"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം | ഹൈന്ദവം

തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം

ഏറണാകുളം ജില്ലയിൽ (കേരളം, ഇന്ത്യ) ചാലക്കുടിപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം.ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപ്പതികൾ) പതിമൂന്ന് ക്ഷേത്രങ്ങൾ മലയാളനാട്ടിലാണ്, അതിൽ ഒരു തിരുപ്പതിയാണ് തിരുമൂഴിക്കുളം ക്ഷേത്രം.ഈ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ലക്ഷ്മണസ്വാമിയുടെ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ്. ലക്ഷ്മണസ്വാമിയുടെ പൂർണ്ണകായ ചതുർബാഹു പ്രതിഷ്ഠയാണ് ഇവിടെ ചാലക്കുടിപ്പുഴയുടെ കിഴക്കെക്കരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആദിശേഷന്റെ അവതാരമായ ശ്രീ ലക്ഷ്മണസ്വാമി ഇവിടെ രാവണപുത്രനായ മേഘനാദനെ (ഇന്ദ്രജിത്ത്) വധിക്കുവാൻ പുറപ്പെടുന്ന ഭാവാദിസങ്കല്പങ്ങളോടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ചരിത്ര പ്രസിദ്ധമായ നീയമ വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന മൂഴിക്കുളംക്കച്ചവും, പുരാതന മലയാളത്തിലെ വേദപാഠശാലയായ മൂഴിക്കുളംശാലയും ക്ഷേത്രത്തോടനുബന്ധിച്ചുള്ളവയായിരുന്നു. ആലുവ താലൂക്കിൽ പാറക്കടവ് പഞ്ചായത്തിലാണ് ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻകാലത്ത് വനപ്രദേശമായിരുന്നു മൂഴിക്കുളം. ദ്വാപരയുഗത്തിൻറെ അവസാനം, ഹരിതമഹർഷി മഹാവിഷ്ണുവിൻറെ ദർശനത്തിനായി പുറൈയാറിൻ തീരത്ത് (ചാലക്കുടിയാർ) തപസ്സുചെയ്തു. തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു മഹർഷിക്കു ദർശനം നൽകുകയും പിറക്കാനിരിക്കുന്ന പത്താമത്തെ യുഗം സർവ്വനാശിയായ കലിയുഗമാനണെന്നും അക്കാലത്ത് ജനങ്ങൾ ആത്മശാന്തിക്കും മോക്ഷത്തിനുമായി അനുഷ്ഠിക്കേണ്ട കാര്യങ്ങൾ വേദസാരരൂപേണ ഭഗവാൻ മഹർഷിക്കുപദേശിച്ചു. ഭഗവാൻറെ തിരുമൊഴിയുണ്ടായ കളത്തിനു (സ്ഥലം) തിരുമൊഴിക്കളം എന്ന പേര് ലഭിച്ചു. ക്രമേണ തിരുമൂഴിക്കുളമായും മൂഴിക്കുളമായും തീർന്നു. തമിഴ്‌ ഗ്രന്ഥങ്ങളിൽ ഇന്നും തിരുമൂഴിക്കളമെന്നാണ് രേഖപെടുത്തുന്നത്.

ഐതിഹ്യം

ദ്വാപരയുഗാന്ത്യത്തോടെ ദ്വാരക സമുദ്രത്തിൽ ആണ്ടുപോകുകയും ഭഗവാൻ ശ്രീകൃഷ്ണൻ ആരാധിച്ചിരുന്ന ശ്രീരാമ ഭരത ലക്ഷ്മണ ശത്രുഘ്നന്മാരുടെ കൃഷ്ണശിലാ വിഗ്രഹങ്ങൾ സമുദ്രത്തിൽ ഒഴുകിനടക്കുകയും ചെയ്തു. ഈ വിഗ്രഹങ്ങൾ തൃപ്രയാറിനു സമീപം മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന മുക്കുവർക്ക് ലഭിച്ചു. അവർ വിഗ്രഹങ്ങളെ അന്നത്തെ കരപ്രമാണിയായിരുന്ന വാക്കയിൽകൈമളിന് കാഴ്ചവച്ചു. ദേവപ്രശ്നത്തിൽ അമാനുഷിക നിർമ്മിതമായ വിഗ്രഹങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാവുകയും പ്രശ്നനിർദ്ദേശങ്ങളനുസരിച്ച് ശ്രീരാമസ്വാമിയുടെ വിഗ്രഹം തൃപ്രയാറിലും, ഭരതവിഗ്രഹം ഇരിങ്ങാലക്കുടയിലും, ലക്ഷ്മണസ്വാമിയുടെ വിഗ്രഹം മൂഴിക്കുളത്തും, ശത്രുഘ്നവിഗ്രഹം പയിമ്മലിലും പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നുമാണ് ഒരു വിശ്വാസം. തമിഴ്‌ വിശ്വാസമനുസരിച്ച് വനവാസക്കാലത്ത് ചതുരംഗപടയോടുകൂടി ഭരതൻ ശ്രീരാമനെ കാണാൻ വന്നപ്പോൾ തങ്ങളെ വധിച്ചു അയോദ്ധ്യ എന്നന്നേക്കുമായി കൈക്കലാക്കുവാൻ വന്നതാണെന്ന സംശയത്തോടെ യുദ്ധസന്നദ്ധനായ ലക്ഷ്മണനെ, ശ്രീരാമപാദങ്ങളിൽ നമസ്കരിച്ചു അയോധ്യയിൽവന്നു രാജ്യഭാരമേൽക്കണമെന്ന ഭരതൻറെ അപേക്ഷ പശ്ചാത്താപവിവശനാക്കി. പാപശാന്തിക്കായി പുറൈയാറിൻ തീരത്ത് (ചാലക്കുടിയാർ) ഹരിതമഹർഷി മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തിയ സ്ഥലത്ത് തപസ്സനുഷ്ടിക്കുകയും വിഷ്ണു സങ്കല്പത്തിൽ ഗോപുരം, മണ്ഡപം, ചുറ്റമ്പലം എന്നിവയോടുകൂടി ക്ഷേത്രം പണിയുകയും ചെയ്തു. ലക്ഷ്മണനാൽ നിർമ്മിതമായ ക്ഷേത്രം ലക്ഷ്മണക്ഷേത്രമായിതീർന്നുവെന്നു വിശ്വസിക്കുന്നു. വിഷ്ണുക്ഷേത്രമെന്ന നിലയിലാണ് ഈ ക്ഷേത്രത്തിനു 108 ‘പാടൽപെറ്റ തിരുപ്പതി’കളിൽ സ്ഥാനമുള്ളത്. ‘തിരുമൂഴിക്കളത്തപ്പൻ’ എന്നാണ് മൂർത്തീഭാവത്തെ നാമകരണം ചെയ്തിട്ടുള്ളത്. അമാനുഷിക നിർമ്മിതിയെന്നു വിശ്വസിക്കുന്ന വിഗ്രഹം ചതുർബാഹു രൂപത്തിലാണ്. ‘ആനമല ലിഖിതം’ പ്രാചീന തമിഴ്‌ വൈഷ്ണവാലയമായാണ് മൂഴിക്കുളത്തെ വെളിപ്പെടുത്തുന്നത്. (കേരളത്തിൻറെ സാംസ്കാരികചരിത്രം ഭാഗം 7, പേജ് 224 - പി. കെ. ഗോപാലകൃഷ്ണൻ) മൂഴിക്കുളം ദേശം നിബിഡവനമായിരുന്നു. ഹരിത മഹർഷി ഇവിടെ വളരെ കാലം തപസ്സു ചെയ്ത് ഈ പ്രദേശത്തെ അനുഗൃഹീതമാക്കി. തപസ്സിൽ സം പ്രീതനായ മഹാവിഷ്ണു മഹർഷിക്ക് ദർശനം നൽകുകയും കലിയുഗത്തിൽ ആത്മശാന്തിക്ക് വേണ്ടി ജനങ്ങൾ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ വേദസാരരൂപത്തിൽ ഉപദേശിച്ചരുളുകയും ചെയ്തു. മഹർഷിക്ക് ഉപദേശം ലഭിച്ചത് ഇവിടെ വച്ചായിരുന്നു. തിരുമൊഴിയുണ്ടായ കളം ‘തിരുമൊഴിക്കളം‘ കാലക്രമത്തിൽ തിരുമൂഴിക്കുളമായി മാറി. മൊഴിക്ക് ‘വേദം’ എന്നും കളത്തിൻ ‘സ്ഥലം‘ എന്ന അർത്ഥവും കൽപ്പിക്കുമ്പോൾ ഈ പേരിനു കൂടുതൽ യുക്തി തോന്നും. വാക്കയിൾ കൈമൾ എന്ന നാട്ട്പ്രമാണിക്ക് നാല് കൃഷ്ണശിലാ വിഗ്രഹങ്ങൾ ലഭിക്കുകയും അവ എവിടെ എങ്ങനെ പ്രതിഷ്ഠിക്കണം എന്നു പ്രശ്ന വിചാരം നടത്തുകയും ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്ത് പ്രതിഷ്ഠിക്കാൻ നിർദ്ദേശമുണ്ടായി എന്നുമാൺ ഐതിഹ്യം. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ലക്ഷ്മണ വിഗ്രഹമാൺ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത് എന്നാൺ വിശ്വാസം. ലക്ഷ്മണൻ വിഷ്ണുതുല്യനായ അനന്തന്റെ അവതാരമായതിനാൽ സർപ്പവിമുക്തമാൺ ഈ പരിസരം എന്നാൺ വിശ്വാസം. സർപ്പ ബാധയേറ്റ മരണവും ഈ പ്രദേശത്ത് കുറവാൺ എന്നാണ് ഐതിഹ്യം. തമിഴ്വിശ്വാസികളുടെ നിഗമനം ചിത്രകൂടത്തിൽ ശ്രീരാമന്റെ സഹചാരിയായ ലക്ഷ്മണന്റെ ഭാവമാൺ ഈ മൂർത്തിക്ക് എന്നാൺ. എന്നാൽ ഇന്ദ്രജിത്തിനെ വധിക്കാനായി കഠിനവ്രതമനായി കാലം കഴിക്കുന്ന ലക്ഷ്മണമൂർതിയാൺ ക്ഷേത്രത്തിലെ ഉപാസനമൂർത്തി എന്ന് മറ്റൊരു വിശ്വാസമുണ്ട്.

ക്ഷേത്രനിർമ്മിതി

അഞ്ചേക്കറോളം വിസ്തൃതിയുള്ള നാല് നടയിലേക്കും ഗോപുരമുള്ള, ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ മദ്ധ്യഭാഗത്തായി വ്യാളികൾ കാവൽ നിൽക്കുന്ന വിളക്കുമാടത്തോടുകൂടിയ ബൃഹത്തായ ചുറ്റമ്പലം കാണാം. കിഴക്കേനടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിൽ പ്രവേശിക്കുമ്പോൾ വിസ്തൃതമായ നമസ്കാരമണ്ഡപത്തിലെത്തും. തേക്കിൽപണിത മേൽക്കൂരയിൽ കാണുന്ന അഷ്ടദിക്പാലകർ പുരാതന ദരുശില്പകലക്ക് മകുടോദാഹരണമാണ്. നാലമ്പലമാകെ വിരിച്ച കരിങ്കൽപാളികൾ നടുമുറ്റത്തെ പ്രൌഡ്ഢമാക്കുന്നു. മലയാളക്കരയിൽ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രം കാണുന്ന രണ്ടു നിലയിൽ ചെമ്പുമേഞ്ഞ വട്ട ശ്രീകോവിലാണ് ഇവിടെ. വടക്കുഭാഗത്ത്‌ അഭിഷേകതീർഥം പുറത്തേക്കു വരുന്ന ഓവ് ദേവഭൃത്യൻ താങ്ങിനിറുത്തിയിരിക്കുന്നു. ഒരേ ശ്രീകോവിലിൽ തന്നെ രണ്ടു ഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയെയും ശ്രീമഹാഗണപതിയേയും പ്രതിഷ്ടിച്ചിരിക്കുന്നു. ഓരോ നേരം നിവേദ്യം വെയ്ക്കുവാൻ പ്രത്യേക തിടപ്പള്ളികളുണ്ട്. പൂജാദികർമ്മങ്ങൾക്ക് മാത്രമായി നാലമ്പലത്തിനകത്ത് മണിക്കിണർ (ശംഖതീർത്ഥം) ഉണ്ട്. പൂർണ്ണാനദിയിലെയും മണിക്കിണറിലെയും പെരിയകുളത്തിലെയും ( കിഴക്കേ നടയിൽ ഉണ്ടായിരുന്നതും ഇപ്പോൾ മൂടപെട്ടതും) ജലം പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരു അന്തർവാഹിനിയുണ്ടായിരുന്നതായി കേൾവി. മതിക്കകത്തു വടക്കുകിഴക്ക് ഭാഗത്ത്‌ ഗോശാലകൃഷ്ണൻറെ ക്ഷേത്രവും പൊതു ആവശ്യത്തിനുള്ള കിണറും കാണാം. തെക്കുകിഴക്ക്‌ ഭാഗത്ത്‌ കേരളത്തിലെ ഏറ്റവും ലക്ഷണമൊത്ത കൂത്തമ്പലങ്ങളിലൊന്നു കാണാം.

പ്രതിഷ്ഠാമൂർത്തികൾ

കിഴക്കോട്ട് ദർശനമായി കാണപ്പെടുന്ന ലക്ഷ്മണനെ പൂർണ്ണ പ്രതിഷ്ഠയോടെ പ്രധാന ദേവനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ലക്ഷ്മണനു പുറമെ അതേ ശ്രീകോവിലിൽ തെക്കോട്ട് ദർശനമായി ശിവൻ,ഗണപതി എന്നീ ശൈവ സാന്നിദ്ധ്യവും ശ്രീരാമൻ,സീത,ഹനുമാൻ എന്നീ വൈഷ്ണവ സാന്നിദ്ധ്യവും ഉണ്ട്. നാലമ്പലത്തിൽ തെക്ക് പടിഞ്ഞാറായി ശാസ്താവും ഭഗവതിയും പൂജിക്കപ്പെടുന്നു. ക്ഷേത്രത്തിൽ നാലമ്പലത്തിനു പുറത്ത് വടക്കേ ദിശയിൽ ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയുണ്ട്.

ദർശന ക്രമം

ക്ഷേത്രത്തിൽ ദർശനത്തിൻ ഒരു പ്രത്യേക ക്രമമുണ്ട്. കിഴക്കേ നടയിലൂടെ അകത്ത് കടന്ന് ലക്ഷ്മണസ്വാമിയെ വണങ്ങി ഗണപതി,ദക്ഷിണാമൂർത്തി, മറ്റ് ദേവതകൾ എന്നിവരെ തൊഴുത് വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങണം. പ്രദക്ഷിണമായി വന്ന് ശാസ്താവിനേയും ഭഗവതിയേയും തൊഴണം. പിന്നീട് ഗോശാലകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് കിഴക്കേ നടയിൽ എത്തി വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങുക. പൂജാതികർമ്മങ്ങൾക്ക് ജലം സംഭരിക്കുവാൻ ക്ഷേത്രത്തിനകത്തുതന്നെ ഒരു കിണർ ഉണ്ട്. പതിവായി എതൃത്തപൂജ,ഉച്ചപൂജ,അത്താഴപൂജ എന്നീ മൂന്ന് പൂജകളും അനുബന്ധമായി മൂന്ന് ശ്രീബലിയും ഉണ്ട്.

പ്രധാന വിശേഷങ്ങൾ

തിരുവുത്സവം

ക്ഷേത്രത്തിൽ പ്രധാന വിശേഷമായ തിരുവുത്സവം മേടമാസം അത്തം കൊടിയേറി തിരുവോണനാൾ ആറാട്ടോടെ ആഘോഷിക്കുന്നു. ആറാം ഉത്സവദിവസത്തെ ഉത്സവബലിയും ഒമ്പതാം ഉത്സവത്തിലെ പകൽപൂരവും ഇതിൽ പ്രധാനപ്പെട്ടവയാകുന്നു. ഉത്സവദിനങ്ങളിൽ എല്ലാ ദിവസവും കലാപരിപാടികൾ ഉണ്ടാകുമെങ്കിലും ക്ഷേത്രകലകൾക്കാണ് പ്രാധാന്യം.

പ്രതിഷ്ഠാദിനം

മകരം 3-ന് പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.

തിരുവോണം

എല്ലാമാസവും നവകം, പഞ്ചഗവ്യം പൂജകളോടെ തന്ത്രി അല്ലെങ്കിൽ അദ്ദേഹം നിയോഗിക്കുന്ന ആൾ പ്രത്യേകമായി ചെയ്യുന്നു. ഇതിനോടനുബന്ധിച്ചുള്ള പ്രസാദമൂട്ട് ഭഗവാൻറെ ഇഷ്ടവഴിപാടാണ്.

വാരം

ധനു 14-ആ൦ തീയതി പറവൂർ സമൂഹം മഠത്തിൽ നിന്ന് നൽകിയ വസ്തുവിൻറെ ഇനാം എന്ന നിലയിൽ പ്രസാദമൂട്ട് നടത്തുന്നു.

തിരുവാതിര

ധനു മാസത്തിൽ തിരുവാതിരയും ആഘോഷിക്കുന്നു.

മണ്ഡലപൂജ

വൃശ്ചികമാസത്തിൽ മണ്ഡലകാലം 41 ദിവസങ്ങൾ ആഘോഷിക്കാറുണ്ട്.

രാമായണമാസവും നാലമ്പലദർശനവും

കർക്കിടകമാസത്തിൽ രാമായണപാരായണത്തോടെ രാമായണമാസം ആചരിക്കുന്നു. അനന്തശായിയായി ശംഖ് ചക്രധാരിയായ മഹാവിഷ്ണു വാണരുളുന്ന തൃപ്രയാർ, ഇരിങ്ങാലക്കുട, മൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങളിൽ ഒരുദിനം ദർശനം നടത്തുന്നത് കലികാലത്ത് മഹത്തായൊരു അനുഷ്ഠാനമായി ഭക്തർ നടത്തിവരുന്നു. യാത്രാസൌകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ പൂർവ്വികർ കാൽനടയായിട്ടായിരുന്നു നാലമ്പലദർശനം നടത്തിയിരുന്നത്. തൃപ്രയാർ നിർമാല്യദർശനം, ഇരിങ്ങാലക്കുട ഉഷ:പൂജ, മൂഴിക്കുളത്ത് ഉച്ചപൂജ, പായമ്മൽ അത്താഴപൂജ എന്ന ക്രമമാണ് അക്കാലത്ത് സ്വീകരിച്ചിരുന്നത്. ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന അമാനുഷിക വിഗ്രഹങ്ങൾ ദർശിക്കുവാൻ കഴിയുന്നുവെന്നതാണ് നാലമ്പലദർശനത്തിൻറെ മുഖ്യസവിശേഷതയും ആകർഷണവും. നാലു വേദപ്പൊരുളായ മഹാവിഷ്ണു നാലായി വാഴുന്ന നാലമ്പലങ്ങളിൽ ഒരുദിനം ദർശനം നടത്തുന്നത് അതിശ്രേഷ്ഠമത്രേ.

ചാക്യാർകൂത്ത്

ഭഗവാൻറെ ഇഷ്ടകലയെന്നു ദേവപ്രശ്നവിധികളിൽ തെളിഞ്ഞിട്ടുണ്ട്. 41-ദിവസത്തെ കൂത്തും കൂടിയാട്ടവുമാണിവിടെ പതിവ്. വൃശ്ചിക ക്രമത്തിൽ കുടുംബകാരണവർ തലയിൽ കെട്ടുക എന്ന ചടങ്ങ് നടത്തുന്നതോടെ കൂത്തിന് തുടക്കം കുറിക്കുന്നു. 11-ആ൦ ദിവസം അത്താഴപൂജ നടതുറക്കുമ്പോൾ മേൽശാന്തി നെർക്കെടുക്കുന്ന കഥയാണ്‌ ഭഗവാൻറെ ഹിതമെന്നു വിശ്വസിച്ചു വരുന്നു. തിരുമൂഴിക്കുളം ക്ഷേത്രത്തിൽ അമ്മന്നൂർ ചാക്യാർ മഠക്കാർക്കാണ് കൂത്ത്‌ നടത്തുവാൻ അവകാശം. സന്താനസൌഭാഗ്യത്തിനായി അംഗുലിയാങ്കം കൂത്ത് വഴിപാടായി നടത്താറുണ്ട്. കുറച്ചു വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്.

പൂജാസമയവും വഴിപാടുകളും

രാവിലെ

4:00-ന് പള്ളിയുണർത്തൽ
5:00-ന് നിർമ്മാല്യം, അഭിഷേകം
7:30-ന് എതൃത്തപൂജ, ശിവേലി
10:30-ന് ഉച്ചപൂജ, ശിവേലി
11:00-ന് നടയടപ്പ്

വൈകീട്ട്

5:00-ന് നടതുറപ്പ്
6:30-ന് ദീപാരാധന
7:30-ന് അത്താഴപൂജ, ശിവേലി
8:00-ന് നടയടപ്പ്

വഴിപാടുകൾ

ലക്ഷ്മണസ്വാമി : കദളിപ്പഴം, പാൽപ്പായസം, മുഴുക്കാപ്പ്, നിറമാല, ചുറ്റുവിളക്ക്, തിരുവോണ പ്രസാദമൂട്ട്.

ഊർമ്മിളാദേവി : പട്ട്, മഞ്ഞൾപ്പൊടി, വെള്ളി, പാൽപ്പായസം.

ഗണപതി : ഒറ്റയപ്പം, നാളികേരം ഉടയ്ക്കൽ, അഷ്ടാഭിഷേകം, നീരാഞ്ജനം, കറുകമാല, വെണ്ണ നിവേദ്യം

ബ്രഹ്മരക്ഷസ്സ് : പാൽപ്പായസം

ക്ഷേത്രഭരണം

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ വടക്കേയറ്റത്തുള്ള പറവൂർ ഗ്രൂപ്പിൽപ്പെട്ട പ്രധാനപ്പെട്ട ക്ഷേത്രമാണ് തിരുമൂഴിക്കുളം. ഈ മേജർ ക്ഷേത്രത്തിൻറെ കീഴിലായി 10 മൈനർ-പെറ്റി ദേവസ്വങ്ങൾ ഉണ്ട്. ഈ ക്ഷേത്രങ്ങളുടെ അധികാരം തിരുമൂഴിക്കുളം സബ് ഗ്രൂപ്പ് ഓഫീസർക്കാണ്.

ക്ഷേത്രോപദേശക സമിതി

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അംഗീകരിച്ച നാട്ടുകാരും ദേവസ്വം ഓഫീസേർസ് (2 പേർ) അടങ്ങുന്ന പതിമൂന്നംഗങ്ങൾ ഉള്ള പാനലാണ് ക്ഷേത്രോപദേശകസമിതി.

എത്തിച്ചേരുവാനുള്ള വഴി

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - അങ്കമാലി - 10 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള പട്ടണം – ആലുവ / മാള – 16 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം – 12 കിലോമീറ്റർ അകലെ.

Courtesy - Wikipedia