"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കുറി തൊടുന്നത് എന്തിന് ? എങ്ങനെ ? | ഹൈന്ദവം

കുറി തൊടുന്നത് എന്തിന് ? എങ്ങനെ ?

ലലാടം (നെറ്റിത്തടം), കഴുത്ത്, രണ്ടു തോള്‍, രണ്ടു കൈമുട്ടുകള്‍, നെഞ്ച്, വയര്‍ ഭാഗം, രണ്ടു കണങ്കാലുകള്‍ എന്നീ ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം ഈ മൂന്നു ദ്രവ്യങ്ങള്‍ കൊണ്ട് അങ്കനം ചെയ്യുന്ന രീതിയെ ' തിലകമണിയല്‍ ' അഥവാ ' കുറിതൊടല്‍ ' എന്നു പറയുന്നു. നെറ്റിത്തടം ആന്തരിക വിദ്യയെ കുറിക്കുന്ന സ്ഥാനമാണ്. വിശാലമായ നെറ്റിത്തടം ഉത്തമ ലക്ഷണമാണ്. ശിരസ്സു പരമാത്മാവിന്‍റെയും, നെറ്റിത്തടം ആകാശത്തേയും, പുരികം വായുവിനെയും, കണ്ണ് അഗ്നിയേയും, നാക്ക് ജലത്തേയും, മൂക്ക് ഭൂമിയേയും സൂചിപ്പിക്കുന്നു. തിലകം ജ്ഞാനത്തിന്‍റെ പ്രതീകമാണ്. സ്നാനത്തിനു ശേഷമാണ് തിലകവിധി. മഹാവിഷ്ണു, പരമശിവന്‍, പരാശക്തി എന്നിങ്ങനെ മൂന്നു ആദ്ധ്യാത്മിക ശക്തികളാണല്ലൊ നമ്മുടെ സങ്കല്‍പ്പത്തില്‍. പരാശക്തി (ദേവിശക്തി) സൃഷ്ടിരൂപവും, മഹാവിഷ്ണു
പരിപാലകനും, പരമശിവന്‍ സംഹാരകനുമാണ്. അരൂപിയും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ആത്മദര്‍ശനമാണ് ശിവതത്വം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ് ഭസ്മം. അതുപോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്. അതുകൊണ്ട് ഭസ്മം ശിവനെ പ്രതിനിധീകരിക്കുന്നു.

ഭസ്മകുറി ലലാടത്തിനു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഇടണമെന്നാണു ശാസ്ത്രം വിധിച്ചിട്ടുള്ളത്. മൂന്നു കുറികള്‍ സന്യാസിമാര്‍ക്കെ വിധിച്ചിട്ടുള്ളൂ. കാരണം ഓരോ കുറിയും കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം ഇവയെയാണ് സൂചിപ്പിക്കുന്നത്. ഭസ്മം നെറ്റിക്ക് മുകളിലേയ്ക്ക് നീളത്തില്‍ (ഗോപിക്കുറി) ധരിക്കാന്‍ പാടില്ല. നെറ്റിയുടെ ഇടതുവശത്തു ആരംഭിച്ച് മറ്റേ അറ്റം വരെ കുറിയിട്ടശേഷം തലയ്ക്കുചുറ്റുമായി പ്രദക്ഷിണംവെയ്ച്ച്, പെരുവിരല്‍ കൊണ്ട് ഭൂമദ്ധ്യത്തില്‍ (മൂക്കില്‍) സ്പര്ശിച്ച് നിറുത്തണം. ചൂണ്ടുവിരല്‍ ഉപയോഗിക്കരുത്. ചന്ദനം വിഷ്ണുതത്വത്തെ സൂചിപ്പിക്കുന്നു. വിഷ്ണു സര്‍വ്വവ്യാപിയാണല്ലൊ. അതുപോലെ ചന്ദന സുഗന്ധവും പെട്ടെന്ന് സര്‍വ്വത്ര പരക്കുന്നതാണ്. ചന്ദനം മോതിരവിരല്‍ കൊണ്ട് തൊടണം. നെറ്റിയ്ക്കു മദ്ധ്യഭാഗത്ത് മുകളിലോട്ട് നീളത്തില്‍ തൊടണം (ഗോപിക്കുറി). വൈഷ്ണവര്‍ ഇതിനെ 'ഊര്‍ദ്ധ്വപൂണ്ഡ്രം' (സുഷുമ്ന നാഡിയുമായി ബന്ധിച്ച്) എന്ന് വിളിക്കുന്നു. വിഷ്ണുഭഗവാന്‍റെ നടുനായകത്വം സൂചിപ്പിക്കുകയാണ് ചന്ദനക്കുറി. കുങ്കുമം ദേവിസ്വരൂപമാണ്. ലലാടത്തിനു നടുവിലോ, ഭൂമദ്ധ്യത്തിലോ (മൂക്കിനും നെറ്റിക്കും ഇടയ്ക്ക്) വൃത്താകൃതിയില്‍ തൊടാം. വിശാലമായ പ്രപഞ്ചത്തില്‍ സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയായ ഒരു ബിന്ദുവായിട്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്. ഇത് ആത്മാവും പ്രപഞ്ചവും തമ്മിലുള്ള ഐക്യത്തെ തെളിയിക്കുന്നു. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. നെറ്റിക്ക് കുറുകയോ, നെടുകയോ തൊട്ടുകൂടാ. കുങ്കുമം ഭസ്മത്തിനോട്‌ ചേര്‍ത്തു തൊടുന്നത് ശിവശക്ത്യാത്മകവും, ചന്ദനക്കുറിയോടു ചേര്‍ത്തു തൊടുന്നത് വിഷ്ണുമായ പ്രതീകവും, മൂന്നുംകൂടി തൊടുന്നത് ത്രിപുരസുന്ദരി പ്രതീകവും ആകുന്നു. പ്രഭാതത്തില്‍ (ബ്രാഹ്മമുഹൂര്‍ത്തം) ചന്ദനവും, പുലര്‍ച്ചെ കുങ്കുമവും, സായാഹ്നത്തില്‍ ഭസ്മവും കുറിതൊടുന്നത് ഉത്തമമാകുന്നു. ശീലമാക്കിയാല്‍ നാഡിശോധനത്തിനും രോഗനിവാരണത്തിനും ഉതകുന്ന കുറികള്‍ ഭക്തി വര്‍ദ്ധിപ്പിക്കാനും ജ്ഞാനശക്തിയുടെ കേന്ദ്രമായ ആജ്ഞാചക്രം ഉണരുവാനും വളരെ ഉപയുക്തമാവുന്നു.

By : Rajasekharan Nair