"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഗരുഡന്‍ | ഹൈന്ദവം

ഗരുഡന്‍

ഗരുഡനെ വിഷ്ണുവിന്റെ വാഹനമായും അംശാവതാരമായും പ്രകീര്‍ത്തിക്കുന്നു. ഗരുഡന്റെ ജനത്തെ സംബന്ധിച്ച്‌ മഹാഭാരത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. കശ്യപന്റെ രണ്ട്‌ പത്നിമാരായിരുന്നു കദ്രുവും, വിനതയും. അവരുടെ ശുശ്രൂഷയില്‍ സന്തുഷ്ടനായ കശ്യപന്‍ ഇഷ്ടമുള്ള വരം വരിച്ചുകൊള്ളുവാന്‍ പറഞ്ഞു. കദ്രു ആയിരം പുത്രന്മാരെയും, വിനത വീരശൂരപരാക്രമികളായ രണ്ട്‌ പുത്രന്മാരെയും വരിച്ചു. അതനുസരിച്ച്‌ കദ്രു ആയിരം അണ്ഡങ്ങള്‍ക്കും വിനത രണ്ട്‌ അണ്ഡങ്ങള്‍ക്കും ജന്മം നല്‍കി. അഞ്ഞൂറ്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ കദ്രുവിന്റെ അണ്ഡങ്ങള്‍ വിരിഞ്ഞ്‌ സര്‍പ്പസന്തതികള്‍ ജാതരായി. ഇതുകണ്ട്‌ കുണ്ഠിതയായ വിനത തന്റെ ഒരു അണ്ഡത്തെ പൊട്ടിച്ചുനോക്കി. അതില്‍ നിന്നും പകുതി വളര്‍ച്ചയെത്തിയ ഒരു ശിശു പുറത്തുചാടി. അവസരത്തില്‍ മുട്ട പൊട്ടിച്ചതുകൊണ്ട്‌ കുപിതയായ ശിശു വിനതയോട്‌ ഇപ്രകാരം പറഞ്ഞു. “അത്യാഗ്രഹിയായ സ്ത്രീയേ, അനവസരത്തില്‍ എന്നെ പ്രസവിച്ചതുകൊണ്ട്‌ നീ കദ്രുവിന്റെ ദാസിയായി ഭവിക്കട്ടെ. അഞ്ഞുറുവര്‍ഷം കൂടി കഴിഞ്ഞാല്‍ ശേഷിച്ച മുട്ട വിരിയുകയും വീരശൂരപരാക്രമിയായ അവന്‍ നിന്നെ ദാസ്യതയില്‍ നിന്ന്‌ മോചിപ്പിക്കുകയും ചെയ്യും.” ഇത്രയും പറഞ്ഞ്‌ അരുണന്‍ എന്ന്‌ പേരോടുകൂടിയ ആ ശിശു ആകാശത്തിലേക്ക്‌ പോവുകയും സൂര്യന്റെ തേരാളിയായിതീരുകയും ചെയ്തു. ഒരു നാള്‍ വൈകുന്നേരം കദ്രുവും വിനതയും കൂടി ദേവേന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിനെ കാണുകയുണ്ടായി. അതിന്റെ വാല്‍ കറുത്തതാണെന്ന്‌ കദ്രുവും വെളുത്തതാണെന്ന്‌ വിനതയും വാദിച്ചു. അടുത്തദിവസം രാവിലെ അത്‌ പരിശോധിക്കാമെന്നും പരാജയപ്പെടുന്ന ആള്‍ ജയിക്കുന്ന ആളുടെ ദാസിയായി തീരണമെന്നും അവര്‍ തീരുമാനിച്ചു. കദ്രുവിന്റെ നിര്‍ദേശപ്രകാരം ചില നാഗങ്ങള്‍ ഉച്ചൈശ്രവസ്സിന്റെ വാലില്‍ തൂങ്ങിക്കിടക്കുകയും അങ്ങനെ വെളത്തതായ വാല്‍ കറുത്തതായി കാണപ്പെടുകയും ചെയ്തു. പരാജിതയായ വിനിത കദ്രുവിന്റെ ദാസിയായിത്തീര്‍ന്നു. അഞ്ഞൂറുവര്‍ഷം കഴിഞ്ഞപ്പോള്‍ വിനിതയുടെ മുട്ട വിരിഞ്ഞ്‌ ഗരുഡന്‍ ജനിച്ചു. മാതാവിന്റെ ദാസ്യത്വം ഗരുഡന്‌ വലുതായ ദുഃഖമുണ്ടാക്കി. ദേവലോകത്തുചെന്ന്‌ അമൃതംകൊണ്ടുവന്ന്‌ നല്‍കിയാല്‍ വിനതയെ ദാസ്യത്തില്‍നിന്ന്‌ മോചിപ്പിക്കാമെന്ന്‌ കദ്രു പറഞ്ഞു. അതനുസരിച്ച്‌ ഗരുഡന്‍ ദേവന്മാരെ പരാജയപ്പെടുത്തി അമൃതകുംഭത്തെ കൊണ്ടുവന്ന്‌ കദ്രുവിന്‌ നല്‍കി വിനതയെ ദാസ്യത്വത്തില്‍ നിന്ന്‌ മോചിപ്പിച്ചു. അമൃതം ഭക്ഷിക്കുന്നതിനുമുമ്പായി സ്നാനം ചെയ്തുവരാന്‍ കദ്രു സന്തതികളോട്‌ പറഞ്ഞു. നാഗങ്ങള്‍ സ്നാനത്തിനായി പോയ നേരത്ത്‌ ഇന്ദ്രന്‍ അമൃതകുംഭവുമെടുത്ത്‌ ദേവലോകത്തേക്ക്‌ പോയി. തിരികെയെത്തിയ നാഗങ്ങള്‍ അമൃതം ലഭിക്കാഞ്ഞ്‌ അത്യധികം കുണ്ഠിതരായി. അവര്‍ അമൃതകുംഭം വച്ചിരുന്ന ദര്‍ഭയില്‍ ആര്‍ത്തിയോടുകൂടി നക്കുകയും അതിന്റെ ഫലമായി നാഗങ്ങളുടെ നാക്ക്‌ രണ്ടായിത്തീരുകയും ചെയ്തു. അന്നുമുതല്‍ക്കാണത്രേ, നാഗങ്ങള്‍ ഇരട്ടനാക്കോടുകൂടിയവരായിത്തീര്‍ന്നത്‌. പിന്നെ ഗരുഡന്‍ വിഷ്ണുഭഗവാനെ പ്രസാദിപ്പിച്ച്‌ അദ്ദേഹത്തിന്റെ വാഹനമായി ഭവിച്ചു. പാലാഴിമഥന സമയത്ത്‌ ഗരുഡന്‍ മന്ദര പര്‍വതത്തിന്റെ മുകളില്‍ നിന്നതായി പറയുന്നുണ്ട്‌. ഗരുഡന്റെ നാമധേയവുമായി ബന്ധപ്പെട്ട പുരാണമാണ്‌ ഗരുഡപുരാണം. ഇതില്‍ 19000 ശ്ലോകങ്ങളും 248 അദ്ധ്യായങ്ങളും അടങ്ങിയിരിക്കുന്നു. ഇത്‌ പൂര്‍വഭാഗമെന്നും, ഉത്തരഭാഗമെന്നുമുള്ള രണ്ട്‌ വിഭാഗങ്ങളോട്‌ കൂടിയതാണ്‌. പൂര്‍വഭാഗത്തില്‍ നാനാവിധ വസ്തുതകളെ വിവരിക്കുന്നു. ഉത്തരഭാഗത്ത്‌ മരണാനന്തര ക്രിയ തുടങ്ങിയവയെ വിവരിക്കുന്നു. ഉത്തരഭാഗം പ്രേതകല്‍പം എന്ന നാമധേയത്തിലും അറിയപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരൂരിനടുത്തായി ഗരുഡന്‍ മുഖ്യപ്രതിഷ്ഠയായിട്ടുള്ള ഗരുഡന്‍കാവ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. സര്‍പ്പദോഷപരിഹാരത്തിനായിക്കൊണ്ട്‌ ഇവിടെ പ്രത്യേക വഴിപാടുകള്‍ നടത്തുന്നു.