"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ദുർഗ്ഗാഷ്ടമി | ഹൈന്ദവം

ദുർഗ്ഗാഷ്ടമി

ശരത്കാലത്തെ ആദ്യത്തെ അഷ്ടമി. ദേവി ദുര്‍ഗയായി അവതരിച്ച ദിവസമായതുകൊണ്ടാണ് ഈ ദിവസം ദുര്‍ഗാപൂജ നടത്തുന്നത്. തിന്മയെ ജയിച്ച് നന്മ നേടാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനുള്ള അനുഷ്ഠാനമായ നവരാത്രിപൂജയിലെ എട്ടാമത്തെ ദിനമാണിത്. ശ്രീരാമന്‍ രാവണനെ നിഗ്രഹിക്കുന്നതിന് ദുര്‍ഗാദേവിയുടെ അനുഗ്രഹം വാങ്ങി യാത്ര തിരിച്ചത് ആ ദിവസം ആയതിനാലാണ് ദുര്‍ഗാഷ്ടമി എന്ന പേരില്‍ ഈ ദിവസം പ്രസിദ്ധമായത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. നവരാത്രി കാലത്താണ് ഈ അനുഷ്ഠാനപൂജ നടത്തുന്നത്. ആശ്വിനമാസത്തിലെ പ്രതിപദം മുതല്‍ നവമി (മഹാനവമി) വരെയുള്ള ഒന്‍പത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. പത്താം ദിവസമായ വിജയദശമി ദിനത്തില്‍ രാവിലെ പൂജ തുടങ്ങുകയും കുട്ടികളെ വിദ്യാരംഭത്തിന് ഇരുത്തുകയും ചെയ്യുന്നു. വിദ്യാരംഭത്തിന് വിശേഷദിവസമാണ് വിജയദശമി. ദുര്‍ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്‍ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കുകയും സരസ്വതീപൂജയോടനുബന്ധമായി ആയുധപൂജ നടത്തുകയും ചെയ്തുവരുന്നു. മഹിഷാസുരമര്‍ദിനി ആയ ദുര്‍ഗയും വിദ്യാദേവതയായ സരസ്വതിയും (കാളിയും പാര്‍വതിയും) ഒരേ ദേവിയുടെതന്നെ മൂര്‍ത്തിഭേദങ്ങളാണ്.

ഭാരതത്തിലെ മിക്ക പ്രദേശങ്ങളിലും ദുര്‍ഗാഷ്ടമിപൂജ നടത്തിവരുന്നു. ദുര്‍ഗയുടെ രൂപംതന്നെയായ സരസ്വതീദേവിയെയാണ് കേരളത്തില്‍ ആരാധിക്കുന്നത്. കേരളത്തില്‍ ഭൂരിപക്ഷംപേരും പൂജവയ്ക്കുന്നത് ദുര്‍ഗാഷ്ടമി ദിവസത്തിലാണ്. ഒന്നാം ദിനം മുതല്‍ പ്രത്യേകമായ പൂജയ്ക്ക് രംഗമൊരുക്കുകയും അന്നുതൊട്ട് ഒന്‍പതുദിവസം യഥാവിധിയുള്ള പൂജയും സ്തോത്ര ഗാനാലാപനങ്ങള്‍, സംഗീതാദി കലാപ്രകടനങ്ങള്‍, ബൊമ്മക്കൊലു ഒരുക്കല്‍ തുടങ്ങിയവയും നടത്തുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഇതിനായി പ്രത്യേകം പണിയിച്ചിട്ടുള്ള നവരാത്രി മണ്ഡപത്തില്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലം മുതല്‍ നവരാത്രി പൂജയും ഒന്‍പതുദിവസത്തെ സംഗീതപൂജയും സ്ഥിരമായി നടത്തിവരുന്നു. നവരാത്രിപൂജ ആരംഭിക്കുന്ന ദിവസം മുതല്‍ ഓരോ പ്രദേശത്തെയും ജനങ്ങള്‍ ആരാധനാസ്വഭാവമനുസരിച്ച് ഗ്രന്ഥങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പൂജാപീഠത്തിനു മുന്നില്‍ സമര്‍പ്പിക്കുകയും വിജയദശമി നാളില്‍ അവ തിരിച്ചെടുക്കുകയും ചെയ്യുന്നു. തങ്ങളുടെ വിദ്യയ്ക്കും ജീവിതവൃത്തിക്കും ദേവതാനുഗ്രഹം വാങ്ങുക എന്നതാണ് ഇതിന്റെ പിന്നിലുള്ള സങ്കല്പം. കേരളീയര്‍ കുട്ടികളുടെ വിദ്യാരംഭത്തിന് ഏറ്റവും ശ്രേഷ്ഠമായി തിരഞ്ഞെടുക്കുന്ന ദിവസവും വിജയദശമിയാണ്.
നവരാത്രിപൂജ എന്ന വ്രതം ദുര്‍ഗാദേവിക്കുവേണ്ടിയാണ് അനുഷ്ഠിക്കപ്പെടുന്നത്.

ഇതിന്റെ അനുഷ്ഠാനത്തിന് ചില ശാസ്ത്രവിധികളുണ്ട്. ഇതിനോടനുബന്ധമായി കുമാരീപൂജയും പതിവാണ്. കുമാരികളെ മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സത്ക്കാരങ്ങളോടും കൂടി പൂജിക്കുന്നു. എത്ര കുമാരികള്‍ ഇതിനു വേണമെന്നും എപ്രകാരമാവണം പൂജിക്കേണ്ടതെന്നും പൂജ നടത്തുന്നവര്‍ക്കു തീരുമാനിക്കാവുന്നതാണ്. നവകന്യകമാരില്‍ ആരെ വേണെമെങ്കിലും പൂജയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നവകന്യകമാരില്‍ 2 വയസ്സായവള്‍ കുമാരി, 3 വയസ്സ് എത്തിയവള്‍ ത്രിമൂര്‍ത്തി, 4 വയസ്സുള്ളവള്‍ കല്യാണി, 5 വയസ്സുകാരി രോഹിണി, 6 വയസ്സിലെത്തിയവള്‍ കാളി, 7-ല്‍ ആയവള്‍ ചണ്ഡിക, 8 പൂര്‍ത്തിയായവള്‍ ശാംഭവി, 9-ലെത്തുന്നവള്‍ ദുര്‍ഗ എന്നിവരാണുള്ളത്. എന്നാല്‍ 2 വയസ്സ് തികയാത്ത കുഞ്ഞിനെ പൂജയ്ക്ക് തിരഞ്ഞെടുക്കാന്‍ പാടില്ല എന്നും വിധിയുണ്ട്.