"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം | ഹൈന്ദവം

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം

കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ക്ഷേത്രത്തിലെ വാർഷികോത്സവം ഏപ്രിൽ മാസത്തിൽ 2 ദിവസങ്ങളിലായി നടക്കുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിഷ്ണു ആണ്. ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും ഈ ക്ഷേത്രം.
പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായി ഉള്ള വടക്കൻ മലബാറിലെ ഒരു പ്രധാന സ്ഥലമാണ് ഈ ക്ഷേത്രം.മലയാള മാസങ്ങൾ ആയ കർക്കിടകം (ജൂലൈ-ഓഗസ്റ്റ്), തുലാം (ഒക്ടോബർ-നവംബർ), കുംഭം (ഫെബ്രുവരി-മാർച്ച്) എന്നീ മാസങ്ങളിലെ പൗർണമി ദിവസങ്ങളിൽ ആണ് ബലി ഇടുക.

തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രാധാന്യം ചേര രാജാക്കന്മാരാ‍യ ഭാസ്കര രവിവർമ്മൻ I, II എന്നിവരുടെ ചെമ്പ് ആലേഖനങ്ങളിൽ കാണാം. തിരുനെല്ലി ഗ്രാമത്തിൽ നിന്ന് പുരാവസ്തു ഗവേഷകർ ഈ ചെമ്പുതകിടുകൾ കുഴിച്ചെടുത്തിട്ടുണ്ട്. എ.ഡി. 9-ആം നൂറ്റാണ്ട് വരെ ഈ ചെമ്പുതകിടുകൾക്ക് പഴക്കം ഉണ്ട്. ചരിത്ര രേഖകൾ അനുസരിച്ച് തിരുനെല്ലി 16-ആം നൂ‍റ്റാണ്ടുവരെ തെക്കേ ഇന്ത്യയിലെ ഏറ്റവും സമൃദ്ധമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു.ഭാസ്കര രവിവർമ്മന്റെ കാലത്ത് ഈ ക്ഷേത്രം ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായിരുന്നു. അന്നത്തെ നാണയം ആയ 12 ‘രാശി‘കൾ ഉപയോഗിച്ച് കൊത്തുപണിചെയ്ത കല്ലുകൾ ഇവിടെ നിന്നും കുഴിച്ചെടുത്തിട്ടുണ്ട്. ഈ ക്ഷേത്രത്തിന്റെ ചരിത്രം കാസർഗോഡ് ജില്ലയിലെ കുംബ്ല രാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാട് രാ‍ജാക്കന്മാരും ആയും ബന്ധപ്പെട്ടു കിടക്കുന്നു. കൂർഗ്ഗിലെ രാജാക്കന്മാരും ആയും ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് അടുത്തായി ഉള്ള ചില കൽ‌പ്രതിമകളുടെ അവശിഷ്ടങ്ങൾ കൂർഗ്ഗ് രാജാക്കന്മാർ നിർമ്മിച്ചതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ പ്രദേശത്ത് ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. പാപനാശിനി ഗ്രാമം, പഞ്ചതീർത്ഥ ഗ്രാമം എന്നീ രണ്ടു ഗ്രാമങ്ങൾ ഇവിടെ നിലനിന്നിരുന്നു. അജ്ഞാതമായ ചില കാരണങ്ങളാൽ (മിക്കവാറും ഒരു പകർച്ചവ്യാധിയാൽ) ഈ ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു. ജനങ്ങൾ മാനന്തവാടിക്ക് അടുത്തുള്ള സ്ഥലങ്ങളിലേക്ക് അഭയം തേടി. മാനന്തവാടിയിലെ ചില കുടുംബങ്ങൾ തങ്ങളുടെ തായ്‌വഴികൾ ഈ ഗ്രാമങ്ങളിൽ നിന്ന് ആണെന്നു പറയുന്നു.ഈ ക്ഷേത്രത്തിൽ നിന്ന് അൽ‌പം അകലെയാണ് പാ‍പനാശിനി എന്ന അരുവി. പാപനാശിനിയിലെ പുണ്യജലത്തിൽ ഒന്നു മുങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചിതരാവും എന്നാണ് വിശ്വാസം. ഈ അരുവിക്ക് എല്ലാ പാപങ്ങളും നശിപ്പിക്കുവാനുള്ള ദിവ്യശക്തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന തിരുനെല്ലി പ്രകൃതിമനോഹരമായ ഒരു സ്ഥലം ആണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുക്കാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന് വടക്കുകിഴക്കായി കർണാടകത്തിലെ നാഗർഹോളെ, ബന്ദിപ്പൂർ എന്നീ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും തെക്കു കിഴക്കായി തമിഴ്‌നാട്ടിലെ മുതുമലയും സ്ഥിതിചെയ്യുന്നു. വളരെ ജൈവ വൈവിധ്യം ഉള്ള ഈ വന്യജീവി സംരക്ഷണ കേന്ദ്രം നീലഗിരി ബയോ റിസർവിന്റെ ഒരു പ്രധാന ഭാ‍ഗം ആണ്. നാനാവിധത്തിലുള്ള സസ്യ-ജീവിജാലങ്ങളെ ഇവിടെ കാണാം. സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമായ പക്ഷിപാതാളം ഇവിടെ നിന്നും 7 കിലോമീറ്റർ അകലെയാണ്. കടൽനിരപ്പിൽ നിന്നും 1740 മീറ്റർ ഉയരമുള്ള ഇവിടെ എത്തുവാൻ കേരള വനം വകുപ്പിൽ നിന്ന് മുൻ‌കൂർ അനുമതി വാങ്ങണം.

ഐതിഹ്യം

ഈ ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ബ്രഹ്മാവ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിനു സമർപ്പിച്ചു എന്നും ചതുർഭുജങ്ങളുടെ രൂപത്തിലാണ് ഈ ക്ഷേത്രം പണിതതെന്നും ആണ് ഐതിഹ്യം. അതുകൊണ്ടാണ് ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകൾ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നത് എന്നും പറയപ്പെടുന്നു. മൈസൂരിലേക്ക് തീർത്ഥയാത്ര പോയ മൂന്നു മലയാളി നമ്പൂതിരിമാർക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോൾ ഇവർ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നിൽക്കുന്നത് കണ്ടു. അതിനടുത്തായി നിറയെ നെല്ലിക്കയുള്ള ഒരു നെല്ലിമരം കണ്ട് അവർ തങ്ങളുടെ പൈദാഹങ്ങൾ അകറ്റി. ഇതിനാൽ ഇവർ ഈ സ്ഥലം തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള വനങ്ങളിൽ നെല്ലിമരങ്ങൾ ധാരാ‍ളമായി കാണാം. തൃശ്ശിലേരിയിലെ ശ്രീമഹാദേവന് വിളക്കുവച്ച്, പാപനാശിനിയിൽ ബലിതർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ വിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാർ മാത്രമാണ് ഈ രീതി പിന്തുടരുന്നത്.

എത്തിച്ചേരാനുള്ള വഴി

മാനന്തവാടിക്ക് 30 കിലോമീറ്റർ വടക്കുകിഴക്കായി ആണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: കോഴിക്കോട്, 138 കിലോമീറ്റർ അകലെ.

ബാംഗ്ലൂർ നിന്നും ബാംഗ്ലൂർ-ഹുൻസുർ-നാഗർഹോളെ-കൂട്ട-തിരുനെല്ലി റോഡ് വഴി 270 കിലോമീറ്റർ ആണ് ഇവിടേയ്ക്ക് ഉള്ള ദൂരം.

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം,കോഴിക്കോട്. 166 കിലോമീറ്റർ അകലെ.