"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം | ഹൈന്ദവം

തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം

ചങ്ങനാശ്ശേരി കവിയൂര്‍ റൂട്ടില്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരമേയോള്ളൂ തൃക്കൊടിത്താനത്തെക്ക്. തിരുപ്പതികളില്‍ കീര്‍ത്തനങ്ങള്‍ പാടി നടന്ന നാമാഴവാര്‍ക്ക് ഇവിടെ വച്ച് മഹാവിഷ്ണു ദര്‍ശനം നല്‍കിയെന്നാണ് ഐതീഹ്യം. പഞ്ച പാണ്ഡവരില്‍ ആദ്യത്തെ നാലുപേരും ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച്‌ കഴിഞ്ഞിട്ടും തനിക്കു മാത്രം ഉചിതമായൊരു വിഗ്രഹം കിട്ടാതെ മനസ്സുരുകി സഹദേവന്‍ അഗ്നിയില്‍ ജീവത്യാഗം ചെയ്യാന്‍ നിശ്ചയിച്ച് തീകുണ്ഡം ഒരുക്കി, അപ്പോള്‍ കുണ്ഡത്തില്‍ നിന്ന് വിഗ്രഹം പ്രത്യക്ഷപ്പെട്ടു അത് തൃക്കൊടിത്താനത്തു പ്രതിഷ്ഠ നടത്തിയെന്നും ഐതീഹ്യം. ആദ്യകാലത്ത് പ്രദേശത്തു വേദപാഠശാലകളും യുദ്ധ തന്ത്രങ്ങള്‍ പഠിപ്പിക്കുന്ന കളരികളും ഉണ്ടായിരുന്നു, ഘടികമാണ് കളരിയായത്‌. ഘടികം ഉള്ള സ്ഥലം ഘടികസ്ഥാനം, പൂജ്യ പദമായ തിരു / തൃ ചേര്‍ത്ത് തൃഘടികസ്ഥാനം, അത് ലോപിച്ച് തൃക്കൊടിത്താനമായി. കളരി പഠിപ്പിക്കുന്നവരെ പണിയ്ക്കര്‍ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിലെത്തിയാല്‍ നമ്മെ ആദ്യം അത്ഭുതപ്പെടുത്തുന്നത് കല്ലുകള്‍ അടുക്കി ചേര്‍ത്ത് ശില്പ ഭംഗിയോടെ പണിത പടുകൂറ്റന്‍ മതില്‍ക്കെട്ടാണ്, ഇരുനിലയുള്ള പ്രവേശന ഗോപുരവും ഗംഭീരം തന്നെ.

രണ്ടുനിലയുള്ള വട്ട ശ്രീകോവിലില്‍ കിഴക്ക് ദര്‍ശനമായി ദേവന്‍ വിരാജിക്കുന്നു, ശംഖു ചക്ര ഗദ പത്മ ധാരിയായ മഹാ വിഷ്ണുവിന്‍റെ ചതുര്‍ഭുജ വിഗ്രഹം തന്നെയാണ് ഇവിടെയും, തൃക്കൊടിത്താനത്തപ്പന് അത്ഭുത നാരായണ മൂര്‍ത്തിയെന്നും പേരുണ്ട്. ശ്രീകോവിലില്‍ തന്നെ തെക്കോട്ട്‌ തിരിഞ്ഞു ദക്ഷിണാ മൂര്‍ത്തിയും ഗണപതിയും പടിഞ്ഞാട്ടു തിരിഞ്ഞു നരസിംഹ മൂര്‍ത്തിയും മരുവുന്നു, ദക്ഷിണാ മൂര്‍ത്തിയെയും ഗണപതിയെയും ശ്രീ കോവിലിന്‍റെ തെക്ക് വശത്തുള്ള ദ്വാരം വഴി മാത്രമേ കാണുവാന്‍ പറ്റുകയോള്ളൂ. മറ്റു ഉപദേവത‍മാര്‍ ശാസ്താവ് സുബ്രമണ്യന്‍ ഭദ്രകാളി രക്ഷസ് എന്നിവരാണ്. ശര്‍ക്കരയിട്ട പാല്‍പായസം നരസിംഹ മൂര്‍ത്തിക്കുള്ള വഴിപാടാണ്. വൃശ്ചിക മാസത്തില്‍ തിരുവോണത്തിന് കൊടിയേറി പത്തു ദിവസത്തെ ഉത്സവം കൊണ്ടാടുന്നു. സഹദേവന്‍ നിര്‍മ്മിച്ച തീകുണ്ഡത്തിനു സമാനമായി ഉത്സവത്തിനിടയ്ക്കു കാര്‍ത്തിക ദീപം തെളിയിക്കുന്നു. ഇവിടെയും ചുമര്‍ ചിത്രങ്ങളും ശില ലിഖിതങ്ങളും കാണാം. ശ്രീകോവിലില്‍ ദശാവതാരം ചുമര്‍ ചിത്രങ്ങള്‍ മനോഹരമാണ്. ക്ഷേത്രത്തിൽ മഹാവിഷ്ണുവിനെക്കൂടാതെ ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ, നാഗങ്ങൾ, അയ്യപ്പൻ, ഭദ്രകാളി എന്നിവർ ഉപപ്രതിഷ്ഠകളായുണ്ട്.

സൂര്യവംശ രാജാവായ രുക്മാഗദന് വിഷ്ണു ഇവിടെ ദർശനം നൽകിയിട്ടുണ്ടെന്നാണ്‌ മറ്റൊരു ഐതിഹ്യം. പ്രജാതത്പരനായിരുന്ന രുക്മാഗദൻ തന്റെ അംഗരാജ്ജ്യത്തിലെ പ്രജകളുടെ അഭിവൃദ്ധിയ്ക്കായി ജീവിതാവസാനം വരെ വളരെയധികം നല്ല കാര്യങ്ങൾ ചെയ്യുകയുണ്ടായി. ജ്ഞാനികളെയും യോഗികളെയും വിഷ്ണു ഭക്തന്മാരെയും അദ്ദേഹം വളരെ ആദരവോടെ ബഹുമാനിയ്ക്കുകയും അവരുടെ ആവശ്യങ്ങളെ നിറവേറ്റിക്കൊടുക്കുകയും ചെയ്തു പോന്നു. രുക്മാഗദനെയും രാജ്ജ്യത്തെയും കുറിച്ച് ദേവഗുരു വസിഷ്ഠൻ ഒരുവേള കേൾക്കുവാനിടവരുകയും നന്മകൾ മാത്രം കേട്ട ദേവഗുരു ഇക്കാര്യം സ്വർഗ്ഗാധിപതിയായ ഇന്ദ്രനോട് പറയുകയും ചെയ്തു. രുക്മാഗദന്റെ ഈ ശ്രേഷ്ഠമായ സ്വഭാവത്തെ പരീക്ഷിച്ചറിയ്ന്നതിലേയ്ക്കായി ഇന്ദ്രൻ നാരദരെ അവിടുത്തേയ്ക്കയച്ചു. നാരദമഹർഷിയെ കണ്ടമാത്രയിൽ തന്നെ രുക്മാഗദൻ വളരെ ബഹുമാനപുരസരം പാദപൂജ ചെയ്ത് ചില പ്രത്യേക പൂക്കൾ മാത്രം ഉപയോഗിച്ചുണ്ടാക്കിയ ഒരു പുഷ്പഹാരം അണിയിച്ച് അദ്ദേഹത്തെ തന്റെ രാജസദസ്സിലേയ്ക്കാനയിച്ചു. യഥാവിധി തന്നെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ നാരദർ രുക്മാഗദനെ അനുഗ്രഹിച്ചിട്ടാണ് അവിടെ നിന്നു യാത്രയായത്. രുക്മാഗദൻ അണിയിച്ച അപൂർവ്വ പുഷ്പഹാരവുമായി നാരദർ നേരെ ഇന്ദ്ര ലോകത്തെത്തി. ആ ഹാരത്തിലെ പ്രത്യേകപൂക്കളുടെ സുഗന്ധവും ചാരുതയും കണ്ട ഇന്ദ്രൻ അതിലേയ്ക്ക് വല്ലാതെ ആകൃഷ്ടനായി എന്നു മാത്രവുമല്ല ഇന്ദ്രലോകത്തില്ലാത്ത ആ അപൂർവ്വപുഷ്പത്തെ രുക്മാഗദന്റ്റെ തോട്ടത്തിൽ നിന്നും എടുത്ത് കൊണ്ടു വരുവാൻ തന്റെ ഭടന്മാർക്ക് ഉത്തരവും നൽകി. ഇന്ദ്രന്റെ ആജ്ഞയനുസരിച്ച് ഭടന്മാർ ദിവസേന തോട്ടത്തിൽ നിന്ന് പൂക്കൾ മോഷ്ടിയ്ക്കുകയും അവ ഇന്ദ്രനായി സമർപ്പിയ്ക്കുകയും ചെയ്തു പോന്നു. തന്റെ തോട്ടത്തിൽ നിന്നും ദിവസേന പൂക്കൾ അപ്രത്യക്ഷമാകുന്നതറിഞ്ഞ രുക്മാഗദൻ ആശ്ചര്യചകിതനായി കുറച്ച് ദ്വാരപാലകരെ തോട്ടത്തിന് മുന്നിൽ കാവൽ നിർത്തി. ദേവലോകപാലകരെ രുക്മാഗദന്റെ ഭടന്മാർക്ക് കാണാൻ പറ്റാഞ്ഞ കാരണം മോഷണം വീണ്ടും നിർബാധം തുടർന്നു കൊണ്ടേയിരുന്നു. അങ്ങനെ ഒരിയ്ക്കൽ അവിടെയുണ്ടായിരുന്ന വെള്ളൂള്ളി ചെടികളെ അഗ്നിക്കിരയാക്കി ദ്വാര‍പാലകർ മോഷ്ടാക്കളെ ലാക്കാക്കി ഒളുവിലിരുന്ന് തോട്ടത്തെ വീക്ഷിച്ചു. തങ്ങളുടെ കണ്ണില്പ്പെടാതെ മോഷ്ടാക്കൾ കടന്നു കളയാതിരിയ്ക്കാനായി കൂടുതൽ വ്യക്തതോയോടെ മോഷ്ടാക്കളെ കാണുന്നതിനു വേണ്ടിയാണവർ അങ്ങനെ ചെയ്തത്.

ദേവന്മാരുടെ ശക്തികളെ കുറയ്ക്കാൻ കഴിവുള്ള വെള്ളൂള്ളിയുടെ രൂക്ഷഗന്ധം പുറത്തുവന്നതും അത് കാറ്റിലൂടെ ഇന്ദ്ര ഭടന്മാരുടെ ശരീരത്തിൽ പ്രവേശിയ്ക്കുകയും അത് അവരുടെ ശക്തികളെ ക്ഷയിപ്പിച്ചു കലഞ്ഞു. അതോടെ തോട്ടത്തിൽ പതുങ്ങി നടന്ന് പൂവിറുക്കുകയായിരുന്ന ഇന്ദ്രഭടന്മാരെ രുക്മാഗദന്റെ ദ്വാരപാലകർ കണ്ടു പിടിച്ചു. തങ്ങൾ ഇന്ദ്രലോകത്തുള്ളവരാണെന്നും ഇന്ദ്രന്റെ ആജ്ഞയനുസരിച്ചാണ് തങ്ങളീ മോഷണത്തിന് തയ്യാറായതെന്നും അവർ രുക്മാഗദനെ അറിയിച്ചു. ഇതൊക്കെ കേട്ടു കഴിഞ്ഞിട്ടും രുക്മാഗദന് ദേഷ്യമൊന്നും വന്നില്ല പകരം അവരെ തന്റെ അതിഥികളെ പോലെ സ്വീകരിയ്ക്കുകയും നന്നായി ആദരിയ്ക്കുകയും ചെയ്തു. എന്നാൽ കാറ്റിലൂടെ പരന്ന ഈ രൂക്ഷഗന്ധമേറ്റ് ദേവലോകത്തിലുള്ളവരുടെയും ശക്തികൾ ക്ഷയിച്ചു അന്നൊരു ഏകാദശി ദിവസവും കൂടിയായിരുന്നു. ഏകാദശി വ്രതം നോക്കുന്ന ഒരാൾക്കുമാത്രമേ അവരെ രക്ഷിയ്ക്കാൻ സാധിയ്ക്കുമായിരുന്നുള്ളൂ. രുക്മാഗദൻ തന്റെ രാജ്യമാകെ ഏകാദശി നോക്കുന്ന ഒരു ഭക്തനുവേണ്ടി അലഞ്ഞു എന്നാൽ ഒരാളെപ്പോലും അദ്ദേഹത്തിൻ കണ്ടെത്താൻ സാധിച്ചില്ല. അവസാനം തന്റെ ജീവിതകാലം മുഴുവൻ വിഴുപ്പലക്കി കാലം കഴിയ്ക്കുന്ന ഒരു സ്ത്രീ തന്റെ ഭർത്താവ് ഗ്രാമവാസികളുമായി വഴ്ക്കുണ്ടാക്കിയത് കാരണം ആഹാരം കഴിയ്ക്കതെയിരിയ്ക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അന്ന് ഏകാദശിയാണെന്നൊന്നും ആ പാവത്തിനറിയില്ലായിരുന്നു. തന്റെ ഭർത്താവിന്റെ നല്ല നടപ്പിന് വേണ്ടി അന്നേദിവസം സ്ത്രീ ജലപാനമേ ചെയ്തിട്ടുണ്ടായിരുന്നില്ല അത്രമാത്രം. ആ സ്ത്രീയുടെ മുന്നിൽ ചെന്ന് നടന്ന സംഭവമെല്ലാം അവരോട് പറയുകയും തന്റെ വ്രതം അല്ലെങ്കിൽ ഏകാദശി നോറ്റതിന്റെ പുണ്യം ദേവലോകത്തിലെ ദേവഗണങ്ങൾക്കായി രുക്മാഗദൻ യാചിയ്ക്കുകയും ചെയ്തു. അങ്ങനെ ആ സാധു സ്ത്രീ അതംഗീകരിയ്ക്കുകയും തന്റെ വ്രതത്തിന്റെ പകുതി അവർക്കായി നൽകുകയും ചെയ്തു. രുക്മാഗദൻ അവരോട് നന്ദി രേഖപ്പെടുത്തുകയും അവൾക്കായി വളരെയധികം ആഭരണങ്ങളും സ്വർണ്ണനാണയങ്ങളും മറ്റും സമ്മാനമായി നൽകുകയും ചെയ്തു. അങ്ങനെ ആ വ്രതപുണ്യം ദേവന്മാർക്കായി നൽകുകയും അവർക്ക് തങ്ങളുടെ ശക്തികൾ തിരികെ ലഭിയ്ക്കുകയും ചെയ്തു. ഇവിടെ രുക്മാഗദനിലൂടെ ഏകാദശി വ്രതത്തിന്റെ മഹിമ നമുക്ക് മനസ്സിലാക്കിത്തരുകയായിരുന്നു ഭഗവാൻ.

കഴുവേറ്റി കല്ല്

വേറെ ഒരു അതി പ്രധാനമായ കാര്യം കഴുവേറ്റി കല്ലാണ്, കിഴക്കേ നടയ്ക്കും ക്ഷേത്ര കുളത്തിനും മദ്ധ്യേ ആറടി പൊക്കമുള്ള ഒരു കരിങ്കല്‍ തൂണും അതിനു മുകളിലായി ഒരാള്‍ ഇടതു കയ്യില്‍ ഒരു ശഖുമായി കിടക്കുന്നതായി ശില രൂപവുമുണ്ട്. പണ്ട് അമ്പലപുഴ രാജ്യം ഭരിച്ചിരുന്ന ചെമ്പകശ്ശേരി രാജാവ് ജന്മം കൊണ്ട് ബ്രാഹ്മണനായിരുന്നെങ്കിലും വളരെയധികം ക്രുര പ്രവര്‍ത്തികള്‍ ചെയ്തയാള്‍ ആയിരുന്നു, കൊട്ടാരത്തില്‍ ശങ്കുണിയുടെ ഐതീഹ്യമാല നോക്കുക. ഒരിയ്ക്കല്‍ അദ്ദേഹം ശീവേലി കഴിഞ്ഞു അമ്പലം അടച്ച സമയത്ത് വരികയും ദര്‍ശനം നടത്തണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു. ദേവന്‍ ഉറങ്ങുകയാണ് ശല്യപ്പെടുത്തരുതന്നു അമ്പലത്തിലുള്ളവര്‍ പറഞ്ഞെങ്കിലും ബലമായി അമ്പലം തുറന്നു അപ്പോള്‍ തന്നെ വീണു മരിക്കുകയും ചെയ്തു. ആ സംഭവത്തിന്‍റെ സ്മരണാര്‍ത്ഥം ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉടന്‍ തന്നെയുണ്ടാവും എന്ന് ഏവരെയും അറിയിക്കുവാനായി മേല്‍ പറഞ്ഞ സ്തൂപം സ്ഥാപിച്ചുവെന്ന് ഐതീഹ്യം.