഗാക്ഷേത്രം സ്ഥിതിചെയ്യുന്നു.

ഹനുമാൻ

സുബ്രഹ്മണ്യൻ

രണ്ടു ശ്രീകണ്ഠേശ്വരം ക്ഷേത്രമുണ്ടിവിടെ, പഴയ ശ്രീകണ്ഠേശ്വരവും, പുതിയ ശ്രീകണ്ഠേശ്വരവും. പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. പരശുരാമൻ പ്രതിഷ്ഠ നടത്തിയത് പഴയ ശ്രീകണ്ഠേശ്വരത്താണ്. ഏകദേശം 700 വർഷങ്ങൾക്കുമുൻപ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാൻ ശ്രമിച്ചപ്പോൾ അത് എടുക്കാൻ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അടിയിലുണ്ടായിരുന്ന കല്ലിൽ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാൽ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം.

മണലിക്കര മനയിലെ നമ്പൂതിരിമാർക്കാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ തന്ത്രാവകാശമുണ്ടായിരുന്നത്. പിന്നീട് അത് അത്യറമഠക്കാർക്ക് കൈമാറി. തുളു ബ്രാഹ്മണരാണ് ഇപ്പോൾ ഇവിടെ നിത്യ ശാന്തികർമ്മങ്ങൾ ചെയ്യുന്നത്. മലയാള തന്ത്ര വിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്.ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനു മുൻപ് ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജാവിന്റെ മേൽനോട്ടത്തിലായിരുന്നു. കൊട്ടാരത്തിൽ നിന്ന് വർഷത്തിൽ നാല് തവണ ഈ ക്ഷേത്രത്തിൽ ദർശനത്തിന് വരും. വൈക്കത്തഷ്ടമി നാൾ, തിരുവാതിര നാൾ, ശിവരാത്രി, പിന്നീട് കുടുംബ വിശേഷദിവസങ്ങൾ എന്നീ ദിവസങ്ങളിലാണ് രാജകുടുംബം ദർശത്തിനെത്തുന്നത്.