"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഇന്ന് പൂജവയ്പ് | ഹൈന്ദവം

ഇന്ന് പൂജവയ്പ്

നവരാത്രിക്കാലത്ത് സന്ധ്യാസമയം അഥവാ ക്ഷേത്രം തുറക്കുന്ന സമയത്ത് അഷ്ടമി തിഥിയും ചേര്‍ന്നുവരുന്ന സമയത്താണ് പൂജവെക്കേണ്ടത്‌. ഈ വര്‍ഷത്തെ നവരാത്രിക്കാലത്ത് അഷ്ടമി തിഥി ആരംഭിക്കുന്നത് കൊല്ലവർഷം 1189 കന്നി 25 , 2013 ഒക്ടോബർ 11 വെള്ളി വൈകുന്നേരം 5 മണി 30 മിനിറ്റ് 30 സെക്കന്റ്‌ മുതൽ ആണ് (ഗണനം: കൊല്ലം ജില്ല). ആകയാല്‍ അന്ന് ഈ സമയം മുതല്‍ പൂജവെയ്പ്പ് ആരംഭിക്കും. നവരാത്രിക്കാലത്ത് ദശമി തിഥിയില്‍ (വിജയദശമി) രാവിലെ പൂജവെയ്പ്പ് അവസാനിപ്പിച്ച് പുസ്തകങ്ങള്‍ ഭക്തിയോടെ കൈപ്പറ്റണം. ഈ വര്‍ഷത്തെ നവരാത്രിക്കാലത്ത് ദശമി തിഥി ഉള്ളത് 14-10-2013 തിങ്കളാഴ്ച പകല്‍ 11.30.02 സെക്കന്‍റ് വരെയാണ് (ഗണനം: കൊല്ലം ജില്ല). ആകയാല്‍ ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെയ്പ്പ് അവസാനിപ്പിച്ച് പുസ്തകങ്ങള്‍ കൈപ്പറ്റാവുന്നതാണ്. അത്, രാവിലെ 8.31 വരെയുള്ള (ഗണനം: കൊല്ലം ജില്ല) തുലാം രാശിയില്‍ പൂര്‍ത്തിയാക്കി ക്ഷേത്രാങ്കണത്തില്‍ മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്നമസ്തു എന്നും അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്‍ന്ന്‍, ദേവിയുടെ അനുവാദവും ആശീര്‍വാദവും വാങ്ങി വീടുകളിലേക്ക്‌ മടങ്ങണം.

ക്ഷേത്രത്തില്‍ വെച്ച്, സകലപൂജാദികര്‍മ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്‍റെ ജന്മനക്ഷത്രം വര്‍ജ്ജ്യമല്ല. ആകയാല്‍ ക്ഷേത്രത്തിലെ ചടങ്ങില്‍ ഈ വര്‍ഷം അവിട്ടം നക്ഷത്രക്കാര്‍ക്കും വിദ്യ ആരംഭിക്കാം.

പൂജവെയ്പ്പ് എടുക്കുന്നതും ക്ഷേത്രത്തിലെ നിത്യപൂജകളും വിദ്യാരംഭവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാതെ അവ മൂന്നും വ്യത്യസ്ഥമായി ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനം മിക്ക ക്ഷേത്രങ്ങളിലും ഏര്‍പ്പെടുത്താറുണ്ട്. പ്രശസ്തമായ പല ക്ഷേത്രങ്ങളിലും അതിപുലര്‍ച്ചെ പൂജവെയ്പ്പ് എടുക്കുകയും വിദ്യാരംഭം നടത്തുകയും ചെയ്യാറുണ്ട്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങാകയാല്‍ പ്രസ്തുത ക്ഷേത്രങ്ങളില്‍ മുഹൂര്‍ത്തരാശി നോക്കാനും കഴിയുകയില്ല. സകലവിധ പൂജകളും നടക്കുമെന്നതിനാല്‍ അവിടെ ദോഷങ്ങളും സംഭവിക്കുന്നതുമല്ല.

പൂജാകര്‍മ്മങ്ങള്‍ അറിയുന്നവര്‍ പൂജാമുറിയുണ്ടെങ്കില്‍ ആ പൂജാമുറിയിലും, അല്ലാത്തവര്‍ ക്ഷേത്രത്തിലും പൂജവെക്കാം. ക്ഷേത്രത്തില്‍ വിദ്യാരംഭദിവസം വിദ്യാരംഭം നടത്തുമ്പോള്‍ പ്രത്യേകിച്ച് മുഹൂര്‍ത്തം നോക്കേണ്ടതില്ല. എന്നാല്‍, മറ്റ് ദിവസങ്ങളില്‍ എഴുത്തിന് ഇരുത്തിയാല്‍ മുഹൂര്‍ത്തം നോക്കുകയും ചെയ്യണം. വിദ്യാരംഭദിവസം ക്ഷേത്രത്തില്‍ വെച്ചല്ല, വീട്ടില്‍ വെച്ച് നടത്തുന്ന വിദ്യാരംഭത്തിനും മുഹൂര്‍ത്തം നോക്കേണ്ടതാകുന്നു (പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നില്ലെങ്കില്‍).

പൂജാരീതി:
**********
ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തികവും ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ സമര്‍പ്പിക്കാം.

ഈ വര്‍ഷത്തെ പൂജവയ്പ്പ്‌ ഒക്ടോബര്‍ 11, വെള്ളിയാഴ്ചയാണ്. അന്ന് വൈകിട്ട് പൂജവെക്കാം. പൂജ എടുക്കുന്നത് ഒക്ടോബര്‍ 14 , തിങ്കളാഴ്ചയാണ്. അന്നാണ് വിദ്യാരംഭവും. അന്ന് പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണ നല്‍കി വാങ്ങണം. തുടര്‍ന്ന്ക്ഷേത്രത്തില്‍ ഇരുന്ന്‍ മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്നമസ്തു എന്നും അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്‍ന്ന്‍, ദേവിയുടെ അനുവാദവും ആശീര്‍വാദവും വാങ്ങി വീടുകളിലേക്ക്‌ മടങ്ങണം.
ദേവിയുടെ വലിയ മന്ത്രങ്ങള്‍ അറിയാത്തവര്‍ ഈ ദിവസങ്ങളില്‍ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം.

ഗായത്രീമന്ത്രം:
************

"ഓം ഭൂര്‍ ഭുവ സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധീയോ യോന: പ്രചോദയാത്"

(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത്‌ മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാല്‍ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).

വിദ്യാമന്ത്രം:
**********

'വിദ്യേ വിദ്യാമായിനി ചന്ദ്രിണി ചന്ദ്രമുഖി സ്വാഹാ"
എന്ന മന്ത്രവും ഭക്തിയോടെ ജപിക്കാവുന്നതാണ്.

സരസ്വതീഗായത്രി:
****************

"ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്ര്യെ ധീമഹി
തന്വോ സരസ്വതി പ്രചോദയാത്"

എന്ന സരസ്വതീഗായത്രിയും ഭക്തിയോടെ ജപിക്കാവുന്നതാണ്.

*************************************

വിദ്യാരംഭം - ഒരു ചെറിയ വിവരണം:
*************************************

തിങ്കളാഴ്ച രാവിലെ 6.28 മുതല്‍ 8.31 വരെയുള്ള തുലാം രാശിയില്‍ (ഗണനം: കൊല്ലം ജില്ല) വിദ്യാരംഭം നടത്തുന്നത് ഉത്തമം ആകുന്നു. കന്നി, തുലാം രാശികള്‍ വിദ്യാരംഭത്തിന് അത്യുത്തമം. എന്നിരിക്കിലും ക്ഷേത്രങ്ങളിലെ സമയക്രമീകരണം ചിലപ്പോള്‍ നീണ്ടുപോയേക്കാം എന്നതിനാല്‍ പ്രസ്തുത സമയം കൂടി ലഭിക്കുന്നത് ഭാഗ്യമായി കരുതാം.

ക്ഷേത്രത്തില്‍ നടത്തുന്ന വിദ്യാരംഭം, പൂജാദികര്‍മ്മങ്ങള്‍ കൊണ്ട് പരമപവിത്രം ആകയാല്‍ ജന്മനക്ഷത്രം, കര്‍തൃദോഷം, എഴുതുന്നവരുടെയും എഴുതിക്കുന്നവരുടെയും അഷ്ടമരാശിക്കൂറുകള്‍ എന്നിത്യാദി മറ്റ് ദോഷങ്ങള്‍ സംഭവിക്കുന്നതല്ല. ആകയാല്‍ ഈ വര്‍ഷത്തെ വിദ്യാരംഭം അവിട്ടം നക്ഷത്രമുള്ള കുഞ്ഞുങ്ങള്‍ക്കും ക്ഷേത്രത്തില്‍ വെച്ച് അഭ്യസിക്കാവുന്നതാണ്.

എന്നാല്‍, ക്ഷേത്രത്തില്‍ അല്ലാതെയുള്ള വിദ്യാരംഭം ആണെങ്കില്‍ സകലവിധ കര്‍തൃദോഷങ്ങള്‍ (കുജനിവാരങ്ങള്‍, ബുധമൌട്യം, അഷ്ടമത്തിലെ ചൊവ്വ, അഞ്ചിലും രണ്ടിലും പാപന്മാര്‍ നില്‍ക്കുന്ന രാശി, ഭരണി, കാര്‍ത്തിക, തിരുവാതിര, ആയില്യം, മകം, പൂരം, വിശാഖം, കേട്ട, മൂലം, പൂരാടം, പൂരുരുട്ടാതി, ജന്മനക്ഷത്രം, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികള്‍, ചൊവ്വാഴ്ചയും ശനിയാഴ്ചയും, ഇരുവരുടെയും അഷ്ടമരാശിക്കൂറുകള്‍ മുതലായവ ) ഒഴിവാക്കിയുള്ള ഒരു മുഹൂര്‍ത്തം എടുക്കുകയും ചെയ്യേണ്ടതാണ്.

അനില്‍ വെളിച്ചപ്പാടന്‍
(ജ്യോതിഷഭൂഷണം, ജ്യോതിഷരത്നഭൂഷണം, താന്ത്രികം & വേദാന്തം)

2010ല്‍ ബഹു: ദേവസ്വം മന്ത്രിയില്‍ നിന്നും തന്ത്രശാസ്ത്രത്തിനുള്ള ജ്യോതിഷഭൂഷണം അവാര്‍ഡും, 2013ല്‍ ജ്യോതിഷത്തിനുള്ള കര്‍മ്മശ്രേഷ്ഠ അവാര്‍ഡും നേടിയ ജ്യോതിഷ ഗവേഷകന്‍ , സർവ്വോപരി ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും പേജിന്റെ അഭ്യുദയകാംക്ഷി .

LIKE: https://www.facebook.com/uthara.astrology

Visit : http://www.utharaastrology.com/