"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ചെമ്പൈ വൈദ്യനാഥ ഭാഗവതർ | ഹൈന്ദവം

ചെമ്പൈ വൈദ്യനാഥ ഭാഗവതർ

THE LEGEND OF CLASSICAL MUSIC ( DEATH ANNIVERSARY OCT-16 )
പ്രണാമം മഹാഗുരോ ..

ഇരുപതാം നൂറ്റാണ്ടിൽ സംഗീതലോകത്തിന് കേരളം നൽകിയ അമൂല്യമായ സംഭാവനയാണു ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ.കർണാടക സംഗീതത്തിലെ സുവർണകാലഘട്ടത്തിലെ തലയെടുപ്പുള്ള സംഗീതാചാര്യനായിരുന്നു അദ്ദേഹം . പാലക്കാട്‌ ജില്ലയിലെ കോട്ടായി പഞ്ചായത്തിൽ ഉൾപ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തിൽ ജനിച്ചു. ത്യാഗരാജ സ്വാമികളുടെ സമകാലീനനായിരുന്ന ചക്ര താനം സുബ്ബ അയ്യർ ( ”ഘന ചക്രതാന സുബ്ബയ്യർ“ ) എന്ന നാമത്തിൽ പ്രസിദ്ധനായിരുന്ന സുബ്ബയ്യഭാഗവതരുടെ പുത്രനായ അനന്തൻ ഭാഗവതരുടെയും പാർവതി അമ്മാളുടെയും മകനായി ആയിരത്തിയെണ്ണൂറ്റി തൊണ്ണൂറ്റാറു സെപ്തംബർ പതിനാലാം തിയതി ഭരണി നക്ഷത്രത്തിൽ ജനിച്ചു. പിതാവ് തന്നെയാണ് ചെമ്പൈയുടെ സംഗീതഗുരു. ജന്മനായുള്ള സംഗീതജ്ഞാനവും സംഗീതവിദ്വാനായ പിതാവിൻറെ കീഴിൽ കർശനമായ അഭ്യസനവും പിതാവിനെ കാണാൻ ഇടയ്ക്കിടെ വീട്ടിലെത്തുന്ന സംഗീതജ്ഞന്മാരുമായുള്ള സഹവാസവും ചെമ്പൈയെ മികച്ച ഗായകനാക്കി. അനുപമമെന്നും അത്യുത്തമമെന്നും വിശേഷിപ്പിയ്ക്കുന്നതും ഗംഭീരത്തിലധിഷ്ഠിതവുമാണ് ചെമ്പൈയുടെ വെങ്കലനാദം. നാദോപാസനയിൽ അനിഷേധ്യനായി മാറിയ ചെമ്പൈക്ക് ലഭിച്ച അംഗീകാരങ്ങൾ അനവധിയാണ്. ആയിരത്തിതൊള്ളായിരത്തി മുപ്പത്തേഴിൽ മൈസൂർ രാജാവ് ആസ്ഥാനവിദ്വാൻ പദവി നൽകി. അമ്പത്തെട്ടിൽ ദേശീയ അവാർഡിന് അർഹനായി. എഴുപത്തൊന്നിൽ മദ്രാസ് മ്യൂസിക് അക്കാഡമി സംഗീതകലാനിധിബിരുദം, എഴിപത്തിരണ്ടിൽ പത്മഭൂഷൻ, തഞ്ചാവൂരിൽ നിന്ന് സംഗീത സമ്രാട്ട്, ബാംഗളരിൽ നിന്ന് ഗാനഗന്ധർവ്വ, തിരുന്വാടുതുറയിൽ നിന്ന് ആസ്ഥാന വിദ്വാൻ, ഗുരുവായൂരിൽ നിന്ന് അഭിനവത്യാഗബ്രഹ്മം, ഇവയൊക്കെ ആ ബഹുമതിപ്പട്ടികയിൽപ്പെടുന്നു.

സംഗീതത്തിന് വേണ്ടി ജീവിച്ച ചെമ്പൈ ശിഷ്യന്മാർക്ക് ഒരു വടവൃക്ഷമായി തണലേകിയിരുന്നു.ജാതിയോ മതമോ കുലമഹിമയോ ദരിദ്രനെന്നോ സമ്പന്നനെന്നോ നോക്കാതെ ശിഷ്യന്മാരെ സ്വീകരിച്ചു. ചെറുപ്പത്തിൽ ചെമ്പൈക്ക് ശബ്ദതടസ്സം നേരിട്ടു. ചികിത്സയ്ക്കുശേഷം ശബ്ദതടസ്സം നീങ്ങിക്കിട്ടുകയും ചെയ്തു. ശബ്ദതടസ്സം നീങ്ങി കിട്ടിയത് ഗുരുവായൂരപ്പൻറെ കാരുണ്യത്താലാണെന്ന വിശ്വസം ചെമ്പൈയെ ഗുരുവായൂർ ഏകാദശി ദിവസം ഗുരുവായൂരിൽ ചെന്ന് കച്ചേരി നടത്തുന്ന പതിവിലേയ്ക്ക് എത്തിച്ചു. ചെമ്പൈ യിരത്തിതൊള്ളായിരത്തീഴുപത്തിനാല് ഒക്ടോബർ പതിനാറാം തിയതി ദിവംഗതനായി. അദ്ദേഹത്തിന് മരണാനന്തരബഹുമതിയായി ഗുരുവായൂർ ദേവസ്വം ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ചെമ്പൈ സംഗീതോത്സവം വർഷം തോറും നടത്തിവരുന്നു.

അരിയക്കുടി രാമാനുജ അയ്യങ്കാർ , മഹാരാജപുരം വിശ്വനാഥ അയ്യർ, ചെമ്പൈ എന്നിവരെ കർണാടക സംഗീതത്തിലെ അഭിനവ ത്രിമൂർത്തികളായി വിശേഷിപ്പിച്ചു പോരുന്നു. ശക്തവും ഉന്മേഷവും ശ്രുതി ബദ്ധവുമായ ശബ്ദത്തിനുടമയായിരുന്നു അദ്ദേഹം. ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം എന്നിങ്ങനെ ചെമ്പൈയുടേതായ പ്രത്യേകതകൾ ധാരാളം. 70 വർഷത്തെ സംഗീത തപസ്യയിലൂടെ കർണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, രസികപ്രിയരിൽ ആനന്ദത്തിന്റെ ശ്രുതിമഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളർത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും ഒക്കെ ഒരേ സമയം കഴിഞ്ഞിരുന്നു ചെമ്പൈക്ക്. ത്യാഗരാജ സ്വാമികളുടെ സമകാലീനനായിരുന്ന ചക്ര താനം സുബ്ബ അയ്യർ, ചെമ്പൈയുടെ മുതുമുത്തശ്ശനായിരുന്നു. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് ആത്മീയതയിലൂന്നിയ ജീവിതം നയിച്ച് ചെമ്പൈ ഗുരുവായൂരപ്പനെ തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായി കരുതിയിരുന്നു.

ഭാഗവതർ എന്ന നിലയിൽ നൈമിഷികമായി മനോധർമ്മം പ്രദർശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുവിദിതം ആണ്. ഏതു സ്വരത്തിൽ നിന്നും കീർത്തനത്തിന്റെ ഏതു വരിയിൽ നിന്നും യഥേഷ്ടം നിരവലോ, സ്വരപ്രസ്താരമോ തുടങ്ങാനും അദ്ഭുതകരമായ വിധത്തിൽ താളാനുസൃതമായി പാടാനും നിസ്സാരമായി കഴിഞ്ഞിരുന്നു. അക്ഷീണം പാടുമ്പോഴും ഫലിതബോധം കൈവിടാതെയുള്ള കമന്റുകൾ , രാഗ വിസ്താര മധ്യേ പൊടുന്നനെ നാസിക പ്രയോഗങ്ങളിലൂടെയുള്ള രാഗ സഞ്ചാരം എന്നിവയൊക്കെ അനേകായിരം രസികരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി. എല്ലാത്തിനുമുപരി, ജാതിമത ചിന്തയ്ക്കതീതമായി ചിന്തിക്കുകയും നാനാ ജാതിമതസ്ഥരെ ശിഷ്യരായി സ്വീകരിക്കുകയും ചെയ്യുക വഴി താൻ ജീവിച്ച കാലത്തിനുമപ്പുറം ചിന്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പിൽക്കാലത്ത് അതി പ്രശസ്തരായ കെ.ജെ. യേശുദാസ്, ജയവിജയന്മാർ, പി. ലീല എന്നിവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പെടുന്നു. ധാരാളം ബഹുമതികൾ ചെമ്പൈക്കു ലഭിച്ചിട്ടുണ്ട്. 1951-ലെ “സംഗീത കലാനിധി“ പദവി, കേന്ദ്ര നാടക അക്കാഡമി അവാർഡ്, രാഷ്ട്രപതിയുടെ പദ്മഭൂഷൺ അവാർഡ്, ഗാനഗന്ധർവ പദവി എന്നിവ അതിൽ ചിലതു മാത്രം. കൊച്ചി, മൈസൂർ , ബറോഡ, വിജയനഗരം, ബോബ്ബിലി, ജെയ്‌പൂർ എന്നിവിടങ്ങളിലെ രാജാക്കന്മാരും പല അംഗീകാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്.

1974, ഒൿടോബർ 16-നു നിര്യാതനായി. ഇന്നും ചെമ്പൈ സംഗീതോത്സവങ്ങളിലൂടെയും മറ്റും സംഗീതോപാസകർ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുന്നു. പാലക്കാട് ഗവ: മ്യൂസിക് കോളേജ് 1981 ജൂൺ ഒന്ന് മുതൽ അദ്ദേഹത്തിന്റെ സ്മരണക്കായി "ചെമ്പൈ സ്മാരക സംഗീത കോളേജ്" എന്ന് നാമകരണം ചെയ്തു.

ചെമ്പൈ സംഗീതോത്സവം

1931-ല്‍ ഒരു ഏകാദശി ദിവസം സാമൂതിരിയുടെ ആവശ്യപ്രകാരം ചെമ്പൈ ഒരു സംഗീതസദസ്സില്‍ പാടാന്‍ പോയി. കച്ചേരി ആരംഭിച്ചപ്പോള്‍ തന്‍റെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നതായി ചെമ്പൈ അറിഞ്ഞു. ഉടനെ ഗുരുവായൂരിലേയ്ക്ക് ഓടിയ അദ്ദേഹം മനമുരുകി പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് എവിടെനിന്നോ ഒരു നമ്പൂതിരി മുന്നില്‍ വന്ന് കുറച്ച് മരുന്നുകള്‍ കൊടുത്തു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടി.ഈ സംഭവത്തിനു ശേഷമാണ് അദ്ദേഹത്തിന്‍റെ ശബ്ദം കൂടുതല്‍ മധുരതരമായതെന്ന് പറയപ്പെടുന്നു. ചെമ്പൈയ്ക്ക് നാദം തിരിച്ചു കിട്ടി. സാമൂതിരിക്ക് മുന്നില്‍ പാടാനും കഴിഞ്ഞു. അജ്ഞാതനായ ആ ബ്രാഹ്മണന്‍ ഗുരുവായൂരപ്പന്‍ തന്നെയാണെന്ന് ചെമ്പൈ വിശ്വസിച്ചു. ആ വര്‍ഷം മുതല്‍ എല്ലാ ഏകാദശിക്കും ഗുരുവായൂരിലെ ഉദായസ്തമനപൂജ ചെമ്പൈയുടെ വകയായിരുന്നു. അദ്ദേഹം മരിക്കുന്നതുവകെ അതു മുടങ്ങിയില്ല.
ഇതിന്‍റെ സ്മരണക്കാണ് ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം .ആദ്യം ഇത് നാലുദിവസം മാത്രമുള്ള ഉത്സവമായിരുന്നു. ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതിനുസരിച്ച് സംഗീതോത്സവം 10 ദിവസമാക്കി. കേരളത്തിനകത്തും പുറത്ത് നിന്നും അസംഖ്യം സംഗീതജ്ഞരാണ് ചെമ്പൈ സംഗീതോത്സവത്തിനെത്തുന്നത്.

"എന്തരോ മഹാനുഭാവലൂ.... ' കര്‍ണാടകസംഗീതം ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും നാവിലെപ്പോഴും തത്തിക്കളിക്കുന്ന ഭക്തിനിര്‍ഭരമായ ഗാനം. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഇഷ്ടഗാനം. മറ്റൊരു സംഗീതജ്ഞനും ഇല്ലാത്ത ഒരു പ്രത്യേകത അദ്ദേഹത്തിനുണ്ടായിരുന്നു. . കൂടെയുള്ളവര്‍ക്ക് സംഗീത മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം അദ്ദേഹം എപ്പോഴും നല്‍കി. അതിനായി എന്ത് സഹായം ചെയ്യാനും അദ്ദേഹം എപ്പോഴും തയ്യാറായി. ചെമ്പൈ പാടുമ്പോള്‍ ശുദ്ധനാദത്തിന്‍റെ വിജ്രംഭിതമായ അവസ്ഥ സംജാതമാകുന്നു. ഓരോ വാക്കും ഓരോ ചിത്രമാകുന്നു. വാങ്മയമാണ് ചെമ്പൈയുടെ സംഗീതാവതരണം. അസംഖ്യം കീര്‍ത്തനങ്ങള്‍. അസംഖ്യം ശിഷ്യന്‍മാര്‍. ഉറവ വറ്റാത്ത അകൈതവമായ ഭക്തി. തികഞ്ഞ നര്‍മ്മബോധം. ചെമ്പൈ ഗുരുവും വാഗേയക്കാരനും കളിക്കൂട്ടുകാരനും ഭക്തനുമാണ്. രാഗ, സ്വര വിസ്താരങ്ങളെക്കുറിച്ചുള്ള ഭാഗവതരുടെ ജ്ഞാനവും, സൂക്ഷ്മമായ അവബോധം, ശ്രുതിനിയന്ത്രണം, ആവിഷ്കാരത്തിലെ സ്വതന്ത്ര്യ ശൈലി എന്നിവ അനന്യമാണ്.

കൃഷ്ണഭക്തിയുടെയും, രാമഭക്തിയുടെയും മൂര്‍ത്തീഭാവമായ മീരാഭായി, കബീര്‍ദാസ് ,തുളസീദാസ് എന്നിവരുടെ ഗാനങ്ങള്‍ കര്‍ണാടകസംഗീതലോകത്തേയ്ക്ക് ആനയിച്ചത് ചെമ്പൈയാണ്. ഇവരുടെ ഗാനങ്ങളില്‍ സംഗീതം കൊണ്ട് പരീക്ഷണങ്ങള്‍ നടത്തി പുതിയ രൂപത്തിലും ഭാവത്തിലും ചെമ്പൈ സംഗീതസദസ്സുകളില്‍ അവതരിപ്പിച്ചു. തന്‍റെ ഭൗതിക ശരീരം വെടിഞ്ഞ്, ചെമ്പൈ കുടിയേറിപാര്‍ത്തത്, ജനലക്ഷങ്ങളുടെ ഹൃദയത്തിലെ അഭൗമ സംഗീതസാന്നിദ്ധ്യമായാണ്. കാലത്തിന്‍റെ മണല്‍പ്പരപ്പില്‍, പുതുഗാനതരംഗത്തിന്‍റെ കൊടുങ്കാറ്റില്‍ മാഞ്ഞ് പോകാതെ തന്‍റെ പാദമുദ്ര പതിപ്പിച്ചു ഈ നാദചക്രവര്‍ത്തി. ഗംഭീരനാദകാരനായ ഈ മഹാഗുരുവിന്‍റെ കാല്‍പാടുകള്‍ പിന്‍തുടര്‍ന്നവരെല്ലാം അമരമായ സംഗീത സമുദ്രത്തിന്‍റെ സ്പര്‍ശം അറിഞ്ഞവരാണ്.