"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
നാലമ്പലം രാമപുരം | ഹൈന്ദവം

നാലമ്പലം രാമപുരം

നാലമ്പലം രാമപുരം

ഇത് കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമം. രാമന്റെ ദുഖം ശമിപ്പിച്ച മണ്ണെന്ന് ഐതിഹ്യത്തില്‍ പറയുന്ന നാട്. ശ്രീരാമ, ലക്ഷമണ, ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തിന് ഇപ്പോള്‍ അയോധ്യയുടെ ഭാവമാണ്. കര്‍ക്കിടകം പിറന്നതോടെ രാമപുരത്തിന്റെ പ്രഭാതങ്ങള്‍ക്ക് വൈകുണ്ഠത്തിന്റെ ചൈതന്യമാണ്. നാലമ്പലദര്‍ശന സുകൃതം തേടി നാടിന്റെ നാനാഭാഗത്തു നിന്നും രാമപുരത്തേക്ക് ഭക്തജനങ്ങളുടെ പ്രവാഹമാണ്.

ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ഒരോ സമയം ദര്‍ശിക്കുന്നതാണു നാലമ്പല ദര്‍ശനം. രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല ദര്‍ശനത്തെ കണക്കാക്കുന്നത്. മനസും ശരീരവും ശുദ്ധീകരിച്ച് പുതുവര്‍ഷത്തെ സമൃദ്ധിയിലേക്ക്വരവേല്‍ക്കാനും കൂടിയാണ് രാമായണമാസത്തില്‍ നാലമ്പല ദര്‍ശം നടത്തുന്നത്.

ത്രേയായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷമണ ഭരത-ശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാലു ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. രാമപുരം പഞ്ചായത്തില്‍ രാമപുരം, കൂടപ്പുലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളില്‍ യാഥാക്രമം ശ്രീരാമന്‍,
ലക്ഷമണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നീ പ്രതിഷ്ഠകള്‍ ഉള്ളതായ ഈ ക്ഷേത്രങ്ങള്‍ സാക്ഷാല്‍ ഒരു വൈകുണ്ഠമെന്നപോലെ കേവലം മൂന്നു കിലോമീറ്റര്‍ മാത്രം ചുറ്റളവില്‍ സ്ഥതി ചെയ്യുന്നു എന്നത് ഒരു പ്രത്യേകതയാണ്. തപശ്ചര്യയുള്ള
യോഗീശ്വരന്‍മാരാല്‍ പ്രതിഷ്ഠിതമായിട്ടുള്ള ഈ ക്ഷേത്രങ്ങള്‍ക്ക്
സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇന്ന് കേരളത്തില്‍ എന്നല്ല ഭാരതത്തില്‍ തന്നെ ഇതുപോലെയുള്ള ക്ഷേത്രസമുച്ചയങ്ങള്‍ വളരെ വിരളമാണ്.

രാമായണ മാസം നാലമ്പലങ്ങളിലൂടെ
കലിയുഗത്തില്‍ മോക്ഷപ്രാപ്തിക്കുള്ള ഏക മാര്‍ഗം ഭഗവത് ദര്‍ശനം മാത്രമാണ്. കാലികാലദോഷപരിഹാരത്തിന് രാമമന്ത്രം
ദിവ്യഔഷധമാണെന്ന പൂര്‍വിക വിശ്വസം ഉത്തരേത്തരം ദൃഢീകരിക്കുന്ന കാലഘട്ടമാണ് കര്‍ക്കടമാസം.രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരീല്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണെന്നുള്ള വിശ്വാസമാണ് രാമപുരത്തെ
നാലമ്പലദര്‍ശനത്തനിന് പ്രാധാന്യമേറുവാന്‍ കാരണം. ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം ഏതാണ്ട് മൂന്നു കിലോമീറ്റര്‍ മാത്രമായതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് ആചാരവിധി അനുസരിച്ച് ഉച്ചപൂജയ്ക്കു മുമ്പ് ദര്‍ശനം നടത്തുവാന്‍ സാധിക്കും.കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ മറ്റൊരിടത്തും ഈ സൗകര്യം ലഭ്യമല്ലത്ത സാഹചര്യത്തിലാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രസക്തിയേറുന്നത്.

രാമനാമത്തിലറിയപ്പെടുന്ന രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം
നടത്തിയതിനു ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെ സവിശേഷമായ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നു. രാമായണമാസമായ കര്‍ക്കടക മാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത് ഉദിഷ്ടകാര്യത്തിനും
മുന്‍ജന്‍മ ദോഷ പരിഹാരത്തിനും ദുരിത നിവാരണത്തിനും
സന്താനലബ്ധിക്കും അത്യുത്തമമാണെന്നാണ് പൂര്‍വിക വിശ്വാസം. തപശ്ചര്യുള്ള ഋഷി ശ്രേഷ്ഠന്‍മാരാല്‍ പ്രതിഷ്ഠിതമായിട്ടുള്ള നാല് അമ്പലങ്ങളുടെയും നിര്‍മാണത്തിലും ആചാരാനുഷ്ഠാനങ്ങളിലും
സമാനതകളേറെയാണ്. നാലു ക്ഷേത്രങ്ങള്‍ക്കും സമീപത്തായി ഉഗ്രമൂര്‍ത്തിയായ ഭദ്രകാളിക്ഷേത്രങ്ങളും ശ്രീരാമസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് ഭക്തഹനുമാന്റെ ക്ഷേത്രവും ഉണ്ടെന്നുള്ളത് പ്രത്യേകതയാണ്. മറ്റു ക്ഷേത്രങ്ങലില്‍
നിന്നും വ്യത്യസ്തമായി ഇവിടുത്തെ വഴിപാടുകളും
സവിശേഷതയുള്ളതാണ്. ശ്രീരാമസ്വാമിക്ക് അമ്പു വില്ലും സമര്‍പ്പണം, ശ്രീലക്ഷ്മണസ്വാമിക്ക് ചതുര്‍ബാഹു സമര്‍പ്പണം, ശ്രീഭരതസ്വാമിക്ക് ശംഖ് സമര്‍പ്പണം, ശ്രീശത്രുഘ്‌നസ്വാമിക്ക് ശ്രീചക്രസമര്‍പ്പണം എന്നിവയാണ്.

ദര്‍ശനത്തിനായി വിപുലമായ ക്രമീകരണങ്ങള്‍
പൂര്‍ണമായും ഗ്രാമീണ അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിച്ചതനുസരിച്ച് നാലമ്പല ദര്‍ശന കമ്മിറ്റിയുടെ സഹകരണത്തോടെ നാലു ക്ഷേത്രങ്ങളിലും തീര്‍ഥാടകരെ വരവേല്‍ക്കുന്നതിനും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതിനും നാലമ്പലക്കമ്മിറ്റി വിപുലമായ ക്രമീരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് മഴ നനയാതെ ക്യൂ നില്‍ക്കുന്നതിന് ബാരിക്കേഡ്, പന്തല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാലു
ക്ഷേത്രങ്ങളിലും ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാരും ആംബുലന്‍സ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദൂരെ സ്ഥലങ്ങളില്‍ നിന്നും
എത്തുന്ന ഭക്തജനങ്ങള്‍ക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാഹനപാര്‍ക്കിംഗിന് വിപുലമായ ക്രമീരണങ്ങള്‍, ഇന്‍ഫര്‍മേഷന്‍ സെന്ററും വോളണ്ടിയേഴ്‌സിന്റെ സേവനവും, വഴിപാടുകള്‍ക്ക് താമസം കൂടാതെ പ്രസാദം ലഭിക്കുന്നതിനുള്ള ക്രമീകരണം, സൗജന്യ അന്നദാനവും കുടിവെള്ള
വിതരണവും എന്നിവയും ഭക്തര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. പാലായില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ നാലമ്പല സര്‍ക്കുലര്‍ സര്‍വീസും ഉണ്ട്. ദര്‍ശന സമയം രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12വരെയും വൈകുന്നേരം അഞ്ചു മുതല്‍
7.30വരയെുമാണ്.

നാലമ്പലത്തിലേക്കുള്ള വഴി

എംസി റോഡില്‍ കൂത്താട്ടുകുളത്തു നിന്നും അമനകര വഴി രാമപുരത്തെത്താം.

പാലായില്‍ നിന്ന് മുണ്ടുപാലം, ചക്കാമ്പുഴ വഴിയും പാലാ- തൊടുപുഴ റോഡില്‍

നിന്ന് പിഴക് വഴിയും രാമപുരത്തെത്താം. രാമപുരത്തു നിന്നും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് നാലു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്

ഫോണ്‍: നാലമ്പല ദര്‍ശകമ്മിറ്റി ഓഫീസ് 04822260772
സെക്രട്ടറി 9400864110

Visit us on www.haindhavam.com