"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
പനയന്നാർകാവ് ക്ഷേത്രം | ഹൈന്ദവം

പനയന്നാർകാവ് ക്ഷേത്രം

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് .കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്ന പനയന്നാർകാവ് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു. ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം വളരെ പ്രധാന്യത്തോടെ തന്നെയുണ്ട് താനും. പണ്ട് കടപ്ര ദേശത്ത് ശ്രായിക്കൂർ (ചിറവായിൽ) എന്നൊരു കോവിലകം ഉണ്ടായിരുന്നു. അവിടേക്ക് ദേശാധിപത്യവും നാടുവാഴ്ചയും ഉണ്ടായിരുന്നു. ആ കോയിക്കലെ ഒരു തമ്പുരാൻ പരദേശത്തു (പനയൂർ) പോയി ഭഗവതിസേവ നടത്തി ദേവിപ്രീതി സമ്പാതിച്ചു. ദേവിയോട് അദ്ദേഹം "തന്റെ ദേശത്തു വന്നു കുടുംബപരദേവതയായി കുടിയിരിക്കാൻ അപേക്ഷിച്ചു". അങ്ങനെ ദേവി അദ്ദേഹത്തിനൊപ്പം പോരുകയും ചെയ്തു..അദ്ദേഹം പിന്നീട് കടപ്രദേശത്ത് പമ്പാനദിക്കരയിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ പരുമല ശിവക്ഷേത്രത്തിനരികെ സപരിവാരസമേതം പ്രതിഷ്ഠിച്ചു.

ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു തിടപ്പള്ളി സ്ഥാനത്ത് മാതൃശാലയോട് ചേർന്ന് കിഴക്കോട്ട് ദർശനമായി ദേവിയെ ആദ്യം പ്രതിഷ്ഠിച്ചത്. ദാരികവധോദ്യുക്തയായി ഏറ്റവും കോപത്തോടുകൂടി യുദ്ധഭൂമിയിൽ നിന്നിരുന്ന ആ ധ്യാനത്തോടുകൂടിയായിരുന്നു ദേവി പ്രതിഷ്ഠാ സങ്കലപം. ആ പ്രതിഷ്ഠ അവിടെ അത്യുഗ്ര മൂർത്തിയായിതീർന്നു. പിന്നീട് ദേവി പ്രതിഷ്ഠ വടക്കോട്ട് ദർശനമായി ഒന്നുകൂടി പ്രതിഷ്ഠിച്ചു. അതു ദാരികവധാനന്തരം ദേവി രക്താഭിഷിക്ത ശരീരയായി കോപവേപിതഗാത്രിയായി യുദ്ധഭൂമിയിൽ നിന്നിരുന്ന ധ്യാനത്തോടുകൂടിയായിരുന്നു പ്രതിഷ്ഠാ സങ്കല്പം. അവിടെയും ദേവി ഏറ്റവും ഭയങ്കരിയായിതന്നെയാണ് പരിണമിച്ചത്. ഈ പ്രതിഷ്ഠ, പ്രതിഷ്ഠാമാതൃക്കളുടെ കൂട്ടത്തിൽ വീരഭദ്രൻ, ഗണപതി എന്നീ മൂർത്തികളോടുകൂടിയാണ് നടത്തിയിരുന്നത്. ഈ ബിംബത്തിലാണ് ഭഗവതിക്കു ചാന്താട്ടം മുതലായ പൂജകൾ നടത്തുന്നത്. വിധിപ്രകാരം പ്രതിഷ്ഠ നടത്തുകയും ക്രമപ്രകാരം പതിവായി പൂജാദികൾ നടത്തിതുടങ്ങുകയും ചെയ്യുകയാൽ ഇവിടെ ഭഗവതിയുടെ സാന്നിദ്ധ്യം കൂടുതൽ ശക്തി പ്രാപിക്കുകയും ദേവിയുടെ ശക്തി ക്രമത്തിലധികം വർദ്ധിക്കുകയാൽ പകൽ സമയത്തുപോലും കാവില്പോകുവാൻ ജനങ്ങൾക്കു ഭയമായിതുടങ്ങി. അതിനു ശമനമുണ്ടാക്കാൻ ദേവിയുടെ കിഴക്കേ നടയിൽ ധാരാളം ഗുരുതി നടത്തുകയുണ്ടായി. ഈ ഗുരുതി എല്ലാ വർഷംതോറും മുടക്കാതെ നടത്തിപോന്നിരുന്നു. അങ്ങനെ ഒരു വർഷം നടത്തേണ്ടിയിരുന്ന ഗുരുതി ദേവിയുടെതന്നെ ഇംഗിതപ്രകാരം നിർത്തിവെക്കുകയും കിഴക്കേ നട എന്നന്നേക്കുമായി അടക്കുകയും ചെയ്തു. അതിനുശേഷം ആ നട തുറന്നിട്ടില്ല.രാമയ്യൻ ദളവ ചെമ്പകശ്ശേരി ആക്രമിച്ച് രാജ്യം പിടിച്ചെടുത്തുകഴിഞ്ഞ് പനയന്നാർ കാവ് ക്ഷേത്രത്തെക്കുറിച്ച് അറിയുകയും അമ്പലപ്പുഴ ദേവനാരായണൻ മഹാരാജാവ് തിരുമനസ്സുകൊണ്ട് ദേവിക്കു നൽകിയിട്ടുള്ള ആഭരണങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടു. അതിനുശേഷം അദ്ദേഹത്തിനുണ്ടായ ദേഹാസ്വസ്ത്യങ്ങൾ മൂലം ദളവക്ക് തന്റെ തെറ്റുമനസ്സിലാവുകയും പ്രാശ്ചിത്തമായി മാർത്താണ്ഡ വർമ്മ മഹാരാജാവിനെ കൊണ്ടുതന്നെ നിലവും പുരയിടവും ക്ഷേത്രത്തിലേക്ക് കരമൊഴിവായി പതിച്ചുകൊടുപ്പിച്ചു. അന്ന് മാർത്താണ്ഡവർമ്മ ക്ഷേത്രത്തിലേക്ക് കൊടുത്ത പുരയിടം ഏകദേശം ആറേക്കർ ആണ്. ഇതിലേക്ക് ചീട്ട് എഴുതി തുല്യം ചാർത്തിയത് കൊല്ല വർഷം 926-ആംണ്ട് മീനമാസം 11-ആം തീയതിയാണ്.

പനയന്നാർകാവിൽ പടിഞ്ഞാറ് ദർശനം നൽകിയാണ് പ്രധാന ക്ഷേത്രമായ ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.തിരുമാന്ധാംകുന്നിലും, കൊടുങ്ങല്ലൂരിലും കിഴക്കോട്ടാണ് ശിവക്ഷേത്ര ദർശനം. പടിഞ്ഞാറുവശത്തുകൂടിയാണ് പുണ്യനദിയായ പമ്പാനദി ഒഴുകുന്നത്. ശിവക്ഷേത്രത്തിൽ മൂന്നുപൂജയും (ഉഷ, ഉച്ച, അത്താഴപൂജകൾ) ദീപാരാധനയും നിത്യേന പതിവുണ്ട്. പതിനാലാം നൂറ്റണ്ടിലെ ഉണ്ണുനീലി ചരിതത്തില്‍ ഈ ക്ഷേത്രവും അവിടുത്തെ ആചാരങ്ങളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ധാരാളം ചുവര്‍ചിത്രങ്ങളാല്‍ നിറഞ്ഞ ഈ ക്ഷേത്രം ചരിത്രകാരന്മാരെയും മറ്റൊരു തരത്തില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ദേവിയിവിടെ ശക്തിസ്വരൂപിണിയായതിനാലാവാം പനയന്നാർകാവിലെ പരമശിവൻ വളരെ ശാന്തസ്വരൂപനാണ് എന്നാണ് ഭക്തരുടെ വിശ്വാസം.