"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ദുര്യോധനൻ | ഹൈന്ദവം

ദുര്യോധനൻ

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ദുര്യോധനൻ . ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ. സുയോധനൻ, ആജമീഢൻ, ഭാരതൻ, ഭരതർഷഭൻ, ഭാരതാഗ്യ്രൻ, ധാർത്തരാഷ്ട്രൻ, ധൃതരാഷ്ട്രജൻ, ഗാന്ധാരീപുത്രൻ, കൌരവനന്ദനൻ, കൗരവേന്ദ്രൻ, കൌരവേയൻ, കുരുപ്രവീരൻ, കുരുസത്തമൻ തുടങ്ങിയ പേരുകൾ ദുര്യോധനന്റെ പര്യായമായി മഹാഭാരതത്തിൽ പ്രയുക്തമായിട്ടുണ്ട്. ദുര്യോധനന്റെ ജനനസമയത്ത് അനേകം ദുർനിമിത്തങ്ങളുണ്ടായി. ധൃതരാഷ്ട്രർ ബ്രാഹ്മണരെയും ഭീഷ്മരെയും മറ്റും വരുത്തി ദുര്യോധനന്റെ ഭാവി എന്തായിരിക്കുമെന്നുള്ളതിനെപ്പറ്റി ചിന്തിച്ചു. ദുര്യോധനന്റെ ജനനം നിമിത്തം ആ രാജവംശവും നാടും നശിക്കുമെന്നും അങ്ങനെ വരാതിരിക്കണമെങ്കിൽ ദുര്യോധനനെ ഉപേക്ഷിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പക്ഷേ, പുത്രസ്നേഹം നിമിത്തം ദുര്യോധനനെ ഉപേക്ഷിക്കുവാൻ ധൃതരാഷ്ട്രർക്കു മനസ്സു വന്നില്ല. പാണ്ഡുവിന്റെ മരണശേഷം കുന്തിയും പുത്രന്മാരുംകൂടി ധൃതരാഷ്ട്രരുടെ കൊട്ടാരത്തിൽ കൌരവരോടൊത്തു കഴിഞ്ഞുവന്നു. ബാല്യകാലത്തുതന്നെ ദുര്യോധനാദികൾക്ക് പാണ്ഡവരോട് ഒടുങ്ങാത്ത പകയുണ്ടായി. ഒരിക്കൽ ദുര്യോധനൻ ഭീമന് കാളകൂടവിഷം കലർത്തി ഭക്ഷണം കൊടുത്തു. പക്ഷേ, ഭീമൻ പൂർവാധികം ശക്തനാവുകയാണുണ്ടായത്. മറ്റൊരിക്കൽ ദുര്യോധനൻ ധൃതരാഷ്ട്രരെ സമീപിച്ച് പാണ്ഡവരെ മറ്റൊരു കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാനുള്ള അനുവാദം വാങ്ങി. അതനുസരിച്ച് വാരണാവതം എന്ന സ്ഥലത്ത് ദുര്യോധനൻ ഒരു അരക്കില്ലം പണിയിച്ചു. ശില്പി വിദുരരുടെ നിർദേശപ്രകാരം ദുര്യോധനൻ അറിയാതെ അതോടു ചേർത്ത് ഒരു ഗുഹാദ്വാരവും കൂടി പണിതു. പാണ്ഡവർ അരക്കില്ലത്തിൽ വാസം തുടങ്ങി. ഒരു ദിവസം ദുര്യോധനൻ അരക്കില്ലം അഗ്നിക്കിരയാക്കി. പക്ഷേ, പാണ്ഡവർ ഗുഹാമാർഗ്ഗത്തിലൂടെ രക്ഷപെട്ടു. പാണ്ഡവർ വെന്തെരിഞ്ഞു എന്ന ധാരണയിൽ ദുര്യോധനൻ ആശ്വസിച്ചു കഴിഞ്ഞുകൂടി.

ഈ അവസരത്തിൽ പാഞ്ചാലരാജപുത്രിയായ ദ്രൗപദിയുടെ സ്വയംവരത്തിൽ സംബന്ധിക്കുവാനായി ദുര്യോധനാദികൾ അങ്ങോട്ടു പുറപ്പെട്ടു. എന്നാൽ ബ്രാഹ്മണവേഷധാരികളായി അവിടെ വന്നുചേർന്ന പാണ്ഡവരാണ് ദ്രൗപദിയെ വിവാഹം ചെയ്തത്. ഭീഷ്മർ, ദ്രോണർ തുടങ്ങിയവരുടെ ഉപദേശപ്രകാരം ധൃതരാഷ്ട്രർ പാണ്ഡവരെ തിരിച്ചുവിളിച്ച് അവർക്ക് പകുതി രാജ്യത്തിന്റെ അവകാശം കൊടുത്തു. പാണ്ഡവരെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന് ആഗ്രഹിച്ച ദുര്യോധനൻ ധർമപുത്രരെ ചൂതിനു വിളിച്ചു. ശകുനിയുടെ സഹായത്തോടെ നടന്ന കള്ളച്ചൂതിൽ ദുര്യോധനൻ ധർമപുത്രരെ അടിക്കടി പരാജയപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ട ധർമപുത്രർക്ക് സഹോദരന്മാരുടെയും പഞ്ചാലിയുടെയും കൂടെ പന്ത്രണ്ടുവർഷം വനവാസത്തിനും ഒരു വർഷം അജ്ഞാതവാസത്തിനുമായി പുറപ്പെടേണ്ടിവന്നു. പാണ്ഡവരുടെ വനവാസകാലത്ത് അവരുടെ ദുരിതം നേരിട്ടുകണ്ട് ആസ്വദിക്കുവാനായി ദുര്യോധനൻ വനത്തിലെത്തി. അവിടെവച്ച് ഗന്ധർവന്മാർ ദുര്യോധനനെ ബന്ധിച്ചു. പാണ്ഡവർ ഇടപെട്ടാണ് ദുര്യോധനനെ മോചിപ്പിച്ചത്. ലജ്ജിതനായ ദുര്യോധനൻ ആത്മഹത്യയ്ക്ക് ഒരുങ്ങിയെങ്കിലും ദുശ്ശാസനന്റെയും മറ്റും സാന്ത്വനവചനങ്ങൾ കേട്ട് ഉത്തേജിതനായി ആത്മഹത്യാശ്രമം ഉപേക്ഷിച്ചു.

പാണ്ഡവർക്ക് അക്ഷയപാത്രം ലഭിച്ചെന്നറിഞ്ഞ് അസൂയാകലുഷിതനായിത്തീർന്ന ദുര്യോധനൻ ഒരിക്കൽ ദുർവാസാവിനെ പ്രസാദിപ്പിച്ച് പാഞ്ചാലിയുടെ ഭക്ഷണാനന്തരം പാണ്ഡവരെ സന്ദർശിക്കാൻ നിയോഗിച്ചു. പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാൽപ്പിന്നെ ആ ദിവസം അക്ഷയപാത്രത്തിൽ ആഹാരം ഉണ്ടാവുകയില്ല. ദുർവാസാവിനെയും ശിഷ്യന്മാരെയും കുളിച്ചുവരുവാൻ പറഞ്ഞയച്ചശേഷം ധർമപുത്രർ കൃഷ്ണനോട് സഹായത്തിന് അഭ്യർഥിച്ചു. പാഞ്ചാലി കഴുകിവച്ച പാത്രത്തിൽ പറ്റിയിരുന്ന ചീരയില ഭക്ഷിച്ച് ശ്രീകൃഷ്ണൻ രംഗം വിട്ടു. കുളികഴിഞ്ഞുവന്ന ദുർവാസാവിനും കൂട്ടർക്കും മൃഷ്ടാന്നഭോജനം കഴിഞ്ഞമാതിരിയുള്ള സംതൃപ്തി ലഭ്യമായെന്നാണ് പുരാണകഥ. മുനിയുടെ കോപത്താൽ പാണ്ഡവർ നശിച്ചുകൊള്ളുമെന്നു കണക്കുകൂട്ടിയ ദുര്യോധനൻ അവിടെയും പരാജയപ്പെട്ടു. വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് തിരിച്ചെത്തിയ പാണ്ഡവർക്ക് സൂചികുത്തുവാൻ പോലും സ്ഥലം കൊടുക്കുകയില്ലെന്ന് ദുര്യോധനൻ ശഠിച്ചു. അതിന്റെ ഫലമായി പാണ്ഡവന്മാരും കൌരവന്മാരും തമ്മിൽ കുരുക്ഷേത്രത്തിൽവച്ച് പതിനെട്ടുദിവസം നീണ്ടുനിന്ന ഭാരതയുദ്ധം നടന്നു. ആ യുദ്ധത്തിൽ ഭീമസേനന്റെ ഗദകൊണ്ടുള്ള അടിയേറ്റ് തുടയെല്ലൊടിഞ്ഞു നിലംപതിച്ച ദുര്യോധനൻ ഏറെത്താമസിയാതെ പ്രാണത്യാഗം ചെയ്തു.

ഹൈന്ദവ പണ്ഠിതന്മാരുടെ നിരീക്ഷണത്തിൽ ദുര്യോധനൻ കഴിവുറ്റ പ്രജക്ഷേമ തത്പരനായ രാജാവായിരുന്നു.എന്നിരിക്കിലും പാണ്ഡവരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ കുടിലമായ വഴികൾ സ്വീകരിക്കാൻ യാതൊരു മടിയും കാണിച്ചില്ല. യുധിഷ്ഠിരനെ യുവരാജാവാക്കുന്നത് ദുര്യോധനന് ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.കുന്തിക്കു ലഭിച്ച വരം എന്നത് കെട്ടുകഥയാണെന്ന് ഉറച്ചു വിശ്വസിച്ചു.ഇക്കാരണത്താൽ കുന്തിയുടെയും മാദ്രിയുടെയും മക്കളെയും കുരു വശജരായി അംഗീകരിച്ചിരുന്നില്ല. കുട്ടിക്കാലത്ത് ഭീമസേനന്റെ മൃഗീയമായ മർദ്ദനം ദുര്യോധനന്റെ മനസ്സിൽ തീർത്ത മുറിവ് ഒരിക്കലും ഉണങ്ങുമായിരുന്നില്ല. ബന്ധുജനങ്ങൾക്ക്,പ്രത്യേകിച്ച് മാതുലൻ വിദുരരുടെ പാണ്ഡവരോടുള്ള പക്ഷപാതപരമായ സമീപനം പ്രതികാരാഗ്നി ആളിക്കത്തിച്ചു. ദ്രോണാചാര്യരും വ്യത്യസ്തനായിരുന്നില്ല. ദുര്യോധനന്റെ നല്ല ഗുണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് തന്റെ സുഹൃത്തായ കർണനോടുള്ള കറ തീർന്ന സ്നേഹമാണ്.തന്റെ നൂറ് സഹോദരന്മാർ മരിച്ച് വീണപ്പൊഴും സമചിത്തത കൈവിടാതിരുന്ന ദുര്യോധനൻ കർണ്ണന്റെ മരണവൃത്താന്തമറിഞ്ഞപ്പോൾ പരിസരം മറന്ന് വിലപിച്ചു എന്ന് പറയപ്പെടുന്നു.