"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി | ഹൈന്ദവം

വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി

അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി ( ഇന്ന് ഒഴുക്ക് നിലച്ച നിള )

അഷ്ടവൈദ്യപരമ്പരയിലെ പ്രധാനിയും മേഴത്തൂര്‍ വൈദ്യമഠത്തിലെ കാരണവരുമായ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി ഇന്ന് കാല്പനികമായ ഒരു ഓര്‍മ്മ മാത്രമാണ്, ആര്‍ദ്രമായ ഒരു വികാരം മാത്രമാണ്. അതിന് പന്തിരുകുലത്തിന്റെ പെരുമയുണ്ട്. ഒരു സംസ്കാരത്തിന്റെ പിന്‍ബലമുണ്ട്. അതിനെല്ലാം പുറമെ നാടിന്റെ സുഖജീവിതമാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ ഒരു ചികിത്സകന്റെ നിറസാന്നിദ്ധ്യമുണ്ട്. വൈദ്യശാസ്ത്രരംഗത്തെ മുടിചൂടാമന്നനായ വൈദ്യമഠം ചെറിയനാരായണന്‍ നമ്പൂതിരി. മഹത്തായ വൈദ്യസേവന പാരമ്പര്യത്തിന്റെ ഉടമ, ശാസ്ത്ര-സാഹിത്യ-വൈജ്ഞാനിക തലങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ളയാള്‍, സാമൂഹിക സേവന തത്പരന്‍....ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍.

1930 ഏപ്രില്‍ 10ന് വൈദ്യശാസ്ത്ര മഹോദധി അഷ്ടവൈദ്യന്‍ ശ്രീ. വൈദ്യമഠം വലിയനാരായണന്‍ നമ്പൂതിരിയുടെയും, അഗ്നിഹോത്രി ഗൃഹത്തിലെ ഉണ്ണിക്കാളി അന്തര്‍ജ്ജത്തിന്റെയും മകനായി പാലക്കാട് ജില്ലയിലെ മേഴത്തൂരില്‍ ജനിച്ചു. പതിനൊന്നാം വയസ്സില്‍ ഉപനയനം. പതമ്മൂന്നില്‍ സമാവര്‍ത്തനം. മുത്തച്ഛന്‍ വലിയ നാരായണന്‍ നമ്പൂതിരിയുടെ ശിഷ്യനായിരുന്ന കോരല്ലൂര്‍ കൃഷ്ണവാരിയര്‍ പ്രാഥമിക സംസ്കൃത പാഠവും, സഹസ്രകോശം ആദ്യഭാഗങ്ങളും ശീലിപ്പിച്ചു. ഭാഗവദോത്തമന്‍ വൈശ്രവണത്ത് രാമന്‍ നമ്പൂതിരിയുടെ കൂടെ താമസിച്ച് സംസ്കൃത പഠനം തുടര്‍ന്നു. കൂടല്ലൂര്‍ ഗുരുകുലത്തില്‍ വി.കെ.ആര്‍.തിരുമുല്പാടിന്റെ കീഴില്‍ കാവ്യനാടകങ്ങള്‍ പഠിച്ചു. മന്ത്രേടത്ത് താമസിച്ച് വിദ്വാന്‍ കലക്കത്ത് രാമന്‍ നമ്പ്യാരില്‍ നിന്ന് തര്‍ക്കവും വ്യാകരണവും അഭ്യസിച്ചു.

കാലം ചാര്‍ത്തിക്കൊടുത്ത കര്‍മ്മം ഏറ്റെടുത്ത് ഒരു നാടിന്റെ സുഖത്തിനായി ജീവിതമുഴിഞ്ഞുവച്ച കര്‍മ്മയോഗിയാണ് വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി. വേദാധികാരങ്ങള്‍ കല്പിച്ച യാഗരക്ഷയ്ക്കായി ശാലാവൈദ്യന്മാരായി അവരോധിക്കപ്പെട്ടവരാണ് വൈദ്യമഠത്തിന്റെ പൂര്‍വ്വികര്‍. ഈ പൈതൃകത്തിന്റെ പിന്‍ തലമുറക്കാരനായ ഇദ്ദേഹം ഇന്നു ചെയ്യുന്നതും ഒരു യാഗരക്ഷയാണ്. വഴിയില്‍ വീണുപോയവര്‍ക്കും, തളര്‍ന്നു പോയവര്‍ക്കും ഒരു താങ്ങായി, ഒരാശ്വാസമായി എന്നും ഈ കര്‍മ്മവര്യന്‍ ഇവിടെയുണ്ടാകും. മലിനമാക്കപ്പെട്ട ഇന്നത്തെ ചികിത്സാമൂല്യങ്ങളും ചികിത്സാവിധികളും ഇദ്ദേഹത്തിനരികില്‍ വഴിമാറുകയാണ്. തന്റെ പ്രവൃത്തിയെ ഒരു യജ്ഞമായിക്കാണുന്ന അദ്ദേഹം അതിനെ ഒരിക്കലും വാണിജ്യവത്കരിക്കാന്‍ ശ്രമിക്കുന്നില്ല. "ചികിത്സകന്‍ രോഗിക്ക് മനസ്സമാധാനം കൊടുക്കുകയാണ് വേണ്ടത്. ഒരാള്‍ ഇവിടെ വരുന്നതു മുതല്‍ അക്കാര്യം ശ്രദ്ധിക്കും. സമ്പാദിക്കാനാണെങ്കില്‍ ആയുര്‍വ്വേദ കോളേജ് പോലുള്ള സംരംഭങ്ങള്‍ തുടങ്ങാം. പക്ഷേ, അതൊന്നും ശരിയാവില്ല". വൈദ്യമഠം തുറന്നു പറയുന്നു.

അമ്മയുടെ ആഗ്രഹവും, മുത്തച്ഛന്റെ അനുഗ്രഹവുമാണ് തന്നെ ഈ കര്‍മ്മപാതയില്‍ എത്തിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്. രോഗവാരിധിയില്‍ തകര്‍ന്ന മനസ്സുമായി തന്നില്‍ അഭയം പ്രാപിക്കുന്നവരെ കരകയറ്റാന്‍ ഇവരുടെ അനുഗ്രഹാശിസ്സുകള്‍ കൊണ്ട് മാത്രമാണത്രെ സാധിക്കുന്നത്. ആയുസ്സറ്റുന്നത് എന്ന്, എപ്പോള്‍ എന്നെല്ലാം പറയുന്നതിനുള്ള മിടുക്ക് വലിയ തിരുമേനിക്കുണ്ടായിരുന്നു. ആ മിടുക്ക് ചെറിയ തിരുമേനിക്കും ഉണ്ടെന്ന് പറയുന്നതില്‍ ഒട്ടും തന്നെ അതിശയോക്തിയില്ല. രോഗങ്ങളില്‍ പെട്ട് വലയുന്നവരുടെ പ്രാര്‍ത്ഥനകള്‍ക്കും, പ്രതീക്ഷകള്‍ക്കും നടുവില്‍ എണ്‍പതിന്റെ പടവുകള്‍ കയറി നില്‍ക്കുകയാണ് ഈ കര്‍മ്മയോഗി. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയുടെ ശക്തിയുണ്ട്, പാരമ്പര്യമുണ്ട് ഇദ്ദേഹത്തിന്റെ മുന്നോട്ടുള്ള പാതയില്‍.

ചികിത്സയ്ക്കും മറ്റുമായി ലാബോ, യന്ത്രങ്ങളോ മറ്റ് ആധുനിക സജ്ജീകരണങ്ങളോ ഇല്ലാതെ ഉറച്ച മനസ്സിന്റെ മാത്രം പിന്‍ബലത്തിലായിരുന്നു ഈ വൈദ്യകുലപതിയുടെ ഉയര്‍ച്ചയിലേക്കുള്ള യാത്രകള്‍. ചികിത്സയാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ തിരുമേനിക്ക് ആരെയും ചികിത്സിക്കാത്തതായ ദിനങ്ങള്‍ നന്നേ കുറവാണ്. പണമോ, പ്രതിഫലമോ തന്റെ ചികിത്സയ്ക്ക് അദ്ദേഹം ലക്ഷ്യമിടുന്നില്ല. പ്രതിഫലം ചോദിക്കരുത്, തരുന്നതെന്താണെന്ന് നോക്കരുത്, നിരസിക്കരുത് എന്ന മുത്തച്ഛന്റെ ഉപദേശമാണ് ഇതിന് ആധാരം. കാലത്തിന്റെ കൈവഴികളില്‍ താന്‍ തന്റെ കര്‍മ്മപാതയില്‍ പൂര്‍ണ്ണമായും നിരതനാണെന്ന ഉത്തമബോധ്യം തിരുമേനിക്കുണ്ട്. അതുകൊണ്ട് തന്നെ തന്നില്‍ വന്നു നില്‍ക്കുന്നതെന്താണെന്നും തന്നില്‍ നിന്നും മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നതെന്താണെന്നും അദ്ദേഹത്തിന് നന്നായറിയാം. "ഞാന്‍ ഇപ്പൊഴും ചികിത്സ പഠിക്കുകയാണ്. ആരും പൂര്‍ണ്ണനല്ല. അവനവന്റെ ജീവിതം പഠിക്കാനുള്ളതാണ്. ഓരോ ചികിത്സയും ഓരോ ജീവനെ കണ്ടറിയലാണ് ഇങ്ങിനെ ചികിത്സിച്ചു കൊണ്ട് മരിക്കണമെന്നാണ് ആഗ്രഹം". തിരുമേനി പറയുന്നു.

തളിര്‍ വെറ്റില തിരഞ്ഞെടുത്ത് മുറുക്കുന്ന ശീലം ഉപേക്ഷിച്ചു. പ്രായത്തിന്റെ ശൗര്യം കൂടിയപ്പോള്‍ ജീവിതത്തില്‍ കൂടെക്കൂട്ടിയ പലതിനെയും പാതിവഴിയില്‍ കൈവെടിയേണ്ടി വന്നു. എങ്കിലും കടുകിട തെറ്റാത്ത നിഷ്ഠകളും തന്നെത്തേടിയെത്തുന്നവരുടെ കാര്യമാണ് സ്വന്തം കാര്യത്തേക്കാള്‍ മുഖ്യം എന്ന ചിന്താഗതിക്കും മാത്രം അന്നും ഇന്നും മാറ്റമില്ല. യാന്ത്രികമായ ജീവിതത്തേക്കാള്‍ പ്രകൃതിയെയറിഞ്ഞ്, നാടിനെയറിഞ്ഞ്, മനുഷ്യരെയറിഞ്ഞ് ജീവിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കര്‍മ്മപുരുഷനാണദ്ദേഹം. നേട്ടങ്ങള്‍ക്ക് നടുവിലും അഹങ്കാരമെന്ന ചെളിക്കൂനയിലേക്ക് വഴുതിവീഴാതെ തന്റെ പാതയിലൂടെ മാത്രം നടന്നു നീങ്ങുന്ന ഒരു ഏകാന്തസഞ്ചാരി.

ആഢംബരങ്ങളോട് ഒട്ടും പ്രിയം തോന്നിയിട്ടില്ലാത്ത ഒരു വ്യക്തി. ജീവിതത്തില്‍ ഇന്നേവരെ ഷര്‍ട്, വാച്ച് എന്നിവയൊന്നും തന്നെ ധരിച്ചിട്ടില്ല. തോളില്‍ ഒരു ഉത്തരീയം കഴുത്തില്‍ ഒരു മാല. ഇതുമാത്രമാണ് ആകെയുള്ള ആഢംബരം. ഏത്നേരത്തും ഏത് കാലാവസ്ഥയിലും. പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേറ്റ് കുളത്തിലെ കുളിയും കഴിഞ്ഞ് ദക്ഷിണാമൂര്‍ത്തിയെ പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷേ പ്രായം അതിന് തടയിട്ടു. ഇപ്പോള്‍ ഉറക്കത്തിന്റെ നീളം കൂടി, കൂടെ ക്ഷീണത്തിന്റെയും. മനസ്സെത്തുന്നിടത്ത് കയ്യെത്താതായി. എങ്കിലും മനസ്സിന്റെ മൂര്‍ച്ചയില്‍ യാതൊരു കുറവുമില്ല, ചികിത്സയുടെയും.

വൈദ്യത്തിന്റെ തിരക്കുകളില്‍ മനം മടുത്തിരിക്കുന്ന സമയങ്ങളിലായിരുന്നു തിരുമേനിയുടെ സാഹിത്യസഞ്ചാരം. വെറുമൊരു നേരമ്പോക്കിനായി കടന്നുവന്നതായിരുന്നെങ്കിലും സാഹിത്യം അദ്ദേഹത്തിന് നന്നേ പിടിച്ചു. ഉള്ളൂരിന്റെ ഉമാകേരളത്തേയും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കവിതകളെയും അദ്ദേഹം പ്രണയിച്ചിരുന്നു. അവരിലൂടെ അദ്ദേഹത്തിലെ കവിത്വത്തിന്റെ ജാലകം തുറക്കപ്പെടുകയായിരുന്നു. ഇവരില്‍ നിന്നും കൈക്കൊണ്ട ഊര്‍ജ്ജത്തില്‍ അദ്ദേഹം കവിതകളെഴുതി. 'കാവ്യതീര്‍ത്ഥാടനങ്ങള്‍' എന്ന പേരില്‍ ഒരു കവിതാസമാഹാരം വൈദ്യമഠത്തിന്റെ പേരിലുണ്ട്. അങ്ങിനെ വൈദ്യം മാത്രമല്ല സാഹിത്യവും തനിക്കിണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

ഗാര്‍ഗ്ഗഭാരത, അദ്ധ്യാത്മ രാമായണ പരിഭാഷകളിലൂടെ അദ്ദേഹം വീണ്ടും വായനക്കാര്‍ക്കിടയിലെത്തി. സാഹിത്യം തനിക്ക് വെറുമൊരു കമ്പമല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഹസ്ത്യായുര്‍വ്വേദ ഗ്രന്ഥമായ പാലകാവ്യത്തിന്റെ വിവര്‍ത്തനം. പാലകാവ്യ മുനി രചിച്ച അതിപുരാതനമായ ഗജശാസ്ത്രമാണ് പാലകാവ്യം അഥവാ ഹസ്ത്യായുര്‍വ്വേദം. ചമ്പാപുരിയിലെ ലോമപാദ രാജാവും പാലകാവ്യനും തമ്മിലുണ്ടായ സംവാദത്തില്‍ നിന്നുടലെടുത്ത ഹസ്ത്യായുര്‍വ്വേദം പന്തീരായിരത്തോളം ശ്ലോകങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. ഈ കൃതിയുടെ പരിഭാഷ അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു.

യാത്രകള്‍ വൈദ്യമഠം തരുമേനിക്ക് ഹരമായിരുന്നു. ബദരീനാഥ് ഉള്‍പ്പെടെയുള്ള വിദൂരകേന്ദ്രങ്ങളിലേക്ക് വരെ അദ്ദേഹത്തിന്റെ യാത്രാകമ്പം നീണ്ടു. പക്ഷേ അധികനാളുകള്‍ വൈദ്യമഠം വിട്ടുനില്‍ക്കുന്നതിന് അദ്ദേഹം താത്പര്യം കാണിച്ചിരുന്നില്ല. ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ യാത്രകളുടെ അനുഭവങ്ങള്‍ 'ദേവയാനങ്ങളിലൂടെ' എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. ഇവ കൂടാതെ ആയുര്‍വ്വേദവും, വൈദ്യവുമെല്ലാം പ്രധാന വിഷയങ്ങളാവുന്ന മറ്റ് പല ഗ്രന്ഥങ്ങളുടെയും കര്‍ത്താവാണ് ചെറിയ തിരുമേനി. അദ്ദേഹത്തിന്റെ കൈത്തഴക്കം വ്യക്തമാക്കുന്ന പ്രധാന കൃതിയാണ് 'ആല്‍ബത്തിലെ ഓര്‍മ്മകള്‍' എന്ന ആത്മകഥ. കള്ളനും, കൊലയാളിക്കും, ലൈംഗിക തൊഴിലാളിക്കും വരെ ആത്മകഥകളിറങ്ങുന്ന ഈ കാലത്ത് അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് വൈദ്യമഠത്തിന്റെ കഥ. ആത്മകഥ എന്നതിലുപരി ദേശത്തിന്റെയും, കാലത്തിന്റെയും അടയാളപ്പെടുത്തലുകളായി മാറുകയായിരുന്നു ആ കൃതി.

കാലാനുവര്‍ത്തിതമായ രണ്ട് റിതുക്കളെ ചികിത്സിച്ചിട്ടുണ്ട് അദ്ദേഹം. ആയുര്‍വ്വേദത്തില്‍ വിശ്വസിച്ച ഒരു തലമുറയെയും, അലോപ്പതിയില്‍ അഭയം കണ്ട മറ്റൊരു തലമുറയെയും. രോഗത്തിന്റെ ഏത് നിലയില്ലാക്കയത്തിലിറങ്ങിച്ചെന്നാലും അടിഞ്ഞു കേറാനുള്ള ഒരു കരയായിരുന്നു മേഴത്തൂരിലെ വൈദ്യമഠം. അഗ്നിഹോത്രിയും, വി.ടി.ഭട്ടതിരിപ്പാടും നടന്നകന്ന വഴികളിലൂടെ കാലമേല്പ്പിച്ച ദൗത്യങ്ങള്‍ തീര്‍ത്തുകൊണ്ട് നടന്നു വരുന്ന മറ്റൊരു മഹായോഗിയാണ് വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി. വേദത്തിന്റെയും വൈദ്യത്തിന്റെയും പറുദീസയല്‍ വിശ്രമിക്കുന്ന ആ കര്‍മ്മധീരനായ വൈദ്യകുലപതിക്ക് ഇന്നീ കൈരളിയുടെ മുഴുവന്‍ പ്രാര്‍ത്ഥന പിന്തുണയായുണ്ട്. ഒരുപാട് മനുഷ്യജന്മങ്ങളുടെ വേദനകളെയും വിഷമങ്ങളെയും കെട്ടഴിച്ച് കാറ്റില്‍ പറത്താന്‍..!!

ആയുർവേദവും ദീ‍ർഘായുസും എന്ന പേരിൽ ഒരു ചികിത്സാ ഗ്രന്ഥം തന്നെ വൈദ്യമഠം രചിച്ചു. ഗാർഗ ഭാഗവത എന്ന പുസ്തകം ആയുർവേദത്തിന്റെ പ്രഥമ പഥങ്ങൾ എന്ന പേരിൽ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. 2009ൽ സംസ്ഥാന സർക്കാർ ആയുർവേദാചാര്യ പുരസ്കാരം നൽകി ആദരിച്ചു. കോയന്പത്തൂർ ആര്യവൈദ്യ ഫാർമസി ഏർപ്പെടുത്തിയിട്ടുള്ള ബൃഹത്രേയി രത്ന അവാർഡും ലഭിച്ചിട്ടുണ്ട്. കവിതകളും എഴുതിയിട്ടുണ്ട്. കോരല്ലൂര്‍ കൃഷ്ണ വാരിയര്‍, വൈശ്രവണത്ത് രാമന്‍ നമ്പൂതിരി, വി.കെ.ആര്‍. തിരുമുല്‍പാട്, വിദ്വാന്‍ കലക്കത്ത് രാമന്‍ നമ്പ്യാര്‍ എന്നിവരിൽ നിന്ന് ആയുര്‍വേദത്തിന്റെ പാഠങ്ങൾ സ്വായത്തമാക്കി. കായചികിത്സ, ബലചികിത്സ (പീഡിയാട്രിക്സ്), ഗ്രഹചികിത്സ (സൈക്യാട്രി), ഊർദ്ധവാംഗ ചികിത്സ (ചെവി, കണ്ണ്, മൂക്ക്), ദംഷ്ട്ര ചികിത്സ (ടോക്സിക്കോളജി), വൃഷ ചികിത്സ (ഗൈനക്കോളജി) തുടങ്ങിയ മേഖലകളിൽ അഗ്രഗണ്യനായിരുന്നു വൈദ്യമഠം.

കാലം ചാര്‍ത്തിക്കൊടുത്ത കര്‍മ്മം ഏറ്റെടുത്ത് ഒരു നാടിന്റെ സുഖത്തിനായി ജീവിതമുഴിഞ്ഞുവച്ച കര്‍മ്മയോഗിയായ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ വിയോഗം എന്നും ഒരു തീരാനഷ്ടമാണ്.

"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു:
ഗുരുര്‍‌ദ്ദേവോ മഹേശ്വര:
ഗുരുസ്സാക്ഷാത് പരബ്രഹ്മ:
തസ്മൈ ശ്രീ ഗുരവേ നമ:"