"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
അടിയേരിമഠം ദേവീക്ഷേത്രം | ഹൈന്ദവം

അടിയേരിമഠം ദേവീക്ഷേത്രം

പരശുരാമനാൽ സ്ഥാപിതമായ നാലു മാന്ത്രിക-താന്ത്രിക സമ്പ്രദായങ്ങളിൽ പ്രധാന സ്ഥാനത്തുള്ള ക്ഷേത്രമാണ് അടിയേരിമഠം ദേവീക്ഷേത്രം. കണ്ണൂർ ജില്ലയിലെ ആറളത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവതാസ്ഥാനത്ത് ഉച്ചിട്ട ഭഗവതി ആണ്. ഉച്ചിട്ട ഭഗവതിയുടെ ഉത്ഭവസ്ഥാനം അടിയേരിയാണ്.ദേവതാ സമൂഹം കുടികൊള്ളുന്ന അടിയേരിയിലെ ധര്മ്മദൈവം ദുര്ഗ്ഗയും ഭൈരവാദിപഞ്ചമൂര്ത്തികള് പ്രധാന ഉപാസനാ മൂര്ത്തികളുമാണ്.തെയ്യങ്ങളുടെ തറവാടാണ് അടിയേരിമഠം. കളിയാട്ടമാണ് ഇവിടെ പ്രധാനം.

അവതാര പുരുഷനായ പരശുരാമനാല്‍ സ്ഥാപിതമായ നാലു താന്ത്രിക മാന്ത്രിക ബ്രാഹ്മണ സമ്പ്രദായങ്ങളില്‍പെട്ട മഠങ്ങളാണ് അടിയേരി ,പുല്ലഞ്ചേരി കാളകാട്ട് കാട്ടുമാടം എന്നിവ . ഈ നാല് സ്ഥലങ്ങളിലും മുപ്പത്തിയൊമ്പതോളം - ഒന്ന് കുറവ് നാല്‍പ്പതു എന്നറിയപ്പെടുന്നു- ഉപാസനാമൂര്‍ത്തികളെ സ്ഥാനം നല്കി ആരാധിച്ചു വരുന്നു . പ്രധാന ദേവതാസ്ഥാനത്ത് അടിയേരിയില്‍ ഉച്ചിട്ട ഭഗവതിയും പുല്ലഞ്ചേരിയില് ഭൈരവനും കാളകാട്ടു കുട്ടിച്ചാത്തനും കാട്ടുമാടത്ത് കരുവാള്‍ ഭഗവതിയുമാണ് . വടക്കേ മലബാറില്‍ പ്രസിദ്ധമായ ഈ മഠങ്ങളില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും നൂറ്റാണ്ടുകളുടെ ചരിത്ര ഗരിമ നിറഞ്ഞു നില്‍ക്കുന്നതുമാണ് അടിയേരിമഠം ബ്രഹ്മസ്ഥാനം . സർവ്വൈശ്വര്യദായിനിയായ ശ്രീ ഉച്ചിട്ട ഭഗവതിയുടെ ആരുഡസ്ഥാനമാണ് പരമപവിത്രമായ ശ്രീ അടിയേരിമഠം . സുഖ പ്രസവത്തിനു തുണയരുളുന്ന ചൈതന്യ സ്വരൂപിണി കൂടിയായ ഈ ദേവിയെ 'അടിയേരിമഠത്തിൽ ഉച്ചിട്ടയമ്മ' എന്നാണ് വിളിച്ചുവരുന്നത്‌ . ഭൂലോക മാതാവയി നിത്യ പ്രകാശം ചൊരിഞ്ഞു നില്ക്കുന്ന അന്നദാനേശ്വരിയായ ശ്രീ ദുർഗ്ഗാ ഭഗവതിയുടെ ആത്മചൈതന്യം തുള്ളി തുളുമ്പുന്നതും , ഉഗ്രമൂർത്തികളായ മന്ത്ര മൂർത്തികളെ പൂജിച്ചു ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതുമാണ് ശ്രീ അടിയേരിമഠം ദേവീ ക്ഷേത്രം .

ദേശവാസികള്‍ക്ക് ഉത്സവത്തിന്‍റെ പൂരമാണ് പണ്ടുകാലങ്ങളില്‍ അടിയേരിയിലെ തെയ്യം . നൂറിലധികം തെയ്യങ്ങള്‍ അടിയേരി തിരുമുറ്റത്തു കെട്ടിയാടിയിരുന്നുവത്രെ . ഇവിടത്തെ തിറയാട്ട സമയത്താണ് ഈ ദേശത്തും മറ്റു ദേശത്തുമുള്ള വാദ്യമേളക്കാര്‍ തങ്ങളുടെ അരങ്ങേറ്റം കുറിച്ചിരുന്നത് . തെയ്യങ്ങളുടെ തറവാടാണ് അടിയേരിമഠം എന്ന് വേണമെങ്കില്‍പറയാം, "ദേവതാ ചൈതന്യമുള്ള വൈഷ്ണവ ശിവ ശക്ത്യാദി - ഒന്ന് കുറവ് നാല്‍പ്പതു - ദൈവക്കോലങ്ങള്‍ കെട്ടിയാടുമ്പോള്‍ ഏതൊരു കോലധാരിയും ഉപാസനയില്ക്കൂടി ധ്യാനിച്ചും ജപിച്ചും അടിയേരി സമ്പ്രദായത്തെ സദാ സ്മരിച്ചും ദേവചൈതന്യത്തെ തന്നിലേക്ക് ആവേഗം ചെയ്തു വരുത്തണം . " എന്ന് കോട്ടയകത്ത് ആചാര്യന്‍ ചന്തു അദ്ദേഹത്തിന്‍റെ ' ദേവധാരണം ' എന്ന പ്രാചീന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട് . ഇന്നും അടിയേരി സമ്പ്രദായത്തെ വന്ദന സ്തുതികളിലൂടെ സ്മരിച്ചതിനു ശേഷം മാത്രമേ ഏതു സ്ഥലത്തും ദേവരൂപങ്ങള്‍ കെട്ടിയാടുകയുള്ളൂ . ഇതില്‍ നിന്നും അടിയേരിയുടെ അതിവിശിഷ്ട സ്ഥാനം വ്യക്തമാകുന്നു . വടക്കേ മലബാറില്‍ കെട്ടിയാടുന്ന ദേവരൂപങ്ങളുടെ സാമ്പ്രദായിക ചിട്ടകളിലും കര്‍മ്മങ്ങളിലും നൃത്തങ്ങളിലും ഇന്ന് ആരാധിച്ചു വരുന്നതും കര്‍മ്മാനുഷ്ഠാനങ്ങളില്‍ പവിത്രമായി ഇന്നുവരെ എല്ലാവരും പഠിച്ചും പ്രവര്‍ത്തി ച്ചും ഉപദേശിച്ചു കൊടുക്കുന്ന ചിട്ടകളാണ് അടിയേരി സമ്പ്രദായം .ക്ഷേത്ര അനുഷ്ഠാനം ഏതുകാലം വരെ ഉണ്ടോ അക്കാലം വരെയും ഈ സമ്പ്രദായം ആചരിക്കും എന്നാണ് ആചാര്യ വചനം .

ഈ ദേശത്തെയും മറുദേശത്തെയും നിരവധി ക്ഷേത്രങ്ങളുടെ ആരൂഡ സ്ഥാനവും ഊരായ്മയും അടിയേരിക്കുണ്ട് .വടക്കേ മലബാറിലെ പ്രസിദ്ധമായ മാമാനിക്കുന്ന് ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ശ്രീ മഹാദേവിയുടെ ഇളമുറ സ്ഥാനമാണ് അടിയേരിമഠം ദേവിക്കുള്ളത്. അടിയേരിയെ സ്മരിച്ചതിനു ശേഷം മാത്രമേ ഇന്നും മാമാനിക്കുന്ന് ക്ഷേത്രത്തില്‍ ഏതു പ്രധാന ചടങ്ങും ആരംഭിക്കുകയുള്ളൂ .കൂടാതെ പ്രസിദ്ധമായ ശ്രീ മുണ്ടയാമ്പറമ്പ് തറക്ക് മീത്തല്‍ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നവര്‍ ഇവിടെയും ദര്‍ശനം നടത്തുക പതിവായിരുന്നുവത്രേ. അടിയേരി മഠത്തിലെ ക്ഷിപ്രപ്രസാദികളും ഉഗ്ര മൂര്‍ത്തികളുമായ ഉപാസനാമൂര്‍ത്തികളെ ആചാര്യ പരമ്പരയിലെ ഒടുവിലത്തെ ആചാര്യന്‍ യഥാവിധി പൂജിച്ച്‌ ആരാധിക്കാതിരുന്നതിനാല്‍ വംശം നശിക്കുകയും മന്ത്രമൂര്‍ത്തികളുറങ്ങുന്ന ഇവിടെ ഭയാക്രാന്തമായ നിഗൂഡതകളാല്‍ ആരും പ്രവേശിക്കാതാവുകയും ഈ മഠം കാടുകയറി നശിക്കുകയും ചെയ്തുവെന്നാണ് പഴമക്കാരുടെ വിശ്വാസം . അടിയേരി ഒഴികെ മറ്റു മൂന്നു മഠങ്ങളും വംശ പരമ്പരയായി ഇന്നും അതിന്‍റെ തനിമ നിലനിര്‍ത്തിപോരുന്നു.

"കാവുകളുടെ കാവ് " എന്ന സ്ഥാനത്തുള്ള ഇവിടുത്തെ മഹാകളിയാട്ടം " കളിയാട്ടങ്ങളുടെ കളിയാട്ട' മായാണ് കരുതപ്പെടുന്നത് .അടിയേരിയിലെ മഹാകളിയാട്ടം 141 വർഷങ്ങളായി മുടങ്ങിയത് 2013 മാർച്ച് 22 (1188 മീനം 8 ) മുതൽ സാമ്പ്രദായികമായി പുനരാരംഭിക്കുകയുണ്ടായി . ആയതിന്‍റെ മുന്നോടിയായി 2013 ജനുവരി 7 മുതൽ 10 വരെ (1188 ധനു 23 മുതൽ 26 വരെ ) ചരിത്രത്തിലാദ്യമായി പുല്ലഞ്ചേരി ,കാളകാട്ട് ,കാട്ടുമാടം സാമ്പ്രദായിക ആചാര്യന്മാർ ( ബ്രഹ്മശ്രീ പുല്ലഞ്ചേരി ഇല്ലത്ത് വിഷ്ണു നമ്പൂതിരിപ്പാട് ,ബ്രഹ്മശ്രീ കാളകാട്ട് ഇല്ലത്ത് മധുസൂദനൻ നമ്പൂതിരിപ്പാട് , ബ്രഹ്മശ്രീ കാട്ടുമാടം ഇല്ലത്ത് ഈശാനൻ നമ്പൂതിരിപ്പാട് )അടിയേരിയിൽ സംഗമിച്ച് പാരമ്പര്യ വിശേഷാൽ പൂജകളും അപൂർവ്വമായ ഹോമാദി കർമ്മങ്ങളും നടത്തി ഈ പുണ്യഭൂമിയെ കൂടുതൽ പവിത്രമാക്കുകയുണ്ടായി .

ഐതിഹ്യം

ഐതിഹ്യങ്ങളുടെ താളിയോലകള്‍ തുറക്കുമ്പോള്‍ പറഞ്ഞാല്‍ തീരാത്തത്ര പെരുമകള്‍ അടിയേരി മഠത്തെ കുറിച്ചുള്ളതായി കാണാം. അനേക കാലങ്ങള്‍ക്ക് മുമ്പ് കര്‍മ്മദോഷങ്ങളുടെ കനല്‍മഴ പെയ്തിറങ്ങിയ അടിയേരിയില്‍ താവഴി കുറ്റിയറ്റുപോകും വിധം സന്താനങ്ങള്‍ പിറക്കാതെയായി . ഭജനയും പൂജയും താന്ത്രിക മാന്ത്രിക കര്‍മ്മകങ്ങളും ഒരുപാട് നടത്തിയിട്ടും ഫലമില്ലാത്തതിനാല്‍ ഇവിടുത്തെ അന്തര്‍ജ്ജനം വിഷ്ണു ഭഗവാനെ ഉപാസിക്കുകയും ഭഗവാന്‍റെ അനുഗ്രഹത്താല്‍ ഒരു പെണ്‍കുഞ്ഞു പിറക്കുകയും ചെയ്തു കംസന്‍റെ കാരാഗൃഹത്തില്‍ വസുദേവര്‍ക്കും ദേവകിക്കും ഏഴാമതായി പിറന്ന പെണ്‍കു ഞ്ഞിനെ കംസന്‍ പാറയില്‍ അടിച്ചു നിഗ്രഹിക്കാന്‍ ഒരുങ്ങിയപ്പോള്‍ കംസനെ ശപിച്ച്‌ ഉച്ചത്തില്‍ അട്ടഹസിച്ചു കൊണ്ട് മായാലോകത്ത് മറഞ്ഞു പോയ ദേവീ ചൈതന്യമാണത്രേ ഇല്ലത്ത് പെണ്കുഞ്ഞായി പിറന്നത്‌ കൃഷ്ണ ഭഗവാന്‍റെ സഹോദരീ സ്ഥാനമുള്ള മായാദേവീ ഉച്ചിട്ട ഭഗവതിയായി അടിയേരിയില്‍ അവതരിക്കുകയും അന്തര്‍ജ്ജനം ഉപാസന നടത്തിയ വിഷ്ണു ചൈതന്യം കുട്ടിച്ചാത്തനായി അടിയേരിയില്‍ കുടിയിരിക്കുകയും ചെയ്തുവെന്ന് ഐതിഹ്യം . അടിയേരി തിരുനടയിലെത്തി പ്രാര്‍ത്ഥിച്ചിരുന്ന ഭക്തര്‍ക്ക് എല്ലാ അനുഗ്രഹങ്ങളും പ്രത്യേകിച്ച് മംഗല്യ ഭാഗ്യവും , സന്താന സൗഭാഗ്യവും സിദ്ധിച്ചിരുന്നതായി പഴമക്കാര്‍ സാകഷ്യപ്പെടുത്തുന്നു . അനപത്യ ദു:ഖമനുഭവിച്ചിരുന്ന ഒരു കുടക് ദേശവാസി ഇവിടെ ഭജനയിരുന്നുവെന്നും അതിന്‍റെ ഫലമായി സന്താന സൗഭാഗ്യം സിദ്ധിക്കുകയും ദേവ പ്രീതി നേടിയ അവര് ഇവിടുത്തെ തകര്‍ന്നിരുന്ന ക്ഷേത്രക്കുളം ശില്പ്പ ഭംഗിയോടുകൂടി പുനര്‍നിര്‍മ്മിച്ചു സമര്‍പ്പിച്ചുവെന്നും ഐതിഹ്യ മുണ്ട് . താന്ത്രിക മാന്ത്രിക കര്‍മ്മങ്ങളില്‍ നിപുണനായിരുന്ന ഇവിടുത്തെ ആചാര്യന്‍ കുമ്പള ദേശത്തു നിന്നും ചാമുണ്ടിയെ ആവാഹിച്ചു ഇവിടെ കൊണ്ട് വന്നു ബന്ധിക്കുകയും ശേഷം ചെമ്പ് കുടത്തില് ആവാഹിച്ചു മൂന്നാള് താഴ്ചയില്‍ ജലാശയത്തില്‍ താഴ്ത്തുകയും ചെയ്തുവെന്നും പറഞ്ഞു വരുന്നു . ആ സ്ഥാനം ഇന്ന് ' ചാമുണ്ടിക്കുണ്ട് ' എന്ന് അറിയപ്പെടുന്നു .മൂന്നാള് താഴ്ചയില്‍ സ്ഥാപിച്ചതിനാണത്രേ ' മൂവാളം കുഴി ചാമുണ്ടി ' എന്ന പേരില്‍ ഈ ദേവതയെ പിന്നീട് അറിയപ്പെടുന്നത് . വടക്കേ മലബാറില്‍ പണ്ടുമുതല്‍ക്കെ പ്രചാരമുള്ളതും പഴമക്കാരുടെ നാവിന്‍ തുമ്പില്‍ ഇന്നും തത്തിക്കളിക്കുന്നതുമായ പഴമൊഴിയാണ് "അടിയേരിമഠത്തില്‍ നിന്നും കട്ടതുപോലെ " എന്നത് (മോഷ്ടാവിനെ പുറത്തുവിടാതെ മന്ത്രശക്തികളാല്‍ വട്ടം ചുറ്റിക്കുന്ന അവസ്ഥ )

ആരാധനാ മൂര്‍ത്തികള്‍

വിളിച്ചാല്‍ വിളിപ്പുറത്തഭയമരുളുന്ന ഇവിടം സമസ്ത ദേവതകളുടെയും സംഗമ ഭൂമി തന്നെയാണ് . ദേവതാ സമൂഹം കുടികൊള്ളുന്ന അടിയേരിയിലെ ധര്‍മ്മദൈവം ദുര്‍ഗ്ഗ യും ഭൈരവാദിപഞ്ചമൂര്‍ത്തികള്‍ പ്രധാന ഉപാസനാ മൂര്‍ത്തികളുമാണ് . ഉഗ്രമൂര്‍ത്തികളായ ദേവതകള്‍ കുടികൊള്ളുന്നതും ശിവശക്തി ചൈതന്യം നിറഞ്ഞുനില്‍ക്കുന്നതുമായ ഇവിടുത്തെ ആരാധനയില്‍ പ്രഥമ സ്ഥാനം ഭഗവതിക്കാണ്. ഭഗവതി , ഭൈരവന്‍ എന്നീ ദേവതകളെ പ്രധാന ശ്രീകോവിലിലും രക്തചാമുണ്ടി , തേവര്‍ ചാത്തന്‍, കരുവാള്‍ ഭഗവതി, കുട്ടിച്ചാത്തന്‍ ,ഘണ്ടാകര്‍ണ്ണന്‍ എന്നീ ദേവതകളെ രണ്ടാമത്തെ ശ്രീകോവിലിലും പൊട്ടന്‍ , കുറത്തി ,ഗുളികന്‍ എന്നീ ദേവതകളെ പുറത്തു യഥാവിധി സ്ഥാനം നല്കിയും മൂവാളംകുഴി ചാമുണ്ടിക്ക് ഉപക്ഷേത്രം നി ര്‍മ്മിച്ചും ഇവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. പണ്ട് കാലങ്ങളില്‍ ഇവിടെ നാഗാരാധന നിലനിന്നിരുന്നതിനാല്‍ ക്ഷേത്രാനുബന്ധമായ ജല സ്ഥലത്തിന് സമീപം നാഗത്തിനു സ്ഥാനം നല്കി ആരാധന നടത്തേണ്ടതുണ്ട് .കൂടാതെ പെരുംപുഴയച്ഛന്‍ ദൈവത്തിന്‍റെ പണ്ടത്തെ സ്ഥാനം നവീകരിച്ചു പ്രതിഷ്ഠ നടത്തുകയും വേണം .

ക്ഷേത്രവുമായി ബന്ധപ്പെടാന്‍

വിലാസം

ശ്രീ അടിയേരിമഠം ദേവീക്ഷേത്രം ആറളം ,ആറളംപി .ഒ
പായംവഴി ,കണ്ണൂര്‍ ‍ ജില്ല - 670704
ഫോണ്‍ :ക്ഷേത്രം - 0490 - 2500400 , 9745845100
ഈ മെയില്‍ : adiyerimadamtemple@gmail.com
Website : http://www.adiyerimadamtemple.com/