"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം | ഹൈന്ദവം

ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

രുഗ്മിണി ഉപാസിച്ചിരുന്ന കൃഷ്ണ വിഗ്രഹം

ദ്വാപരയുഗത്തില്‍ ദ്വാരകയിലെ രാജധാനിയില്‍ സാക്ഷാല്‍ രുഗ്മിണീദേവി ഉപാസിച്ചിരുന്ന ബാലഗോപാല പ്രതിഷ്ഠയാണ് ഉഡുപ്പിയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുള്ളതെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. സപ്തമോക്ഷപുരികളില്‍ ഒന്നെന്നു കരുതപ്പെടുന്ന ഉഡുപ്പിയില്‍ മാധ്വാചാര്യരാണ് ഈ വിഗ്രഹം പ്രതിഷ്ഠിച്ചത്. പ്രകൃതിയാണ് ശ്രീകൃഷ്ണവിഗ്രഹത്തെ ഇവിടെത്തിച്ചതെന്നാണ് ഐതിഹ്യം. മാധ്വാചാര്യര്‍ ഉഡുപ്പിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ മാല്‍പ്പെ കടല്‍തീരത്ത് തപസനുഷ്ഠിക്കവെ അതിശക്തമായ കൊടുങ്കാറ്റില്‍ അപകടകരമാം വിധം ആടിയുലയുന്ന ഒരു കപ്പല്‍ കണ്ടു. തന്റെ യോഗശക്തിയാല്‍ അദ്ദേഹം കപ്പലിനെ അപകടത്തില്‍ നിന്നും രക്ഷിച്ചു. കപ്പലില്‍ ബലരാമന്റെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങള്‍ ഉണ്ടെന്ന് മുന്‍കൂട്ടിയറിഞ്ഞ ആചാര്യ സ്വാമിജി കപ്പലിന്റെ കപ്പിത്താന്‍ നല്കിയ ഗോപീചന്ദനകഷ്ണങ്ങള്‍ സ്വീകരിച്ചു. ബലരാമവിഗ്രഹം കടല്‍തീരത്തിന് സമീപമുള്ള വടപണ്‌ഡേശ്വരഗ്രാമത്തിലും ശ്രീകൃഷ്ണവിഗ്രഹം ഉഡുപ്പിയില്‍ ചന്ദ്ര മൗലീശ്വര ക്ഷേത്രത്തിനു സമീപവും പ്രതിഷ്ഠിച്ചു. ക്ഷേത്രകവാടത്തില്‍ എത്തുന്നതോടെ വലതു വശത്ത് മാധ്വസരോവരം അഥവാ ചന്ദ്രപുഷ്‌കരണി എന്ന ക്ഷേത്രക്കുളം കാണാം. മാധ്വസരോവരത്തിന് നടുവിലുള്ള മണ്ഡപത്തില്‍ ഗംഗാമൂര്‍ത്തിയുണ്ട്. വലതുകൈയില്‍ കടകോലും (മത്ത്) ഇടതുകൈയില്‍ കയറും പിടിച്ച് ചുണ്ടില്‍ ചിരിയുമായി നില്‍ക്കുന്ന ഉണ്ണികൃഷ്ണ വിഗ്രഹമാണിവിടുത്തേത്. ഈ ക്ഷേത്രത്തിന്റെ മുഖ്യ ഗോപുരത്തിന് കനക ഗോപുരം എന്നാണ് പറയുന്നത്. ഈ ക്ഷേത്രത്തില്‍ ആദ്യം ദര്‍ശനം നടത്തുമ്പോള്‍ കനക ഗോപുരത്തിന്റെ വാതിലില്‍ ഉള്ള ഹോളിലൂടെ നോക്കി തൊഴുതതിനു ശേഷമേ ശ്രീകോവിലില്‍ ദര്‍ശനം നടത്താവു എന്നാണ് വിശ്വാസം. കൃഷ്ണ വിഗ്രഹങ്ങളില്‍ ലോകത്തെ ഏറ്റവും സുന്ദരമായ വിഗ്രഹങ്ങളില്‍ ഒന്നാണ് ഉടുപ്പിയില്‍ എന്ന് വിശ്വസിക്കുന്നു. എല്ലാ രണ്ടു വര്ഷം കൂടുമ്പോള്‍ ഉള്ള മകരസങ്ക്രമ ദിവസം ഇവിടെ വിശേഷമായ രഥോത്സവം നടക്കുന്നു .

ഇവിടത്തെ കാട്ടില്‍ തപസ്സനുഷ്ഠിച്ചിരുന്ന ചന്ദ്രഭഗവാന് ദക്ഷപ്രജാപതി ശാപമോക്ഷം നല്‍കി എന്നതാണ് ഐതിഹ്യം. ഉഡുക്കളെ അഥവാ നക്ഷത്രങ്ങളെ പരിപാലിക്കുന്നത് ചന്ദ്രന്‍ ആയതിനാല്‍ ഈ സ്ഥലം ഉഡുപ്പി എന്നറിയപ്പെട്ടു. ചന്ദ്രന്‍ ഇവിടെയിരുന്ന് തപസ്സു ചെയ്താണത്രെ ശിവന്റെ ശിരോഭൂഷണമായിത്തീരാനുള്ള വരം നേടിയത്. ശ്രീകൃഷ്ണക്ഷേത്രത്തിന് എതിര്‍വശത്തായി ചന്ദ്രമൗലീശ്വരന്റെ സ്വയംഭൂ ലിംഗമുണ്ട്. ദിവസത്തില്‍ മൂന്നു തവണ കൃഷ്ണ വിഗ്രഹത്തിന് നിറം മാറ്റമുണ്ടാകും. രാവിലെ കറുപ്പു നിറമായിരിക്കും, ഉച്ചയ്ക്ക് നീലനിറം, രാത്രിയില്‍ വെളുപ്പ്. ജ്ഞാനപീഠത്തിലുള്ള ലിംഗസ്വരൂപനായ പരശുരാമനെ അനന്തേശ്വരന്‍ ആയാണ് ഉപാസിക്കുന്നത്. മാധ്വാചാര്യരുടെ ദൈ്വതസിദ്ധാന്ത വിഭാഗക്കാരായ എട്ടുമഠക്കാരാണ് ക്ഷേത്രത്തിലെ പൂജകള്‍ നടത്തുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഈ അവകാശം കൈമാറി നല്കുകയാണ്പതിവ്. ജനുവരി മാസത്തിനടുപ്പിച്ചാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഇവിടത്തെ പ്രധാന ഉത്സവം നടത്താറുള്ളത്. പര്യായോത്സവം എന്നറിയപ്പെടുന്ന ഈ ഉത്സവവേളയിലാണ് പൂജാരികള്‍ സ്ഥാനമേല്‍ക്കുന്നത്.
അഴികളിട്ട വാതിലിന്റെ ഒമ്പത് വിടവുകളിലൂടെയാണ് ഭഗവത് സ്വരൂപം നമുക്ക് കാണാന്‍ കഴിയുക. വെള്ളി പൂശിയ ആടകളാല്‍ പൂര്‍ണ്ണമായും അലംകൃതനായാണ് ശ്രീകൃഷ്ണന്‍ നില്‍ക്കുന്നത്. ഇതിനു പടിഞ്ഞാറായി കനകദാസമണ്ഡപമുണ്ട്. താഴ്ന്ന ജാതിക്കാരനായ കനകദാസന്‍ ഗ്രാമത്തിലെത്തിയപ്പോള്‍ കൃഷ്ണനെ തൊഴാന്‍ ക്ഷേത്രത്തിന്റെ അകത്തു കടക്കാന്‍ കഴിയാതെ വിഷണ്ണനായി. എങ്കിലും പുറത്തുനിന്ന് കൃഷ്ണനെ ഭജിക്കുകയും കൃഷ്ണഗീതികള്‍ ചൊല്ലുകയും ചെയ്ത കനകദാസന്‍ ഉപാസന തുടര്‍ന്നു. ഒരു ദിവസം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ മതില്‍ സ്വയമേവ അല്പം വിട്ടുമാറുകയും കൃഷ്ണവിഗ്രഹം കനകദാസന്‍ നില്‍ക്കുന്നതിനഭിമുഖമായി നേരെ എതിര്‍ദിശയിലേക്ക് തിരിയുകയും ചെയ്തു. അങ്ങിനെ കനകദാസന് ഭഗവാനെ പൂര്‍ണമായും കാണാനും പ്രാര്‍ത്ഥിക്കാനും ആവുകയും ചെയ്തു. കിഴക്കോട്ട് അഭിമുഖമായി കനകദാസന് ദര്‍ശനം നല്കിയ കൃഷ്ണന്‍ ശംഖചക്രഗദാപത്മ ധാരിയാണ്. ചുറ്റമ്പലത്തില്‍ ഗരുഡാള്‍വാര്‍മാരുടെയും ഹനുമാന്റെയും പ്രതിഷ്ഠകളുണ്ട്.

നവരാത്രി, ദീപാവലി, കൃഷ്ണജന്മാഷ്ടമി, ശ്രീരാമനവമി എന്നിവയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ക്ഷേത്രത്തില്‍ പ്രത്യേക ആഘോഷങ്ങള്‍ നടത്താറുണ്ട്. മംഗലാപുരത്തുനിന്ന് മുംബൈ/ഗോവയിലേക്കുള്ള നാഷണല്‍ ഹൈവേയില്‍ കൊല്ലൂര്‍ക്ക് പോകുന്ന വഴി 60 കിലോമീറ്റര്‍ പോയാല്‍ ഉഡുപ്പിയിലെത്താം. നാഷണല്‍ ഹൈവേയില്‍ നിന്ന് 2 കിലോമീറ്റര്‍ ഉള്ളിലേക്ക് പോകണം. കൊല്ലൂരു നിന്ന് 88 കിലോമീറ്റര്‍ അകലെയാണ് ഉഡുപ്പി.