"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
മൃതസജ്ജീവനീ മന്ത്രം | ഹൈന്ദവം

മൃതസജ്ജീവനീ മന്ത്രം

പണ്ട് ദേവന്മാരും അസുരന്മാരും തമ്മില്‍ എപ്പോഴും മത്സരിക്കുന്ന സമയം. ദേവന്മാര്‍ക്ക് വേദങ്ങളും മറ്റു ശാസ്ത്രങ്ങളുമൊക്കെ കരസ്ഥമാക്കിയ ബൃഹസ്പതി ഗുരുവും, അസുരന്മാര്‍ക്ക് ശുക്രാചാര്യരുമായിരുന്നു ഗുരു. ശുക്രാചാര്യര്‍ക്ക് കൈമുതലായി മൃതസജ്ജീവനി മന്ത്രം ഉണ്ടായിരുന്നതിനാല്‍ ദേവന്മാര്‍ തോല്‍പ്പിച്ച് കൊല്ലുന്ന അസുരന്മാരെയൊക്കെ അദ്ദേഹം പുനര്‍ജ്ജീവിപ്പിച്ചുകൊണ്ടിരുന്നു. ദേവന്മാരുടെ ബുദ്ധിയിൽ ഇതിനു പരിഹാരമായി ഒരു പരിഹാരമേ കാണുന്നുള്ളൂ, എങ്ങിനെയെങ്കിലും ശുക്രാചാര്യനിൽ നിന്നും മൃതസജ്ജീവനീ മന്ത്രം കരസ്ഥമാക്കുക. ദേവന്മാര്‍ ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രന്‍ കചനെ മൃതസജ്ജീവനി മന്ത്രം കരസ്ഥമാക്കി വരാനായി നിയോഗിച്ചു. ശുക്രാചാര്യം ബ്രൃഹസ്പതിയുടെ പുത്രനെ സ്വാഗതം ചെയ്തു. കചന്‍ ശുക്രാചാര്യനില്‍ നിന്നും വിദ്യ അഭ്യസിച്ചു തുടങ്ങി. വളരെക്കാലം കചൻ വിദ്യാഭ്യാസം തുടർന്നു. ശുക്രാചാര്യര്‍ക്ക് അതിസുന്ദരിയായ ഒരു പുത്രിയുണ്ടായിരുന്നു. ദേവയാനി. കചനെ ദേവയാനിക്ക് വളരെ ഇഷ്ടമായിരുന്നു. അവള്‍ പലപ്പോഴും പ്രണയാഭ്യാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.. ദേവവംശനായ തനിക്ക് അസുരയുവതിയായ ദേവയാനിയെ പരിണയിക്കാനാവില്ല എന്നറിയാമായിരുന്ന കചന്‍ അവളുടെ പ്രലോഭനങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറി നടന്നു.

കുറെക്കാലം കഴിഞ്ഞ് അസുരന്മാര്‍ കചന്‍ ദേവനാണെന്നും മൃതസജ്ജീവനീമന്ത്രം പഠിക്കാന്‍ ശുക്രാചാര്യരുടെ അടുത്ത് കൂടിയിരിക്കയാണെന്നും അറിഞ്ഞു. എങ്ങിനെയെങ്കിലും സജ്ജീവനി പഠിക്കും മുൻപു തന്നെ കചനെ എങ്ങിനെയെങ്കിലും വകവരുത്തണം എന്നു കരുതി തക്കം പാർത്തിരുന്നു. അവര്‍ ഒരിക്കല്‍ ആരും കാണാതെ കചനെ പല കഷണങ്ങളായി നുറുക്കി ചെന്നായ്ക്കള്‍ക്ക് കൊടുത്തു. കചനെ കാണാഞ്ഞ് വിഷമിച്ച് ദേവയാനി താതനോട് വേവലാതിപ്പെട്ടു. ശുക്രാചാര്യന്‍ മൃതസ്ജ്ജീവനി മന്ത്രം ഉരുവിട്ടപ്പോല്‍ ചെന്നായ്ക്കളുടെ വയറ്റില്‍ നിന്നും കചന്‍ വെളിയില്‍ വന്നു. ദേവയാനി അത്യധികം സന്തോഷിച്ചു. പിന്നീടൊരിക്കല്‍ കചന്‍ കാട്ടില്‍ തനിയേ പൂപറിക്കാന്‍ പോയപ്പോല്‍ അസുരര്‍ കചനെ ഭസ്മമാക്കി കടലില്‍ ഇട്ടു. ഇപ്രാവശ്യവും ദേവയാനിയുടെ പരിതാപം സഹിക്കാനാവാതെ ശുക്രാചാര്യന്‍ മൃതസജ്ജീവനീമന്ത്രം ഉരുവിട്ട് കചനെ പുനര്‍ജ്ജീവിപ്പിച്ചു. തങ്ങളുടെ തന്ത്രങ്ങളൊന്നും ഫലിക്കുന്നില്ലെന്നു കണ്ട അസുരന്മാര്‍ അടുത്തപ്രാവശ്യം കചനെ വറുത്ത് പൊടിച്ച് ശുക്രാചാര്യം കുടിക്കുന്ന മദ്യത്തില്‍ കലക്കി. അദ്ദേഹം ഒന്നും സംശയിക്കാതെ അത് കുടിക്കയും ചെയ്തു. നേരം കഴിഞ്ഞും കചനെ കാണാതെ വിഷമിച്ച ദേവയാനി, ഇപ്രാവശ്യവും എന്തോ ആപത്തില്‍ അകപ്പെട്ടിരിക്കും എന്നു വേവലാതിപ്പെട്ട് അച്ഛനോട് അപേക്ഷിക്കുന്നു. അദ്ദേഹം മൃതസജ്ജീവനീമന്ത്രം ഉരുവിടുമ്പോള്‍ കചന്‍ അദ്ദേഹത്തിനെ ഉദരത്തിനകത്തു കിടന്ന് വിളികേട്ടു. ദേവയാനിയും ശുക്രാചാര്യരും സംഭ്രമിച്ചു! ഇനി എന്തുചെയ്യാന്‍! കചന്‍ വെളിയി വരണമെങ്കില്‍ ശുക്രാചാര്യര്‍ മരിക്കണം. ഒടുവില്‍ ശുക്രാചാര്യന്‍ ഒരു ബുദ്ധി തോന്നി. അദ്ദേഹം കചന് മൃതസ്ജ്ജീവനീ മന്ത്രം പഠിപ്പിച്ചുകൊടുത്തു. വയറ്റില്‍ നിന്നും കചന്‍ പുറത്തുവന്ന് മൃതനായിക്കിടന്ന ശുക്രാചാര്യരെ മൃതസ്ജ്ജീവനീമന്ത്രം ഉരുവിട്ട് ജീവിപ്പിക്കുന്നു. ശുക്രാചാര്യര്‍ കചനെ അനുഗ്രഹിക്കയും അസുരന്മാര്‍ അജ്ഞന്മാരായി പോകട്ടെ എന്നു ശപിക്കയും ചെയ്യുന്നു.