"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഗംഗയുടെ മാഹാത്മ്യം | ഹൈന്ദവം

ഗംഗയുടെ മാഹാത്മ്യം

ഗംഗാനദിയുടെ മാഹാത്മ്യത്തെകുറിച്ച് മഹാഭാരതം അനുശാസനപര്‍വ്വം ഇരുപത്തിയാറാം അദ്ധ്യായത്തില്‍ ഇപ്രകാരം പ്രസ്താവിക്കപ്പെട്ടു കാണുന്നു. മരണാനന്തരം മനുഷ്യന്റെ അസ്ഥി ഗംഗാജലത്തില്‍ നിക്ഷേപിച്ചാല്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗപ്രാപ്തിയുമുണ്ടാകും. ജീവിതകാലം മുഴുവനും പാപം ചെയ്തവനും ഗംഗാദേവിയെ സേവിച്ചാല്‍ വിഷ്ണുപാദം പ്രാപിക്കാം. നൂറുയാഗങ്ങള്‍ക്കൊണ്ട് സിദ്ധിക്കുന്ന ഫലം ഗംഗാസ്നാനം കൊണ്ട് ലഭിക്കും. ഒരുവന്റെ അസ്ഥി ഗംഗാനദിയില്‍ എത്രനാള്‍ അവശേഷിക്കുന്നുവോ അത്രയും കാലം അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുമത്രേ. ഗംഗാജലത്തിന്റെ സ്പര്‍ശമേറ്റിട്ടുള്ളവന്‍ അന്ധകാരം അകറ്റി ഉദിച്ചുയരുന്ന സൂര്യനെപ്പോലെ പ്രകാശിക്കും. ഗംഗാജലം ലഭിക്കാത്ത ദേശങ്ങള്‍ ചന്ദ്രനില്ലാത്ത രാത്രി പോലെയും പൂക്കളില്ലാത്ത വൃക്ഷങ്ങളെപ്പോലെയും ശൂന്യമായിരിക്കും. മൂന്നു ലോകത്തിലുമുള്ള ജീവജാലങ്ങള്‍ക്ക് സംതൃപ്തി ലഭിക്കുന്നതിനു ഗംഗാജലം മാത്രം മതിയാകുന്നതാണ്. ആയിരം വര്‍ഷം ഒറ്റക്കാലില്‍ നിന്ന് തപസ്സനുഷ്ഠിക്കുന്നവനും ഗംഗാജലത്തില്‍ ശരീരം ഉപേക്ഷിക്കുന്നവനും തുല്യരാണ്. ഗംഗയില്‍ പതിച്ചവന് അനേകലക്ഷം വര്‍ഷം തലകീഴായിക്കിടന്നു തപസ്സു ചെയ്യുന്നവനേക്കാള്‍ പ്രാധാന്യമാണ് ഈശ്വരന്‍ കല്പിക്കുന്നത്. ദുഖിതരായ സകല ജീവജാലങ്ങളും ഈ പുണ്യനദിയിലെ ജലസ്പര്‍ശത്താല്‍ സന്തുഷ്ടരായിത്തീരും. ഗംഗാനദീതീരത്തെ മണല്‍ ശരീരത്തില്‍ പൂശുന്നവന്‍ ആദിത്യനെപ്പോലെ പ്രകാശിക്കും. ഈ പുണ്യ നദിയെ സ്പര്‍ശിച്ചു വരുന്ന കാറ്റ് ഏറ്റാല്‍ത്തന്നെ ജീവികളുടെ പാപം നശിക്കുന്നതാണ്. ഇപ്രകാരം സര്‍വ്വപാപ വിനാശത്തിനും ഹേതുവായ വസ്തു പുണ്യഗംഗാജലം തന്നെയാണെന്ന് ധരിക്കേണ്ടതാകുന്നു. അഗ്നിപുരാണം നൂറ്റിപ്പത്താം അദ്ധ്യായത്തില്‍ ഗംഗാദേവിയുടെ മാഹാത്മ്യങ്ങളെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് നോക്കുക.
ഏതു ദേശങ്ങളുടെ മദ്ധ്യത്തിലൂടെ ഗംഗാനദി ഒഴുകുന്നുവോ, ആ ദേശങ്ങള്‍ പരിപാവനങ്ങളും ശ്രേഷ്ഠങ്ങളുമാകുന്നു. സദ്ഗതി ആരായുന്ന സര്‍വ്വഭൂതങ്ങള്‍ക്കും ആശ്രയം പുണ്യ ഗംഗാനദി മാത്രമാകുന്നു. ഗംഗയെ നിത്യവും സേവിച്ചാല്‍ അത് ഒരു പോലെ ഇരു വംശങ്ങളെയും (മാതാവിന്റെയും പിതാവിന്റെയും വംശങ്ങളെ) ദുര്‍ഗ്ഗതികളില്‍നിന്നു കരകയറ്റുന്നതാണ്. ഗംഗയിലെ ജലം പാനം ചെയ്യുന്നത് ആയിരം ചന്ദ്രായണങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഉത്തമമത്രെ. ഒരു മാസക്കാലം ഗംഗയെ സേവിച്ചാല്‍ സര്‍വ്വയാഗങ്ങളും ചെയ്താലുള്ള ഫലം സിദ്ധിക്കും. ഗംഗാദേവി സര്‍വ്വ പാപങ്ങളെ അകറ്റുന്നതും സ്വര്‍ഗ്ഗലോകത്തെ പ്രദാനം ചെയ്യുന്നതുമാകുന്നു. ഒരു മനുഷ്യന്റെ അസ്ഥി എത്ര കാലത്തോളം ഗംഗയില്‍ കിടക്കുന്നുവോ അത്ര കാലത്തോളം അവന്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതാണ്. ഗംഗാതീര്‍ത്ഥത്തില്‍നിന്നുണ്ടായ മണ്ണ് ധരിക്കുന്നവന്‍ സൂര്യനെപ്പോലെ പാപഹാരിയായി ഭവിക്കുന്നതാണ്.