"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഓണവും മഹാബലിയും വാമനമൂർത്തിയും | ഹൈന്ദവം

ഓണവും മഹാബലിയും വാമനമൂർത്തിയും

ചിങ്ങമാസത്തിലെ വെളുത്തപക്ഷ ദ്വാദശി തിഥിയിൽ വിഷ്ണു നക്ഷത്രമായ തിരുവോണത്തിലാണ് കശ്യപമഹർഷിയുടെയും അദിതിയുടെയും മകനായി വാമനമൂർത്തി അവതരിച്ചത്. ഭഗവാൻ അവതരിച്ച ദ്വാദശിയെ വിജയദ്വാദശമി എന്നും പറയുന്നു. മഹാവിഷ്ണു രൂപത്തിൽ പ്രത്യക്ഷപ്പെട്ട് അൽപ്പസമയത്തിനുള്ളിൽ വാമനരൂപിയായി മാറി. ഉപനയന സംസ്കാരവേളയിൽ സൂര്യൻ വാമനന് ഗായത്രിമന്ത്രം ഉപദേശിച്ചു. ബ്രഹ്മചാരിക്ക് ധരിക്കുവാനുള്ള മൃഗചർമ്മം ഭൂമിദേവിയും, വസ്ത്രം അമ്മയും, ദണ്ഡ് ചന്ദ്രനും, ജപമാല സരസ്വതിദേവിയും, ഭിക്ഷാപാത്രം കുബേരനും, ഭിക്ഷാന്നം പാർവ്വതിദേവിയും നൽകി. പാതാളത്തിന്റെ അധിപനായ മഹാബലി ഇന്ദ്രനെ തോൽപ്പിച്ച് സ്വർഗ്ഗലോകവും മനുഷ്യൻ അധിവസിക്കുന്ന ഭുമിയും കീഴടക്കി സ്വയം ചക്രവർത്തിയായി. സ്വർഗ്ഗലോകം നഷ്ടപ്പെട്ട ദേവേന്ദ്രൻ അമ്മയായ അദിതിയോട് പരാതിപ്പെട്ടു. തന്റെ വിഷമം കശ്യപമഹർഷിയോട് പറഞ്ഞപ്പോൾ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താൻ പയോവൃതം (പന്ത്രണ്ടുദിവസം പാലുമാത്രം ആഹാരമാക്കി വിഷ്ണുപൂജയോടെ ബ്രഹ്മചര്യം പാലിച്ചുകൊണ്ടുള്ളതാണ് പയോവൃതം. ഈ വ്രുതാനുഷ്ഠാനം കൊണ്ട് സൽസന്താനലബ്ധിക്ക് ഈശ്വരാനുഗ്രഹം വേണമെന്നും അതിന് സ്ത്രീകൾ പതി (ഭർത്താവ്) തന്നെയായ ദേവനെ അനുസരിക്കേണ്ടതാണെന്നും ധരിക്കണം) അനുഷ്ഠിക്കാൻ അദ്ദേഹം അദിതിയൊട് നിർദ്ദേശിച്ചു. വിധിപ്രകാരം പയോവൃതം അനുഷ്ഠിച്ച അദിതിയെ മഹാവിഷ്ണു അനുഗ്രഹിച്ചു. ഇന്ദ്രന്റെ അനുജനായി (ഉപേന്ദ്രൻ) താൻ ജനിക്കാമെന്ന് വാക്കു നൽകുകയും ചെയ്തു. വൈവസ്വതമനുവിന്റെ മന്വന്തരത്തെ പാലിക്കുവാൻ കൂടിയാണ് മഹാവിഷ്ണു വാമനനായി അവതരിച്ചത്. ചിങ്ങമാസത്തിലെ തിരുവോണനാളിൽ വാമനമൂർത്തിയുടെ പിറന്നാളാണ് ആഘോഷിക്കുന്നത്.

മഹാബലി കീഴടക്കിയ സ്വർഗ്ഗത്തേയും ഭൂമിയേയും വാമനൻ ദാനദ്രവ്യമായി ഏറ്റുവാങ്ങുകയും ദേവന്മാർക്കും മനുഷ്യർക്കും തിരികെ നൽകുകയും ചെയ്തു. അസുരചക്രവർത്തിയുടെ അധീനതയിൽ നിന്ന് ഭൂമിയെ മോചിപ്പിച്ച് മനുഷ്യരെ സ്വതന്ത്രരാക്കിയ വാമനമൂർത്തിക്ക് നന്ദി പ്രകടിപ്പിക്കുക എന്ന കാര്യവും തിരുവോണാഘോഷത്തിന്റെ പിന്നിലുണ്ട്. മഹാബലിയുടെ സാമ്രാജ്യത്വമോഹം ഇല്ലാതാക്കുവാനും അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം മുൻപ്രജകളായ മനുഷ്യരെ കാണുവാനും വാമനമൂർത്തി തന്റെ പിറന്നാൾ ദിവസം തന്നെ തിരഞ്ഞെടുത്തു. പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കിയതു കണ്ടു ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണ് നാം കേട്ടിട്ടുള്ള ഐതീഹ്യം. പ്രജാക്ഷേമ തല്പരനായ ഒരു ഭരണാധികാരി ആയിരുന്നിട്ടും മഹാബലിയെ ഈശ്വരൻ എന്തിനാണ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് എന്നാണു ഏവരും ഉന്നയിക്കുന്ന ചോദ്യം ?

നാമൊന്നു ചിന്തിച്ചാൽ അതിന്റെ ഉത്തരം ലഭിക്കും. ഒരോരുത്തർക്കും ഓരോ ലോകമുണ്ട് ദേവന്മാർക്ക്‌ സ്വർഗ്ഗം , അസുരന്മാർക്ക് പാതാളം , മനുഷ്യർക്ക്‌ ഭൂമി. പ്രജാക്ഷേമ തല്പരനായ ഒരു ഭരണാധികാരി എന്ന നിലയിൽ മഹാബലി ഭരിക്കേണ്ടിയിരുന്നത് പാതാളമാണ്. നല്ല ഭരണമാണ് കാഴ്ച വച്ചതെങ്കിൽ കൂടി മറ്റു ലോകങ്ങൾ മോഹിച്ചതാണ് അദ്ദേഹത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണമായത്‌. , ഇവിടെ ഈശ്വരൻ തെറ്റൊന്നും ചെയ്തിട്ടില്ല. മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും അദ്ദേഹത്തിന്റെ സദ്‌ഭരണത്തിന്റെ മഹത്വം കൊണ്ട് വാമനമൂർത്തിയും (ആത്മീയത) മഹാബലിയും (ഭൌതികത) കൈകോർത്ത് തിരുവോണനാളിൽ വീടുകളിലെത്തുന്നുവെന്നാണ് വിശ്വാസം. ആത്മീയതയും ഭൌതികതയും ഒന്നിക്കുമ്പോൾ മാത്രമേ സന്തോഷവും, സാഹോദര്യവും, സമാധാനവും ലോകത്ത് നിലനിൽക്കുകയുള്ളൂ. തിരുവോണം നൽകുന്ന സന്ദേശം അതുതന്നെ...

താന്‍ ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും അധിപനാണ്, ഞാന്‍ ദാനം ചെയ്യുകയാണ് എന്ന ഒരു മിഥ്യാഭിമാനം ബലിക്കുണ്ടായിരുന്നു. ഒന്നും തന്റെതല്ലാത്ത ഈ ഭൂമിയില്‍ ഒരു വസ്തു ആര്‍ക്കെങ്കിലും ദാനം ചെയ്യുന്നതെങ്ങനെ? ആദ്യം ഭഗവാന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ബലിക്ക് നഷ്ടമാക്കി. ഈ ശരീരം സ്വന്തമാണ് എന്ന ചിന്തയാല്‍ ബലി മൂന്നാമത്തെ അടിയായി അതും ദാനം ചെയ്തു. അതായത് എന്തൊക്കെ ദാനം ചെയ്താലും അഭിമാനം ബാക്കി വരുന്നു. ഒരു വസ്തു ഉപേക്ഷിച്ചാലും “ഞാന്‍ ഉപേക്ഷിച്ചു” എന്ന അഭിമാനം ഉപേക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ത്യാഗത്തില്‍പോലും അഭിമാനിക്കുന്നവരാണ് നമ്മള്‍ . ഭഗവാന്റെ ചരണസ്പര്‍ശത്താല്‍ ബലിയുടെ അഭിമാനബോധം പോലും ഉപേക്ഷിക്കപ്പെട്ട് മനസ്സ് ഭഗവാനില്‍ ലയിച്ചു. അഭിമാനം ത്യജിക്കുന്നവന്റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി. കുലാചാര്യന്‍ ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്‍മ്മം കൈവിട്ടില്ല. വാമനമൂര്‍ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്‍മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്‍മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു. മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില്‍ മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു. മഹാബലി ചക്രവര്‍ത്തിയുടെ ജീവിത സന്ദേശമായ സത്യധര്‍മ്മനിഷ്ഠ നമുക്കും വളര്‍ത്ത‍ാം. എല്ലാവർക്കും നന്മനിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.