"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ദീപം തെളിയിക്കുമ്പോള്‍ | ഹൈന്ദവം

ദീപം തെളിയിക്കുമ്പോള്‍

സര്‍വ്വഐശ്വര്യത്തിന്റേയും സമ്പദ്സമൃദ്ധിയുടേയും പ്രതീകമാണ് വിളക്ക്. എല്ലാ ശുഭകാര്യങ്ങളും ദീപം തെളിയിച്ച് തുടങ്ങുന്നതും ഇതുകൊണ്ടു തന്നെ. ഭാരതീയ വിശ്വസമനുസരിച്ച് തിരി തെളിയിക്കുന്നത് ഒരു പുണ്യകര്‍മമാണ്. വെളിച്ചത്തിന്റെ ഓംകാരധ്വനിയില്‍ മനസ്സിലെ ഇരുട്ട് അകറ്റുന്നു എന്നാണ് വിശ്വാസം.വീട്ടിലായാലും ആഘോഷപരിപാടികളിലായാലും തിരി തെളിയിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നല്ല ദിവസത്തിന്റെ ശുഭകരമായ തുടക്കത്തിനുവേണ്ടിയാണ് അതിരാവിലെ വിളക്കു തെളിയിക്കുന്നത്. വിളക്കുവെയ്ക്കുമ്പോള്‍ വളരെ ഉയര്‍ന്ന സ്ഥലത്ത് വെയ്ക്കാതിരിക്കുകയാണ് ഉത്തമം. തറയില്‍വെച്ച് വിളക്കു കൊളുത്തുന്നതും ശാസ്ത്രവിധിപ്രകാരം തെറ്റാണ്. ഉയരം കുറഞ്ഞ പീഠത്തിലോ,പരന്ന തട്ടിലോ രണ്ടുമില്ലെങ്കില്‍ ഇലക്കീറിലോ വിളക്കുവെച്ച് തിരികള്‍ കൊളുത്തണം. വിളക്ക്,ശംഖ്,മണി,ഗ്രന്ഥം എന്നിവയുടെ ഭാരം ഭൂമിദേവിക്കു താങ്ങുകയില്ലത്രെ.വിളക്കിന്റെ അടിഭാഗത്തെ മൂലാധാരമായും തണ്ടിനെ സുഷുമ്നാനാഡിയായും മുകള്‍ത്തട്ടിനെ ശിരസ്സായും സങ്കല്‍പ്പിച്ചിരിക്കുന്നു. പ്രഭാതത്തിലോ, സന്ധ്യയ്ക്കോ, വിളക്കു കൊളുത്തുമ്പോള്‍ അതില്‍ തിരിയിടുന്നതിന് ചില സാമാന്യ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും.ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ കിഴക്കോട്ടും പടിഞ്ഞാട്ടുമായി ഈരണ്ടു തിരികള്‍ വീതമിടണം. നമസ്തേ പറയുമ്പോള്‍ നാം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതുപോലെ തിരികള്‍ ചേര്‍ത്തു വച്ചാണ് വിളക്കില്‍ ഇടേണ്ടത്. തിരികള്‍ വേര്‍പെട്ടോ കൂടിപ്പിണഞ്ഞോ കിടക്കരുത്. അലക്കി ശുദ്ധമാക്കി നല്ലതുപോലെ ഉണക്കിയെടുത്ത പരുത്തിത്തുണി കീറി തിരിതെറുത്തു വേണം വിളക്കിലിടാന്‍. പ്രാണികളും മറ്റും ചാത്തുകിടന്നും മുടിയിഴകള്‍ കെട്ടുപിണഞ്ഞുകിടന്നും അശുദ്ധമായ എണ്ണയും വര്‍ജിക്കണം. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാന്‍ ഇടയാകരുത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കില്‍ കത്തിക്കരുത്. കൊടിവിളക്കോ, അതില്ലെങ്കില്‍ ചെരാതോ ആദ്യം കത്തിച്ചിട്ട് അതില്‍നിന്നെ നിലവിളക്കിലേക്ക് ദീപം പകരാവു.
മംഗളാവസരങ്ങളില്‍ മാത്രം അഞ്ചു അല്ലെങ്കില്‍ ഏഴ് തിരികളിട്ട് വിളക്കു കത്തിക്കാം. അങ്ങനെ കൊളുത്തുമ്പോള്‍ ആദ്യം കിഴക്കോട്ടുള്ള തിരി കത്തിച്ച് തുടര്‍ന്നു പ്രദക്ഷിണമായി മറ്റു തിരികള്‍ കത്തിക്കണം. തെക്കുകിഴക്ക്‌, തെക്കുപടിഞ്ഞാറ് ഇങ്ങനെയാണ് പ്രദക്ഷിണമായി കത്തിക്കേണ്ടത്. നേര്‍തെക്ക് തിരിയിടരുത്.

"ഏകവര്‍ത്തില്‍ മഹാവ്യാധിര്‍
ദ്വിവര്‍ത്തിര്‍ മഹദ്ധനം
ത്രിവര്‍ത്തിര്‍ മോഹമാലസ്യം
ചതുര്‍വര്‍ത്തിര്‍ദ്ദരിദ്രതാ
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം".

ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനാഭിവൃദ്ധിയും മൂന്നുതിരി കുടുംബത്തില്‍ മ്ലാനത, അലസത എന്നിവ ഉണ്ടാക്കും നാലുതിരി ദാരിദ്ര്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്. ഏഴോ അതിന്ടെ ഗുണിതങ്ങളോ ആയി തിരിയിട്ട് വിളക്കു കത്തിച്ചാല്‍ കുടുംബത്തില്‍ അഭിവൃദ്ധിയും ഐശ്വര്യവും സര്‍വ്വ മംഗളങ്ങളും ഉണ്ടാകും. തുടച്ചു വൃത്തിയാക്കിയ വിളക്കേ സന്ധ്യക്കു കത്തിക്കാവു. അടുത്ത പ്രഭാതത്തില്‍ തലേന്നു കത്തിച്ച വിളക്കു തന്നെ കത്തിക്കാം. കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം. എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി.വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം.ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. സ്ത്രീകളല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്. ( സ്ത്രീകൾക്ക് നിലവിളക്ക് കൊളുത്താൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം പുരുഷൻമാർ വിളക്ക് കൊളുത്തുക ). ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. പ്രധാനമായ നിലവിളക്ക് പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.

തെക്കുകിഴക്കു ഭാഗങ്ങളില്‍ നിന്നുവേണം സന്ധ്യാദീപം ദര്‍ശിക്കാന്‍. സന്ധ്യാദീപം കണ്ടാലുടന്‍ എഴുന്നേറ്റുനിന്ന് തൊഴുതുപിടിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുക.

"ശിവം ഭവതു കല്യാണം ആയുരാരോഗ്യവര്‍ധനം
നമ ശത്രുവിനാശായ സന്ധ്യാദീപം നമോ നമ".

സന്ധ്യാസമയത്തെ നിലവിളക്കിന്റെ പ്രകാശത്തില്‍ ലക്ഷ്മീദേവി നൃത്തം ചെയ്യുമത്രെ! വിളക്കു തെളിഞ്ഞു നില്‍ക്കുന്ന സമയത്ത് നാമം ജപിക്കുന്നതും ശ്രേഷ്ഠമായി കണക്കാക്കുന്നു. ആചാരങ്ങള്‍,പൂജാകര്‍മ്മങ്ങള്‍ എന്നിവ നടക്കുമ്പോള്‍ അലങ്കാരങ്ങളൊന്നുമില്ലാത്ത നിലവിളക്കുകളാണ് ഉപയോഗിക്കുക. വിളക്കില്‍ എണ്ണയൊഴിച്ചു തിരിയിട്ടു കത്തിക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് അണയ്ക്കുന്നതും.ഒരു തിരി കത്തിത്തീരുന്നതിനു മുമ്പോ,കരിന്തിരി കത്തുന്നതിനു മുമ്പോ വിളക്കു കെടുത്തേണ്ടതാണ്. ഒരു കാരണവശാലും ഊതിക്കെടുത്താന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ വിളക്ക് അശുദ്ധമാവുകയും പുണ്യം നഷ്ടപ്പെടുകയും ചെയ്യും.