"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
അയ്യപ്പസ്വാമിമാര്‍ കറുപ്പ് വസ്ത്രം ധരിക്കുന്നത് എന്തിന്? | ഹൈന്ദവം

അയ്യപ്പസ്വാമിമാര്‍ കറുപ്പ് വസ്ത്രം ധരിക്കുന്നത് എന്തിന്?

കറുപ്പ് ഉടുക്കുന്നത് എന്തിന് എന്ന് പര്യാലോചിക്കാം? എല്ലാ അയ്യപ്പന്‍മാരും ഒന്നുകില്‍ കറുപ്പ് അല്ലെങ്കില്‍ നീലനിറത്തോടുകൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കും. എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്? എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത? നമ്മള്‍ ഇത് വളരെ ഗൗരവത്തോടുകൂടി ചിന്തിക്കേണ്ട കാര്യമാണ്.പലപ്പോഴും നമ്മള്‍ പലതും അനുഷ്ഠിക്കുമ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചിന്തിക്കാറില്ല. വളരെ ഗൗരവത്തോടുകൂടി ചിന്തിച്ച് ഞാന്‍ ഇന്നതുകൊണ്ട് ഇന്നത് ചെയ്യുന്നു എന്ന് ചിന്തിച്ചു ചെയ്താലേ ഗുണംലഭിക്കൂ. വേദങ്ങളില്‍ ഏറ്റവും കൂടുതല്‍ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്. അഗ്നി ഈശ്വരന്റെ പര്യായമാണ്. 'അഗ്രണിര്‍ ഭവതി ഇതി അഗ്നി' എന്ന് അഗ്നിയുടെ നിഷ്പത്തി. ഈശ്വരനാമമാണത്, ഈശ്വരന്റെപര്യായമാണത്, 'തീ'യല്ല. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നമ്മള്‍ നിലവിളക്കു കത്തിക്കുന്നത്. ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നിലവിളക്ക് കത്തിച്ചു പിറന്നാള്‍ ആഘോഷിക്കുക. അപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ആ അഗ്നി നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ പ്രാധാന്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് ഋഷിമാര്‍ പറഞ്ഞുെവച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസ്താവന നീലഗ്രീവന്‍, ആഗ്നേയതത്ത്വത്തിന്റെ പ്രാധാന്യത്തോടുകൂടിയതാണ് എന്നതാണ്. 'നീല ഗ്രീവാ ആഗ്നേയാ' എന്നൊരു പ്രസ്താവനയുണ്ട് വേദങ്ങളില്‍. നീലഗ്രീവയില്‍ അഗ്നിതത്ത്വം കൂടുതലുണ്ട്. നീലനിറം അഥവാ കറുപ്പു നിറമുള്ളതിനു കാരണം അഗ്നിതത്ത്വമാണ്. അപ്പോള്‍ നീലനിറവും കറുപ്പു നിറവും അഗ്നിതത്ത്വത്തിന്റെ പ്രതിരൂപമാണ്.

അഗ്നിയുടെ വര്‍ണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാര്‍ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. അഗ്നി തന്നെയാണ് നീലനിറവും. അപ്പോള്‍ അയ്യപ്പഭക്തന്‍ ശബരിമലയാത്രക്ക് തയ്യാറെടുക്കുമ്പോള്‍ അഗ്നിവര്‍ണമായ കറുപ്പിനെ എടുത്താണ് അണിയുന്നത്. എന്നു പറഞ്ഞാല്‍ താന്‍ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം. ഭാരതത്തില്‍ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ ഈശ്വരീയതയെ സാക്ഷാത്കരിക്കണം എന്നാണ്. കാളിദാസന്‍ എന്നു പറയുന്ന സാധാരണക്കാരനായ ഒരാള്‍ 'കാളിദാസന്‍' എന്നു പറയുന്ന മഹാനായ ഒരു കവിയായി തീര്‍ന്നപ്പോള്‍ ആ കവിത്വത്തിന്റെ ഉള്ളില്‍ സ്ഫുരിച്ചിരുന്നത് ആധ്യാത്മികതയാണ്. കാളിയുടെ ദാസനായിട്ടാണ് കവിയായിത്തീര്‍ന്നത്. അതേപോലെ നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്. അഗ്നിവര്‍ണമായകറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താന്‍ സ്വയം അഗ്നി ആവാന്‍ ശ്രമിക്കുകയാണ്. സ്വയം ആഗ്നേയതത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അയ്യപ്പന്‍ തന്റെ വസ്ത്രങ്ങളില്‍പ്പോലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങനെ വസ്ത്രത്തില്‍ അഗ്നി വരുന്നതോടുകൂടി ഒരു സാധകനായി അയ്യപ്പന്‍ മാറുന്നു. ഇതിനുവേണ്ടിയാണ് വസ്ത്രങ്ങളുടെ നിറംപോലും നമ്മുടെ ഋഷിമാര്‍ ഭംഗിയായി ചിന്തിച്ചു സ്വീകരിച്ചത്. കാരണം, നാം കാണുന്നതൊക്കെ ഭദ്രമായിരിക്കണം എന്നു വേദങ്ങളില്‍ പറയുന്നുണ്ട്. ഒന്നാമതായികാണുന്നത് വസ്ത്രം തന്നെയാണ്. നമ്മുടെ ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം നമ്മുടെ മനസ്സില്‍ മാറ്റം വരുത്തും.

നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് വര്‍ണശാസ്ത്രജ്ഞന്‍മാര്‍അഭിപ്രായപ്പെട്ടിട്ടുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തന്‍ കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്. ആ കറുപ്പു വര്‍ണം അഗ്നിയുടെ പ്രതിരൂപമാണെന്നു പറഞ്ഞു.അഗ്നി ഈശ്വരന്‍ തന്നെയാണ്. അങ്ങനെയുള്ള ഈശ്വരനെ വസ്ത്രത്തിലേക്ക് സാക്ഷാത്കരിക്കുക. അതിലൂടെ മനസ്സിന് മാറ്റം വരുത്തുക മാത്രമല്ല, തന്നെ കാണുന്ന മറ്റുള്ളവരുടെ ഭാവനയിലും മാറ്റം വരുത്തുക. തന്നെ കാണുന്ന മറ്റുള്ളവരിലും ഈആഗ്നേയതത്ത്വത്തിന്റെ ബോധം ഉണ്ടാകണം. ഇതുകൊണ്ട് നമ്മുടെ ഉള്ളില്‍ അഗ്നിതത്ത്വം ജ്വലിക്കുന്നതിലൂടെ വസ്ത്രത്തില്‍ മാറ്റം വരുന്നു. മാനസികമായി മാറ്റം വരുന്നു. ഭൗതികമായി മാറ്റം വരുന്നു, ശാരീരികതലങ്ങളില്‍ മാറ്റം വരുന്നു. അങ്ങനെ സ്വയം 41 ദിവസത്തെ വസ്ത്രധാരണത്തിലൂടെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കാനുള്ള വഴിയാണ് വസ്ത്രത്തിലുള്ള കറുപ്പും നീലയുമായുള്ള നിറംമാറ്റം. ഗൗരവത്തോടുകൂടി ചിന്തിച്ചുകഴിഞ്ഞാല്‍ ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നുപോകാനുള്ള ആദ്യപടിയാണ് ഇതെന്നു കാണാന്‍ സാധിക്കും. കാരണം,ഒരു സാധകന്റെ വളര്‍ച്ചയില്‍ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങള്‍ വരണം. ആഹാരതലത്തിലെന്നപോലെത്തന്നെ നാവിന്റെ ഉച്ചാരണത്തില്‍ മാറ്റം വരുന്നു, വസ്ത്രത്തില്‍ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി, അയ്യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കല്‍.