"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
വിജയദശമി | ഹൈന്ദവം

വിജയദശമി

ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ്‌ വിജയദശമി. അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ വധിച്ച ദിവസമാണു വിജയദശമി . ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങായ വിദ്യാരംഭം, കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് നടത്തുന്നത്. (Bengali: বিজয়াদশমী, Kannada: ವಿಜಯದಶಮಿ, Malayalam: വിജയദശമി, Marathi: विजयादशमी, Nepali :विजया दशमी, Tamil: விஜயதசமி, Telugu: విజయదశమి).

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ്‌ സനാതനധര്‍മത്തിലുള്ള അടിയുറച്ച വിശ്വാസം. ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി, സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.

ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്റെ പുത്രി പാര്‍വതി ദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌. ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും, സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈമകളും സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതി ദേവി. കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത.

അക്ഷരപൂജയിലൂടെ അറിവിനെയും ആയുധ പൂജയുലൂടെ പ്രവൃത്തിയെയും കച്ഛപി കലകളെയും ഉപാസിക്കുകയാണ്. അറിവില്ലായ്മയുടെ പര്യായമായ മഹിഷാസുരനെ വധിച്ച് അറിവിന്റെ ദേവതയായ ആദിപരാശക്തി വിജയിച്ച ദിനമാണ് വിജയദശമി എന്നാണ് വിശ്വാസം. ആദിപരാശക്തിയായ ദേവിയെ ആദ്യത്തെ മൂന്നു നാളുകളിൽ തമോഗുണയായ ദുർഗ്ഗാരൂപത്തിലും അടുത്ത മൂന്നു നാളുകളിൽ രജോഗുണയായ മഹാലക്ഷ്മി രൂപത്തിലും അവസാന മൂന്നു നാളുകളിൽ സത്വഗുണയായ സരസ്വതീ രൂപത്തിലുമാണ് പൂജിക്കുന്നത്. ദേവീ പൂജയാണ് നവരാത്രി പൂജയിൽ പ്രധാനം. ദേവിയുടെ ഒമ്പതു ഭാവങ്ങളെ - ദുർഗ, ഭദ്രകാളി, അംബ, അന്നപൂർണ, സർവ്വമംഗള, ഭൈരവി, ചന്ദ്രിക, ലളിത, ഭവാനി- ആരാധിക്കുന്നു. മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ
പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നിൽ പൂജ വയ്ക്കുന്നു. കേരളത്തിൽ നവരാത്രി ഉത്‌സവം പൂജാ ഉത്‌സവമാണ്. നവരാത്രിയ്ക്കു ഒടുവിലത്തെ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം. ദുർഗ്ഗാഷ്ടമി നാളിൽ വൈകിട്ട് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കും. വിജയദശമിയ്ക്ക് പൂജയെടുപ്പും വിദ്യാരംഭവും നടത്തും. ദുർഗ്ഗാഷ്ടമിക്ക് സരസ്വതി വിഗ്രഹമോ ചിത്രമോ വച്ച് അതിനു മുന്നിലാണ് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്‌ക്കേണ്ടത്. അന്ന് സന്ധ്യാപൂജയും മഹാനവമിയ്ക്ക് ത്രികാലപൂജയും വിജയദശമിയ്ക്ക് പ്രഭാതപൂജയും വേണം. പൂജവയ്പു കഴിഞ്ഞ് പൂജയെടുക്കും വരെ എഴുത്തും വായനയും പാടില്ല. വിജയദശമി നാളിൽ രാവിലെ മണലിലോ അരിയിലോ അക്ഷരങ്ങൾ എഴുതി വേണംവിദ്യാരംഭം കുറിക്കാൻ. നവരാത്രി വ്രതം അനുഷ്ടിക്കുന്നത് ശരീരത്തിനും മനസിനും ബുദ്ധിയ്ക്കും ഗുണകരമാണെന്നാണ് വിശ്വാസം. വെളുപ്പിന് കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് ദേവീപൂജയും ക്ഷേത്രദർശനവും നടത്തണം. മത്‌സ്യ-മാംസാഹാരങ്ങൾ വർജ്യം. തലേനാൾ ഉണ്ടാക്കിയ ഭക്ഷണങ്ങളും കഴിക്കരുത്. അരി ആഹാരം ഒരു നേരമേ പാടുള്ളു. രാത്രി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക, അതല്ലെങ്കിൽ ലഘു ഭക്ഷണം മാത്രം കഴിക്കുക. മാനസികമായും ശാരീരികമായും ശുദ്ധി പുലർത്തുകയും വേണം.