"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
അഴകിക്കോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം | ഹൈന്ദവം

അഴകിക്കോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

സർവ്വചരാചരങ്ങൾക്കും കാരണഭൂതയായ ആദിപരാശക്തിയും ലോകമാതവുമായ സാക്ഷാൽ ശ്രീഭദ്രകാളി ദേവിയുടെ പാദാരവിന്ദങ്ങൾ പതിഞ്ഞ പരിപാവനമായ പുണ്യഭൂമിയാണ് അഴകിക്കോണം. ഈ പുണ്യ ഭൂമിയിലാണ് ശ്രീഭദ്രകാളി ദേവി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് കുടികൊള്ളുന്നത്. കേരളത്തിന്റെ തെക്കേയറ്റത്ത് നെയ്യാറ്റിൻകര താലൂക്കിൽ ഉദിയൻകുളങ്ങര നിന്നും ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറായി പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ അഴകിക്കോണം എന്ന ഗ്രാമത്തിലാണ് ഈ പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീഭദ്രകാളിദേവിയെ കിഴക്ക് ദർശനമായും ശ്രീനീലകേശിദേവിയെ വടക്കു ദർശനമായും ഭക്തർക്കു ദർശനമരുളത്തക്ക വിധത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. അഴകിയിൽ തെക്കത്താണ് മൂലസ്ഥാനം. കൂടാതെ ശ്രീദുർഗ്ഗഭഗവതിയുടെ മറ്റൊരമ്പലവും, മഹാഗണപതിക്കും,യക്ഷിയമ്മയ്ക്കും, ജലകന്യകമാർക്കും പ്രത്യേകം പ്രത്യേകം അമ്പലങ്ങളും, ശ്രീബാണലിംഗ പ്രതിഷ്ഠയും, നാഗർ പ്രതിഷ്ഠയും, വൃക്ഷലാതാദികളാൽ നിബിഡമായ സർപ്പക്കാവും ശ്രീഭദ്രകാളിയമ്മക്ക് തുണയായി ചുറ്റും വാണരുളുന്നു.

സഹസ്രാണ്ടുകൾക്കു മുമ്പ് അഴകിയിൽ തറവാട്ടിലെ ദേവിഭക്തയായ കുടുംബിനി ത്രിസന്ധ്യാനേരത്തു കുടുംബതെക്കതിൽ വിളക്കു തെളിയിക്കാൻ പോയപ്പോൾ, തെക്കതിനു മുന്നിലുള്ള ജലാശയത്തിൽ നിന്നും ലഭിച്ച രണ്ടു പഴുക്കടയ്ക്കയിൽ കുടികൊണ്ടിരുന്ന ദേവിചൈതന്യത്തെ അന്നുരാത്രി സ്വപ്നവശാൽ അരുൾ ചെയ്തതിൻ പ്രകാരം, വരിക്കപ്ലാവിൽ കടഞ്ഞെടുത്ത ദാരു വിഗ്രഹങ്ങളിൽ വിധിയാം വണ്ണം ആവാഹനം നടത്തി പ്രതിഷ്ഠ നടത്തിയിട്ടുള്ളതാണ് ഈ ദേവി വിഗ്രഹങ്ങൾ. മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യം ഭരിച്ചിരുന്ന കാലത്ത് വേണാട്ടിലെ എല്ലാ ഭദ്രകാളിദേവിക്ഷേത്രങ്ങളിലെ ദേവിവിഗ്രഹങ്ങളും കൊട്ടാരത്തിൽ എഴുന്നെള്ളിച്ച് കാളിയൂട്ട് നടത്തുന്നതിനു ഉത്തരവു പുറപ്പെടുവിച്ചു. അതിൻപ്രകാരം അഴകിക്കൊണത്തെ തിരുമുടിയും എഴുന്നെള്ളിക്കുകയുണ്ടായി. എന്നാൽ തിരുമുടിയോടൊപ്പം അമ്മയ്ക്കിരിക്കുവാനുള്ള പീഠം കൊണ്ടുപോകുവാൻ മറന്നുപോയി. ആയതിനാൽ അഴകിക്കോണത്തെ ദേവിമാരെ വാഴയിലയിലും മറ്റു ദേവിമാരെ അതാതു പീഠങ്ങളിലും ഇരുത്തി കാളിയൂട്ടു നടത്തി നടയടക്കുകയുണ്ടായി.

പിറ്റേന്ന് പൂജാരിമാർ നടതുറന്നപ്പോൾ കണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി. മറ്റു ദേവിമാരെല്ലാം, അഴകിക്കോണം ദേവിയെ ഇരുത്തിയ വാഴയിലയെ ചെരുതായിക്കീറി അതിന്മേലും, അവരെ ഇരുത്തിയ പീഠങ്ങൾ ഒന്നിനുമേലൊന്നായി അടുക്കിവെച്ച് അതിന്മേൽ അഴകിക്കോണം ദേവിമാർ ഇരിക്കുന്നതായിട്ടുമാണ് പൂജാരികൾക്ക് കാണുവാൻ സാധിച്ചത്. പൂജാരിമാർ പഞ്ചപുശ്ചമടക്കി മഹാരാജാവിനെ വിവരം ധരിപ്പിച്ചു. മഹാരാജാവ് അന്നും തലേദിവസത്തെപ്പോലെ ദേവിമാർക്ക് കാളിയൂട്ടു നടത്തി നടയടക്കുവാൻ കൽപ്പിച്ചു പിറ്റേന്ന് രാജാവ് സ്വയം എത്തി നട തുറന്നപ്പോൾ തലേദിവസം പൂജാരിമാർ കണ്ട കാഴ്ച തന്നെയാണ് ആവർത്തിക്കപ്പെട്ടത്. അഴകിക്കോണത്തമ്മയുടെ ശക്തിമാഹാത്മ്യം നേരിൽ അനുഭവിച്ചറിഞ്ഞ മഹാരാജാവ് വിലമതിക്കാനാവാത്ത രത്നങ്ങളും, ആടയാഭരണങ്ങളും, മുത്തുക്കുടയും, കരമൊഴിവായുള്ള വസ്തുക്കൾക്ക് ചെമ്പുപട്ടയവും, പട്ടും, വളയും, ഉടവാളും കാഴ്ച്ചവെച്ച് ദേവിയെ വണങ്ങി അനുഗ്രഹീതനായി. ഇന്നും ദേവിയെ പുറത്തെഴുന്നെള്ളിക്കുമ്പോൾ തന്റെ ശക്തിയെ അനുസ്മരിക്കുമാറ് മാർത്താണ്ഡവർമ്മ തിരുമനസ്സ് സമർപ്പിച്ച ആ ഉടവാൾ ദേവിക്കുമുന്നിൽ കാരണവർ എഴുന്നെള്ളിക്കുന്നത് നമുക്ക് കാണാം.

മനംനൊന്തു വിളിക്കുന്ന ഏതു ഭക്തന്റെയും ആഗ്രഹാഭിലാഷങ്ങൾ സാധിച്ചുകൊടുക്കുന്ന അമ്മയാണ് അഴകിക്കോണത്തെ അമ്മ. കഷ്ടതകളിൽപ്പെട്ടുഴലുന്ന തന്റെ മക്കൾക്ക് രക്ഷയും അഭീഷ്ടവരങ്ങളും പ്രദാനം ചെയ്യുന്ന ആശ്രിതവത്സലയായ അഴകിക്കോണത്തമ്മയുടെ ശക്തിചൈതന്യം നാനാ ദേശങ്ങളിലും വ്യാപിച്ചു കഴിഞ്ഞതായി ജനലക്ഷങ്ങൾ സാക്ഷ്യം വഹിക്കുന്നു.

തിരുനട തുറക്കുന്ന ദിവസങ്ങള്‍: എല്ലാ ഞായര്‍ , ചൊവ്വ , വെള്ളി ദിവസങ്ങള്‍ (രാവിലെയും വൈകുന്നേരവും)

വിശേഷാല്‍ നട തുറക്കുന്ന ദിവസങ്ങള്‍: എല്ലാ ഭരണി നാള്‍ , ആയില്യം നാള്‍ , ചിങ്ങം 1, ചിങ്ങമാസത്തിലെ തിരുവോണം, വിഷു, എല്ലമാസത്തിലെയും പൗര്‍ണമി നാള്‍ (വൈകുനേരം മാത്രം), മണ്ഡലകാലം 41 നാള്‍ (രാവിലെയും വൈകുന്നേരവും)

ഉത്സവങ്ങള്‍:

കുംഭ ഭരണി തൂക്ക മഹോത്സവം ,

പറണേറ്റും നിലതില്പോരും ( 6 വര്‍ഷത്തില്‍ ഒരിക്കല്‍),

ഊരുചുറ്റി എഴുന്നള്ളിപ്പ് (തൂക്ക മഹോത്സവത്തിന് മുന്നോടിയായി),

മണ്ഡലകാല ചിറപ്പും പൊങ്കാലയും (ശബരിമല മണ്ഡലപൂജയുടെ അടുത്ത നാള്‍ വരുന്ന ആഴച്ചവാക്കിനു തിരുനട തുറക്കുന്ന ദിവസം)

ക്ഷേത്ര തന്ത്രി : ബ്രഹ്മശ്രീ ക പി പരമേശ്വരരു

ശ്രീ ഭദ്രകാളി ക്ഷേത്ര മേല്‍ശാന്തി : ശ്രീ ബാബു ശാന്തി, തേരിപ്പുറം, പളുകല്‍

വിലാസം : അഴകിക്കോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം, ഉദിയന്‍കുളങ്ങര, തിരുവനന്തപുരം, Phone: 0471 2792718