"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കടുത്തുരുത്തി തളി മഹാദേവക്ഷേത്രം | ഹൈന്ദവം

കടുത്തുരുത്തി തളി മഹാദേവക്ഷേത്രം

കേരളത്തിലെ കടുത്തുരുത്തി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കടുത്തുരുത്തി തളി മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം കടുത്തുരുത്തി ഗ്രാമത്തിന്റെ ദേശനാഥാനായി കരുതിപോരുന്നു. ഖരമഹർഷിയാൽ പ്രതിഷ്ഠിക്കപ്പെട്ട മൂന്നു ശിവലിംഗങ്ങളിൽ രണ്ടാമത്തേത് ഇവിടെയാണ്. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമാണന്നു കരുതിപോരുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം.

കടുത്തുരുത്തിയിൽ പ്രധാന മൂർത്തി ശിവനാണ്. ചതുരാകൃതിയിൽ രണ്ടുതട്ടിലായി പണിതീർത്തിരിക്കുന്ന ശ്രീകോവിലാണ് ഇവിടുത്തേത്. കിഴക്കോട്ടു ദർശനം. അഞ്ചു പൂജയും മൂന്നു ശീവേലിയും നിത്യേന പതിവുണ്ട്. വളരെ വിസ്താരമുള്ള ക്ഷേത്രമതിൽക്കകം, കരിങ്കൽപാകിയ പ്രദക്ഷിണവഴി, കിഴക്കേ നടയിലെ ആനക്കൊട്ടിൽ, വലിപ്പമേറിയ നാൽമ്പലം, ബലിക്കൽപ്പുര, എല്ലാം മഹാക്ഷേത്രത്തിനു ഉതകും വണ്ണം നിർമ്മിച്ചിരിക്കുന്നു. കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലെ തന്ത്രം മനയത്താറ്റ് ഇല്ലത്തിനു നിക്ഷിപ്തമാണ്.

ചരിത്രം

ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം പതിനെട്ടു നാട്ടുരാജ്യങ്ങളായി ഖണ്ഡിക്കപ്പെടുകയും അതിലൊന്നായിരുന്നു വെമ്പൊലിനാട്. ആദ്യം വിംബലന്മാരുടെ (പാണ്ഡ്യന്മാർ) ആധിപത്യത്തിൻ കീഴിലായിരുന്നതിനാലാണ് നാട്ടുരാജ്യത്തിന് വെമ്പൊലിനാട് എന്ന പേരു സിദ്ധിച്ചത്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ കിടക്കുന്ന കായലിന് വെമ്പനാട്ടുകായൽ എന്ന പേരുണ്ടാകാനും കാരണമിതാണ് എന്നുകരുതുന്നു. എ.ഡി. 1100-ൽ വെമ്പൊലിനാട് തെക്കുംകൂർ, വടക്കുംകൂർ എന്നു രണ്ടായി ഭിന്നിച്ചു. ഏറ്റുമാനൂരും, വൈക്കവും, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗവും ഉൾപ്പെടുന്ന പ്രദേശമായിരുന്നു വടക്കുംകൂർ രാജ്യം. ഈ രാജ്യത്തിന്റെ തലസ്ഥാനം ആദ്യം കടുത്തുരുത്തിയും പിന്നീടു വൈക്കവുമായിരുന്നു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം ഹൈറേഞ്ച് ഇവ തെക്കുംകൂർ രാജ്യത്തിലായിരുന്നു. തെക്കുകൂറിന്റെ തലസ്ഥാനം ചങ്ങനാശ്ശേരിയും, തളിക്കോട്ടയും, മണികണ്ഠപുരവും ആയിരുന്നു. പിന്നീട് തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ വടക്കുംകൂർ ആക്രമിച്ച് കീഴടക്കുകയും ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമാക്കുകയും ഉണ്ടായി. അന്നുമുതൽ തിരുവിതാംകൂർ രാജഭരണത്തിലായിരുന്നു ഈ ക്ഷേത്രം. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുമായിമാറി.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കടുത്തുരുത്തിഗ്രാമത്തിനെക്കുറിച്ചും അവിടുത്തെ ദേശനാഥനെക്കുറിച്ചും പല പുരാണേതിഹാസങ്ങളിലും പരാമർശിച്ചുകാണുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിലെ നായിക ഉണ്ണുനീലി ജീവിച്ചിരുന്ന വീരമാണിക്യത്ത് തറവാട് കടുത്തുരുത്തിയിലാണ് സ്ഥിതി ചെയ്തിരുന്നത്. ഉണ്ണുനീലി സന്ദേശത്തിൽ പല മഹാക്ഷേത്രങ്ങളേക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. അതിൽ അവസാനഭാഗത്തു പ്രതിപാദിക്കുന്ന ക്ഷേത്രം ഇവിടുത്തെ തളി ശിവക്ഷേത്രമാണ്.

ഐതിഹ്യം

കടുത്തുരുത്തി മതിൽക്കകം ഐതിഹ്യങ്ങളിലുമുറങ്ങുന്ന കഥകളാൽ മുഖരിതമാണ്. പലതും വർഷങ്ങളായി നാവുകളിലൂടെ പകർന്നുവന്നവയും, രേഖപ്പെടുത്താൻ വിട്ടുപോയവയുമാണ്. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ ശിവക്ഷേത്രങ്ങൾ മൂന്നു ശിവക്ഷേത്രങ്ങളും തമ്മിൽ ഒരേ അകലം. അതിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം. ത്രേതായുഗത്തിൽ മാല്യവാൻ എന്ന രാക്ഷസതപസ്വിയിൽ നിന്നു ശൈവവിദ്യോപദേശം നേടിയ ഖരൻ എന്ന അസുരൻ ചിദംബരത്തിൽ ചെന്ന് കഠിനതപസ്സു തുടങ്ങി. സന്തുഷ്ടനായ നാഥൻ ആവശ്യമായ വരങ്ങൾ നൽകി അനുഗ്രഹിച്ചു, അതിനൊപ്പം ശ്രേഷ്ഠങ്ങളായ മൂന്നു ശിവലിംഗങ്ങളും നൽകി.

ഈ മൂന്നു ശിവലിംഗങ്ങളുമായി ഖരൻ യാത്രയാരംഭിച്ചു.
ഇടയ്ക്ക് ശിവലിംഗങ്ങൾ ഭൂമിയിൽ വച്ച് വിശ്രമിച്ച ഖരന് പിന്നീടത് അവിടെ നിന്ന് ഇളക്കാൻ സാധിച്ചില്ല. മഹാതപസ്വിയായ വ്യാഘ്രപാദമഹർഷിയെ കണ്ടപ്പോൾ ശിവലിംഗങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ച് ഖരൻ മോക്ഷം നേടി. അന്ന് വലതു കൈകൊണ്ട് വച്ച ശിവലിംഗമാണ് ഇന്ന് വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. കഴുത്തിൽ ഇറുക്കി വച്ചിരുന്നത് കടുത്തുരുത്തിയിലും ഇടതു കയ്യിലേത് ഏറ്റുമാനൂരിലും ഇന്നു പൂജിച്ചാരാധിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തിയാൽ കൈലാസത്തിൽ പോയി ശിവദർശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം.

തിരുവുത്സവം

തളിയിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം ധനുമാസത്തിലെ തിരുവാതിര നക്ഷത്രം ആറാട്ട് വരത്തക്കവണ്ണം പത്തുനാൾ ആഘോഷിക്കുന്നു. തളിലപ്പന്റെ ആറാട്ട് നടക്കുന്നത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ്. ആറാട്ട് കഴിഞ്ഞ് ഭഗവാന്റെ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളുമ്പോൾ ക്ഷേത്രാങ്കണത്തിൽ തിരുവാതിരകളി അരങ്ങേറാറുണ്ട്. അന്നേ ദിവസമാണ് ധനുമാസത്തിലെ പൂത്തിരുവാതിര.

പൂജാവിധികൾ

വെളുപ്പിന് 4:30 ന് പള്ളിയുണർത്തൽ 5:00 മണിക്ക് നടതുറപ്പ്, നിർമ്മാല്യദർശനം, 6:00 ന് ഉഷഃപൂജ 7:00 ന് എതൃത്തപൂജ 7:30 ന് എതൃത്ത ശ്രീബലി 8:30 ന് പന്തീരടി പൂജ 10:00 ന് ഉച്ചപൂജ 11:30 ന് ഉച്ച ശ്രീബലി വൈകുന്നേരം 5:00 ന് നടതുറപ്പ് 6:30 ന് ദീപാരാധന 7:00 ന് അത്താഴ പൂജ, ശ്രീബലി.

ക്ഷേത്രത്തിൽ എത്തിചേരാൻ

റോഡ്

ഏറ്റുമാനൂർ-എറണാകുളം റോഡിൽ കടുത്തുരുത്തി ജംഗ്ഷനിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ ക്ഷേത്രഗോപുരം റോഡിൽ നിന്നുംതന്നെ കാണാൻ സാധിക്കും.

റെയിൽവേ

പ്രധാന റെയിൽവേസ്റ്റേഷൻ, കോട്ടയം ആണ്, ഏകദേശം 25 കിലോമീറ്റർ ദൂരെയാണ്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നും യാത്രചെയ്യാവുന്നതാണ്.

എയർപോർട്ട്

ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി)