"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ചൊവ്വര ശ്രീധര്‍മ്മ ശാസ്താക്ഷേത്രം | ഹൈന്ദവം

ചൊവ്വര ശ്രീധര്‍മ്മ ശാസ്താക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ പഞ്ചായത്തിലാണ്‌ ചൊവ്വര ശ്രീധര്‍മ്മ ശാസ്താക്ഷേത്രം. സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ ക്ഷേത്രം തെക്കന്‍ ശബരിമല എന്ന്‌ പ്രസിദ്ധമാണ്‌. ആഴ്ചയില്‍ രണ്ടേ രണ്ടുദിവസം മാത്രം നട തുറപ്പുള്ള അത്യപൂര്‍വ്വ ക്ഷേത്രം. വിഴിഞ്ഞത്തിനും പൂവാറിനും മദ്ധ്യേയുള്ള മനോഹര ഗ്രാമമാണ്‌ ചൊവ്വര. കോവളം മുതലിങ്ങോട്ട്‌ അടിമലത്തുറവരെ നീണ്ടുകിടക്കുന്ന കടല്‍ത്തീരമാണ്‌ ചപ്പാത്ത്‌. കടലിനഭിമുഖമായി ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളും വളങ്ങള്‍ വിശ്രമിക്കുന്ന വെള്ളമണല്‍ത്തീരവും ഒരു നേര്‍വരെ പോലെ കാണപ്പെടുന്നു. അതുകൊണ്ടാവാം ഈ സ്ഥലത്തിന്‌ ചൊവ്വൊത്തരേഖ പോലെ എന്നര്‍ത്ഥത്തില്‍ ചൊവ്വര എന്ന പേരുണ്ടായത്‌. ആദ്ധ്യാത്മിക വിശുദ്ധി നിറഞ്ഞുനില്‍ക്കുന്ന ഈ പ്രദേശത്ത്‌ വന്നുപോകുന്ന വിദേശ സന്ദര്‍ശകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു.

ചൊവ്വര കടല്‍ത്തീരത്താണ്‌ ശ്രീധര്‍മ്മശാസ്താക്ഷേത്രം. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത്‌ മലയും കടലും കിഴക്ക്‌ കായലുമാണ്‌. ചൊവ്വര ജംഗ്ഷനില്‍ ക്ഷേത്രകമാനം. റോഡിനിരുവശത്തും വീടുകള്‍. അത്‌ അവസാനിക്കുന്നിടത്ത്‌ അനുഭവപ്പെടുന്ന വിജനത. ഏകാന്തത. ഒരുഭാഗത്ത്‌ കുറച്ചകലെയായി തൂക്കായ കടല്‍ത്തീരം. ചിലരിലെങ്കിലും ഭീതി ജനിപ്പിക്കുന്ന താഴ്ച. ശ്രീകോവിലില്‍ ധര്‍മ്മശാസ്താ പ്രതിഷ്ഠയും കിഴക്കുഭാഗത്ത്‌ പതിനെട്ടുപടികളുമുള്ള മഹാക്ഷേത്രം. ഇവിടെ ശാസ്താവിന്‌ പൊന്നമ്പലമേട്ടിലെ ദേവഭാവമെന്ന്‌ സങ്കല്‍പം. പടിഞ്ഞാറ്‌ മാറി ഗണപതിയുടെ നട. ഭഗവതി പ്രതിഷ്ഠയുമുണ്ട്‌. കിഴക്ക്‌ ശിവനേയും നാഗരേയും ദര്‍ശിക്കാം. ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ നട തുറക്കൂ. അന്നുമാത്രമേ പൂജയുള്ളൂ. കൂടാതെ ആയില്യം പൗര്‍ണമി മലയാളമാസം ഒന്നാം തീയതി തുടങ്ങിയ വിശേഷദിവസങ്ങളിലും പൂജയുണ്ട്‌. വഴിപാടുകളില്‍ പ്രധാനം എള്ളുപായസമാണ്‌. ഇവിടത്തെ ചക്കനിവേദ്യം വിശേഷമാണ്‌..

മകരവിളക്കാണ്‌ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവം. പതിനൊന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ആദ്യ ദിവസം തുടങ്ങുന്ന എഴുന്നെള്ളത്ത്‌ അപൂര്‍വ ദൃശ്യമാണ്‌. ആനപ്പുറമേറിയുള്ള അയ്യപ്പസ്വാമിയുടെ ഈ യാത്ര ഓരോ വീട്ടിലൂടെയുമാണ്‌. പറയില്ല, പകരം തട്ടനിവേദ്യമാണ്‌. നെല്ലും പൊരിയും കദളിപ്പഴവും കരിക്കും കല്‍ക്കണ്ടവും മുന്തിരിങ്ങയും ചേര്‍ത്തൊരുക്കി വീടിന്‌ മുന്നില്‍ ദീപം തെളിക്കും. അപ്പോള്‍ എഴുന്നെള്ളത്തെത്തി അനുഗ്രഹിച്ചുകൊണ്ടുള്ള പൂജയും നടക്കും. വിഴിഞ്ഞം, കോട്ടുകാല്‍, വെങ്ങാനൂര്‍, കാഞ്ഞിരംകുളം എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന എഴുന്നെള്ളത്ത്‌ ജില്ലയിലെ ഏറ്റവും വലിയ പ്രദക്ഷിണഘോഷയാത്രയായി മാറും. കരിച്ചാല്‍ കായലില്‍ നടക്കുന്ന ആറോട്ടോടെ ചൊവ്വരയിലെ മകരവിളക്ക്‌ മഹോത്സവം സമാപിക്കും.