അണിയൂര്‍ ശ്രീ ഭഗവതി ക്ഷേത്രം


തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം പഞ്ചായത്തിലാണ്‌ ചരിത്രപ്രസിദ്ധമായ അണിയൂര്‍ ശ്രീ ദുര്‍ഗാ ഭഗവതിക്ഷേത്രം. ചെങ്കാല്‍തൊഴല്‍ എന്ന അപൂര്‍വ ചടങ്ങിലൂടെ പ്രശസ്തിയാര്‍ജിച്ച ക്ഷേത്രം. വിദ്യാദിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും ആദ്യ സംഗമംകൊണ്ട്‌ ധന്യമായ അണിയൂര്‍ ക്ഷേത്രം. അണികുശവൂര്‍ എന്നതില്‍നിന്നാണ്‌ അണിയൂര്‍ എന്ന്‌ ഈ സ്ഥലത്തിന്‌ പേരുണ്ടായതെന്നും കുശം എന്നാല്‍ ദര്‍ഭ എന്നും അത്‌ അണിയായി കാണപ്പെടുന്ന ഊര്‌ എന്നര്‍ത്ഥത്തിലാണ്‌ ഈ പേരുണ്ടായതെന്ന്‌ പഴമ. ഗുരുദേവന്റെ ജന്മസ്ഥലവും പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ഗുരുകുലവും സ്ഥിതിചെയ്യുന്നിടത്തുനിന്നും കുറച്ചുദൂരം മുന്നോട്ടുപോയാല്‍ ക്ഷേത്ര കമാനം കാണാം. മനോഹരമായ പ്രകൃതിദൃശ്യം കാഴ്ചവയ്ക്കുന്ന ക്ഷേത്ര പശ്ചാത്തലം. നടശാലയും നാലമ്പലവും ധ്വജവും ബലിക്കല്‍പ്പുരയുമുണ്ട്‌. ശ്രീകോവിലില്‍ ദേവി-ബാലദുര്‍ഗ. ശംഖും ചക്രവും ഇരുകൈകളിലും ഒരു കയ്യ്‌ അരക്കെട്ടിലൂന്നി മറ്റേ കൈ വരദവുമായുള്ള ചതുര്‍ഭുജയായ ഭഗവതി. കന്നിമൂലയില്‍ ഗണപതിയും ചുറ്റമ്പലത്തിനുപുറത്ത്‌ വടക്കു പടിഞ്ഞാറേ മൂലയില്‍ ധര്‍മശാസ്താവും ഉപദേവന്മാരായുണ്ട്‌.

ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഭക്തജനത്തിരക്കുണ്ട്‌. മണ്ഡലക്കാലത്ത്‌ നാല്‍പ്പത്തിയൊന്നുദിവസത്തെ കളമെഴുത്തും പാട്ടും നടക്കും. ക്ഷേത്രത്തിലെ വലിയമ്പലത്തില്‍ വച്ചാണ്‌ ഇതു നടക്കുക. സാധാരണ വഴിപാടുകള്‍ക്കു പുറമെ സന്താനഭാഗ്യത്തിനായി നടത്തിവരുന്ന പ്രധാന വഴിപാടാണ്‌ ചെങ്കാല്‍ തൊഴല്‍. അപൂര്‍വമായ ഇത്തരമൊരു ചടങ്ങുള്ള ഏക ക്ഷേത്രവുമാണിത്‌. ഭക്തജനങ്ങള്‍ സന്താനഭാഗ്യത്തിനായി ഈ വഴിപാട്‌ നേരും. ശിശു പിറന്ന്‌ ഒരു വര്‍ഷത്തിനുള്ളിലാണ്‌ ഈ ചടങ്ങ്‌ നടത്തുക. കുഞ്ഞിന്റെ വീട്ടില്‍ ചടങ്ങുകള്‍ ആരംഭിക്കും. ഒരു കോല്‍ നീളമുള്ള മൂന്ന്‌ കരിമ്പ്‌ കഷണങ്ങള്‍ ചേര്‍ത്തുകെട്ടി അതില്‍ കദളിക്കുലയും പഴുത്തപാക്കും വച്ചുകെട്ടിയത്‌ ഒരു ബാലന്‍ ചുമന്നുകൊണ്ടുപോകും. കൂടെ അഷ്ടമംഗല്യവുമായി ഒരു ബാലികയും കുഞ്ഞിനെ എടുത്തുകൊണ്ടു പിതാവും ക്ഷേത്രത്തിലേക്ക്‌ പോകും. പട്ടുകൊണ്ടൊരു പന്തല്‍ കുഞ്ഞിന്‌ തണലായി പിടിച്ചിരിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തജനക്കൂട്ടം കൂടെയുണ്ടാകും. ക്ഷേത്രത്തിലെത്തി ചുറ്റമ്പലത്തിനു വെളിയില്‍ മൂന്നു പ്രദക്ഷിണം വച്ചശേഷം അകത്തു പ്രവേശിച്ച്‌ ശ്രീകോവിലിന്‌ ചുറ്റും മൂന്നുപ്രാവശ്യം വലംവയ്ക്കും. ഓരോ പ്രാവശ്യവും വലം വയ്ക്കുമ്പോഴും നടയ്ക്കു നേരെവരുമ്പോള്‍ ചുവന്ന കുഞ്ഞിക്കാലുകള്‍ ചേര്‍ത്ത്‌ ദേവിയെ കാണിച്ച്‌ തൊഴുന്നു. ദീപാരാധനയ്ക്കുശേഷം പിതാവ്‌ ഇരുപത്തിനാല്‌ പഴുക്കയും പന്ത്രണ്ട്‌ കെട്ട്‌ വെറ്റിലയും ക്ഷേത്ര നടയില്‍ സമര്‍പ്പിക്കും. ദേവിക്ക്‌ മുഴുക്കാപ്പ്‌ ചാര്‍ത്തിച്ച്‌ പായസ വഴിപാട്‌ നടത്തി അവര്‍ മടങ്ങുന്നു. മേടമാസത്തിലാണ്‌ ക്ഷേത്രത്തിലെ ഉത്സവം. അവിട്ടത്തിന്‌ കൊടിയേറി എട്ടുദിവസത്തെ ഉത്സവം കാര്‍ത്തികയ്ക്ക്‌ ആറാട്ട്‌..

 

Tags

Kerala temples   Temples in തിരുവനന്തപുരം  

Share

Subscribe News Latter

Subscribe to our newsletter