"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
പകല്‍ക്കുറി മഹാവിഷ്ണുക്ഷേത്രം | ഹൈന്ദവം

പകല്‍ക്കുറി മഹാവിഷ്ണുക്ഷേത്രം

തിരുവനന്തപുരം ജില്ലയില്‍ പള്ളിക്കല്‍ പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ പകല്‍ക്കുറി മഹാവിഷ്ണുക്ഷേത്രം. ആയിരത്തി അഞ്ചൂറിലധികം വര്‍ഷം പഴക്കമുള്ള ഈ മഹാക്ഷേത്രം ഇത്തിക്കരയാറിന്റെ തീരത്താണ്‌. ആണ്ടിരന്‍ എന്ന സംഘകാല രാജാക്കന്മാരില്‍ ആരെങ്കിലും ഒരാളുമായി തിതിയന്‍ രാജാവ്‌ പകല്‍യുദ്ധത്തിനു കുറികൊണ്ട സ്ഥലമാണ്‌ പകല്‍കുറി. തിതിയന്‍ രാജാവ്‌ പണികഴിപ്പിച്ച ക്ഷേത്രമാണിതെന്ന്‌ ഐതിഹ്യം. ക്ഷേത്ര ത്തിന്റെ ബലിക്കല്‍പുരയുടെ ഭിത്തിയില്‍ താഴെ ശിലയില്‍ കൊത്തിയിട്ടുള്ള ‘തിതിയന്‍വക’ എന്ന ശിലാലിഖിതം ഇതിലേക്ക്‌ വെളിച്ചം വീശുന്നതാണ്‌. ക്ഷേത്രത്തിലേക്ക്‌ കയറുന്നിടത്ത്‌ പടുകൂറ്റന്‍ ആല്‍മരം. തൊട്ടടുത്ത്‌ ഭൂതത്താന്‍ തറ. ക്ഷേത്രപറമ്പില്‍ ഇടതുവശത്ത്‌ പഴക്കമുള്ള കളിത്തട്ട്‌. വലിയ ആനപന്തല്‍. അതിനടുത്ത്‌ ധ്വജമുണ്ട്‌. ബലിക്കല്ലിനടുത്ത്‌ കെടാവിളക്ക്‌ ഉണ്ട്‌. വട്ട ശ്രീകോവിലില്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി പ്രധാന ദേവന്‍ മഹാവിഷ്ണുവും കിഴക്കോട്ട്‌ ദര്‍ശനമായി ഉപദേവന്‍ ഗണപതിയുമുണ്ട്‌. ശംഖ്ചക്ര ഗദാ പത്മധാരിയായ ഭഗവാന്‍ മഹാവിഷ്ണു പടിഞ്ഞാറോട്ടുള്ള ദര്‍ശനം ഇവിടുത്തെ പ്രത്യേകത. ഭരതന്‍ ആരാധിച്ചിരുന്ന വിഗ്രഹമാണെന്നും പകല്‍കുറിക്ക്‌ പടിഞ്ഞാറുള്ള വെളിനല്ലൂരില്‍ ശ്രീരാമക്ഷേത്രമുണ്ടെന്നും അവിടെ ജ്യേഷ്ഠനെ കാണാനെത്തിയപ്പോഴാണ്‌ ഈ പ്രതിഷ്ഠ നടത്തിയതെന്നും അതാണ്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമാകാന്‍ കാരണമെന്നും പറയപ്പെടുന്നു. ശ്രീകോവിലിനു ചുറ്റും ശില്‍പങ്ങള്‍, വ്യാളി മുഖങ്ങള്‍, സിംഹമുഖങ്ങള്‍, ആനകള്‍, കുതിരകള്‍, ദ്വാരപാലകന്മാര്‍ എല്ലാം കലാസൗകുമാര്യം നിറഞ്ഞവ. നാലമ്പലത്തിനകത്തും പുറത്തെ പ്രദക്ഷിണ വഴിയിലും പാറകള്‍ വിരിച്ചിരിക്കുന്നു. വടക്കുകിഴക്കായി ശിവനും പാര്‍വ്വതിയും പടിഞ്ഞാറ്‌ ശാസ്താവും നാഗവും ഉപദേവതകള്‍ പ്രത്യേകം കോവിലുകളില്‍. പാല്‍പ്പായസവും വത്സനുമാണ്‌ പ്രധാന വഴിപാടുകള്‍. വിശേഷവഴിപാടായി അറിയപ്പെടുന്ന വത്സന്‍ ഉത്സവദിവസങ്ങളില്‍ നിര്‍ബന്ധമാണ്‌. കുംഭമാസത്തിലെ ഉത്രം ശാസ്താവിന്‌ വിശേഷമാണ്‌.

കുംഭമാസത്തിലെ അത്തത്തിന്‌ കൊടിയേറി പത്തുദിവസമാണ്‌ ഉത്സവം.സവിശേഷതയാര്‍ന്ന ഉത്സവബലി എട്ടിനാണ്‌. ഒന്‍പതാം ഉത്സവത്തിന്‌ പള്ളിവേട്ട. പത്താം ഉത്സവത്തിനു കൊടിയിറങ്ങിയശേഷം രാവിലെ ആറാട്ട്‌ നടക്കും.